സ്വഹാബിയെ തെറി പറഞ്ഞവൻ തഫ്സീറെഴുതുമ്പോൾ

വിരലിലെണ്ണാവുന്ന ഏതാനും പേരൊഴിച്ച് ബാക്കി മുഴുവൻ സ്വഹാബിമാരും കാഫിറുകളും മുര്‍തദ്ദുകളുമായി എന്നാണ് ശിയാക്കളുടെ വിശ്വാസം. അവർക്ക് ഏറ്റവും കൂടുതൽ വെറുപ്പുള്ള സ്വഹാബിയാണ് മഹാനായ ഉമർ (റ). കാരണം അദ്ദേഹമാണ് പേർഷ്യൻ സാമ്രാജ്യം തകർത്തത് അതുകൊണ്ട് തന്നെ ഒരു പേർഷ്യക്കാരൻ മജൂസിയാണ് അദ്ദേഹത്തെ കുത്തിക്കൊന്നത്. മഹാനായ ഉമറിന്റെ രക്തസാക്ഷിത്വം ഉത്സവദിവസമാക്കുകയും ആ കൊലയാളിയുടെ ജാറം കെട്ടി തീർഥാടനകേന്ദ്രമാക്കുകയും ചെയ്യാൻ മാത്രം വെറുപ്പാണ് ശിയാക്കൾക്ക് ഉമറിനോട്.

ആ ഉമർ (റ) ആണ് പ്രമുഖ സ്വഹാബി മുആവിയ (റ) നെ വലിയ വലിയ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുകയും ഗവർണറായി നിയമിക്കുകയുമൊക്കെ ചെയ്തത്. മഹാനായ നബി (സ) യുടെ വിശ്വസ്തനായ അനുചരനായിരുന്നു സയ്യിദുനാ മുആവിയ (റ). എത്രത്തോളമെന്ന് ചോദിച്ചാൽ അല്ലാഹുവിങ്കൽ നിന്ന് ലഭിക്കുന്ന വഹിയ് എഴുതിവയ്ക്കാൻ വേണ്ടി നബി (സ) പ്രത്യേകം തെരഞ്ഞെടുത്ത ഏതാനും ചിലരില്‍ ഒരാള്‍അദ്ദേഹമായിരുന്നു.

അഹ്ലുസ്സുന്നയുടെ പ്രമാണങ്ങളായ ബുഖാരി, മുസ്ലിം തുടങ്ങി ഹദീസ് ഗ്രന്ഥങ്ങളിലെല്ലാം അദ്ദേഹത്തിന്‍റെ നിരവധി ഹദീസുകൾ കാണാം. എന്നുവെച്ചാൽ അദ്ദേഹം നബിയിൽനിന്ന് ഉദ്ധരിച്ച ഹദീസുകൾ ദീനിൽ പ്രമാണമാണ് എന്നർത്ഥം.
അങ്ങനെയുള്ള ഒരു സഹാബിയെപ്പറ്റി കാട്ടുകള്ളൻ എന്ന്‍പരസ്യമായി പ്രസംഗിച്ച വിദ്വാനാണ് *സി. എച്ച്. മുസ്തഫ മൗലവി*. അതിൻറെ പേരിൽ നേരത്തെ ജമാഅത്തെ ഇസ്‌ലാമിയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കുകയുണ്ടായി.

ബുഖാരി ഉൾപ്പെടെയുള്ള അഹ്ലുസ്സുന്നയുടെ ഇമാമുമാർ തങ്ങളുടെ ഗ്രന്ഥങ്ങളിൽ ഈ കാട്ടുകള്ളന്‍റെ ഹദീസുകൾ രേഖപ്പെടുത്തി വച്ചു എന്നാണല്ലോ ഈ വിദ്വാൻ തട്ടി വിട്ടതിന്റെ അർഥം.

മുആവിയ (റ) യെ കാട്ടുകള്ളൻ എന്ന് വിശേഷിപ്പിക്കുന്നതിലൂടെ സുന്നത്തിന്റെ ആധികാരികതയാണല്ലോ ഈ വിദ്വാൻ ചോദ്യം ചെയ്യുന്നത് ?!. അതാകട്ടെ ശീഈ അജണ്ടയാണുതാനും.

അദ്ദേഹത്തിന്‍റെ വീക്ഷണത്തിൽ ഒരാൾക്ക് സ്വർഗ്ഗത്തിൽ പോകാൻ മുസ്ലിം ആവണമെന്ന് നിർബന്ധമില്ല. സർവമത സത്യ വാദമാണ് ടിയാൻ പ്രബോധനം ചെയ്യുന്നത്. തന്‍റെ വിതണ്ഡാവാദങ്ങൾ മുസ്ലിം സമൂഹത്തിൽ പ്രചരിപ്പിക്കാൻ വേണ്ടി പരിശുദ്ധ ഖുർആനിന് പുതിയ വ്യാഖ്യാനം ചമച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് കക്ഷി.

അവലംബ ഗ്രന്ഥങ്ങളിൽനിന്ന് വാലും തലയും മുറിച്ച് കോട്ടിമാട്ടുന്നതില്‍ വിദഗ്ധനാണ് ഇദ്ദേഹം. അതിൻറെ ഒരു ഉദാഹരണം മാത്രമാണ് മുആവി (റ) മഹാനായ അലിയെയും അഹ്‌ലുബൈത്തിനെയും മിമ്പറിൽ വെച്ച് ശപിക്കാറുണ്ടായിരുന്നു എന്ന ശീഈ കള്ളത്തരം തട്ടി വിട്ടത്. ഇത് യഥാർഥത്തിൽ ശിയാക്കളുടെ ആരോപണമാണ് ശീഈ ചരിത്രകാരന്മാർ തങ്ങളുടെ സ്വത്ത്വം വ്യക്തമാക്കാതെ കെട്ടിച്ചമച്ച കെട്ടുകഥകളിൽ പെട്ടതാണിത്.

ഇത് കെട്ടുകഥയാണെന്നും ശിയാക്കള്‍ ഉണ്ടാക്കിയതാണെന്നും വ്യക്തമാക്കിക്കൊണ്ട് ഈ വിനീതൻ മറുപടി പറഞ്ഞപ്പോൾ, അതിന് മറുപടിയെന്നോണം മുസ്തഫ മൗലവി നടത്തിയ തട്ടിപ്പാണ് വിവരിക്കാൻ പോകുന്നത്:
ഈ കാര്യം ഇമാം ഇബ്നു കസീർ തന്‍റെ വിഖ്യാതമായ “ അൽ ബിദായ വന്നിഹായ “ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചിട്ടുണ്ട് എന്നും, ഇബ്നു കസീർ ശീഈയാണോ, എന്നുമൊക്കെ ചോദിച്ചുകൊണ്ട് ഒരു ക്ലിപ്പ് പ്രചരിപ്പിക്കുകയുണ്ടായി, അത് യൂട്യൂബിൽ ലഭ്യമാണ്.

അദ്ദേഹം കോട്ടിമാട്ടി ഉദ്ധരിച്ച ഭാഗം അൽ ബിദായ വന്നിഹായയില്‍ ഈയുള്ളവൻ പരിശോധിച്ചു. അപ്പോഴാണ് ഇദ്ദേഹം നടത്തിയ തട്ടിപ്പിന്‍റെ ആഴം ബോധ്യപ്പെട്ടത്. അറബി അറിയാത്ത സാധാരണക്കാരെ പൊട്ടീസാക്കാനുള്ള എല്ലാ തരികിടയും ഈ വിദ്വാൻ പ്രയോഗിച്ചിട്ടുണ്ട്.

ഒന്നാമതായി അദ്ദേഹം പറഞ്ഞ രൂപത്തിലല്ല ഇമാം ഇബ്നു കസീർ ആ സംഭവം ഉദ്ധരിച്ചിട്ടുള്ളത് അലി മുആവിയയെ ശപിക്കുന്ന വിവരം ലഭിച്ചപ്പോൾ തിരിച്ചങ്ങോട്ടും ശപിക്കാൻ അദ്ദേഹവും ഉത്തരവിട്ടു എന്നാണ് ഇബ്നു കസീർ പറഞ്ഞതിന്‍റെ ചുരുക്കം.
ഇമാം ഇബ്നു കസീർ പറയുന്നത് കാണുക:

 

عَنْ أَبِي جَنَابٍ الْكَلْبِي أَنَّ عَلِيَّا لَمَّا بَلَغَهُ مَا فَعَلَ عَمْرٌو كَانَ يَلْعَنُ فِي قُنُوتِهِ مُعَاوِيَةَ، وَعَمْرَو بْنَ الْعَاصِ، وَأَبَا الأَعْوَرَ السُّلَمِيَّ، وَحَبِيبَ بْنَ مَسْلَمَةَ، وَالضَّحَّاكَ بْنَ قَيْسٍ، وَعَبْدَ الرَّحْمَنِ بْنَ خَالِدَ بْنَ الوَلِيدِ، وَالوَلِيدَ بْنَ عُقْبَةَ، فَلَمَّا بَلَغَ ذَلِكَ مُعَاوِيَةَ كَانَ يَلْعَنُ فِي قُنُوتِهِ عَلِيًّا وَحَسَنًا وَحُسَيْنًا وَابْنَ عَبَّاسٍ وَالْأَشْتَرَ النَّخَعِيَّ، وَلَا يَصِحُّ هَذَا، وَاللّهُ أَعْلَمُ. – البِدَايَةُ وَالنِّهَايَةُ: 7 / 315

 

അബൂ ജനാബിനിൽ കലബിയിൽ നിന്ന് നിവേദനം: അംറുബ്നുൽ ആസ്വിന്റെ ചെയ്തി അലി(റ) അറിഞ്ഞപ്പോൾ അദ്ദേഹം തന്റെ ഖുനൂത്തിൽ മുആവിയ, അംറുബ്നുൽ ആസ്വ്, അബുൽ അഅവർ അസ്സുലമി, ഹബീബുബ്നു മസ് ലമ, ളഹ്ഹാക്ക് ബ്നു ഖൈസ്, അബ്ദുർ റഹ്മാൻ ബ്നു ഖാലിദുബ്നു വലീദ്, വലീദ്ബ്നു ഉഖ്ബ എന്നിവരെ ശപിക്കാറുണ്ടായിരുന്നു. ഈ വിവരം മുആവിയയുടെ പക്കൽ എത്തിയപ്പോൾ അദ്ദേഹം തന്റെ ഖുനൂത്തിൽ അലി, ഹസൻ, ഹുസൈൻ, ഇബ്നു അബ്ബാസ്, അശ്തർ അന്നഖഈ എന്നിവരെയും ശപിക്കാറുണ്ടായിരുന്നു. എന്നാല്‍ഇതൊന്നും ശരിയല്ല. الله أعلم.–(അൽ ബിദായ വന്നിഹായ: 7/315).

(ഇതേക്കുറിച്ച് വേറെ തന്നെ എഴുതുന്നുണ്ട്).

എന്നുവെച്ചാൽ ആദ്യം ശപിക്കൽ സമ്പ്രദായം തുടങ്ങിയത് അലിയാണ് എന്ന്. എന്നാൽ അങ്ങനെയല്ല ഇദ്ദേഹം ഉദ്ധരിച്ചത്. അതിനേക്കാൾ വലിയ തട്ടിപ്പ് എന്താണെന്ന് ചോദിച്ചാൽ ഈ സംഭവം ഉദ്ധരിച്ച ശേഷം ഇബ്നുകസീർ “ *എന്നാൽ ഇതൊന്നും ശരിയല്ല* “ എന്ന് പ്രത്യേകമായി പറഞ്ഞിരിക്കുന്ന ഭാഗം തന്ത്രപരമായി വെട്ടിമാറ്റി എന്നതാണ്. ഇമാം ഇബ്നു കസീറിന്റെ പേരിൽ ബോധപൂർവ്വം കള്ളം ആരോപിച്ചു കൊണ്ട് യാഥാർഥ്യം മൂടിവെച്ചു എന്നർത്ഥം.

എന്നിട്ട് ഇബ്നു കസീർ അങ്ങനെ പറഞ്ഞു എന്ന് തട്ടി വിട്ടു.. റഫറൻസ് പരിശോധിക്കാൻ അദ്ദേഹത്തിൻറെ ബഡായി കേൾക്കുന്നവരിൽ പലർക്കും സാധിച്ചു കൊള്ളണമെന്നില്ല എന്ന ധൈര്യമായിരിക്കാം ടിയാന്‍റെ ഈ ധൈര്യത്തിന് പിന്നില്‍.

ഇതാണ് സി എച്ച് മുസ്തഫ മൗലവി. ഇതാണ് ഇയാളുടെ തനിനിറം.
സ്വഹാബിമാരെ തെറിപറയുകയും ഒരു പ്രഗൽഭനായ സ്വഹാബിയെ കാട്ടുകള്ളൻ എന്ന് വിശേഷിപ്പിക്കുകയും അത് തിരുത്താൻ കൂട്ടാക്കാതെ ഉറച്ചുനില്ക്കുകയും, മഹാന്മാരായ മുഫസ്സിറുകളുടെ ഇമാമുമാരുടെയും ആധികാരിക വ്യാഖ്യാനങ്ങൾ അവഗണിക്കുകയും ചെയ്യുന്ന ഒരാൾ പരിശുദ്ധ ഖുർആനിന് വ്യാഖ്യാനം എഴുതിയാല്‍ എങ്ങനെ ഉണ്ടാകും.

ഏതായാലും മുസ്ലിം പേരും പേറി, ഇസ്ലാമിക സമൂഹത്തിൽ തുരപ്പൻ പണി ചെയ്യുന്ന സർവ്വമത സത്യവാദത്തിന്‍റെ വക്താക്കൾക്ക് വലിയ കുശിയായിട്ടുണ്ട്.

ഗ്രഹണി പിടിച്ച പിള്ളാര് ചക്കക്കൂട്ടാന്‍ കണ്ടതുപോലെ, ആര്‍ത്തിയുടെ ആനന്ദ തിമിർപ്പിലാണ് അവർ.

ചുരുക്കത്തില്‍, പൗരാണികരും ആധുനികരുമായ മുഫസ്സിറുകള്‍ക്കൊന്നും തന്നെ ഖുർആനിന്‍റെ ശരിയായ അന്തസത്ത മനസ്സിലായില്ലെന്നും, അവരുടെ തഫ്സീറുകൾ ഒന്നും തന്നെ തനിക്ക് സ്വീകാര്യമല്ലെന്നും തട്ടിവിട്ടുകൊണ്ട് അവതരിക്കാനിരിക്കുന്ന ഈ സാമ്പാർ നമുക്ക് കാത്തിരുന്നു കാണാം.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *