വികലമാക്കപ്പെട്ട ഇസ്ലാമിക ചരിത്രം

ഏറെ തെറ്റിദ്ധരിക്കപ്പെട്ടതും വികലമാക്കപ്പെടുകയും ചെയ്ത ഒന്നാണ് ഇസ്ലാമിക ചരിത്രം. ഇത്രയധികം വികലമാക്കപ്പെട്ട മറ്റേതെങ്കിലും ചരിത്രമുണ്ടോ എന്നതു തന്നെ സംശയമാണ്.

ഏതൊരു സമുദായത്തിനും അഭിമാനിക്കാനും, അപമാനം പേറാനുമൊക്കെ ഒരു പോലെ ഇടയാക്കുന്ന വളരെ പ്രധാനപ്പെട്ട ഒന്നാണ് അവരുടെ ചരിത്രം.

വാസ്തവത്തിൽ ഏതൊരു മുസ്ലിമിനും ഏറെ അഭിമാനിക്കാവുന്ന ഒന്നാണ് ഇസ്ലാമിന്റെ ചരിത്രം.
തീർച്ചയായും അതിന് മഹത്തായൊരു ചരിത്രവും പാരമ്പര്യവും ഉണ്ട്. വിശിഷ്യ ഇസ്‌ലാം അതിന്റെ പൂർണ്ണ ശോഭയോടും തിളക്കത്തോടും കൂടി പ്രയോഗവൽക്കരിക്കപ്പെട്ട കാലത്തെ സംബന്ധിച്ചുള്ള ചരിത്രം. മാനുഷികമായ ദൗർബല്ല്യങ്ങളും സ്ഖലിതങ്ങളും ഇല്ലെന്നല്ല, പക്ഷെ അതു പോലും താരതമ്യേന നിസ്സാരങ്ങളാണ്.

ഇസ്ലാമിന് അങ്ങനെയൊരു മഹിതമായ ചരിത്രമുണ്ട് എന്ന കാര്യം സ്ഥിരീകരിക്കപ്പെടുന്നത് പക്ഷെ, ഒരുപാട് അജണ്ടകളെ മാറ്റിമറിക്കാൻ ഇടയാക്കുമെന്ന് ഇസ്ലാമിന്റെ ശത്രുക്കൾക്ക് നന്നായറിയാം, കാരണം ഇസ്ലാം എന്ന് പറയുന്നത് കേവലം എഴുതിവെക്കപ്പെട്ട സിദ്ധാന്തങ്ങളും തത്വങ്ങളും മാത്രമല്ല, മറിച്ച് ചരിത്രത്തിൽ പ്രയോഗവൽക്കരിക്കപ്പെടുയും അതിന്റെ സൽഫലങ്ങൾ മാനവരാശി അനുഭവിക്കുകയും ചെയ്തു എന്ന യാഥാർത്ഥ്യമാണല്ലോ സമ്മതിക്കേണ്ടി വരിക.!

അത് ഇസ്ലാമിന് നൽകുന്ന ഇമേജും മൈലേജും, അതുപോലെ ഇസ്‌ലാമിക സമൂഹത്തിന് അത് നൽകുന്ന ആവേശവും ആത്മവിശ്വാസവും നിസ്സാരമായിരിക്കുകയില്ല.
ഇസ്ലാമിന്റെ ശത്രുക്കളെ സംബന്ധിച്ചിടത്തോളം ഈയൊരു യാഥാർത്ഥ്യം ഒരു നിലക്കും സഹിക്കാവുന്നതല്ല.

അതുകൊണ്ട് ഇസ്ലാമിക ചരിത്രം വികലമാക്കാനുള്ള ശ്രമങ്ങൾ വളരെ ശക്തവും ആസൂത്രിതവുമായ രൂപത്തില്‍ പണ്ടുമുതലേ ഉണ്ടായിട്ടുണ്ട്. അതിലവർ ഏതാണ്ട് വിജയിച്ചിട്ടുണ്ട് എന്ന് പറയാവുന്ന പോലെയാണ് കാര്യങ്ങളുടെ കിടപ്പ്.

അതിന്റെ കാരണം, ഒന്നുകിൽ മുസ്ലിംകൾക്ക് തങ്ങളുടെ യഥാർത്ഥ ചരിത്രം നിശ്ചയമില്ല എന്നതാണ്, അല്ലെങ്കിൽ, നിശ്ചയമുണ്ട് പക്ഷേ, അവർ മനസ്സിലാക്കിരൂപത്തിലല്ല യഥാർത്ഥ ചരിത്രമുള്ളത്, വികലമാക്കപ്പെട്ട രൂപത്തിലാണ് അവരത് മനസ്സിലാക്കിയിട്ടുള്ളത്.

സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും അല്ലാഹുവിന്റെ അനുഗ്രഹത്താൽ, ശത്രുക്കളുടെ എല്ലാ കുടില തന്ത്രങ്ങളും, അവർ ഇസ്‌ലാമിക ചരിത്രത്തോട് ചെയ്ത അന്യായങ്ങളും അതിക്രമങ്ങളുമെല്ലാം കണ്ടെത്താനും, അതിലെ നെല്ലും പതിരും വേർതിരിക്കാനുമൊക്കെയുള്ള വഴികളും മാർഗ്ഗങ്ങളും എമ്പാടും ഉണ്ട് എന്നതാണ് യാഥാർഥ്യം.

അതെല്ലാം ഉപയോഗപ്പെടുത്തി, പതിരുകളെല്ലാം ഒഴിവാക്കി, യഥാർത്ഥ ചരിത്രം അതിൽനിന്ന് വേർതിരിച്ച് മനസ്സിലാക്കുവാന്‍ സാധിക്കണമെന്ന് മാത്രം. പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന യഥാർഥ ചരിത്രത്തിന്റെ രേഖകൾ എല്ലാം ഒരുമിച്ച് കൂട്ടി, സൂക്ഷ്മപരിശോധന നടത്തി, കാലഗണയനുസരിച്ച്, വിഷയക്രമത്തിൽ പുനർരചന നടത്തപ്പെടേണ്ടത് വളരെ അത്യാവശ്യമാണ്.

ഇസ്ലാമിക ചരിത്രം വികലമാക്കിയവതരിപ്പിക്കാനും, അതുവഴി തങ്ങളുടെ സ്വന്തം ചരിത്രത്തെ സംബന്ധിച്ച് അറിയുന്നതും കേൾക്കുന്നതും അപമാനമായി മനസ്സിലാക്കുന്ന ഒരു തലമുറയെ ഉണ്ടാക്കിയെടുക്കാനും ഏറ്റവും കൂടുതൽ ശ്രമങ്ങൾ നടന്നിട്ടുള്ളത്, പിഴച്ച ശിയാക്കളിൽ നിന്നും ഓറിയന്‍ന്റെലിസ്റ്റുകളിൽ നിന്നുമാണ്.

ശിയാക്കളെ സംബന്ധിച്ചടത്തോളം ഏറ്റവും മോശമായ ചരിത്രം പ്രവാചകൻ (സ) ജീവിച്ച നൂറ്റാണ്ടിന്റെ ചരിത്രമാണ്, കാരണം അവർ വിശ്വസിക്കുന്നത് അല്ലാഹുവിന്റെ സൃഷ്ടികളിൽ ഏറ്റവും വൃത്തികെട്ടവരും മോശക്കാരും പ്രവാചകന്റെ പത്നിമാരും അവിടുത്തോടൊപ്പം ജീവിച്ച സ്വഹാബികളുമാണ് എന്നാണ്. സ്വഹാബികളിൽ മൂന്നോ നാലോ പേരൊഴികെ, ഏറിവന്നാൽ ഏഴ് പേരൊഴികെ, ബാക്കിയെല്ലാവരും കാഫിറുകളും മുർത്തദ്ദുകളും, അക്രമികളുമാണ് എന്നാണവരുടെ വിശ്വാസം. ഈ കുഫ്രിയ്യത്ത് അടിക്കടി സ്ഥാപിക്കുകയും സമർത്ഥിക്കുകയും ചെയ്യുക എന്നത് അവരുടെ ആദർശത്തിന്റെ ഭാഗമാണ്. കാരണം ശീഈ ആദർശത്തിന്റെ നിലനിൽപ്പുതന്നെ അതിലാണ്.

യഥാർഥത്തിൽ എന്താണിവർ പറയുന്നത്?❓❗

മുഹമ്മദ് നബി, 23 വർഷക്കാലം കൊണ്ട് അധ്വാനിച്ച അധ്വാനം മുഴുവനും വൃഥാവിലായി എന്നാണല്ലോ ഈ പറയുന്നത്?! എന്നുവെച്ചാൽ മുഹമ്മദ് നബി അമ്പേ പരാജയമായിരുന്നു എന്ന് !

വിശ്വസ്തരും, സത്യസന്ധരുമായ, തന്നോട് കൂറും പ്രതിബദ്ധതയും പുലർത്തുന്ന ശിഷ്യന്മാരെ വാർത്തെടുക്കുന്നതില്‍ മുഹമ്മദ് നബി അമ്പേ പരാജയപ്പെട്ടു എന്നാണല്ലോ ഇപ്പറഞ്ഞതിനർത്ഥം.

കാരണം പ്രവാചക വിയോഗത്തിനു ശേഷം എല്ലാവരും മതപരിത്യാഗികളായി (മുർതദ്ദ്) എന്നു പറയുമ്പോൾ, അതല്ലാതെ പിന്നെ മറ്റെന്താണ് ഇതുകൊണ്ടവർ അർത്ഥമാക്കുന്നത്?!

ഖുമൈനിയെ പോലുള്ള ഈ പുരോഹിതപ്പരിഷകൾ മുഹമ്മദ് നബി അമ്പേ പരാജയപ്പെട്ടു എന്നു പച്ചയായിതന്നെ യാതൊരു ലജ്ജയുമില്ലാതെ, അതും പരസ്യമായി, പ്രസംഗിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പ്രവാചകനും, അവിടുത്തോടൊപ്പം ഉത്തമ ശിഷ്യന്മാരും ജീവിച്ച നൂറ്റാണ്ടാണ്
ഏറ്റവും നല്ല നൂറ്റാണ്ട് എന്ന് പ്രവാചകൻ (സ) തന്നെ വ്യക്തമാക്കിയ ഒരു കാലഘട്ടത്തെക്കുറിച്ചും, അന്ന് ജീവിച്ച മാതൃകാ വ്യക്തിത്വങ്ങളെക്കുറിച്ചും ശിയാക്കൾ വെച്ചുപുലർത്തുന്ന തനിച്ച ജൂത വീക്ഷണമാണ് ഈ പറഞ്ഞത്. മഹത്തായ ആ കാലഘട്ടത്തെ പറ്റി ഏറ്റവും വൃത്തികെട്ടവരുടെയും മോശപ്പെട്ടവരുടെയും കാലഘട്ടമായി വിശേഷിപ്പിക്കുക എന്നത്, തങ്ങളുടെ ആദർശത്തിന്റെ ഭാഗമായി കാണുന്ന ശിയാക്കളെ സംബന്ധിച്ചടത്തോളം, അതിനു ശേഷമുള്ള കാലഘട്ടത്തെ സംബന്ധിച്ച് അവരുടെ വിശ്വാസം എന്തായിരിക്കും എന്ന കാര്യം പിന്നെ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

ഓറിയന്‍ന്റെലിസ്റ്റുകളെ സംബന്ധിച്ചിടത്തോളം, അവരുടെ ഭീതി യഥാർഥത്തിൽ ഇസ്ലാം തന്നെയാണ്.

ചുരുങ്ങിയ കാലംകൊണ്ട് ഇസ്ലാം ലോകം മുഴുവൻ അത്ഭുതകരമാംവണ്ണം പ്രചരിക്കുകയും, കുരിശു കോട്ടകൾ വരെ ഭേദിച്ചുകൊണ്ട് ഇസ്ലാമിന്റെ പ്രകാശം അവിടങ്ങളിൽ തെളിയുകയും ചെയ്യുന്നത് കണ്ടു ഭീതിപൂണ്ട ഓറിയന്‍ന്റെലിസ്റ്റുകൾ, ഇസ്ലാമിന്റെ പ്രവാഹത്തെ തടുത്തുനിർത്താൻ, കണ്ടെത്തിയ പല മാർഗങ്ങളിൽ ഒന്നായിരുന്നു ഇസ്ലാമിക ചരിത്രത്തെ വികലമായി അവതരിപ്പിക്കുക എന്നുള്ളത്.

അതുവഴി രണ്ടു കാര്യങ്ങളാണ് അവരുദ്ദേശിച്ചത്, അതിലേറ്റവും പ്രഥമവും പ്രധാനവുമായ കാര്യം മുസ്‌ലിം സമുദായത്തിന് മറ്റുള്ളവരുടെ മുമ്പിൽ എടുത്തുപറയാനും, അഭിമാനിക്കാനും വകയുള്ള ഒരു ചരിത്രവുമില്ല എന്നും, അതിനാല്‍ തങ്ങളുടെ ചരിത്രത്തെക്കുറിച്ച് ഓർക്കുന്നത് പോലും അപമാനമാനാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്ന ഒരു തലമുറയെ സൃഷ്ടിക്കുക എന്നതായിരുന്നു.

അതുപോലെ മുസ്ലിംകളല്ലാത്തവർ ഇസ്ലാമിലേക്ക് പ്രവേശിക്കുന്നതിന് ഈ വികലമാക്കപ്പെട്ട ചരിത്രം ഏറ്റവും വലിയ തടസ്സമാക്കി അവതരിപ്പിക്കുകയുമാണ്‌. ഇതാണ്, അവർ ഇതുവരെ ചെയ്തതും ഇന്നും വളരെ ആസൂത്രിതമായി ചെയ്തുകൊണ്ടിരിക്കുന്നതും.

കാരണം ഇവരുടെ വിഷലിപ്തമായ ചരിത്ര ഗ്രന്ഥങ്ങൾ മാത്രം വായിക്കുകയും, നിഷ്പക്ഷമായി ചിന്തിക്കുകയും ചെയ്യുന്ന ഏതൊരു വ്യക്തിയും ചിന്തിക്കുമല്ലോ: അപ്പോൾ നിങ്ങൾ പെരുമ്പറയടിക്കുകയും കൊട്ടിഘോഷിക്കുകയും ചെയ്യുന്ന ഇസ്ലാമിന്റെ കോലം അപ്പോൾ ഇതാണല്ലേ എന്ന്?! ചരിത്രത്തിൽ പ്രയോഗവൽക്കരിക്കപ്പെട്ട ഇസ്ലാമിന്റെ പോലും കഥ ഇതാണെങ്കിൽ ഇതിലെന്ത് മാനവികത? ഇതിലെന്ത് നീതി?! എന്നൊക്കെ ചോദിക്കാനും സമൂഹം ഇസ്ലാമിനെ തന്നെ വെറുക്കാനും ഇത് കാരണമാകുമെന്നും, അതുവഴി ഒരാളും പുതുതായി ഇത്തരം ഒരു മതത്തിലേക്ക് ചേരാൻ തുനിയുകയില്ലെന്നുമൊക്കെയാണ് അവർ കണക്കുകൂട്ടിയത്.

ഏതായിരുന്നാലും നെല്ലും പതിരും വേർതിരിച്ചുകൊണ്ട് യഥാർത്ഥ ഇസ്ലാമിക ചരിത്രം വസ്തുനിഷ്ഠമായി രേഖപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വ്യക്തിപരമായും അല്ലാതെയും ചില ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും അതിൽ പരിമിതപ്പെടുത്താതെ, കൂട്ടായ പരിശ്രമങ്ങൾ കൂടി ഇവ്വിഷയകമായി നടക്കേണ്ടതുണ്ട്.
ചരിത്രം വേർതിരിച്ചു മനസ്സിലാക്കുവാനുള്ള ധാരാളം വഴികളുണ്ടെങ്കിലും അവ ഉപയോഗപ്പെടുത്തി ഇസ്ലാമിന്റെു സമഗ്രവും സമ്പൂർണ്ണവുമായ യഥാർത്ഥ ചരിത്രം ഇനിയും രചിക്കപ്പെടേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങൾ പല ഇടങ്ങളിലും നടക്കുന്നുമുണ്ട് വിജയിക്കുമെന്ന് പ്രതീക്ഷിക്കാം.

ഇങ്ങനെ വികലമാക്കി അവതരിപ്പിക്കുന്ന ഒന്നാണ് മഹാനായ ഖലീഫ ഉസ്മാൻ (റ) ന്റെ ചരിത്രം. മഹാനായ സ്വഹാബി അബൂദർറുൽ ഗിഫാരി(റ)യെ അദ്ദേഹം നാടുകടത്തി എന്നതാണ് അതിലൊന്ന്. ഉസ്മാൻ (റ) നെ ഇകഴ്ത്താനും, അവമതിക്കാനും വേണ്ടി ശത്രുക്കൾ മെനഞ്ഞുണ്ടാക്കിയതാണ് ഈ കള്ളക്കഥ. അതേക്കുറിച്ച് പിന്നീട് ഇൻശാ അല്ലാഹ്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *