സർവ്വ മത സത്യവാദവും ഇസ്‌ലാമും

ഖാലിദ് മൂസാ നദവി എഴുതുന്നു:

ഖുർആനികമാനവികവാദത്തിൻറെ ഒരു ചുരുക്കെഴുത്ത് ഇങ്ങനെ വായിക്കാൻ ഇടയായി :-

ചുരുക്കത്തിൽ ഏകദൈവ വിശ്വാസം ഹൃദയത്തിൽ സൂക്ഷിച്ചു കൊണ്ട്, സൽകർമങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും, അവൻ ഏത് ജാതിയിൽ; ഏത് മതത്തിൽ പെട്ടവനായാലും സ്വർഗ പ്രവേശനം സാധ്യമാകുമെന്നു തന്നെയാണ് ഖുർആൻ പഠിപ്പിക്കുന്നത്.

ഈ പ്രസ്താവന സ്വയം തന്നെ വൈരുധ്യം പേറുന്നതാണ്. ജാതി നമുക്ക് വിടാം. ഇസ് ലാമിക കാഴ്ചപ്പാടിൽ ജാതി ഒന്നേയുള്ളൂ – അത് മനുഷ്യ ജാതിയാണ് – അതേ സമയം “ഏകദൈവത്തെ മനസാ അംഗീകരിച്ചാൽ മതി” മതമേതായാലും പ്രശ്നമില്ല എന്ന പ്രസ്താവനയിൽ വലിയ വൈരുധ്യമുണ്ട്.

‘ഏകദൈവത്വം’ എന്ന ദർശനം ഇസ്ലാം മാത്രം മുന്നോട്ടു വെയ്ക്കുന്ന മൗലികമായൊരു കാഴ്ചപ്പാടാണ്.

ദൈവം ഒന്നേയുള്ളൂവെന്ന പ്രസ്താവനയും ഏകദൈവദർശനവും വ്യത്യസ്തമാണ്  ഏകദൈവദർശനം അംഗീകരിക്കുന്ന ക്രിസ്ത്യാനി, ഹിന്ദു, മാർക്സിസ്റ്റ് തുടങ്ങിയ പ്രയോഗങ്ങൾ തന്നെ തെറ്റാണ്.-
ത്രിത്വമാണ് (പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്) ക്രൈസ്തവതയുടെ ആധാരശില . ” ത്രി മൂർത്തി ” കളെയും

( ബ്രഹ്മാവ്’ വിഷ്ണു, ശിവൻ) ദൈവാവതാരങ്ങളെയും അംഗീകരിക്കാത്തവൻ ഹിന്ദുവാകുന്ന പ്രശ്നമേയില്ല . മതദൈവനിഷേധമാണ് മാർക്സിസത്തിൻറെ അടിസ്ഥാനം തന്നെ.
ഇസ് ലാമിൻറെ തനിമയെ തകർത്ത് “പുതിയഇസ്ലാംമതം ” -(മാനവിക ഇസ്ലാം ) – അക്ബറിൻറെ ദീനേഇലാഹി പോലെ, മിർസഗുലാമിൻറെ അഹ്മദിയ്യത്ത് പോലെ – ഉണ്ടാക്കാൻ ചിലർ ശ്രമിക്കുണ്ടെന്നറിയാം . അവരാണ്, അവരിൽ ചിലരാണ് മതമേതായാലും ” ഏക ദൈവത്തിൽ വിശ്വസിക്കുന്ന നല്ലവനായാൽ മതി’ എന്നആശയത്തിൻറെവക്താക്കൾ.അങ്ങനെയെങ്കിൽ,ദൈവം ഒന്നായാലും പലതയാലും പ്രശ്നമില്ല മനുഷ്യൻ നന്നായാൽ മതി അവന് സ്വർഗം കിട്ടും എന്ന് പറയലല്ലേ കൂടുതൽ “മാനവികം “? ഇനി ‘നൻമ ‘ എന്നാൽ എന്ത് എന്നതും പ്രശ്നമല്ലേ? വ്യഭിചാരം, വിവാഹം പോലെ മറ്റൊരു നൻമയാണ് എന്ന് ഒരാൾ വിശ്വസിച്ചാൽ എന്തായിരിക്കും മറുപടി? സ്വവർഗ വിവാഹവും ഭിന്നവർഗ വിവാഹവും വ്യത്യസ്തമായ രണ്ടിനം നൻമകളാണെന്ന് വിശ്വസിച്ചാൽ അതിനു വല്ല പരിഹാരവും? മദ്യപാനത്തെ തിന്മയായി കാണാത്ത മത കാഴ്ചപ്പാടുകളെ എന്തു ചെയ്യും?കച്ചവടത്തെയും പലിശയെയും തുല്യമായി കാണുന്ന മത കാഴ്ചപ്പാടിനെ എങ്ങിനെ വിലയിരുത്തും?

അപ്പോൾ ” ഏകദൈവ വിശ്വാസവും പൊതു നൻമയും ” അങ്ങനെയൊരു മതം യഥാർത്ഥത്തിൽ ഉണ്ടോ? ഇല്ലെന്നുള്ളതാണ് വസ്തുത.

ഒരു നിഴൽ മതമുണ്ടാക്കി യഥാർത്ഥ മത വിശ്വാസികളിൽ അങ്കലാപ്പ് സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് മാത്രം

ഖുർആനിലെ ഏകദൈവത്വം (തൗഹീദ്) സമഗ്രമായ ദർശനാണ്. അതിൻറെ തന്നെ ഭാഗമാണ് മുഹമ്മദ് നബിയിൽ തീരുന്ന പ്രവാചക പരമ്പരയിലുള്ള വിശ്വാസം. മുഹമ്മദ് നബിയെ കുറിച്ചുള്ള കാഴ്ചപ്പാട് വികലമായാൽ ഏകദൈവത്വ കാഴ്ചപ്പാടും വികലമായി- പ്രവാചകത്വ പരിസമാപ്തിയിൽ വിശ്വസിക്കാത്തവന് ഖുർആനികദർശനം തന്നെ ബാധകമല്ല.

കാരണം ഒടുവിലത്തെ നബിക് അവതരിപ്പിക്കപ്പെട്ട ഒടുവിലത്തെ ഗ്രന്ഥം, അതിന് നബി നൽകിയ വിശദീകരണത്തോടെ മനസ്സിലാക്കുന്നതിൻറെ പേരാണ് സാക്ഷാൽ ഏകദൈവ ദർശനം.”ദൈവം ഒന്ന് ” എന്ന ഗണിത ശാസ്ത്രം പഠിപ്പിക്കാനല്ല 13 വർഷം മക്കയിലും 10 വർഷം മദീനയിലും നബി ഒരു പ്രാസ്ഥാനത്തെ നയിച്ചത്. മക്കയിലെ ബഹുദൈവവാദികളോടും (മുശ് രിക്കുകൾ ) മദീനയിലെ ജൂത-ക്രൈസ്തവരോടും (അഹ് ലുൽ കിതാബ്) നബി സമരം ചെയ്തത് ”മതമേതായാലും മനുഷ്യ നന്നായാൽ മതി” എന്ന മാനവിക മതം പഠിപ്പിക്കാനല്ല – അതിനായി ഇത്രയധികം ത്യാഗമോ പ്രയാസമോ വേണ്ടിയിരുന്നില്ല.

“ക്രിസ്ത്യാനികളേ ! നിങ്ങൾ നല്ല ക്രിസ്ത്യാനകളായി മാറണം ” എന്ന് മുഹമ്മദ് നബി പറഞ്ഞപ്പോൾ അവർ ക്ഷുഭിതരായെന്നോ ? ”ജൂതരേ! നിങ്ങൾ നല്ല ജൂതരായി മാറൂ! ” എന്ന് മുഹമ്മദ് നബി പറഞ്ഞപ്പോൾ അവർ ക്ഷുഭിതരായെന്നോ?എന്താണ് ഈ മാനവിക മതക്കാർ യഥാർത്ഥത്തിൽ പറയുന്നത്? ആദം നബി മുതൽ മുഹമ്മദ് നബി വരെയുളള ദൈവ ദൂതൻമാർ ജനങ്ങളെ വിളിച്ചത് കേവല നർമയിലേക്കെന്നാണോ ഇവർ പറയുന്നത്.? ഖുർആനിക സൂക്തങ്ങൾ സന്ദർഭത്തിൽ നിന്നടർത്തിയെടുത്ത് എന്ത് സ്ഥാപിക്കാനാണ് ഇവർ ശ്രമിക്കുന്നത്? നംറൂദിനെ അഴിമതി രഹിതനായ നല്ല രാജാവാക്കാൻ വേണ്ടിയാണ് ഇബ് റാഹീം നബി വന്നതെന്നോ!? ഫിർഔനിനെ ജനപ്രിയ ഭരണാധികാരിയാക്കാനും ജനക്ഷേമഭരണം നടത്തിയാൽ സ്വർഗം തരാം എന്നറിയിക്കാനുമാണ് മൂസാനബി വന്നതെന്നോ !!? എന്താണ് ഈ മാനവിക മതത്തിൻ്റെ യഥാർത്ഥ വാദം?

സുഹൃത്തുക്കളേ!
പ്രവാചക ദർശനത്തിൻറെ കാതൽ “ഏകദൈവത്തിൻറെ പരമാധികാരം ” അംഗീകരിപ്പിക്കലാണ്. ഏകദൈവദർശനത്തിൽ “കേവല നൻമ ” എന്ന ഒരാശയമേയില്ല. തൗഹീദാണ് ഏറ്റവും വലിയ നൻമ . ശിർക്കാണ് ഏറ്റവും വലിയ തിൻമ .

അവിടെ വ്യക്തി മാറണം. വ്യക്തിയെങ്ങിനെ മാറണം എന്നത് അല്ലാഹു ഖുർആനിലൂടെ പഠിപ്പിച്ച കാര്യമാണ്. ഖുർആൻ ” ജനങ്ങളുടെ സൻമാർഗമാണെന്ന ” തത്വമാണ് ഈ മാനവികൻമാർ ആദ്യം നിഷേധിക്കുന്നത്. ഖുർആൻ മുഹമ്മദ് നബിയെ അനുസരിക്കാൻ പറയുന്നത് “മനുഷ്യരോടാണ്” എന്ന മഹാസത്യമാണ് തുടർന്നവർ നിഷേധിക്കുന്നത്- കാരണം മാനവിക വ്യാഖ്യാനപ്രകാരം ജൂതൻമാർ മുഹമ്മദ് നബിയെ അനസരിക്കേണ്ടതില്ല- പഴയനിയമം ( തോറ ) നോക്കി നൻമ ചെയ്താൽ മതി – ക്രിസ്ത്യാനികൾ മുഹമ്മദ് നബിയെ അനുസരിക്കേണ്ടതില്ല പുതിയ നിയമം (ബൈബിൾ ) നോക്കി നൻമ ചെയ്താൽ മതി. ഖുർആൻ ഖുർആനിനെ “ജനങ്ങളുടെ സൻമാർഗം هدىللناس എന്നു പറയുമ്പോൾ മാനവികക്കാർ പറയുന്നത് മുസ് ലിം സമുദായത്തിൻ്റെ മതം എന്ന് മാത്രമാണ്. ഇത് വൈരുധ്യാത്മക മാനവികവാദം തന്നെ. ഖുർആനിലെ നമസ്ക്കാരവും സകാത്തും നോമ്പും ഹജജും ഉംറയും പരലോകവും സ്വർഗവും നരകവും മുസ് ലിംകൾക്ക് മാത്രം ‘ബാധകമാണ്; ജനങ്ങളോട് ഇങ്ങനെ യൊരു കൽപനയില്ലെന്ന് പറയുമ്പോൾ ഖുർആനിലെ ياايهاالناسഹേ ജനങ്ങളേ! എന്ന ആഹ്വാനത്തെ തന്നെയാണ് ഇവർ നിഷേധിക്കുന്നത്.

ഖുർആനിൽ അല്ലാഹു പലിശയെ തിൻമയാക്കി, ആർക്ക്? മുസ്‌ ലിംകൾക്ക് മാത്രം! അളവു- തൂക്കങ്ങളിലെ തട്ടിപ്പ് വിലക്കി , ആർക്ക്? മുസ് ലിംകൾക്ക് മാത്രം ! മുസ്ലിംകൾ അല്ലാത്തവർക്ക് ഖുർആനിലെ നൻമകൾ ബാധകമല്ലെന്നാണ് ഖുർആനിക മാനവിക വാദം.
ക്രിസ്ത്യാനികൾ ബൈബിൾ നോക്കട്ടെ – ഹിന്ദുക്കൾ ഗീത നോക്കട്ടെ. – മുസ് ലിംകൾ ഖുർആൻ നോക്കട്ടെ” ‘ രസകരം തന്നെ ഈ മാനവിക വാദം – എല്ലാ മതക്കാർക്കും സ്വർഗം ഉറപ്പാക്കാൻ വേണ്ടിയാണ് ഈ വൈരുധ്യാത്മക മാനവിക വാദം ആവിഷ്ക്കരിച്ചിരിക്കുന്നത്.

യഥാർത്ഥത്തിൽ ആർക്കും സ്വർഗം പ്രഖ്യാപിക്കൽ ഇഹലോകത്ത് ആരുടെയും ചുമതലയല്ല. അത് പരലോകത്ത് അല്ലാഹുവിൻ്റെ ചുമതലയാണ്.- ജൂതരിലും, ക്രിസ്ത്യാനികളിളും സാബിഉകളിലും, മുഅമിനുകളിലും പെട്ടവർക്ക് സ്വർഗം എന്നല്ല അല്ലാഹു പറഞ്ഞത് ‘; അവരിൽ നിന്ന് “അല്ലാഹുവിലും ആഖിറത്തിലും വിശ്വസിക്കുന്നവർക്കും സ്വാലിഹായ അമലുകൾ ചെയ്യുന്നവർക്കും സ്വർഗം” എന്നാണ് – അല്ലാഹുവിൽ എങ്ങിനെ വിശ്വസിക്കണം ? ഇതിൻ്റെ ഉത്തരം ഖുർആനിൽ തന്നെയുണ്ട്. ആഖിറത്തിൽ എങ്ങിനെ വിശ്വസിക്കണം ? ഇതിൻറെ ഉത്തരം ഖുർആനിൽ തന്നെയുണ്ട്. സ്വാലിഹായ അമലുകൾ എന്തൊക്കെയാണ് ‘? ഇതിൻറെ ഉത്തരം ഖുർആനിൽ തന്നെയുണ്ട്.-

114 അധ്യായങ്ങളിലൂടെ ഖുർആൻ പ്രസ്തുത മൂന്ന് ചോദ്യങ്ങൾക്ക് നൽകിയ ഉത്തരങ്ങളുടെ നിഷേധമാണ് ഖുർആനിൻറെ മാനവിക വ്യാഖ്യാനവും സർവമത സത്യവാദവും.

ഏത് മതക്കാർക്കും ഏത് ജാതിക്കാർക്കും ഏത് കുടുംബത്തിൽ പിറന്നവർക്കും ആശയപരിവർത്തനം വഴി മുസ് ലിം ആകാവുന്നതേയുള്ളൂ വെന്ന ഖുർആനിക ആശയത്തെ ദുർവ്യാഖ്യാനം ചെയ്തു കൊണ്ടാണ് ഇവിടെ ചിലർ പുതിയ ‘മാനവികമതം’ സ്ഥാപിക്കാൻ ശ്രമിക്കുന്നത്- അവർ ഖുർആനിനെ സന്ദർഭത്തിൽ നിന്ന് അടർത്തി വായിക്കുന്ന അൽപൻമാർ മാത്രമാണ്. മുശ് രിക്കുകളുടെ വിഗ്രഹാരാധനയിൽ നിന്നും, മക്കക്കാരുടെ മലക്കുകൾ ദൈവപുത്രിമാർ എന്ന വാദത്തിൽ നിന്നും, ജൂതരുടെ ഉസൈർ ദൈവപുത്രൻ എന്ന വാദത്തിൽ നിന്നും ക്രിസ്ത്യാനികളൂടെ ‘ഈസ(യേശു) ദൈവപുത്രൻ എന്ന വാദത്തിൽ നിന്നും മുക്തമായ الايمانبالله – (അല്ലാഹുവിലുള്ള വിശ്വാസം)ആകുന്നു ഖുർആൻ മുന്നോട്ടു വെയ്ക്കുന്നത്.- അതിനോട് ചേർന്നു വരുന്നതാണ് محمدخاتمالانبياء (മുഹമ്മദ് നബി അന്ത്യ പ്രവാചകൻ) എന്ന വിശ്വാസവും -ഖുർആനിൻറെ ഈ വിശ്വാസദർശനത്തെ തള്ളിക്കളയാതെ “മാനവികമതം” സ്ഥാപിതമാവില്ല.

പരലോകത്തെ കുറിച്ചും ഖുർആനിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ട്. “കള്ളനും കൊള്ളക്കാരുമായ ഉമ്മത്തീങ്ങൾക്ക് സ്വർഗം ” എന്നത് മാനവികൻമാരുടെ തെറ്റായ പ്രചാരണം മാത്രമാണ്. എല്ലാവരെയും വിചാരണ (الحساب) ചെയ്യലാണ് പ്രഥമപടി.

ഗാന്ധിജിയുടെയും മദർതെരേസയുടെയും മൗദൂദിയുടെയും മുഹമ്മദിബ്നു അബ്ദിൽവഹാബിന്റെയും ഖുർആൻ മാനവിക വ്യാഖ്യാതാക്കളുടെയും കെ.ടി. ജലീലിൻറെയുമെല്ലാം സ്വർഗം വിചാരണക്ക് ശേഷം മാത്രമേ മനസ്സിലാക്കാൻ കഴിയുകയുള്ളൂ.

ഭൂമിയിൽ വെച്ച് സ്വർഗ-നരക പ്രഖ്യാപനം നിർവഹിക്കാൻ മന്ത്രിമാരും മൗലവിമാരും മാനവികൻമാരും മിനക്കെടേണ്ടതില്ല . അൽപം കാത്തിരിക്കുന്നതാണ് നല്ലത്. വിചാരണയിൽ ഒന്നാമത് പരിശോധിക്കുന്നത് നേരത്തേ പറഞ്ഞ വിശ്വാസം തന്നെയായിരിക്കും – പിന്നെ പരിശോധിക്കുന്നത് عملصالح (സൽകർമം) കളാണ്.

114 അധ്യായങ്ങളിലൂടെ മനുഷ്യ സമൂഹത്തെ (الناس) അല്ലാഹു അത് പഠിപ്പിച്ചിട്ടുണ്ട്. നമസ്ക്കാരം ‘ സകാത്ത്, നോമ്പ് , ഉംറ, ഹജജ്, മാതാപിതാക്കൾക്ക് നൻമ ചെയ്യൽ, ദാരിദ്ര നിർമാർജനം, അയൽവാസിയെ പരിചരിക്കൽ, വ്യഭിചരിക്കാതിരിക്കൽ, സ്വവർഗരതി ഉപേക്ഷിക്കൽ, കൊലപാതകം വെടിയൽ, കളവ് നടത്താതിരിക്കൽ, അളവ് തൂക്കങ്ങളിൽ നീതി പാലിക്കൽ, സ്ത്രീ അവകാശങ്ങൾ സംരംക്ഷിക്കൽ, നീതിപൂർവം നാട് ഭരിക്കൽ etc…. അതിൻറെ പട്ടിക നീണ്ടതാണ്.

പ്രസ്തുത ഖുർആനിക സൂക്തങ്ങൾക്ക് നേരെ കണ്ണടച്ച് രണ്ടോ മൂന്നോ ആയത്തുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ”മാനവികം ” പറയുന്നത് ഖുർആൻ വ്യാഖ്യാനമോ ഖുർആൻ പ്രബോധനമോ അല്ല മറിച്ച് ഉത്തരാധുനിക ഖുർആൻ നിഷേധമാണ്.

 

ഖാലീദ് മൂസാ നദവി.

Facebook Comments