സർവ ദീൻ സത്യവാദം തകർന്നടിയുമ്പോൾ

സർവ ദീൻ സത്യവാദികളുടെ ഏറ്റവും വലിയ തെളിവാണ് ഈ ആയത്ത്

 

إِنَّ الَّذِينَ آمَنُوا وَالَّذِينَ هَادُوا وَالنَّصَارَى وَالصَّابِئِينَ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَعَمِلَ صَالِحًا فَلَهُمْ أَجْرُهُمْ عِنْدَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

الْبَقَرَةُ: 62

 

സത്യവിശ്വാസം സ്വീകരിച്ചവരോ യഹൂദരോ ക്രൈസ്തവരോ സാബിഉകളോ ആരുമാവട്ടെ, *അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍ക്കര്‍മങ്ങള്‍പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക്* അവരുടെ നാഥന്റെ അടുക്കല്‍ അര്‍ഹമായ പ്രതിഫലമുണ്ട്. അവര്‍ ഭയപ്പെടേണ്ടതില്ല. ദുഃഖിക്കേണ്ടതുമില്ല.

(അൽ ബഖറ: 62)

ഇതിൽ മൂന്ന് കണ്ടീഷനാണ് പറഞ്ഞിട്ടുള്ളത്.

  1. *അല്ലാഹുവിൽ വിശ്വസിക്കുക*: { مَنْ آمَنَ بِاللَّهِ }

ഇസ്ലാമിക ദൃഷ്ട്യാ അല്ലാഹുവിൽ വിശ്വസിക്കുക എന്നു പറഞ്ഞാൽ മുഹമ്മദ് നബി (സ) പഠിപ്പിച്ച വണ്ണം അല്ലാഹുവിൽ വിശ്വസിക്കുക എന്നതാണുദ്ദേശ്യം.

അല്ലെങ്കിൽ അബൂജഹലും മുസ്‌ലിമാണെന്ന് പറയേണ്ടി വരും, കാരണം അബൂജഹലും അല്ലാഹുവിൽ വിശ്വസിച്ചിരുന്നു.

  1. *അന്ത്യദിനത്തിൽ വിശ്വസിക്കുക*: { وَالْيَوْمِ الْآخِرِ }

ഇസ്ലാമിക ദൃഷ്ട്യാ അന്ത്യദിനത്തിൽ വിശ്വസിക്കുക എന്നു പറഞ്ഞാൽ
മുഹമ്മദ് നബി (സ) പഠിപ്പിച്ച വണ്ണം അന്ത്യദിനത്തിൽ വിശ്വസിക്കുക എന്നാണ്. അതുകൊണ്ടാണ്
*ജൂതനോ ക്രൈസ്തവനോ അല്ലാതെ സ്വർഗത്തിൽ പ്രവേശിക്കുകയില്ല,*

 

{ وَقَالُوا لَنْ يَدْخُلَ الْجَنَّةَ إِلا مَنْ كَانَ هُودًا أَوْ نَصَارَى….. }- الْبَقَرَةُ: 111

*അതു പോലെ അവരെ ഒരിക്കലും നരകം സ്പർശിക്കുകയില്ല ഇനി സ്പർശിക്കുകയാണെങ്കിൽ തന്നെ അത് ഏതാനും ദിവസങ്ങളിൽ മാത്രമായിരിക്കും*

 

{ وَقَالُوا لَنْ تَمَسَّنَا النَّارُ إِلا أَيَّامًا مَعْدُودَةً}- الْبَقَرَةُ: 80

 

എന്ന് തുടങ്ങി എന്ന അബദ്ധജഡിലമായ അവരുടെ വാദത്തെ അല്ലാഹു തന്നെ, *ഇന്നും ചിലർക്ക് മറുപടിയാകും വിധം* അതവരുടെ വ്യാമോഹം മാത്രമാണ് {تِلْكَ أَمَانِيُّهُمْ} എന്ന് പറഞ്ഞു കൊണ്ട് അല്ലാഹു ഖണ്ഡിച്ചതും തിരുത്തിയതും.

അതിനാൽ *അന്ത്യദിനത്തിൽ വിശ്വസിക്കുക എന്നു പറഞ്ഞാൽ: ലോകാവസാനം, മഹ്ശർ, നന്മതിന്മകൾ തൂക്കിനോക്കൽ, വിചാരണ, അതിന് ശേഷം കർമ്മങ്ങൾക്കനുസരിച്ച് പ്രതിഫലവും ശിക്ഷയും സ്വർഗവും നരകവും … തുടങ്ങി എല്ലാം ഉൾക്കൊള്ളുന്നതാണ് നബി (സ) പഠിപ്പിച്ച പരലോക വിശ്വാസം. അതാണ് ഇവിടെ ഉദ്ദേശ്യം*.

  1. *സ്വാലിഹായ കർമ്മങ്ങൾ ചെയ്യുക*:
    { وَعَمِلَ صَالِحًا }

ഇസ്ലാമിക ദൃഷ്ട്യാ *എന്താണ് സ്വാലിഹായ കർമ്മങ്ങൾ? എപ്പോഴാണ് ഒരു കാര്യം സ്വാലിഹായ കർമ്മമായി പരിഗണിക്കപ്പെടുക?*

ഇതിന്റെയും ഉത്തരം: അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചു കൊണ്ടും മുഹമ്മദ് നബി (സ) പഠിപ്പിച്ച രൂപത്തിലും *ഒരു കാര്യം ഉചിതമായ സമയത്ത് ഉചിതമായ രൂപത്തിൽ, ഉചിതമായ തോതിലും അളവിലും ആയിരിക്കുമ്പോൾ മാത്രമേ ആ കർമ്മം സ്വാലിഹായ കർമ്മമായി അല്ലാഹുവിങ്കൽ പരിഗണിക്കപ്പെടുകയുള്ളൂ.*

ഈ പറഞ്ഞ മൂന്നു നിബന്ധനകൾ പൂർത്തിയാവണമെങ്കിൽ ഖുർആനിനെ, ഇന്ന് സുരക്ഷിതമായി അവശേഷിക്കുന്ന അല്ലാഹുവിന്റെ ഒരേയൊരു ഗ്രന്ഥമായും, മുഹമ്മദ് നബിയെ അന്ത്യപ്രവാചകനായും വിശ്വസിക്കുകയും, അവിടുത്തെ അധ്യാപനങ്ങൾ പിൻ പറ്റുകയും ചെയ്യേതുണ്ട്.

ഈ മൗലിക യാഥാർഥ്യം മനസ്സിലാക്കിക്കഴിഞ്ഞാൽ
ഖുർആനിന്റെ ചെലവിൽ
സർവ്വ ദീൻ സത്യ വാദം മാർക്കറ്റിൽ ചെലവാകില്ല.

അതിനവർ കണ്ട ഏറ്റവും പറ്റിയ വിപണന തന്ത്രമാണ്, ഖുർആനിനെ തങ്ങളുടെ ഇഛക്കനുസരിച്ച് ദുർവ്യാഖാനിക്കുക എന്നത്.
ഖുർആനിന്റെ പ്രവാചക വിശദീകരണം, ഖുർആനിന്റെ പ്രഥമ അഭിസംബോധിതരാവാൻ അല്ലാഹു തെരെഞ്ഞെടുത്ത, സ്വർഗത്തിനർഹരായ സ്വഹാബത്തിന്റെ വിശദീകരണം, ഉത്തമ നൂറ്റാണ്ടിൽ ജീവിച്ച, ഖുർആൻ വിജ്ഞാനീയങ്ങളിൽ അപാരമായ പാണ്ഡിത്യം തെളിയിച്ച ഇമാമുകളുടെയും മുഫസ്സിറുകളുടെയും വിശദീകരണം, എല്ലാം ഇവർ നിസ്സങ്കോചം തള്ളും. എന്തിനധികം ഭാഷാ നിഘണ്ടുക്കൾ പോലും തള്ളിക്കൊണ്ടാണ് ഇവർ തങ്ങളുടെ വാദം സമർഥിക്കുക.

ഇങ്ങനെ തങ്ങളുടെ താൽപര്യത്തിനനുസരിച്ച്, ഖുർആൻ ദുർവ്യാഖ്യാനിക്കാൻ ഏറ്റവും വലിയ തടസ്സം സുന്നത്താണ്. അതു കൊണ്ട് സുന്നത്തിനെ പാടെ നിഷേധിക്കുക എന്നതാണ് ഇവരാദ്യം ചെയ്യുക. കാരണം സുന്നത്ത് നിഷേധിച്ചു കഴിഞ്ഞാൽ പിന്നെ ഖുർആൻ ഏത് കോലത്തിലും ഒരാൾക്ക് വ്യാഖ്യാനിക്കാം.

സുന്നത്ത് അംഗീകരിക്കുന്നതോടെ, ഇവരുടെ സകല തട്ടിപ്പും പൊളിയും, ഇത്തരം തട്ടിപ്പു വീരൻമാർ വരുമെന്ന് കണ്ട് പ്രവാചകൻ (സ) പറയുന്നത് നോക്കൂ:

 

عَنْ أَبِى هُرَيْرَةَ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ « وَالَّذِى نَفْسُ مُحَمَّدٍ بِيَدِهِ لاَ يَسْمَعُ بِى أَحَدٌ مِنْ هَذِهِ الأُمَّةِ يَهُودِىٌّ وَلاَ نَصْرَانِىٌّ ثُمَّ يَمُوتُ وَلَمْ يُؤْمِنْ بِالَّذِى أُرْسِلْتُ بِهِ إِلاَّ كَانَ مِنْ أَصْحَابِ النَّارِ ».- رَوَاهُ مُسْلِمٌ: 403

 

മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെയാണ് സത്യം: *ജൂതനാകട്ടെ, ക്രിസ്ത്യാനിയാകട്ടെ ഈ ഉമ്മത്തിലെ ആരുമാകട്ടെ എന്നെക്കുറിച്ച് കേൾക്കുകയും, എന്നിട്ട് ഞാൻ ഏതൊന്നുമായാണോ നിയോഗിക്കപ്പെട്ടിട്ടുള്ളത് അതിൽ വിശ്വസിക്കാതെ മരിച്ചുപോവുകയും ചെയ്താല്‍ അവൻ നരകാവകാശിയാണെന്നതിൽ സംശയമില്ല*.- (മുസ്ലിം: 403).

ഇത് ഹദീസാണ് എന്ന് പറഞ്ഞ് തള്ളിയത് കൊണ്ട് രക്ഷപ്പെടാൻ പോകുന്നില്ല കാരണം അല്ലാഹു തന്നെ പറയുന്നത് കാണുക:

 

{ وَمَنْ يَبْتَغِ غَيْرَ الإسْلامِ دِينًا فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الآخِرَةِ مِنَ الْخَاسِرِينَ }- آلُ عِمْرَانَ: 85

 

*ഇസ്‌ലാം അല്ലാത്ത ഏതൊരു മാർഗം ആര് കൈക്കൊണ്ടാലും അത് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തിലോ, അവന്‍ പരാജിതരിൽ പെട്ടവനായിരിക്കും*. – (ആലു ഇംറാൻ: 85).

യഥാർഥത്തിൽ *ഖുർആൻ തന്നെ തള്ളുക എന്നതാണ് ഇവരുടെ അജണ്ട, പക്ഷെ അതിലൂടെ ഇവർക്ക് ഇസ്‌ലാമിക വൃത്തത്തിൽ നിൽക്കാൻ അർഹത നഷ്ടപെടും, അത് ഉള്ളിൽ നിന്ന് കൊണ്ട് തുരപ്പൻ പണിയെടുക്കാനുള്ള അവസരവും ഇല്ലാതാക്കും. ഈയൊരു യാഥാർഥ്യം തിരിച്ചറിഞ്ഞതു കൊണ്ടാണ് ആദ്യമേ ഇവർ സുന്നത്ത് നിഷേധിക്കാൻ ഒരുമ്പെട്ടത്*.

ചേകമതക്കാരും സർവ്വ ദീൻ സത്യവാദികളും ഭായീഭായീ ആയതിന്റെ ഗുട്ടൻസും മറ്റൊന്നല്ല.

Facebook Comments