ഉമ്മയോട് കടുപ്പം ചെയ്ത മക്കൾ

ചോദ്യം:

 

അഞ്ചുവർഷം മുമ്പാണ് പിതാവ് മരണപ്പെട്ടത് പിതാവിന്‍റെ സ്വത്ത് ഇനിയും വീതം വെക്കാതെ കിടക്കുകയാണ്.
പിതാവ് മരിക്കുമ്പോൾ മാതാവ് ജീവിച്ചിരിപ്പുണ്ടായിരുന്നു. മാതാവിന് ഹജ്ജിനുപോകാൻ നല്ല ആഗ്രഹമുണ്ടായിരുന്നു പക്ഷേ സ്വന്തം നിലക്ക് അവർക്ക് സാമ്പത്തിക ശേഷിയില്ലാത്തതിനാൽ ആ ആഗ്രഹം പൂവണിയാതെ അവരും മരണപ്പെട്ടു. മാതാവിന് പിതാവിന്റെ സ്വത്തിൽ അവകാശമുണ്ട് എന്നോ, അത് എത്രയാണെന്നോ ആർക്കും നിശ്ചയമുണ്ടായിരുന്നില്ല. ഉമ്മയുടെ വിഹിതം യഥാർത്ഥത്തിൽ ഹജ്ജ് ചെയ്യാൻ മാത്രമല്ല അതിലപ്പുറവും ഉണ്ടായിരുന്നു എന്നതാണ് വസ്തുത.
ചെറിയ അനുജനാണ് ഇപ്പോൾ തറവാട്ടില്‍ താമസിക്കുന്നത്. വീടും പറമ്പും അതിലെ വിഭവങ്ങളും അവനാണ് അനുഭവിക്കുന്നത്. കുടുംബത്തിൽ പലർക്കും ഇതേക്കുറിച്ച് വേണ്ടത്ര അറിവില്ല. പിതാവിന്‍റെ സ്വത്ത് അവകാശികൾക്ക് വീതിച്ചു കൊടുക്കേണ്ടതല്ലേ, എന്ന് ചോദിക്കുന്നത് ആർത്തിയാകുമോ എന്ന ഭയം എല്ലാവരെയും അതിൽ നിന്ന് തടയുന്നു. എന്താണ് ഈ വിഷയകമായി ഇസ്ലാം പഠിപ്പിക്കുന്നത് ഒരു വിശദീകരണം തരാമോ?

 

മറുപടി:

 

അനന്തരാവകാശം യഥാസമയം വീതിക്കുന്നതില്‍അക്ഷന്തവ്യമായ വീഴ്ചയാണ് പലരും വരുത്തിക്കൊണ്ടിരിക്കുന്നത്.

ഒരാള്‍ മരിക്കുന്നതോടെ അയാളുടെ ജനാസസംസ്കരണ ചെലവുകള്‍, കടം, വസിയ്യത്ത് എന്നിങ്ങനെ മൂന്ന് കാര്യങ്ങള്‍ഒഴിച്ച് ബാക്കിയുള്ളത് അനന്തരാവകാശികളുടേതായി മാറിക്കഴിഞ്ഞു. വീതിച്ചാലും ഇല്ലെങ്കിലും ശരി അവകാശികളായി ആരൊക്കെയുണ്ടോ, സ്വത്ത് അവരുടേതായിക്കഴിഞ്ഞു. അതിനാൽ എത്രയും പെട്ടെന്ന് അവകാശികൾക്ക് വീതിച്ച് നൽകല്‍ നിർബ ന്ധമാണ്. കുടുംബത്തിലെ മുതിർന്നവരും കാരണവന്മാനരും അതത് പ്രദേശത്തെ മഹല്ല് ഭാരവാഹികളുമെല്ലാം ഇക്കാര്യത്തില്‍മുൻകയ്യെടുക്കേണ്ടതാണ്. ഖാദിമാരും പണ്ഡിതന്മാരും ജനങ്ങളെ ഉണർത്തുന്നതിൽ ഇവിടെ കൂടുതല്‍ശ്രദ്ധിക്കേണ്ടനതാണ്.

താങ്കള്‍ സൂചിപ്പിച്ചതനുസരിച്ച് താങ്കളുടെ മാതാവിന് 1/8 ന് (മരിച്ച വ്യക്തിയുടെ ഭാര്യ എന്ന പരിഗണന വെച്ച്) അവകാശമുണ്ടായിരുന്നു.

പിതാവ് മരിച്ച് ഇത്രയും വർഷങ്ങളായിട്ടും താങ്കളുടെ അനുജന്‍മാത്രമാണ് പ്രസ്തുത സ്വത്ത് അനുഭവിക്കുന്നതെങ്കില്‍, തന്റെ ഓഹരി കഴിച്ച് ബാക്കി മറ്റുള്ളവരുടേതാകയാല്‍, അവരുടെ സമ്മതമോ തൃപ്തിയോ ഇല്ലാതെയാണതെങ്കില്‍, ഹറാമായ മുതലാണ് അയാൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹം തന്റെ സന്താനങ്ങളെ തീറ്റിക്കുന്നതും ഹറാം തന്നെ. ഈ ലോകത്തും പരലോകത്തും അല്ലാഹു വിന്റെ പൊരുത്തമില്ലാത്ത, അവന്റെ ശാപകോപങ്ങൾക്ക് ഇരയാകേണ്ടി വരുന്ന കുറ്റമാണ് അത് എന്നദ്ദേഹം മനസ്സിലാക്കണം.

പിതാവ് മരിക്കുമ്പോൾ ജീവിച്ചിരിപ്പുണ്ടായിരുന്ന മാതാവിന്, ഭർത്താവിന്റെ സ്വത്തിൽ എട്ടിലൊന്ന് സ്ഥിരപ്പെട്ട അവകാശമായിരുന്നു. അതവരുടെ കൈവശം വരേണ്ടതും, അതിനുള്ള സാവകാശം അവർക്ക് ലഭിക്കേണ്ടതുമായിരുന്നു. എന്നാല്‍ അതിനൊന്നും അവസരം ലഭിക്കാതെ ആ പാവം മരണപ്പെട്ടു. അങ്ങനെയൊരു മുതല്‍ തന്റെ അവകാശമായി ഉണ്ട് എന്ന് പോലും ഒരുവേള അവര്‍മനസ്സിലാക്കിയിട്ടുണ്ടായിരിക്കില്ല. ഇനി ആ എട്ടിലൊന്നും വീതം വെക്കേണ്ടതുണ്ട്. വീതം വെക്കുന്ന നേരത്ത് അവകാശികള്‍ ജീവിച്ചിരിപ്പില്ല എന്നത് അവർക്ക് സ്ഥിരപ്പെട്ട അവകാശം ഇല്ലാതാക്കുന്നില്ല.

അതിനാല്‍, താങ്കള്‍ ചെയ്യേണ്ടത് അവകാശികളെയെല്ലാം ഒരുമിച്ചുകൂട്ടി വിഷയത്തിന്റെ ഗൌരവം അവരെ ബോധ്യപ്പെടുത്തുകയും എത്രയും വേഗം അവ ശറഇയ്യായ രൂപത്തില്‍ വീതിക്കുകയും ചെയ്യുക.

ഉമ്മയുടെ സ്വത്തിൽ നിന്ന്, ആവശ്യമായ തുക എടുത്ത് കൊണ്ട്, അവർക്കു വേണ്ടി ഹജ്ജ് ചെയ്യാൻ ആരെയെങ്കിലും ഏർപ്പാടാക്കുന്നത് ആ ഉമ്മയോടുള്ള കടപ്പാടിന്റെ മിനിമമാണ്.

ഇതിന്റെ പേരില്‍ കൂടുംബ പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍യുക്തിപൂർവ്വം വിഷയം കൈകാര്യം ചെയ്യുക. പറ്റുമെങ്കില്‍വിഷയത്തെ സംബന്ധിച്ച് അവഗാഹമുള്ള പണ്ഡിതന്മാരെയോ കാരണവന്മാരെയോ ഇടപെടീക്കുക. വിഷയത്തിന്റെ ഗൌരവം അറിയാതെയാണ് അനുജന്‍ ഇതുവരെ പ്രവർത്തിച്ചതെങ്കില്‍ അതെല്ലാം വിട്ടുവീഴ്ച ചെയ്ത് ഊഷ്മളമായ ബന്ധം പരസ്പരം കാത്തുസൂക്ഷിക്കുക.

സച്ചരിതരായ നമ്മുടെ മുൻഗാമികളില്‍ പെട്ട ഒരു മഹതി ചപ്പാത്തിക്ക് മാവു കുഴച്ചു കൊണ്ടിരിക്കേ ഭർത്താവ് മരിച്ച വിവരം അറിയുകയുണ്ടായി. ഉടൻ തന്നെ ആ മഹതി അത് നിർത്തി. എന്നിട്ട് ഇങ്ങനെ പറഞ്ഞു:

” *എന്റെ ഭർത്താവ് ജീവിച്ചിരിക്കെ ഈ ധാന്യപ്പൊടി ഇഷ്ടാനുസാരം ഉപയോഗിക്കാന്‍ ഭാര്യയെന്ന നിലക്ക് എനിക്ക് അവകാശമുണ്ടായിരുന്നു. എന്നാൽ ഈ നിമിഷം മുതല്‍ ഈ ധാന്യപ്പൊടി പലരുടെയും അവകാശമായി മാറിക്കഴിഞ്ഞു* “. ഇതും പറഞ്ഞ് അവർ കയ്യെടുത്തു.

നോക്കൂ, അനന്തരസ്വത്തില്‍ അവർ വെച്ചു പുലർത്തിയിരുന്ന ജാഗ്രത!

Facebook Comments