നജ്മുല് ഉലമാ കോടമ്പുഴ ബാവ മുസ്ല്യാര്

ജീവിച്ചിരിക്കുന്ന സുന്നി പണ്ഡിതന്മാരിൽ ഈയുള്ളവൻ ഏറ്റവും കൂടുതൽ വായിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ഒരു വലിയ പണ്ഡിതനാണ് ബഹുമാന്യനായ കോടമ്പുഴ ബാവ മുസ്ല്യാര്‍. (حَفِظَهُ اللهُ وَرَعَاهُ) പ്രബോധനം വാരികയിൽ ഈയുള്ളവൻ കൈകാര്യം ചെയ്യുന്ന “ പ്രശ്നവും വീക്ഷണവും “ എന്ന പംക്തിയിൽ ചോദ്യങ്ങൾക്ക് മറുപടി എഴുതുമ്പോൾ ഇദ്ദേഹത്തെ ഉദ്ധരിക്കാറുണ്ട്.

അറിവിൻറെ നിധിശേഖരമാണ് മഹാനവർകൾ, അദ്ദേഹത്തിന് ഒരു അപരനാമം നൽകുകയാണെങ്കിൽ ഈ എളിയവൻ നിർദ്ദേശിക്കുന്ന നാമം നജ്മുല്‍ ഉലമാ (വിജ്ഞാന ജ്യോതിസ്സ്). എന്നായിരിക്കും, ചില നക്ഷത്രങ്ങൾ സൂര്യനെക്കാൾ അനേകമിരട്ടി വലിപ്പമുണ്ടെന്നും, പക്ഷേ അത് സൂര്യനേക്കാൾ എത്രയോ മുകളിലായാതിനാല്‍ അതിന്‍റെ വലിപ്പം നമുക്ക് അനുഭവപ്പെടാത്തതാണെന്നും ശാസ്ത്രം പറയുന്നുണ്ടല്ലോ.

വശ്യമനോഹരമായ ശൈലിയിൽ, സുന്ദരമായ ഭാഷയിൽ, എഴുതുവാൻ അസാമാന്യമായ പാടവം സിദ്ധിച്ച പണ്ഡിത ശ്രേഷ്ടനാണ് ഉസ്താദ് കോടമ്പുഴ ബാവ മുസ്ലിയാർ, ഒരു ദീനീ പണ്ഡിതന്‍റെ ഭാഷ സന്ദർഭാനുസരണം എത്രമാത്രം സംഗീത സാന്ദ്രമാകും എന്നതിന്‍റെ മികച്ച ഉദാഹരണമാണ് അദ്ദേഹത്തിൻറെ ഗദ്യരീതി. മലയാളത്തിന് പുറമേ അറബിയിലും ധാരാളം ഗ്രന്ഥങ്ങൾ അദ്ദേഹത്തിനുണ്ട്.

ആഗ്രഹിച്ചെങ്കിലും പല കാരണങ്ങളാൽ ഉസ്താദിനെ നേരിട്ടു കാണാൻ ഇതുവരെ സാധിച്ചിട്ടില്ല, നേരിട്ടുപോയി കാണണമെന്നും ദുആ ചെയ്യിപ്പിക്കണം എന്നും ആഗ്രഹമുണ്ട്, അല്ലാഹു തൗഫീഖ് നൽകട്ടെ.

ഒരുപാട് അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും വ്യർഥത യുക്തിഭദ്രമായ ശൈലിയിൽ അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്. രിസാല വാരികയിൽ “ മൊഴിയും പൊരുളും “ എന്ന പംക്തിയിലൂടെ അദ്ദേഹം കോറിയിടുന്ന മൊഴിമുത്തുകൾ ദാഹിക്കുന്നവന്‍ തെളിനീർ കുടിക്കുന്ന ആവേശത്തിൽ വായിക്കാറുണ്ടായിരുന്നു. പിന്നീട് അതെല്ലാം സമാഹരിച്ചുകൊണ്ട് ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ അതും വാങ്ങി വെച്ചു.
ഇത്തരം പണ്ഡിതന്മാരെ പൊതുവേ സമുദായം തിരിച്ചറിയാറില്ല. അല്ലെങ്കിലും ബഹളമയമായ അന്തരീക്ഷത്തിൽ കൂടുതൽ ബഹളം വെക്കുന്നവർക്കാണല്ലോ നിലയും വിലയും ഉണ്ടാവുക!!.

മരണപ്പെട്ടാലാണ് ശിഷ്യന്മാർ പോലും ഇങ്ങനെയുള്ളവരെ പറ്റി പരിചയപ്പെടുത്താറുള്ളത്. പക്ഷെ, അത് കൊണ്ടായില്ല, മറിച്ച് ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇതുപോലുള്ള പണ്ഡിതന്മാരെ ഉപയോഗപ്പെടുത്താനും അവരുടെ വിജ്ഞാനം പകർത്താനും പ്രചരിപ്പിക്കാനുമൊക്കെ ശിഷ്യന്മാർ മുൻകൈ എടുക്കേണ്ടതുണ്ട്.

ഇമാം ലൈസ് ബിൻ സഅദ്, ഇമാം മാലികിനേക്കാൾ വലിയ ഫഖീഹ് ആയിരുന്നു എന്നും, പക്ഷെ അദ്ദേഹത്തിന്‍റെ വിജ്ഞാനം പ്രചരിപ്പിക്കുന്നതിൽ ശിഷ്യന്മാർ വേണ്ടത്ര ശ്രദ്ധ പുലർത്താത്തതിനാലാണ് അദ്ദേഹം മറ്റു ഇമാമുകളെ പോലെ ഒരു മദ്ഹബിന്‍റെ ഇമാമായി അറിയപ്പെടാതെ പോയതെന്നുമൊക്കെ പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

ഒരു കാര്യം കൂടി ഇവിടെ പറയേണ്ടതുണ്ടെന്ന് തോന്നുന്നു, കോടമ്പുഴ ഉസ്താദിനെപറ്റി ഇങ്ങനെയെല്ലാം പറഞ്ഞു എന്ന് വച്ച്, അദ്ദേഹം പറഞ്ഞതും എഴുതിയതും മുഴുവൻ നിങ്ങൾ അംഗീകരിക്കുമോ, നിങ്ങൾക്ക് സ്വീകാര്യമാണോ എന്നൊന്നും ചോദിച്ച് ആരും വരേണ്ടതില്ല. ഒരു വ്യക്തിയെ ഞാൻ വിലയിരുത്തുന്നത് അദ്ദേഹത്തെ സമഗ്രമായി മനസ്സിലാക്കിയശേഷമാണ്, അങ്ങനെ വരുമ്പോൾ അദ്ദേഹത്തിൻറെ നന്മകൾ തിന്മകളെക്കാള്‍ മികച്ചു നിൽക്കുന്നുണ്ടെങ്കിൽ അത് വെച്ചുകൊണ്ടാണ് ഒരു വ്യക്തിയെ നാം വിലയിരുത്തുക.

അതേ സമയം ചില വ്യക്തികളുടെ തിന്മകള്‍ എണ്ണാന്‍ വളരെ കുറച്ചേ ഉണ്ടാവുകയുള്ളൂ എങ്കിലും അതിന്‍റെ പ്രത്യാഘാതങ്ങൾ വളരെ ഗുരുതരവും ദൂരവ്യാപകവുമാണെങ്കിൽ അത്തരക്കാരെ ഒരിക്കലും പ്രമോട്ട് ചെയ്യാൻ സാധ്യമല്ലെന്ന് മാത്രമല്ല അവരുടെ ഫിത്നയിൽനിന്ന് ദീനിനെയും സമുദായത്തെയും സമുദായത്തെ രക്ഷിക്കേണ്ട ബാധ്യത കൂടി അതേക്കുറിച്ച് ബോധ്യമുള്ളവർക്കുണ്ട്. അങ്ങനെ വരുമ്പോൾ അക്കാര്യം വ്യക്തമാക്കി കൊടുക്കേണ്ടത് നിർബന്ധമായിത്തീരും. അതും ഇതും തമ്മിൽ താരതമ്യമില്ല.

എന്നെ സംബന്ധിച്ചിടത്തോളം പണ്ഡിതന്മാർ ആരായികൊള്ളട്ടെ, ഏത് വിഭാഗത്തിൽ പെട്ടവരായിക്കൊള്ളട്ടെ അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക എന്നതാണ് സ്വഭാവം. ശരിക്കും ചിന്തിച്ച് മനസ്സിലാക്കി തന്നെ എടുത്ത ഒരു നിലപാടാണിത്. അവർ ഏത് വിഭാഗത്തിൽ പെട്ടവരാണ് എന്നത് എനിക്ക് ഒരു പ്രശ്നമേ അല്ല, അതുകൊണ്ടുതന്നെ സുന്നികളിലും സലഫികളിലും തബ്‌ലീഗുകാരിലുമോക്കെയുള്ള ധാരാളം പണ്ഡിതന്മാർ ഞാനുമായി നല്ല ബന്ധം പുലർത്തുന്നവരാണ്. അവരുടെയെല്ലാം ചില വീക്ഷണങ്ങളോട് പലപ്പോഴും ശക്തമായ വിയോജിപ്പുകൾ പ്രകടിപ്പിക്കുന്നതോടൊപ്പം തന്നെ അവരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാൻ എനിക്ക് യാതൊരു തടസ്സവുമില്ല. അവർക്കും അങ്ങനെ ഇല്ല എന്നാണ് എൻറെ ബോധ്യം.

കോടമ്പുഴ ഉസ്താദിന് അല്ലാഹു ആയുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ, ദീനിനും സമുദായത്തിനും വേണ്ടി ധാരാളം സംഭാവനകൾ അർപ്പിക്കാൻ ഇനിയും അദ്ദേഹത്തിന് അല്ലാഹു തൗഫീഖ് നൽകട്ടെ.

Facebook Comments