ഒറ്റുകൊടുക്കൽ ഉപജീവനമാക്കിയവർ

ഇസ്‌ലാമിക വ്യക്തിത്വം കാത്തുസൂക്ഷിച്ചുകൊണ്ടും, ഇസ്ലാമിക ആദർശം മുറുകെപ്പിടിച്ചുകൊണ്ടും ഒരു സെക്കുലർ പാർട്ടി പാർട്ടിയിലും നമ്മുടെ നാട്ടിൽ ഒരു മുസ്ലിമിന് പ്രവർത്തിക്കുക സാധ്യമല്ല. ഈ കാര്യം ആനുകാലിക ഇന്ത്യൻ രാഷ്ട്രീയം പരിശോധിക്കുന്നവർക്ക് പ്രത്യേകം ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടതില്ലാത്ത കാര്യമാണ്. (അപവാദങ്ങൾ കണ്ടേക്കാം അതിൻറെ പേരിൽ അവർ എത്ര മാത്രം അവഗണനയനുഭവിക്കുന്നു എന്നത് തൽക്കാലം നമുക്ക് വിടാം) ദീനുൽ ഇസ്ലാമിനോട് യാതൊരുവിധ പ്രതിബദ്ധതയും തങ്ങൾക്കില്ല എന്ന്‍ തെളിയിച്ചുകൊണ്ടേ ഇരിക്കേണ്ട ഒരു ഗതികേട് ഇവർക്കുണ്ടായിരിക്കും.

സ്ഥാനമാനങ്ങളും സ്വാർത്ഥതാല്പര്യങ്ങൾ സംരക്ഷിക്കുവാനുള്ള കുറുക്കുവഴിയും തേടിയാണ് ഇത്തരം ആളുകളിൽ പലരും അത്തരം രാഷ്ട്രീയ പാർട്ടികളിൽ ചേക്കേറുന്നത്. അതുകൊണ്ട് അതിനുള്ള ഏറ്റവും നല്ല വഴി തന്റെ ആദർശത്തെയും തന്റെ വിശ്വാസത്തെയും പരമാവധി ബലിയർപ്പിച്ചു കൊണ്ടിരിക്കുകയും, അതിനെതിരെ ആക്ഷേപശരങ്ങൾ ചൊരിഞ്ഞു കൊണ്ടിരികയും, ഇല്ലാത്ത കഥകൾ കെട്ടിയുണ്ടാക്കുകയും സർവോപരി അതിനെയും അതിനുവേണ്ടി നിലകൊള്ളുന്നവരെയും ഒറ്റിക്കൊടുക്കുകയും ചെയ്യുക എന്നതാണ്.

ഇങ്ങെനെ എത്രത്തോളം ഒറ്റുകാരായി മാറുന്നുവോ, അത്രത്തോളം അവർ അത്തരം പാർട്ടികളിൽ സ്വീകാര്യരായിരിക്കും. അത് കോൺഗ്രസിലായാലും കൊള്ളാം, കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടികളിലായാലും കൊള്ളാം എല്ലാം തുല്ല്യമാണ്.

വലിയ ബുദ്ധിജീവികളാണ് എന്ന് നടിക്കുന്നവർ അൽപം കൂടി കടന്ന്‍ എന്തോ അതിനിഗൂഢമായ രഹസ്യങ്ങൾ തങ്ങളിതാ കണ്ടുപിടിച്ചിരിക്കുന്നു, ഇതാ ചോർത്തി കൊണ്ടുവന്നിരിക്കുന്നു എന്നൊക്കെയുള്ള മട്ടില്‍അവതരിപ്പിക്കുകയും, അതി സാഹസികമായ ഒരു യജ്ഞം തന്നെ തങ്ങള്‍ ഇതിനുവേണ്ടി നടത്തിയിട്ടുണ്ട് എന്ന് വരുത്തിതീർക്കുകയും ചെയ്യും.

ഇങ്ങനെ, വാ തുറക്കാൻ അവസരം കിട്ടുമ്പോഴെല്ലാം, തൂലിക ചലിപ്പിക്കാൻ ഒഴിവുകിട്ടുമ്പോഴെല്ലാം, സ്റ്റേജിലും പേജിലും എല്ലാ വേദികളിലും അവസരങ്ങളിലും, സ്ഥാനത്തും അസ്ഥാനത്തുമെല്ലാം ഇസ്‌ലാമിനെയും, ഇസ്ലാമിൻറെ മൂല്യ സങ്കൽപ്പങ്ങളെയും, ഇസ്ലാമിക സംസ്കാരത്തെയും, ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും, ഇസ്ലാമിക പ്രവർത്തകരെയുമൊക്കെ ആഞ്ഞു വീക്കുന്നതോടെ അവർ സ്വീകാര്യരും വാഴ്ത്തപ്പെട്ടവരുമായി മാറും.
എത്രത്തോളം ഇസ്ലാമിനെ വീക്കുന്നുവോ, അത്രകണ്ട് അവരുടെ സ്വീകാര്യത ഇത്തരം ആൾട്രാ സെക്യുലരിസ്റ്റുകളുടെയടുക്കൽ വർദ്ധിച്ചുകൊണ്ടിരിക്കും.

ഇവരാണ് ഇസ്ലാമിനെയും മുസ്ലിം സമുദായത്തെയും നശിപ്പിക്കുന്ന കോടാലി താഴകൾ.
ഇങ്ങനെ ചെയ്യുക വഴി തങ്ങള്‍ എവിടെയും വിലയില്ലാത്തവരായി മാറുകയാണ് ചെയ്യുന്നതെന്ന യഥാർഥ്യം പക്ഷെ, ഇവറ്റ മനസ്സിലാക്കുന്നില്ല. കാരണം സ്വന്തം ആദർശത്തെയും സ്വന്തം സമുദായത്തെയും ഒറ്റുകൊടുക്കുന്ന ഇമ്മാതിരി കോടാലിതാഴകളെ മറ്റുള്ളവർ എങ്ങനെ നമ്പും? എങ്ങനെ വിശ്വസിക്കും?

ഇങ്ങനെ ഒരു ഭാഗത്ത് അവർ തങ്ങളുടെ സെക്യുലര്‍ മുഖം വെളിപ്പെടുത്തുമ്പോള്‍ മറുഭാഗത്ത് തങ്ങൾ മുസ്ലിംകളാണെന്ന് വെളിപ്പെടുത്താൻ പാടുപെട്ടു കൊണ്ടേയിരിക്കും, തങ്ങളും മുസ്ലിംകളാണെന്ന് ആവര്ത്തി ച്ചാണയിട്ടു കൊണ്ടേയിരിക്കുകയും ചെയ്യും. ഇത്തരം മുനാഫിഖുകളെ പറ്റി അല്ലാഹു പറയുന്നത് കാണുക:

 

{وَيَحْلِفُونَ بِاللَّهِ إِنَّهُمْ لَمِنْكُمْ وَمَا هُمْ مِنْكُمْ وَلَكِنَّهُمْ قَوْمٌ يَفْرَقُونَ}- التَّوبَةُ: 56

 

അവര്‍ അല്ലാഹുവില്‍ ആണയിട്ടു പറയുന്നു: ‘ഞങ്ങള്‍നിങ്ങളിൽപെട്ടവര്‍ തന്നെയാണ്.’ എന്നാല്‍ അവരോ, ഒരിക്കലും നിങ്ങളില്‍ പെട്ടവരല്ല. വാസ്തവത്തില്‍ നിങ്ങളെ ഭയപ്പെട്ടുകഴിയുന്ന ജനതയാകുന്നു അവർ.- (അത്തൗബ: 56).

പക്ഷെ, അങ്ങനെയൊന്നും ഇല്ലാതാക്കാൻ കഴിയുന്ന ഒന്നല്ല ദീനുൽ ഇസ്ലാം എന്ന് ഈ സാധുക്കളുണ്ടോ അറിയുന്നു.!

അങ്ങനെ തകർന്നു പോവുകയും ഇല്ലാതായി പോവുകയും ചെയ്യുന്ന ദീനായിരുന്നു ഇസ്ലാമെങ്കിൽ അതേതോ കാലത്ത് മണ്ണടിഞ്ഞു പോയേനെ. ഇത്രമാത്രം ശക്തമായ ഒരു മതമായി അതൊരിക്കലും ഇങ്ങനെ നിലനിൽക്കുമായിരുന്നില്ല. കാരണം ഇത് അല്ലാഹുവിൻറെ ദീനാണ്, അല്ലാഹു വിന്റെ ദീനിനെ അവൻ നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യും. അല്ല, ഈ ദീനിനെ അവൻ വിജയിപ്പിക്കുക തന്നെ ചെയ്യും. അത് അല്ലാഹുവിൻറെ അലംഘനീയമായ നടപടിക്രമമാണ്, സത്യനിഷേധികൾ എത്രതന്നെ എതിർത്താലും വെറുത്താലും ശരി.

അല്ലാഹു പറഞ്ഞതേ നടക്കൂ…

 

يُرِيدُونَ أَنْ يُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَيَأْبَى اللَّهُ إِلا أَنْ يُتِمَّ نُورَهُ وَلَوْ كَرِهَ الْكَافِرُونَ. هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَى وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَلَوْ كَرِهَ الْمُشْرِكُونَ }- التَّوبَةُ: 32-33

 

” ഈ ജനം അല്ലാഹുവിന്റെ പ്രകാശത്തെ തങ്ങളുടെ വായകൊണ്ട് ഊതിക്കെടുത്താന്‍ ഉദ്ദേശിക്കുന്നു. പക്ഷേ, അല്ലാഹു അവന്റെ പ്രകാശം പൂർത്തീَകരിച്ചല്ലാതെ സമ്മതിക്കുന്നവനല്ല– സത്യനിഷേധികള്ക്ക് അതെത്ര അരോചകമായിരുന്നാലും. അവനാണ് തന്റെ ദൂതനെ സന്മാർഗവും സത്യദീനുമായി നിയോഗിച്ചിട്ടുള്ളത്; ആ ദീനിനെ മറ്റെല്ലാ ദീനുകളെക്കാളും വിജയിപ്പിക്കാന്‍. ബഹുദൈവവിശ്വാസികൾക്ക് അതെത്രതന്നെ അരോചകമായിരുന്നാലും ശരി.- (അത്തൗബ 32- 33).

Facebook Comments