മുസ്ലിം സ്ത്രീകളുടെ സാമൂഹ്യ പങ്കാളിത്തം

ആമുഖം

 

മുസ്ലിം സ്ത്രീയുടെ സാമൂഹ്യ പങ്കാളിത്തവും, അവളുടെ പൊതുരംഗത്തെ ഇടപഴകലുമായി ബന്ധപ്പെട്ട് പറയുമ്പോൾ, വളരെയധികം ശ്രദ്ധയും സൂക്ഷ്മതയും പുലർത്തിയില്ലെങ്കിൽ ദുരുപയോഗപ്പെടുത്താനുള്ള സാധ്യത വളരെയേറെയാണ്. അതുപോലെ തന്നെ ഈ വിഷയകമായി ഏത് അഭിപ്രായം പ്രകടിപ്പിക്കുമ്പോഴും അതിന്‍റെ വരും വരായ്കകളെക്കുറിച്ച് നല്ല ധാരണയും, ദീർഘവീക്ഷവും ഇല്ലെങ്കിൽ പറഞ്ഞവർക്ക് തന്നെ തിരിച്ചടിയായി മാറാനും ധാരാളം സാധ്യതയുള്ള വിഷയവുമാണ് ഇത്.

ഏത് വിഷയമാകട്ടെ, ഇന്ന വിഷയത്തിന്‍റെ ഇസ്ലാമിക കാഴ്ച്ചപ്പാട് ഇന്നതാണ് എന്ന് പറയുമ്പോൾ, അത് വ്യക്തമായ പ്രമാണങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ തന്നെ ആയിരിക്കേണ്ടതുണ്ട്.

കേവലം അനുമാനങ്ങളോ, മുൻ ധാരണകളോ ആയിരിക്കാൻ പാടില്ല. വിശിഷ്യാ അനുവാദങ്ങളെ അനിവാര്യതകളായും, ഇളവുകളെയും ആനുകൂല്യങ്ങളെയും, അവകാശങ്ങളായും, മനസ്സിലാക്കപ്പെടുന്ന ഒരു സാഹചര്യം നില നിൽക്കുമ്പോൾ.

ഇവിടെ അടിസ്ഥാന പരമായ ചില ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നാം കണ്ടെത്തേണ്ടതുണ്ട്.

 1. പൊതുരംഗം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?
 2. വീടിനു പുറത്തുള്ള എല്ലാ മേഖലയെയും ഉൾക്കൊള്ളുന്ന വളരെ വിശാലവും സമഗ്രവുമായ ഒരു സംജ്ഞയായിട്ടാണ് പൊതുവെ ഈ പദം ഉപയോഗിപ്പെടാറുള്ളത്.
  വിദ്യാഭ്യാസം, തൊഴിൽ, കച്ചവടം, കൃഷി, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക എന്നു തുടങ്ങി വീടിന് പുറത്ത് സാധാരണഗതിയിൽ ഒരു വ്യക്തി ഇടപഴകിക്കൊണ്ടിരിക്കുന്ന എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്ന ഒന്നാണോ ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്?
 3. അതല്ല, ഇവയിൽ ഓരോന്നിനും വെവ്വേറെ വിധിയാണോ?
 4. ഈ പറയപ്പെട്ട എല്ലാരംഗങ്ങളിലും സ്ത്രീ പ്രത്യക്ഷപ്പെടുന്നത് നിഷിദ്ധമാണ് എന്നാണോ?
 5. അതല്ല ചിലതിൽ അനുവാദമുണ്ട് എന്നും, എന്നാല്‍മറ്റു ചിലതിൽ അനുവാദമില്ല എന്നുണോ?
 6. ഇനി അതൊന്നുമല്ല, ഇപ്പറഞ്ഞ എല്ലാ മേഖലകളിലും നിരുപാധികം പ്രത്യക്ഷപ്പെടുകയും ഇടപഴകുകയും ചെയ്യാം എന്നാണോ?
 7. അതല്ല ഇപ്പറഞ്ഞ ഒരു മേഖലയിലും ഒട്ടും ഇടപെടാതെ വീട്ടിനകത്തു തന്നെ ചടഞ്ഞു കൂടണമെന്നാണോ?
 8. ഇസ്‌ലാം നിഷ്കർഷിച്ച ഉപാധികളും നിബന്ധനകളും ചിട്ടകളും വ്യവസ്ഥകളും മര്യാദകളുമെല്ലാം കർശനമായി പാലിച്ചുകൊണ്ടാണെങ്കില്‍പോലും പ്രത്യക്ഷപ്പെടുന്നതും ഇടപഴകുന്നതും നിഷിദ്ധമാണ് എന്നാണോ?
 9. അതല്ല അതെല്ലാം പാലിച്ചുകൊണ്ടാണെങ്കില്‍അനുവദനീയമാണ് എന്നാണോ?
 10. വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ സാമൂഹ്യ രാഷ്ട്രീയ തൊഴിൽമേഖലകളിൽ എല്ലാം സ്ത്രീകൾക്ക് പ്രത്യേകം സംവരണം ഭരണഘടനാ പരമായി തന്നെ നടപ്പാക്കപ്പെടുന്ന പശ്ചാത്തലത്തിൽ, സ്ത്രീകൾ ഒരു രംഗത്തും, പൊതു രംഗമാണ് എന്ന ഒരൊറ്റ കാരണം വെച്ചുകൊണ്ട് അതിൽനിന്നെല്ലാം പൂർണ്ണമായും അകന്നു നിൽക്കണമെന്നാണോ ഇപ്പറഞ്ഞതിനർത്ഥം?
 11. ഉപര്യുക്ത മേഖലകളിൽ ഏതിലെങ്കിലും ഒന്നിൽ സ്ത്രീകൾ പങ്കെടുക്കാൻ പാടില്ല എന്നതിന് വ്യക്തമായ പ്രമാണങ്ങൾ ഉണ്ടോ?
 12. അതല്ല പ്രമാണങ്ങളുടെ വ്യാഖ്യാനത്തിലൂടെ കണ്ടെത്തിയ നിഗമനങ്ങൾ മാത്രമാണോ?
 13. അങ്ങനെയുള്ള നിഗമനങ്ങളില്‍എത്തിച്ചേരുന്നതിന് പണ്ഡിതന്മാരും ഇമാമുകളും ജീവിച്ച സാമൂഹ്യ സാഹചര്യത്തിന് വല്ല സ്വാധീനവുമുണ്ടായിരുന്നോ?
 14. സമാനമായ സാമൂഹ്യ സാഹചര്യം ഉണ്ടാകുമ്പോൾ മാത്രം ബാധകമാക്കേണ്ട വിധികളാണോ അതെല്ലാം?
 15. അതല്ല, ലോകത്തെല്ലായിടത്തും ലോകാവസാനം വരെ അനുവർത്തിക്കേണ്ടതും, വ്യാഖ്യാനത്തിനോ, തിരുത്തലിനോ, വെട്ടാനോ, കൂട്ടിച്ചേർക്കാന, ഇടമില്ലാത്ത വിധം ആധികാരികമായ പ്രമാണങ്ങളുടെ സ്ഥാനം തന്നെ അവക്കുണ്ട് എന്നാണോ?
 16. ഖുർആനിലോ, പ്രവാചചര്യയിലോ, ചരിത്രത്തിലോ വല്ല രേഖയും ഇവ്വിഷയകമായി സമർപ്പിക്കാൻ സാധ്യമാണോ?
 17. യഥാർഥത്തിൽ സ്ത്രീക്ക് എന്തെല്ലാം അവകാശങ്ങളാണ് ഇസ്ലാമിക ശരീഅത്ത് വക വച്ചു കൊടുത്തിട്ടുള്ളത്?
 18. ഇസ്ലാമിക ദൃഷ്ടട്യാ സ്ത്രീയുടെ ബാധ്യതകൾ എന്തെല്ലാമാണ്? അവളുടെ മുഖ്യദൗത്യം എന്താണ്? എവിടെയാണ് ?
 19. പ്രവാചക കാലത്ത് സ്ത്രീകൾ ഇടപെട്ടിരുന്ന മേഖലകൾ ഏതൊക്കെയായിരുന്നു?
 20. സ്ത്രീകളോട് വിവേചനപരമായ സമീപനമായിരുന്നു മുൻകാല ഇമാമുകളും പണ്ഡിതന്മാരും അനുവർത്തിച്ചിരുന്നത് എന്ന ആരോപണത്തിൽ എത്രമാത്രം വസ്തുതയുണ്ട്? ശരിയാണെങ്കിൽ അതിന് പ്രത്യേകിച്ച് വല്ല കാരണവും പശ്ചാത്തലവും ചൂണ്ടിക്കാണിക്കാനുണ്ടോ?

തുടങ്ങി ഒരുപാട് ചോദ്യങ്ങൾക്ക് പ്രമാണബദ്ധമായ മറുപടി കണ്ടെത്തേണ്ടത് നിർബന്ധമാണ്. അപ്പോൾ മാത്രമേ മുസ്ലിം സ്ത്രീയുടെ പൊതുരംഗത്തെ ഇടപഴകലിന്‍റെ കർമ്മശാസ്ത്രം മൂർത്തമായി അനാവരണം ചെയ്യപ്പെടുകയുള്ളൂ അതിനുള്ള ഒരു എളിയ ശ്രമമാണ് ഇവിടെ ആരംഭം കുറിക്കുന്നത്. അല്ലാഹു സഹായിക്കട്ടെ. പണ്ഡിതന്മാരിൽനിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Facebook Comments

One thought on “മുസ്ലിം സ്ത്രീകളുടെ സാമൂഹ്യ പങ്കാളിത്തം

Leave a Reply

Your email address will not be published. Required fields are marked *