മുത്ത്വലാഖ് നിരോധിച്ചത് കൊണ്ടായോ?

ദാമ്പത്യബന്ധം തുടർന്നു കൊണ്ടുപോകുവാൻ ഒരു നിലക്കും പറ്റാത്ത സാഹചര്യത്തിൽ, അല്ലെങ്കിൽ ദാമ്പത്യബന്ധം തുടരുന്നത് കൂടുതൽ ദോഷകരമായ അവസ്ഥയിലേക്ക് എത്തിക്കുകയും, തുടരുന്നതിന്റെ പ്രത്യാഘാതം ഗുരുതരമായി തീരുകയും ചെയ്യുമെന്ന സാഹചര്യത്തിൽ, പ്രശ്ന പരിഹാരത്തിന് , ദാമ്പത്യ ബന്ധം വേർപെടുത്തുകയല്ലാത്ത മറ്റു മാർഗങ്ങളൊന്നുമില്ലാതെ വരുമ്പോൾ ഉപയോഗിക്കുവാനുള്ള ഒരു എമർജൻസി ഡോറാണ് വിവാഹമോചനം എന്നുള്ളത്.

എമർജൻസി ഡോർ എന്നു പറയുമ്പോൾതന്നെ അതും തുറക്കാനുള്ള ഒരു ഡോറു തന്നെയാണ്. പക്ഷെ ആർക്കും, എപ്പോഴും, എങ്ങനെയും തുറക്കാനുള്ളതല്ല എന്നതാണല്ലോ യാഥാർഥ്യം.
അതിന് കർശനമായ ചില നിബന്ധനകളും വ്യവസ്ഥകളുമൊക്കെയുണ്ടല്ലോ. അതൊന്നും പാലിക്കാതെ ആരെങ്കിലും അത് തുറക്കാൻ ഒരുമ്പെട്ടാൽ അവർ തീർച്ചയായും കുറ്റക്കാരും ശിക്ഷാർഹരും ആയിരിക്കും എന്നതിൽ സംശയമില്ല.

അവസാനത്തെ ഏറ്റവും നല്ല പരിഹാരമാണ് വിവാഹമോചനം. മറ്റു മാർഗ്ഗങ്ങൾ എല്ലാം തന്നെ അടഞ്ഞുപോവുകയും, വിവാഹമോചനമല്ലാത്ത മറ്റേതൊരു പരിഹാരവും അതിനേക്കാൾ കൂടുതൽ ദോഷകരവും, പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്തേക്കാം എന്ന് ആശങ്കിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ ഇളവ് അനുവദിക്കപ്പെട്ടിട്ടുള്ളത്.

യഥാർഥത്തിൽ, കർശനമായ നിബന്ധനകളും വ്യവസ്ഥകളും വെച്ചുകൊണ്ട് വിവാഹമോചനത്തിന്റെ വൃത്തം പരമാവധി പരിമിതപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.

പക്ഷെ, മറ്റേതൊരു നിയമത്തെയും പോലെ ഇസ്ലാമിക നിയമങ്ങളെയും ദുരുപയോഗപ്പെടുത്താനുള്ള പഴുതുകൾ ധാരാളമായി ഉണ്ട്. ഇങ്ങനെ ദുരുപയോഗപ്പെടുത്തപ്പെടുന്നതിന്റെ ഫലമായി യഥാർഥ ഇസ്ലാം തന്നെ പ്രതിസ്ഥാനത്ത് നിർത്തപ്പെടുന്നു എന്നതാണ് സങ്കടം.

മതനിഷ്ഠയും ദീനി വിജ്ഞാനം ഇല്ലാത്തവർ ഇത്തരം കാര്യങ്ങളിൽ അക്ഷന്തവ്യമായ വീഴ്ചകൾ വരുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ വിശേഷിച്ചും കുറ്റകരമായ അലംഭാവം പുലർത്തുകയും ചെയ്യുന്നു ഇതൊന്നും ആരും നിഷേധിക്കുന്നില്ല.

ഇതിനൊക്കെയുള്ള പരിഹാരം പക്ഷെ, മുത്ത്വലാഖാണ്, എന്ന കണ്ടെത്തൽ യാഥാർഥ്യ ബോധമില്ലാത്തതാണ്.

അത് നിരോധിക്കുന്നതിലൂടെ സ്ത്രീകളനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു കളയാമെന്നത് വ്യാമോഹം മാത്രമാണ്.എന്തുകൊണ്ട്?

നമുക്ക് പരിശോധിക്കാം എന്താണ് ഒറ്റ പ്രാവശ്യം വിവാഹമോചനം ചെയ്യുന്നതും മുത്തലാക്കും തമ്മിലുള്ള വ്യത്യാസം?

നമുക്ക് പരിശോധിച്ചു നോക്കാം.

ഒറ്റ പ്രാവശ്യം ത്വലാഖ് ചൊല്ലിയാലും മൂന്നു പ്രാവശ്യം ചൊല്ലിയാലും (അത് ഒറ്റയിരുപ്പിന് ആകട്ടെ ഘട്ടം ഘട്ടമായിട്ടാവട്ടെ ) വിവാഹമോചനം ചെയ്ത ഭർത്താവ് ഭാര്യയെ സ്വീകരിക്കില്ല, എന്ന് തീരുമാനിച്ചുകഴിഞ്ഞാൽ, അവർ തമ്മിലുള്ള ബന്ധം കൂട്ടിച്ചേർക്കാൻ പുറത്ത് നിന്ന് ഒരാൾക്കും തന്നെ സാധ്യമല്ല. അതേസമയം ഭർത്താവ് എപ്പോൾ വിചാരിക്കുന്നുവോ, ഇദ്ദകാലം കഴിഞ്ഞിട്ടില്ലെങ്കിൽ, അയത്നലളിതമായി അവളെ തിരിച്ചെടുക്കാവുന്നതുമാണ്. ഇനി ഇദ്ദ കാലം കഴിഞ്ഞാലും, തിരിച്ചെടുക്കാം പക്ഷെ, വീണ്ടും പുതിയ വിവാഹ കരാറും മഹ്റും എല്ലാം ആവശ്യമായിവരും എന്ന്ര മാത്രം. രണ്ടു സാഹചര്യത്തിലും ഭർത്താവ് വിചാരിച്ചെങ്കിൽ മാത്രമേ ഭാര്യയെ തിരികെ കൊണ്ടുവരാനും, ബന്ധം വീണ്ടും ചേർക്കാനും സാധിക്കുകയുള്ളൂ എന്നർഥം.

അല്ലാതെ ഭരണകൂടത്തിനോ, കോടതിക്കോ മാതാപിതാക്കൾക്കോ എന്നു തുടങ്ങി ആർക്കും തന്നെ അവരുടെ ദാമ്പത്യം പൂർവ്വസ്ഥിതിയിൽ ആക്കുക ഒരു നിലക്കും സാധ്യമല്ല. ഭർത്താവ് വിചാരിക്കുക തന്നെവേണം എന്നർഥം.

ഇനി മുത്ത്വലാഖിന്റെ കാര്യമെടുത്താൽ, ഭർത്താവ് തന്റെ നിലപാടിൽ തന്നെ ഉറച്ചുനിന്നാൽ നേരത്തെ പറഞ്ഞ പോലെ അവർ തമ്മിലുള്ള ബന്ധം കൂട്ടിച്ചേർക്കാൻ ആർക്കും സാധ്യമല്ല.

മുത്ത്വലാഖ് ചെയ്ത് പിരിച്ചയച്ച ഭാര്യയെ തിരിച്ചെടുക്കണമെന്ന് വെച്ചാലോ, അത് അത്ര എളുപ്പല്ല എന്നത് ശരിയാണ്.

യഥാർഥത്തിൽ ഇവ രണ്ടും തമ്മിലുള്ള വ്യത്യാസത്തിന്റെ അനന്തര ഫലം പ്രകടമാവുക, ഭർത്താവിന് ഭാര്യയെ തിരിച്ചെടുക്കണമെന്ന് തോന്നുകയും അങ്ങനെ തീരുമാനിക്കുയും ചെയ്താൽ മാത്രമാണ്.

കാരണം, മൂന്ന് ത്വലാഖും ചൊല്ലി കഴിഞ്ഞാൽ പിന്നീട് ഭർത്താവിന് ആ ബന്ധം പുനസ്ഥാപിക്കണമെന്നും താൻ മൊഴി ചൊല്ലിയ ഭാര്യയെ തിരിച്ചെടുക്കണമെന്നും തോന്നിയാൽ അതത്ര എളുപ്പം നടപ്പില്ല, മറിച്ച് സ്വാഭാവികമായ രീതിയിൽ അവളെ മറ്റൊരുപുരുഷൻ വിവാഹം ചെയ്യുകയും, തുടർന്ന് ആ രണ്ടാം ഭർത്താവ് ഇവളെ വിവാഹമോചനം ചെയ്യുകയും, ശേഷം ഇദ്ദ കാലം അവസാനിക്കുകയും ചെയ്തെങ്കിൽ മാത്രമേ ആദ്യ ഭർത്താവിന് അവളെ വിവാഹം ചെയ്യാൻ സാധിക്കുകയുള്ളൂ.

ഇനി ഇത് സാധ്യമാവാൻ വേണ്ടി ഒരു താൽക്കാലികമായി വിവാഹനാടകം തട്ടിക്കൂട്ടി ഒപ്പിക്കുകയും, അതിന് ഒരാളെ ശട്ടം കെട്ടി അയാളെക്കൊണ്ട് വിവാഹവും, വിവാഹമോചനവുമൊക്കെ ചെയ്യിക്കുകയും ചെയ്തുകൊണ്ടുള്ള തരികിട പരിപാടിഒരു നിലക്കും അനുവദനീയവുമല്ല.

ചടങ്ങു കല്യാണങ്ങൾ എന്നാണ് ഈ തരികിട പരിപാടി അറിയപ്പെടുന്നത്.

ദീനിന്റെ വിധി വിലക്കുകളെ മറി കടക്കാൻ വേണ്ടി, ഇങ്ങനെ കൗശലവും കുതന്ത്രവും പ്രയോഗിച്ചുകൊണ്ട് ദൈവീക വിധിവിലക്കുകളെ തങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങൾക്ക് അനുഗുണമാക്കി തീർക്കുന്നതും, തട്ടിപ്പു നടത്തുന്നതും ഇസ്ലാം കർശനമായി വിലക്കുകയും ചെയ്തിരിക്കുന്നു.

ഇത്രയും മനസ്സിലാക്കിക്കഴിഞ്ഞാൽ,മുത്ത്വലാഖ് നിരോധന ബില്ലുമായി താള്ളിച്ചാടുന്നവരോട് ചോദിക്കാനുള്ളത്, മുത്ത്വലാഖ് നിരോധിക്കുന്നത് കൊണ്ട് മാത്രം എന്ത് നീതിയും സംരക്ഷണവുമാണ് ഇവർ സ്ത്രീകൾക്കായി കൈവരുത്താനുദ്ദേശിക്കുന്നത് എന്നാണ്.

ക്രൂരനായ ഭർത്താവിന്റെ അക്രമത്തിൽ നിന്നും അനീതിയിൽ നിന്നും എന്ത് സംരക്ഷണമാണ് മുത്ത്വലാഖ് നിരോധന ത്തിലൂടെ BJP ക്കാർ ഉറപ്പുനൽകുന്നത്.

അന്യായമായ വിവാഹമോചനം, അത് ഒറ്റത്ത്വലാഖ് കൊണ്ടായാലും, മുത്ത്വലാഖു മുഖേന ആയാലും, സ്ത്രീകൾക്ക് അതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും ഗുണമുണ്ടെന്ന് നമുക്ക് ബോധ്യപ്പെട്ടിട്ടില്ല.കാരണം പടച്ചവനെ പേടിയില്ലാത്ത തെമ്മാടിയായ ഒരു ഭർത്താവിന് തന്റെ ഭാര്യയെ വട്ടം കറക്കാനും ചുറ്റിക്കാനും ഒറ്റത്ത്വലാഖ് തന്നെ ധാരാളം.

അതിനാൽ ത്വലാഖിന്റെ ദുരുപയോഗമാണ് തടയേണ്ടത്. അതിന് ആവശ്യമായ നിയമങ്ങളും നടപടിക്രമങ്ങളുമാണ് ആവശ്യമായിട്ടുള്ളത്.ഇത് പറയുമ്പോൾ മുത്ത്വലാഖ് എന്നത് എല്ലാവരും അനുവർത്തിക്കേണ്ട ഒന്നാണെന്നല്ല പറയുന്നത്, അത് ഹറാമാക്കിയവരും, കുറ്റകരമാക്കിയ വരുമാണ് മിക്ക മദ്ഹബുകളും. ശാഫിഈ മദ്ഹബിലടക്കം അത് പ്രവാചകൻ പഠിപ്പിച്ചതിനെതിരാണ്.അത് ഇസ്ലാം അംഗീകരിച്ച വിവാഹമോചനത്തിന്റെ ശരിയായ വഴിയാണെന്നു ആർക്കും വാദവുമില്ല. എന്നാൽ ഇന്ത്യ പോലുള്ള പരിസരങ്ങളിൽ മുത്ത്വലാഖ്, ഇരകളായ സ്ത്രീകൾക്ക് ഗുണകരമാകുന്ന സന്ദർഭങ്ങളും ചിലപ്പോഴെല്ലാം ഉണ്ടാവാറുണ്ട്. ഇത്തരം കേസുകൾ പലതും നേരിട്ട് അറിയാവുന്നതുമാണ്. അതിനാൽ ഇതൊന്നും ആരും നിഷേധിച്ചിട്ട് കാര്യമില്ല.

ഏതായാലും, മുസ്ലിം സ്ത്രീകളോടുള്ള കനിവ് ഔദാര്യമോ അനുകമ്പയോ ബില്ലുകൊണ്ടല്ല, ഈ ബില്ലുകൊണ്ട് ഇവർ ഉദ്ദേശിക്കുന്നത് എന്ന് ഉറപ്പ്.

 

ഇൻശാ അല്ലാഹ്
തുടരും…

Facebook Comments