ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തടസ്സം നില്‍ക്കുന്ന മാതാപിതാക്കള്‍

മാതാപിതാക്കളോടുള്ള കടപ്പാടുകള്‍ തിരിച്ചറിഞ്ഞ് പരമാവധി അവരെ ആദരിക്കാനും സേവിക്കാനും ശ്രമിക്കുന്ന ഒരു യുവാവാണ് ഞാന്‍. വിവാഹം കഴിച്ചിട്ടില്ല. ഞാനിഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന എന്റെ ആഗ്രഹം നേരിട്ട് ബോധിപ്പിക്കാന്‍ പ്രയാസമായതിനാല്‍ മറ്റൊരാള്‍ മുഖേന മാതാപിതാക്കളെ അറിയിച്ചപ്പോള്‍ അവര്‍ ഒട്ടും താല്‍പര്യം കാണിക്കുന്നില്ല. ഞാനൊരു പ്രതിസന്ധിയിലാണ്. മാതാപിതാക്കളെ ധിക്കരിക്കാതിരിക്കുകയും വേണം, വിവാഹം കഴിക്കുകയും വേണം. ഞാനെന്ത് ചെയ്യും?

 

 

 

ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടമാണ് വിവാഹം. ഇവിടെ കാല്‍ വഴുതിയാല്‍ ഒന്നല്ല പലരുടെയും ജീവിതം തകര്‍ന്നേക്കാം; ഈ ലോക ജീവിതം മാത്രമല്ല ശാശ്വതമായ പരലോക ജീവിതവും. ഇവിടെ ശരിയായ കാല്‍വെപ്പ് നടത്തിയാല്‍ ഇഹവും പരവും ഒരുപോലെ ആനന്ദപൂര്‍ണമാക്കാന്‍ സാധിക്കുകയും ചെയ്‌തേക്കാം. പ്രിയ സഹോദരാ, താങ്കള്‍ ഒരു നിമിഷം മാതാപിതാക്കളുടെ സ്ഥാനത്താണെന്ന് സങ്കല്‍പ്പിക്കുക. താങ്കളുടെ ചിന്തയും അധ്വാനവും ഊണും ഉറക്കവുമെല്ലാം മക്കള്‍ക്ക് വേണ്ടിയായിരിക്കുമല്ലോ. പകലന്തിയോളം അധ്വാനിച്ച് പരിക്ഷീണനായി രാത്രിയില്‍ വിശ്രമിക്കാന്‍ തുടങ്ങവെ അസുഖം ബാധിച്ച സന്താനങ്ങളുടെ കരച്ചില്‍ കേള്‍ക്കേണ്ട താമസം താങ്കള്‍ അവരെയുമെടുത്ത് ഹോസ്പിറ്റലിലേക്കോടും. ചില മാതാപിതാക്കള്‍ മക്കളെയും കൊണ്ട് കഷ്ടപ്പെടുന്നത് യാത്രാ വേളകളിലും ഹോസ്പിറ്റല്‍ സന്ദര്‍ശനവേളകളിലുമെല്ലാം താങ്കള്‍ കാണുന്നുണ്ടായിരിക്കും. ഇങ്ങനെയൊക്കെ മക്കളെ പോറ്റിവളര്‍ത്തി വിദ്യാഭ്യാസം നല്‍കി വലുതാക്കിയ മാതാപിതാക്കള്‍ക്ക് ഇനിയുള്ള ചിന്ത തങ്ങളുടെ മകന് പറ്റിയ ഒരു ഇണയെ കിട്ടണം, അവള്‍ ഉത്തമ സ്വഭാവ ഗുണമുള്ളവളായിരിക്കണം, തങ്ങളെ സ്വന്തം മാതാപിതാക്കളെപ്പോലെ കാണുന്ന മരുമകളായിരിക്കണം, തങ്ങള്‍ വളര്‍ത്തിക്കൊണ്ടുവന്ന മകന്റെ ഇഹലോകവും പരലോകവും ഐശ്വര്യപൂര്‍ണമാക്കാന്‍ സഹായിക്കുന്നവളായിരിക്കണം, തങ്ങളുടെ പേരക്കുട്ടികളെ സദ്‌വൃത്തരും സമര്‍ഥരുമായി വളര്‍ത്താന്‍ യോഗ്യതയും സന്നദ്ധതയുമുള്ളവളായിരിക്കണം എന്നെല്ലാമായിരിക്കും. അവരുടെ തുടര്‍ന്നുള്ള പ്രാര്‍ഥനയും പരിശ്രമവും അതിനായിരിക്കും. ഇസ്‌ലാമിക പശ്ചാത്തലമുള്ള ഒരു കുടുംബത്തെപ്പറ്റിയാണ് ഈ പറയുന്നതൊക്കെയും-ഇന്നത് അന്യംനിന്ന് കൊണ്ടിരിക്കുകയാണെങ്കിലും. തങ്ങളുടെ മകന്‍ വേറൊരു വഴിയിലാണെന്ന് ഒരു സുപ്രഭാതത്തില്‍ അറിയാനിടവരുന്ന മാതാപിതാക്കള്‍ക്ക് അത് താങ്ങാന്‍ കഴിഞ്ഞെന്നുവരില്ല. ഇങ്ങനെ പലരും മാറാരോഗികളാവുകയും മരണത്തിന് കീഴടങ്ങുകയും ചെയ്യുന്ന അനുഭവങ്ങള്‍ നമുക്ക് മുന്നില്‍ ധാരാളമുണ്ട്. മാതാപിതാക്കളുടെ അതൃപ്തി അവഗണിച്ച് വെള്ളത്തിലിറക്കിയ ദാമ്പത്യനൗക കാറ്റിലും കോളിലുംപെട്ട് കരകാണാകയത്തില്‍ മുങ്ങുന്ന അനുഭവങ്ങളും ഏറെയാണ്.

 

മാതാപിതാക്കളുടെയും മറ്റു ബന്ധുമിത്രാദികളുടെയും അംഗീകാരത്തോടെയും ആശീര്‍വാദത്തോടെയും ആരംഭിക്കുന്ന വിവാഹബന്ധവും, അവരുടെയെല്ലാം അസംതൃപ്തിയും ശാപവും ഏറ്റുവാങ്ങിക്കൊണ്ടുള്ള ദാമ്പത്യവും തത്ത്വത്തിലും പ്രയോഗത്തിലും ഏറെ അന്തരമുണ്ട്. ഒന്ന് ദിവ്യാനുഗ്രഹത്തിനും ഐശ്വര്യത്തിനും കാരണമാകുമ്പോള്‍ മറ്റേത് ദൗര്‍ഭാഗ്യത്തിനും അശാന്തിക്കും കാരണമായിരിക്കും. അതിനാല്‍ വിവാഹ പൂര്‍വഘട്ടം അല്‍പം അവധാനതയോടെ കൈകാര്യംചെയ്താല്‍ വിവാഹശേഷമുള്ള ഘട്ടം അതിനനുസരിച്ച് ശാന്തിയും സമാധാനവും കളിയാടുന്നതാക്കാം.

മാതാപിതാക്കള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ലോകവും കാലവും ഏറെ മാറിയിട്ടുണ്ട്. നിങ്ങളുടെയൊക്കെ ചെറുപ്പകാലത്തെ നാടും നടപ്പുമല്ല ഇന്ന്. കാഴ്ചപ്പാടുകളും അഭിരുചികളുമെല്ലാം ഏറെ മാറിയിരിക്കുന്നു. മുമ്പുകാലത്ത് മക്കളുടെ അജണ്ട മാതാപിതാക്കളായിരുന്നു നിശ്ചയിച്ചിരുന്നതെങ്കില്‍ ഇന്ന് നേരെ മറിച്ചായിരിക്കുന്നു. തങ്ങളുടെ മക്കള്‍ ഏത് വസ്ത്രം അണിയണം, ഏത് ചെരുപ്പ് ധരിക്കണം എന്നൊക്കെ മാതാപിതാക്കള്‍ തീരുമാനിച്ചിരുന്ന സ്ഥാനത്ത് ഇന്ന് മക്കളാണ് അത് തീരുമാനിക്കുന്നത്. മാതാപിതാക്കളുടേത് പോലും മക്കളാണിന്ന് തീരുമാനിക്കുന്നത്. കാലത്തിനനുസരിച്ച് കോലം കെട്ടണം എന്നല്ല ഇതുകൊണ്ടു അര്‍ഥമാക്കേണ്ടത്. എന്നുവെച്ച് കാലഗതിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ കാണാതിരിക്കാനും പാടില്ല.

 

സന്താനങ്ങളെ നിങ്ങള്‍ സദാചാരബോധമുള്ളവരാക്കി വളര്‍ത്തിയിട്ടുണ്ടെങ്കില്‍ അവരെ വിശ്വാസത്തിലെടുക്കാന്‍ തയാറാവേണ്ടതുണ്ട്. അവരുടെ വിദ്യാഭ്യാസ നിലവാരത്തോടും ജീവിതസാഹചര്യത്തോടും പൊരുത്തപ്പെടുന്ന, സദ്‌വൃത്തയും സല്‍സ്വഭാവിയുമായ ഒരു ഇണയെ അവര്‍ തന്നെ കണ്ടെത്തുന്ന പക്ഷം മറ്റു ഭൗതിക പരിഗണനകള്‍വെച്ച് അതിന് എതിര്‍ നില്‍ക്കുന്നത് എല്ലാവര്‍ക്കും നഷ്ടം മാത്രമേ വരുത്തിവെക്കൂ; അത് പ്രണയത്തിലേക്ക് എത്തിയിട്ടുണ്ടെങ്കില്‍ വിശേഷിച്ചും. ഇത്തരം സാഹചര്യത്തില്‍ മാതാപിതാക്കള്‍ മസില്‍ (വാശി) പിടിക്കുന്നത് ഒട്ടും ഗുണകരമായിരിക്കില്ല. യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ തയാറാവുകയാണ് വേണ്ടത്. ഇത്തരുണത്തില്‍ പ്രസക്തമായ ഒരു സംഭവം ഹദീസ് ഗ്രന്ഥങ്ങളില്‍ വന്നത് ഉദ്ധരിക്കട്ടെ.  ഒരാള്‍ തിരുമേനിയുടെ അടുത്ത് വന്ന് പറഞ്ഞു: ”ഞങ്ങളുടെ നിയന്ത്രണത്തില്‍ ഒരനാഥ പെണ്‍കുട്ടിയുണ്ട്. വളരെ ദരിദ്രനായ ഒരാളും സാമ്പത്തിക ശേഷിയുള്ള ഒരാളും അവളെ വിവാഹാലോചന നടത്തി. അവള്‍ ദരിദ്രനെ ഇഷ്ടപ്പെടുന്നു. ഞങ്ങള്‍ ധനികനെയും ആഗ്രഹിക്കുന്നു.” അന്നേരം തിരുമേനി പറഞ്ഞു: ”പ്രണയത്തിലായവര്‍ക്ക് വിവാഹം കഴിപ്പിച്ചു കൊടുക്കുന്നതിനെക്കാള്‍ ഉത്തമമായി മറ്റൊന്നുമില്ല” (ഇബ്‌നു മാജ, ഹാകിം).

 

പ്രായോഗികമായി ചിന്തിക്കുകയായിരുന്നു ഇവിടെ പ്രവാചകന്‍. ചോദ്യകര്‍ത്താവിനോടും ഇതു വായിക്കുന്ന മാതാപിതാക്കളോടും പറയാനുള്ളത് ഇതാണ്: പരസ്പരം കൂടിയിരുന്ന് ചര്‍ച്ചചെയ്ത് വരുംവരായ്കകളെപ്പറ്റി ചിന്തിച്ച് ഒരു തീരുമാനത്തിലെത്താന്‍ ശ്രമിക്കുക. അത്തരം ഒരു നല്ല പരിണതിക്കായി പടച്ചവനോട് പ്രാര്‍ഥിക്കുക. നല്ല ഫലം കാണപ്പെടുക തന്നെ ചെയ്യും. അല്ലാഹു സഹായിക്കുമാറാകട്ടെ

 

സഹോദരന്റെ ഭാര്യയുമായി തനിച്ചാവുമ്പോള്‍

 

ഹ്‌റമിന്റെ സാന്നിധ്യത്തിലൊഴികെ ഒരു സ്ത്രീയും പുരുഷനും തനിച്ചാവരുതെന്ന് ഹദീസില്‍ കാണുന്നു. ആരാണ് മഹ്‌റം? ഭര്‍ത്താവിന്റെ സഹോദരന്‍ മഹ്‌റമാണോ?
ജ്യേഷ്ഠന്റെ അസാന്നിധ്യത്തില്‍ ജ്യേഷ്ഠന്റെ ഭാര്യയും അനുജനും തനിച്ചാവുന്നത് ഇസ്‌ലാം അനുവദിക്കുന്നുണ്ടോ?

 

മഹ്‌റം എന്നതുകൊണ്ട് വിവാഹം നിഷിദ്ധമായവരാണ് ഉദ്ദേശ്യം. ഏതൊരു പുരുഷന്‍ അയാളെ സ്ത്രീയായി സങ്കല്‍പിച്ചാല്‍ വിവാഹം നിഷിദ്ധമാണോ അവരെല്ലാം മഹ്‌റമിന്റെ ഗണത്തില്‍പെടും. ഉദാഹരണത്തിന്:

 

പിതാവ് – പിതാമഹന്‍, മകന്‍ – പേരമകന്‍, സഹോദരന്‍,    സഹോദര പുത്രന്‍, സഹോദരീ പുത്രന്‍, പിതൃവ്യന്‍, അമ്മാവന്‍. അതുപോലെ ഭര്‍ത്താവിന്റെ പിതാവ്, ഭര്‍ത്താവിന്റെ മകന്‍, ഉമ്മയുടെ ഭര്‍ത്താവ്, മകളുടെ ഭര്‍ത്താവ് ഇത്രയും പേരുമായി ഒരു സ്ത്രീക്ക് തനിച്ചാവുന്നതിന് വിലക്കില്ല. ഇവരിലൊരാളുടെ സാന്നിധ്യത്തിലല്ലാതെ മറ്റുള്ളവരുമായി തനിച്ചാവുന്നത് ഇസ്‌ലാം വിലക്കിയിരിക്കുന്നു. നബി(സ) പറഞ്ഞു: ”ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ മഹ്‌റമായ ഒരു പുരുഷന്റെ സാന്നിധ്യത്തിലല്ലാതെ ഒരന്യസ്ത്രീയുമായി തനിച്ചാവരുത്. കാരണം അവരില്‍ മൂന്നാമന്‍ പിശാചായിരിക്കും” (അഹ്മദ്).

 

ഭര്‍ത്താവിന്റെ സഹോദരന്‍ ഒരിക്കലും മഹ്‌റമില്‍ ഉള്‍പ്പെടുന്നതല്ല. അതുകൊണ്ട് തന്നെ അവര്‍ തനിച്ചാവുന്നത് ഇസ്‌ലാമിക ദൃഷ്ട്യാ ഒരിക്കലും പാടില്ല എന്ന് മാത്രമല്ല തല്‍സംബന്ധമായി തിരുമേനി പറഞ്ഞത് ‘അത് മരണമാണ്’ എന്നാണ് (അല്‍ ഹമ്‌വ് അല്‍ മൗത്).

 

ഉഖ്ബ ബിന്‍ ആമിറില്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍(സ) പറഞ്ഞു: ”നിങ്ങള്‍ സ്ത്രീകളുടെ അടുത്ത് പ്രവേശിക്കുന്നത് സൂക്ഷിക്കണം.” അപ്പോള്‍ അന്‍സ്വാരികളില്‍ പെട്ട ഒരാള്‍ ചോദിച്ചു: ”പ്രവാചകരേ ‘ഹമ്‌വ്’ ആണെങ്കിലോ?” ”ഹമ്‌വ് തന്നെയാണ് മരണം” (ബുഖാരി, മുസ്‌ലിം). ഇവിടെ ഹമ്‌വ് ആരാണെന്ന് ഇമാം നവവി വ്യക്തമാക്കുന്നു. ഭര്‍ത്താവിന്റെ പിതൃക്കളും മക്കളുമൊഴിച്ചുള്ള മറ്റു ബന്ധുക്കളാണ് ഹമ്‌വ് കൊണ്ട് ഉദ്ദേശ്യം. ഭര്‍ത്താവിന്റെ പിതാവും പിതാമഹന്മാരും അതുപോലെ ഭര്‍ത്താവിന്റെ മക്കളും പേരമക്കളും വിവാഹം നിഷിദ്ധമാക്കപ്പെട്ട അടുത്ത ബന്ധുക്കളുടെ ഗണത്തില്‍ പെടുന്നതിനാല്‍ അവരുമായി തനിച്ചാകുന്നത് അനുവദനീയമാണ്. എന്നാല്‍, ഭര്‍ത്താവിന്റെ സഹോദരന്മാര്‍, ഭര്‍ത്താവിന്റെ സഹോദര പുത്രന്മാര്‍, ഭര്‍ത്താവിന്റെ പിതൃവ്യന്മാര്‍, പിതൃവ്യ പുത്രന്മാര്‍ തുടങ്ങിയ മഹ്‌റമിന്റെ ഗണത്തില്‍ പെടാത്തവര്‍ പലപ്പോഴും അടുത്ത ബന്ധുക്കളെപ്പോലെ പരിഗണിക്കപ്പെടുന്നതിനാല്‍ അവരുടെ വിഷയത്തില്‍ ലാഘവത്വം സാധാരണമാണ്. അതിനാലാണ് അത്തരം ആളുകളുമായി ഒരു സ്ത്രീ തനിച്ചാകുന്നത് തികച്ചും അന്യരുമായി തനിച്ചാകുന്നതിനെക്കാള്‍ ഗൗരവമുള്ളതാണ് എന്ന് തിരുമേനി ഉണര്‍ത്തിയിട്ടുള്ളത്. ഈ ഹദീസിന്റെ വിശദീകരണമായി നവവി പറഞ്ഞതാണ് ശരി (ഇമാം നവവിയുടെ ശറഹു മുസ്‌ലിം നോക്കുക). ഇവിടെ ഭര്‍ത്താവിന്റെ സഹോദരന്‍ വിശ്വസിക്കാന്‍ കൊള്ളാത്തവനാണ് എന്ന അര്‍ഥത്തിലല്ല തിരുമേനി ഇത് പറഞ്ഞത്. മറിച്ച് സാധാരണഗതിയില്‍ അവര്‍ തനിച്ചാവാനുള്ള സാധ്യത ഏറെയാണ്. സംശയത്തിനുളള പഴതുകളാകട്ടെ താരതമ്യേന കുറവുമാണ്. ഈയൊരു സാഹചര്യം പിശാച് മുതലെടുക്കാനും വഴി തെറ്റിക്കാനും ഏറെ സാധ്യതയുണ്ട്. അതിനാല്‍ തിന്മയുടെ സാഹചര്യങ്ങളും പഴുതുകളും അടക്കുക എന്ന ഇസ്‌ലാമിന്റെ മൗലിക തത്ത്വമനുസരിച്ചുള്ള സുരക്ഷാ നടപടിയുടെ ഭാഗമാണിത്. പ്രായപൂര്‍ത്തിയായ മക്കളെ ഒരു വിരിപ്പില്‍ കിടത്തരുതെന്ന നിര്‍ദേശം പോലെ.

 

കുടുംബത്തിന്റെ ഭദ്രതയും കെട്ടുറപ്പും ഉറപ്പുവരുത്തുകയും തദ്വാര ഒരു സുരക്ഷിത സമൂഹത്തിന്റെ നിര്‍മാണവും ഇസ്‌ലാമിക ശരീഅത്തിന്റെ മുഖ്യ താല്‍പര്യങ്ങളില്‍പ്പെട്ടതാണ്. അതിന് അവശ്യം ആവശ്യമായ എല്ലാ നിയമങ്ങളും നിര്‍ദേശങ്ങളും വളരെ ഗൗരവമാര്‍ന്ന ശൈലിയില്‍ തന്നെ ഖുര്‍ആനും ഹദീസും വ്യക്തമാക്കിയിട്ടുണ്ട്. അതിന് കോട്ടം തട്ടിക്കുന്നതും കുടുംബബന്ധം ശിഥിലമാക്കുന്നതുമായ എല്ലാ കാര്യങ്ങളും കര്‍ശനമായി വിലക്കുകയും ചെയ്തിരിക്കുന്നു. എന്നു മാത്രമല്ല, അതിനിടയാക്കുന്നതും അതിലേക്ക് നയിക്കുന്നതുമായ എല്ലാ പഴുതുകളും വഴികളും അടക്കുകകൂടി ചെയ്തിരിക്കുന്നു. ഇന്ന് ചില കുടുംബങ്ങളില്‍നിന്ന് ആരും കേള്‍ക്കാനിഷ്ടപ്പെടാത്ത സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത് ഇത്തരം വിധിവിലക്കുകള്‍ അവഗണിച്ചതിന്റെ ഫലമല്ലാതെ മറ്റൊന്നുമല്ല.

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *