ദൈവം ചതിക്ക് കൂട്ടു നിൽക്കുമോ?

മഹാഭാരതത്തിലെ ഒരു പ്രമുഖ കഥാപാത്രമാണ് കർ‌ണ്ണൻ. സൂര്യഭഗവാന് കുന്തിയിൽ ജനിച്ച ആദ്യത്തെ സന്താനമെന്നാണ് വ്യാസൻ രേഖപ്പെടുത്തിയത്. പെറ്റമ്മയായ കുന്തിയാൽ ഉപേക്ഷിക്കപ്പെട്ട കർണ്ണൻ കൗന്തേയനെങ്കിലും രാധേയനായി അറിയപ്പെട്ടു . സൂര്യപുത്രനെ സൂതപുത്രനായി പാണ്ഡവരുൾപ്പെടെയുള്ള ബന്ധുജനങ്ങൾ കണക്കാക്കി .പഞ്ചപാണ്ഡവരും ദ്രൗപദിയുമെല്ലാം കർണ്ണനെ ജാതീയമായി വളരെയേറെ അവഹേളിക്കുന്നുണ്ട് . അപ്പോഴെല്ലാം അദ്ദേഹത്തിൻറെ മാനം കാക്കുവാൻ ദുര്യോധനൻ മാത്രമാണുണ്ടായിരുന്നത് . അതിനാൽത്തന്നെ കർണ്ണൻ ദുര്യോധനനോട് ആജീവനാന്തം കടപ്പെട്ടുപോയി .

സൂര്യഭഗവാനിലൂടെ ഗർഭിണിയായ കുന്തീദേവി അപമാനഭയത്താൽ ആരോരുമറിയാതെ കർണ്ണനെ പ്രസവിച്ചു. കവചകുണ്ഡലങ്ങളോടുകൂടിയ ഒരു ആൺകുഞ്ഞായിരുന്നു അത്. കവചകുണ്ഡലങ്ങൾ ഉള്ള കാലത്തോളം ഇവനെ ആർക്കും വധിക്കാൻ കഴിയില്ല എന്ന് ജനന സമയത്ത് സൂര്യദേവൻ അരുളിച്ചെയ്തിരുന്നു. ആ ചോരക്കുഞ്ഞിനെ ഒരു പേടകത്തിലാക്കി കുന്തീദേവി ഗംഗാനദിയിലൊഴുക്കുകയും ചെയ്തു. ആ പിഞ്ചുകുഞ്ഞിനെ കുത്തിയൊഴുകുന്ന നദിയിൽ നിന്നും ഹസ്തിനപുരത്തിലെ തേരാളിയായ അധിരഥൻരക്ഷിച്ചു. അദ്ദേഹവും ഭാര്യയായ രാധയും ആ കുഞ്ഞിനെ എടുത്തു വളർത്തി. അങ്ങനെ “രാധേയൻ” എന്ന പേരിലും “സൂതപുത്രൻ” എന്ന പേരിലും കർണ്ണൻ അറിയപ്പെട്ടു.

കർണ്ണൻ ആയുധവിദ്യാഭ്യാസത്തിനായി കൗരവ-പാണ്ഡവപുത്രന്മാരുടെ ഗുരുവായ ദ്രോണാചാര്യരുടെ അടുത്ത് ചെല്ലുകയും വിദ്യാദാനം ആവശ്യപ്പെടുകയും ചെയ്തു.അങ്ങനെ കുറേക്കാലം അദ്ദേഹം ദ്രോണരുടെ കീഴിൽ ആയുധവിദ്യ അഭ്യസിച്ചു. എന്നാൽ സൂതനായതിനാൽ, മർമ്മ പ്രധാനമായ വിദ്യകൾ ദ്രോണർ കർണ്ണനെ പഠിപ്പിക്കുകയുണ്ടായില്ല. എന്ത് വില കൊടുത്തും ബ്രഹ്‌മാസ്‌ത്രവിദ്യ അഭ്യസിക്കണം എന്ന ദൃഢനിശ്ചയത്തിലേക്ക് എത്തി ചേർന്നു. അങ്ങനെ ഭഗവാൻ പരശുരാമന്റെ കീഴിൽ ബ്രഹ്‌മാസ്‌ത്രവിദ്യ അഭ്യസിച്ചു.
പാണ്ഡുപുത്രന്മാരുടേയും ധൃതരാഷ്ട്രപുത്രന്മാരുടേയും ആയുധവിദ്യാഭ്യാസം പൂർത്തിയായപ്പോൾ അവർക്കോരോരുത്തർക്കുമുള്ള സാമർഥ്യം സഭയിൽ പരീക്ഷിച്ചറിയുവാൻവേണ്ടി ഒരു പരീക്ഷാരംഗം സജ്ജമാക്കാൻ ഭീഷ്മാചാര്യർ ഏർപ്പാടുചെയ്തു. രാജകുമാരന്മാർ എല്ലാപേരും അവരവരുടെ കഴിവുകൾ കാഴ്ചവച്ചു സദസ്സിനെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ അവസാനമായി ദ്രോണരുടെ പ്രിയശിഷ്യനായ അർജ്ജുനൻ രംഗത്തേക്ക് പ്രവേശിച്ചു . പലവിധത്തിലുള്ള അത്ഭുതകർമ്മങ്ങൾ അർജ്ജുനൻ പ്രകടിപ്പിച്ചു .
എല്ലാപേരും ആശ്ചര്യത്തോടെ നോക്കുമ്പോൾ , അത്യന്തം തേജസ്വിയും കരുത്തനുമായ ഒരു യുവാവ് ജന്മസിദ്ധമായ ഉജ്വലകവചം ധരിച്ചു , കർണ്ണഭൂഷണങ്ങളുമണിഞ്ഞു , വില്ലും വാളും ധരിച്ചു കാൽനടയായി മടികൂടാതെ ഗൗരവത്തിൽ നടന്നെത്തുന്നത് കണ്ടു . അത് കുന്തിയുടെ മൂത്തപുത്രനായ കർണ്ണനായിരുന്നു . ഇടിവെട്ടുന്ന സ്വരത്തിൽ തന്റെ അറിയാത്ത അനുജനായ അർജ്ജുനനോട് ഇങ്ങനെ പറഞ്ഞു . ” ഹേ പാർത്ഥ , നീ ചെയ്ത വിദ്യകളൊക്കെ കുറേക്കൂടി മെച്ചമായ വിധത്തിൽ ഞാൻ ചെയ്തു കാണിക്കാം . നീ അത്ര ഞെളിയണ്ട “. തുടർന്ന് ദ്രോണാചാര്യരുടെ അനുമതിയോടെ കർണ്ണൻ രംഗത്തു കയറി അർജ്ജുനൻ ചെയ്ത അതേ അഭ്യാസങ്ങൾ കാഴ്ചവച്ചു .
അർജ്ജുനനേക്കാൾ സമർത്ഥമായി ധനുർവിദ്യ പ്രകടിപ്പിച്ച കർണ്ണനെ സദസ്സ്യർ ഹസ്താരവം മുഴക്കി സ്വീകരിച്ചു. ദുര്യോധനൻ ഇത് ദർശിച്ചു പുളകിതനാകുകയും, രംഗത്ത് വന്നു കർണ്ണനെ അഭിനന്ദിക്കുകയും ചെയ്യുന്നു. അഭ്യാസപ്രകടനത്തിന് ശേഷം കർണ്ണനു നേരെ അർജ്ജുനൻ പൊട്ടിത്തെറിക്കുന്നു . അർജ്ജുനൻ പറയുന്നു “കർണ്ണാ, വിളിക്കാതെ വന്നു കയറുന്നിടത്തും, ചോദിക്കാതെ പറയുന്നവർക്കുമുള്ള ലോകങ്ങളിൽ ഞാൻ നിന്നെ കൊന്നയയ്ക്കുവാൻ പോവുകയാണ്”. അതിനു മറുപടിയായി കർണ്ണൻ ഇങ്ങനെ പറയുന്നു “പൊതുവേദി എല്ലാപേർക്കും ഒന്നുപോലെയാണ്. നിനക്കുമാത്രം വിശേഷിച്ചു എന്തുണ്ട്? ക്ഷത്രിയൻ വീര്യത്തെയാണ് ആശ്രയിക്കുന്നത്” .
അപ്പോൾ കൃപാചാര്യർ ഇടപെട്ടു . കൃപാചാര്യർ അർജ്ജുനന്റെ കുലവും ഗോത്രവും മാതൃ-പിതൃ പരമ്പരയുമെല്ലാം ശരിയായി വിശദീകരിച്ചു. എന്നിട്ട് കർണ്ണനോട് അദ്ദേഹത്തിന്റെ കുലവും ഗോത്രവും പറയുവാൻ ആവശ്യപ്പെട്ടു. എന്നിട്ട് ഇപ്രകാരം കൂട്ടിച്ചേർത്തു “രാജസന്തതികൾ സാധാരണക്കാരോട് പൊരുതുകയില്ല”. ഇതുകേട്ട് കർണ്ണൻ ലജ്ജിതനായി നിൽക്കുമ്പോൾ, ദുര്യോധനൻ ഇടപെടുകയും, കർണ്ണന് “അംഗരാജ്യം” പ്രദാനം ചെയ്തു രാജാവാക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ കർണ്ണനെ അപമാനത്തിൽ നിന്നും രക്ഷിക്കുന്നു.[മഹാഭാരതം ആദിപർവ്വം, അദ്ധ്യായം 136]

അപ്പോൾ സൂതനായ അതിരഥൻ രംഗത്തേക്ക് വരുന്നു. കർണ്ണൻ പിതൃബഹുമാനത്തോടെ അദ്ദേഹത്തെ വന്ദിക്കുന്നു. കർണ്ണന്റെ ജാതി ഉടനെതന്നെ അവിടെ ഇരുന്നവർക്ക് മനസ്സിലാകുന്നു. അതോടെ പാണ്ഡവർ(പ്രത്യേകിച്ച് ഭീമസേനൻ) കർണ്ണനെ കൂടുതൽ ജാതീയമായി അവഹേളിക്കുകയും ചെയ്തു.
ഇത് കണ്ടുനിന്ന പാണ്ഡവന്മാർ ഇവൻ സൂതപുത്രനാണെന്നറിഞ്ഞു . ഭീമസേനൻ ചിരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു . എടോ സൂതപുത്രാ , നീ പാർത്ഥന്റെ കൈകൊണ്ടു ചാകുവാൻ പോലും അർഹനല്ല . കുലത്തിനു യോജിച്ച രീതിയിൽ ചമ്മട്ടിയെടുത്തുകൊള്ളൂ .
ദ്രുപദരാജാവിന്റെ പുത്രിയായ പാഞ്ചാലിയുടെ സ്വയംവരം നിശ്ചയിക്കപ്പെട്ടപ്പോൾ കൗരവരോടൊപ്പം കർണ്ണനും സ്വയംവരവേദിയിലെത്തി .
ആർക്കും കുലയേറ്റാൻ സാധിക്കാത്ത വില്ലിൽ ഞാണു കെട്ടി , അസ്ത്രം തൊടുത്ത് യന്ത്രത്തെ സ്പർശിക്കാതെ ലക്ഷ്യത്തെ എയ്തു വീഴ്ത്തണമെന്നായിരുന്നു രാജ്യവ്യവസ്ഥ . അതനുസരിച്ചു പലരും ശ്രമം നടത്തിയെങ്കിലും ആർക്കും ആ മഹാചാപം കുലയ്ക്കുവാൻ സാധിച്ചില്ല . വില്ലാളിയായ കർണ്ണൻ സ്വതസിദ്ധമായ ഗാംഭീര്യത്തോടെ നടന്നുചെന്ന് വില്ലെടുത്തു കുലയേറ്റി കൂസലില്ലാതെ അഞ്ച് അസ്ത്രങ്ങൾ തൊടുത്തപ്പോൾ , പാണ്ഡവന്മാർ വിചാരിച്ചു . – ഇപ്പോൾ ഇവൻ തീർച്ചയായും ലക്‌ഷ്യം എയ്തറുക്കും !. ആ നിലയിൽ കർണ്ണനെ കണ്ടയുടനെ ദ്രൗപദി ഉച്ചത്തിൽ വിളിച്ചാർത്തു . – “സൂതനെ ഞാൻ വരിക്കില്ല “. ഈ വാക്കുകൾ കേട്ട് അമർഷത്തോടും ഹാസത്തോടും കൂടി കർണ്ണൻ സൂര്യനെ ഒന്ന് നോക്കിയിട്ട് കുലച്ച വില്ല് താഴെയിട്ട് തിരികെ പോന്നു “.[മഹാഭാരതം , ആദിപർവ്വം , അദ്ധ്യായം 187 , ശ്ളോകങ്ങൾ 21 ,22 ,23 ]
മഹാഭാരതയുദ്ധം ആസന്നമായപ്പോള്‍ ദേവന്മാരുടെ രാജാവായ ഇന്ദ്രൻ വിചാരിക്കുകയുണ്ടായി, യുദ്ധത്തിൽ തന്റെ പുത്രനായ അർജ്ജുനന്റെ പ്രധാന എതിരാളി കർണ്ണനായിരിക്കും. അവന്റെ ശരീരത്തിൽ കവചകുണ്ഡലങ്ങൾ ഉള്ള കാലത്തോളം അവനെ ആർക്കും വധിക്കുവാൻ സാധ്യമല്ല. അതിനാൽ ദാനശീലനായ കർണ്ണന്റെ കയ്യിൽ നിന്നും അത് എങ്ങനെയെങ്കിലും ചോദിച്ചുവാങ്ങണം. ഇന്ദ്രൻ ബ്രാഹ്മണവേഷധാരിയായി വന്നു. തന്റെ ജീവരക്ഷയായ കവചകുണ്ഡലങ്ങൾ ചോദിച്ചെത്തിയ ഇന്ദ്രനോട് കർണ്ണൻ വിലമതിക്കാനാകാത്ത തന്റെ കവച – കുണ്ഡലങ്ങൾ നൽകുവാൻ സന്നദ്ധനാകുകയും ചെയ്തു .
യുദ്ധം ആസന്നമായ വേളയിൽ, ഒരു ദിവസം കുന്തീദേവി കർണ്ണനു മുൻപിൽ വന്ന് കർണ്ണൻ അവരുടെ മകനാണെന്നും പാണ്ഡവരുടെ ജ്യേഷ്ഠനാണെന്നും വെളിപ്പെടുത്തി. എന്നാൽ സൃഹൃത്തായ ദുര്യോധനനെ കൈവിടാൻ തയ്യാറല്ലെന്നും മാതാവിനു വേണ്ടി അർജുനൻ ഒഴിച്ചുള്ള ബാക്കി നാല് പാണ്ഡവരെ താൻ വധിക്കില്ലെന്നും കർണ്ണൻ കുന്തിയെ അറിയിച്ചു.അർജ്ജുനൻ മരിച്ചാൽ സകർണ്ണന്മാരായ അഞ്ചു മക്കൾ കുന്തിക്കുണ്ടാകും . മറിച്ചു താനാണ് മരിക്കുന്നതെങ്കിൽ സവ്യസാചിയുൾപ്പെട്ട അഞ്ചു പുത്രന്മാർ ഭവതിക്കുണ്ടാകുമെന്നു കർണ്ണൻ കുന്തിയോട് പറഞ്ഞു .

വാസ്തവത്തിൽ കർണ്ണന്റെ ജീവിതത്തിലെ സകല ദുരിതങ്ങൾക്കും കാരണക്കാരി മാതാവായ കുന്തിയാണെന്നതാണ് രസകരമായ വസ്തുത . കുന്തി ഉപേക്ഷിക്കയാലാണ് കർണ്ണനു ദുര്യോധനന്റെ സഖിയാകേണ്ടി വന്നത് . അല്ലായിരുന്നെങ്കിൽ കർണ്ണൻ അടുത്ത രാജ്യാവകാശിയാകുമായിരുന്നു . ആയുധാഭ്യാസപ്രകടനസമയത്ത് കുന്തിക്ക് കർണ്ണനെ മനസ്സിലായിരുന്നു . കർണ്ണൻ ജാതീയമായി പാണ്ഡവരാൽ അധിക്ഷേപിക്കപ്പെട്ടിട്ടും കുന്തി സത്യം വെളിപ്പെടുത്തിയില്ലെന്നത് പ്രത്യേകം ചിന്തനീയമാണ് .

കുരുക്ഷേത്രയുദ്ധത്തിൽകൗരവപക്ഷം ചേർന്നാണു കർണ്ണൻ പോരാടിയത്. കവചകുണ്ഡലങ്ങൾക്കു പകരമായി കർണ്ണൻ ഇന്ദ്രന്റെ കയ്യിൽ നിന്നും ‘വൈജയന്തി (അഥവാ ഏകപുരുഷഘാതിനി) എന്ന ഒരു വേൽ വാങ്ങിയിരുന്നു. അർജുനനു നേരെ പ്രയോഗിക്കാൻ കർണ്ണൻ ഇത് സൂക്ഷിച്ചു. എന്നാൽ ഇതറിയാവുന്ന കൃഷ്ണൻ ഭീമപുത്രനായ ഘടോൽകചനെ യുദ്ധത്തിന്റെ പതിനാലാം ദിവസം കർണ്ണനു നേരെ അയക്കുകയും അവനെ വധിക്കുവാൻ മറ്റൊരു മാർഗ്ഗവുമില്ലാതെ വന്നപ്പോൾ ഏകപുരുഷഘാതിനി വേലുപയോഗിച്ച് കർണ്ണൻ ഘടോൽകചനെ വധിക്കുകയും ചെയ്തു. ഈ വേല് ഒരാൾക്ക്‌ ഒരിക്കൽ മാത്രം ഉപയോഗിക്കാവുന്ന ഒന്നായിരുന്നു. ഉപയോഗശേഷം ഇത് ഇന്ദ്രന്റെ പക്കലേക്ക് മടങ്ങിപ്പോയി.
കുരുക്ഷേത്രയുദ്ധത്തിന്റെ പതിനേഴാം ദിവസമാണ് കർണ്ണൻ കൊല്ലപ്പെടുന്നത്. അർജ്ജുനനുമായി നേരിട്ടേറ്റു മുട്ടിയ കർണ്ണൻ സ്തുത്യർഹമായ രീതിയിൽ പോരാടുന്നു. കർണ്ണന്റെ സർപ്പമുഖ ബാണത്തിൽ നിന്നും തലനാരിഴയ്ക്കാണ് ശ്രീകൃഷ്ണഭഗവാൻ അർജ്ജുനനെ രക്ഷിക്കുന്നത്. തുടർന്ന് മുൻപ് ഏറ്റിരുന്ന ബ്രാഹ്മണശാപത്താൽ തന്റെ രഥം ചെളിയിൽ താണുപോയതിനെ തുടർന്ന് ഏറ്റുമുട്ടൽ തത്കാലം നിർത്തി വയ്ക്കാൻ അർജ്ജുനനോടാവശ്യപ്പെടുന്നു. എന്നാൽ ഇപ്പോഴല്ലാതെ പിന്നൊരിക്കൽ കർണ്ണനെ കൊല്ലാനാവില്ലെന്നറിയാവുന്ന കൃഷ്ണൻ ഉടൻ തന്നെ കർണ്ണനെ വധിക്കാൻ അർജുനനെ ഉപദേശിക്കുന്നു. തുടർന്ന് നടന്ന യുദ്ധത്തിൽ, അർജ്ജുനനെ വജ്രസമാനമായ ഒരസ്ത്രത്താൽ മോഹാലസ്യപ്പെടുത്തിയ ശേഷം കർണ്ണൻ താണുപോയ തന്റെ രഥചക്രം ഉയർത്താനായി വിജയമെന്ന വില്ല് താഴെ വച്ചിട്ട് ഉദ്യമിക്കുന്നു. ഈ സമയം സാരഥിയായ ശ്രീകൃഷ്ണൻ അർജുനനെ ശീതോപചാരം ചെയ്തു ഉണർത്തുകയും, നിരായുധനായി തേരുയർത്തുന്ന കർണ്ണനെ വധിക്കുവാൻ ഉപദേശിക്കുകയും ചെയ്യുന്നു. തുടർന്ന് അർജുനൻ ആഞ്ജലികം എന്ന അസ്ത്രത്താൽ നിരായുധനായ കർണ്ണന്റെ ശിരസ്സറുക്കുന്നു.

കർണ്ണൻ നിരായുധനായി രഥമുയർത്തുന്ന സമയത്ത് തന്നെയാണ് കൃഷ്ണന്റെ നിർദ്ദേശം അനുസരിച്ചു അർജ്ജുനൻ കർണ്ണന്റെ ശിരസ്സറുത്ത് വീഴ്ത്തുന്നത്.
വ്യാസമഹാഭാരതം വായിച്ചാൽ നമുക്ക് കാണാൻ കഴിയുക അർജ്ജുനന് എപ്പോഴും തുല്യനായ എതിരാളിയായി കർണ്ണനും ഉണ്ടായിരുന്നു എന്നാണ് . ആയുധാഭ്യാസം പ്രദർശന വേളയിൽ അർജ്ജുനന് സാധിച്ചതെല്ലാം കർണ്ണനും സാധിച്ചു . പാഞ്ചാലീ സ്വയംവരത്തിൽ കർണ്ണനും അർജ്ജുനനെപ്പോലെ ലക്‌ഷ്യം ഭേദിക്കുമായിരുന്നു .താൽക്കാലികമായുണ്ടായ ചില ഏറ്റുമുട്ടലുകളിൽ അർജ്ജുനൻ കർണ്ണനെ ജയിച്ചിട്ടുണ്ട് . ദേവന്മാരെല്ലാം അർജ്ജുനന് അതിശക്തമായ ദിവ്യാസ്ത്രങ്ങൾ നല്കിയിട്ടുണ്ടായിരുന്നു . ശിവന്റെ പാശുപതം പോലും അർജ്ജുനനുണ്ടായിരുന്നു . എല്ലാത്തിനുമുപരിയായി ലോകനാഥനായ ഭഗവാൻ കൃഷ്ണന്റെ സഹായവും അർജ്ജുനനുണ്ടായിരുന്നു . ഇത്രയൊക്കെയുണ്ടായിട്ടും ദേവന്മാർ കർണ്ണനെ ഭയന്നിരുന്നു . സ്വപുത്രനായ അർജുനന്റെ ജീവരക്ഷയെക്കരുതി ഇന്ദ്രദേവൻ കർണ്ന്റെ ശക്തിയുടെ കവചമായ അദ്ദേഹത്തിൻറെ കുണ്ഡലങ്ങൾ നേടിയെടുക്കുന്നതിന്റെ രീതി ഒന്ന് ചിന്തിച്ചു നോക്കൂ.

നോ കമന്റ്

Facebook Comments