കുഞ്ഞാപ്പുവിന് കഴിവുണ്ടോ?

ഞാൻ ഒരു സാദാ മനുഷ്യനാണ്, എനിക്ക് അല്ലാഹു ചില കഴിവുകൾ നൽകിയിട്ടുണ്ട്. ഒരു റോഡിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കേ, എനിക്ക് വല്ല അപകടവും പിണഞ്ഞാൽ ഞാൻ ഉടനെ അടുത്തുള്ളവരെ വിളിച്ചു സഹായം തേടും, അതിനുള്ള കഴിവ് അല്ലാഹു എനിക്ക് നൽകിയിട്ടുണ്ട്, അതുകൊണ്ട് തൊട്ടടുത്തുള്ളവരെ എന്റെ ആവശ്യം കേൾപ്പി ക്കാനും, അറിയിക്കുവാനും എനിക്ക് സാധിക്കും.

അതേസമയം ഒരു നിശ്ചിത ദൂരത്തിനപ്പുറത്തുള്ള ഒരാളെ എന്റെ ആവശ്യം കേൾപ്പിക്കുവാനോ, അവരെ അറിയിക്കുവാനോ വല്ല ഉപകരണത്തിന്റെയും സഹായം കൂടാതെ എനിക്ക് കഴിയുകയില്ല. അതിനുള്ള കഴിവ് എനിക്ക് അല്ലാഹു നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ അത്തരം ഒരു അടിയന്തര ഘട്ടത്തിൽ വിദൂരത്തുള്ള ഒരാളെയും എന്റെ ആവശ്യം കേൾപ്പിക്കുവാനോ, അവരെ അറിയിക്കുവാനോ മൊബൈലോ, മറ്റു സാങ്കേതിക വിദ്യകളുടെയോ സഹായമില്ലാതെ എനിക്ക് കഴിയുകയില്ല.

അത് എന്റെ മാതാപിതാക്കളാകട്ടെ, സഹോദരീസഹോദരന്മാരാകട്ടെ, സന്താനങ്ങളാകട്ടെ, മറ്റു ബന്ധുക്കളോ സുഹൃത്തുക്കളോ, ആരാവട്ടെ അവരെയൊന്നും കേൾപ്പിക്കുവാൻ എന്നെക്കൊണ്ട് സാധ്യമല്ല.

കാരണം അതിനുള്ള കഴിവ് അല്ലാഹു എനിക്ക് നൽകിയിട്ടില്ല. അപ്പോൾ പിന്നെ അവരോട് പ്രാർത്ഥിക്കുവാനേ എനിക്ക് സാധിക്കുകയുള്ളൂ. അതിനാൽ ഞാനവരെ ഞാൻ വിളിച്ചു സഹായം തേടുകയാണെങ്കിൽ അതിന് പ്രാർത്ഥന എന്നാണ് പറയുക. കാരണം ആ സഹായതേട്ടം കാര്യകാരണ ബന്ധങ്ങൾക്കതീതമായ തേട്ടമാണ്.
അവർ സഹായിക്കുന്നത് അല്ലാഹു കൊടുത്ത സഹായംകൊണ്ടാവട്ടെ, അല്ലാതിരിക്കട്ടെ അതിവിടെ വിഷയമേ അല്ല. എന്നെ സംബന്ധിച്ചടത്തോളം ദൂരെയുള്ളവരെ കേൾപ്പിക്കുവാനുള്ള കഴിവ് എനിക്കില്ല എന്ന കാര്യത്തിൽ സംശയമില്ലല്ലോ.

ഇനി ഞാൻ അങ്ങനെ വിളിച്ച് സഹായം തേടുമ്പോൾ, ആ സഹായാഭ്യർത്ഥന കേൾക്കുവാനും അത് കേട്ട് എന്നെ സഹായിക്കുവാനുമുള്ള കഴിവ് എന്നിൽനിന്നും വിദൂരത്ത് കഴിയുന്ന അവർക്കുണ്ട് എന്നും, അതുകാരണം അവർക്കെന്നെ സഹായിക്കുവാൻ സാധിക്കുമെന്നുമാണ് ചിലർ പറയുന്നതെങ്കിൽ അവരോട് ചോദിക്കട്ടെ:

നമ്മുടെ കൺമുമ്പിൽ ഒരാൾ അപകടത്തിൽപ്പെട്ടാൽ അയാളുടെ ജാതിയോ മതമോ ഒന്നും നോക്കാതെ കണ്ട് ഓടിച്ചെന്ന് നാമയാളെ സഹായിക്കുകയില്ലേ? അതല്ലേ നാമൊക്കെ ശീലിച്ചിട്ടുള്ളത്?!.

അയാൾ നമ്മെ വിളിച്ചു സഹായം ചോദിക്കട്ടെ, ചോദിക്കാതിരിക്കട്ടെ അതിനൊന്നും കാത്തുനിൽക്കാതെ നമ്മെ കൊണ്ട് പറ്റുന്ന സഹായങ്ങൾ അയാൾക്ക് ചെയ്തുകൊടുക്കുക എന്നതാണ് നമ്മുടെ രീതി. അത് നമ്മുടെ ദീനീ ബാധ്യത കൂടിയാണ്.

അപകടത്തിൽപെട്ട ഒരാളെ സഹായിക്കുവാൻ കഴിഞ്ഞിട്ടും ഒന്നും ചെയ്യാതെ, നിഷ്ക്രിയരായി നോക്കിനിൽക്കുകയോ, കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുന്നത് അക്ഷന്തവ്യമായ കുറ്റമായിട്ടാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഒരു സാദാ മുസ്ലിം പോലും അങ്ങനെ ചെയ്യുകയില്ല, ദീനി നിഷ്ഠയും അറിവുമുള്ളവരുടെ കാര്യം പിന്നെ പ്രത്യേകം പറയേണ്ടതില്ലല്ലോ.

അപ്പോൾപിന്നെ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന, പ്രതിസന്ധിയിൽ പെട്ടവരെ അതിൽ ഇടപെട്ട് സഹായിക്കുവാൻ സാധിക്കുന്ന, അദൃശ്യ ലോകത്ത് കഴിഞ്ഞുകൂടുന്ന അമ്പിയാക്കളും ഔലിയാക്കളും, തങ്ങളെ ഇങ്ങോട്ട് വിളിച്ച് സഹായം തേടിയില്ല, എന്ന ഒരൊറ്റ കാരണത്താൽ, അപകടത്തിൽപ്പെട്ടവരെ കണ്ടില്ലെന്ന് നടിക്കുകയും നിഷ്ക്രിയത്വം പുലർത്തുകയും ചെയ്യുമോ? എങ്കിൽ ഇതിനേക്കാൾ വലിയ വങ്കത്തരം മറ്റെന്തുണ്ട്?!

ഒരേസമയം, മഹാത്മാക്കൾക്ക് ഇതിനൊക്കെ കഴിയും എന്ന് വിശ്വസിക്കുക, അതേസമയം തന്നെ അവർ ഒന്നും ചെയ്യാതെ അനങ്ങാപ്പാറനയം സ്വീകരിക്കുമെന്നും വിശ്വസിക്കേണ്ടിവരിക, ഇതിനേക്കാൾ വലിയ ജഹാലത്ത് വേറെയുണ്ടോ?

ഇതുകൊണ്ടാണ് പണ്ടൊരു മുസ്‌ല്യാര്‍, ബദരീങ്ങൾ കേൾക്കും, മുഹിയിദ്ദീന്‍ ശൈഖ് കേൾക്കും, മരിച്ചുപോയ മഹാത്മാക്കളും അമ്പിയാക്കളും ഔലിയാക്കളും എല്ലാം കേൾക്കും സഹായിക്കും എന്നെല്ലാം വളരെ ജോറായി ക്ലാസ്സെടുത്തു കൊണ്ടിരുന്നപ്പോൾ, മുസ്ലിയാരോട് ഒരു കുഞ്ഞാപ്പു ചോദിച്ചത്:

ബദരീങ്ങളും മുഹിയിദ്ദീന്‍ ശൈഖുമൊക്കെ അങ്ങനെ ആയിക്കോട്ടെ, ഈ കുഞ്ഞാപ്പുവിന് അവരെ കേൾപ്പിക്കാൻ കഴിവുണ്ടോ ഉസ്താദേ……???? എന്ന്.

Facebook Comments

2 thoughts on “കുഞ്ഞാപ്പുവിന് കഴിവുണ്ടോ?

Comments are closed.