കടവും സമ്മാനവും

ഞാന്‍ അഞ്ച് ലക്ഷം രൂപ ഒരാള്‍ക്ക് കടമായി നല്‍കുന്നു. പകരം അദ്ദേഹത്തിന്റെ കൈവശമുള്ള വീട് (ചുരുങ്ങിയത് 2500 രൂപ പ്രതിമാസ വാടക കിട്ടുന്ന) എനിക്കുപയോഗിക്കാന്‍ നല്‍കുന്നു. അദ്ദേഹം കാഷ് തിരിച്ചടക്കുന്നതുവരെ ആ വീട് എനിക്ക് യഥേഷ്ടം ഉപയോഗിക്കാം. അതിന് പ്രത്യേക വാടകയൊന്നും ഞാന്‍ കൊടുക്കേണ്ടതില്ല. മാത്രമല്ല അത് ഫ്രീയായി ഉപയോഗിക്കാനുള്ള അനുവാദവുമുണ്ട്. ഇത്തരം ഇടപാട് ഞങ്ങളുടെ പ്രദേശത്ത് സാര്‍വത്രികമാണ്. ഇതിന്റെ ശറഈ വിധി വിശദീകരിക്കാമോ?

 

കടത്തിന്റെ പേരില്‍ ഉത്തമര്‍ണ്ണന്‍ പറ്റുന്ന എല്ലാ ആനുകൂല്യങ്ങളും നിഷദ്ധമാണെന്ന കാര്യത്തില്‍ ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല. ‘ഏതെങ്കിലും ഒരു ആനുകൂല്യം നേടിത്തരുന്ന എല്ലാതരം കടവും പലിശയാണ്’ എന്ന ഹദീസ് കൂടി ഈ വിഷയത്തില്‍ ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ കാണാം. കടം വാങ്ങിയ വ്യക്തി സ്വമേധയാ ഇഷ്ടപ്പെട്ട് കടം തന്നയാള്‍ക്ക് വല്ലതും നല്‍കുന്നതിന് വിലക്കൊന്നുമില്ല. എന്നിട്ട് കൂടി സ്വഹാബിമാര്‍ അത്തരം വല്ലതും സ്വീകരിക്കുന്നതില്‍ നിന്ന് വിട്ട് നിന്നിരുന്നു. ഹറാമായ ഒരു പൈസ പോലും തങ്ങളോ തങ്ങളുടെ കുടുംബമോ വയറ്റിലാക്കിപ്പോകരുതെന്നും തദ്വാര സ്വര്‍ഗം വിലക്കപ്പെടരുതെന്നുമുള്ള ദൃഢനിശ്ചയമായിരുന്നു അവരെ അത്രമാത്രം സൂക്ഷ്മാലുക്കളാക്കിയത്.

 

പ്രമുഖ സ്വഹാബി ഉബയ്യ്ബ്‌നു കഅ്ബ് (റ) ഒരിക്കല്‍ ഉമറി(റ)ല്‍ നിന്ന് 10000 ദീനാര്‍ കടം വാങ്ങി. ഉബയ്യ്ബ്‌നു കഅ്ബ് (റ) തന്റെ തോട്ടത്തില്‍ വിളഞ്ഞ ഈത്തപ്പഴം ഉമറിന് കൊടുത്തയച്ചു. മദീനയില്‍ ഏറ്റവുമാദ്യം വിളയുന്ന മുന്തിയ ഇനം ഈത്തപ്പഴമായിരുന്നു ഉബയ്യിന്റേത്. താനുമായി സൗഹൃദമുള്ളവര്‍ക്കും ആദരവ് അര്‍ഹിക്കുന്നവര്‍ക്കും അദ്ദേഹം ആദ്യത്തെ വിളവില്‍നിന്ന് ഓരോ വിഹിതം കൊടുത്തയക്കാറുണ്ടായിരുന്നു. കൂട്ടത്തില്‍ താനേറെ ബഹുമാനിക്കുന്ന ഉമറിനും ഒരോഹരി കൊടുത്തയച്ചു. താന്‍ ഉബയ്യിന് 10000 ദീനാര്‍ കടം കൊടുത്ത സ്ഥിതിക്ക് ഉമര്‍ അത് നിരസിക്കുകയാണുണ്ടായത്. ഇതില്‍ ക്ഷുഭിതനായ ഉബയ്യ് താന്‍ വാങ്ങിച്ച കടം അവധിയെത്തും മുമ്പ്, തന്റെ ആവശ്യം പൂര്‍ത്തിയാക്കും മുമ്പ് അതേപടി തിരിച്ചയച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു:–”ഞാന്‍ സന്തോഷപൂര്‍വ്വം താങ്കള്‍ ഭക്ഷിക്കണമെന്നാഗ്രഹിച്ച് കൊടുത്തയച്ചതായിരുന്നു ആ ഈത്തപ്പഴം. താങ്കള്‍ എനിക്ക് കടം തന്നു എന്നത് അത് സ്വീകരിക്കാന്‍ തടസ്സമാകുമെങ്കില്‍ എനിക്കാ കടം വേണ്ടതില്ല.” അന്നേരം ഉമറത് സ്വീകരിച്ചു (മുസ്വന്നഫ് 14467, 8/142). ഇമാം ഇബ്‌നുല്‍ ഖയ്യിം പറഞ്ഞു: കടം കൊടുത്തതിന്റെ പേരിലായിരിക്കുമോ ഉബയ്യ് തനിക്കാ ഈത്തപ്പഴം കൊടുത്തയച്ചത് എന്ന് ധരിച്ചതിനാലാണ് ഉമര്‍(റ) അത് നിരസിച്ചത്. എന്നാല്‍ അക്കാരണത്താലല്ല അത് എന്ന് ബോധ്യമായപ്പോള്‍ അത് സ്വീകരിക്കുകയും ചെയ്തു (ഹാശിയതു ഇബ്‌നുല്‍ ഖയ്യിം സുനനു അബീദാവൂദ് 9/296).

 

ബുഖാരി ഉദ്ധരിക്കുന്നു: അബൂ ബുര്‍ദയില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ”ഞാന്‍ മദീനയില്‍ എത്തിയപ്പോള്‍ അബ്ദുല്ലാഹിബ്‌നു സലാമി(റ)നെ കണ്ടുമുട്ടുകയുണ്ടായി. അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു: പലിശ വ്യാപകമായ ഒരു നാട്ടിലാണിപ്പോള്‍ താങ്കള്‍ (ഇറാഖാണുദ്ദേശ്യം). താങ്കള്‍ക്ക് ആരെങ്കിലും വല്ല കടവും തരാനുണ്ടെന്നിരിക്കട്ടെ, എന്നിട്ടയാള്‍ താങ്കള്‍ക്കൊരു കെട്ട് വൈക്കോലോ, ഒരുകൊട്ട ബാര്‍ലിയോ, ഒരു കൊട്ട കാലിത്തീറ്റയോ കൊണ്ടുവന്നു തരുന്നുണ്ടെങ്കില്‍ താങ്കളത് സ്വീകരിക്കരുത്. കാരണം അത് പലിശയാണ്” (ബുഖാരി 3814). ഉബയ്യ്, ഇബ്‌നു മസ്ഊദ്, അബ്ദുല്ലാഹിബ്‌നു സലാം(റ) തുടങ്ങി സ്വഹാബിമാരിലെ പല പ്രമുഖരും കടം വാങ്ങിയവന്‍ കടം നല്‍കിയവന് കൊടുക്കുന്ന യാതൊന്നും സ്വീകരിക്കാവതല്ല, അത് പലിശയാണ് എന്ന് പറഞ്ഞിട്ടുണ്ട് (ഇഅ്‌ലാമുല്‍ മുവഖിഈന്‍ 3/136).

 

യഹ്‌യബ്‌നു അബീ ഇസ്ഹാഖില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ഞാന്‍ അനസുബ്‌നു മാലികിനോട് ചോദിച്ചു: ”ഞങ്ങളിലൊരാള്‍ കടം നല്‍കി, പിന്നെ കടം മേടിച്ചവന്‍ വല്ല സമ്മാനവും നല്‍കുകയാണെങ്കില്‍ അത് സ്വീകരിക്കാമോ?” അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു: നിങ്ങളിലാരെങ്കിലും ഒരാള്‍ക്ക് വല്ല കടവും നല്‍കുകയും തദടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് വല്ലതും സമ്മാനമായി നല്‍കുകയോ, അല്ലെങ്കില്‍ അയാളുടെ വാഹനത്തില്‍ നിങ്ങളെ കയറ്റുകയോ ചെയ്‌തെന്നിരിക്കട്ടെ. എങ്കിലത് സ്വീകരിക്കരുത്; നേരത്തെ അവര്‍ തമ്മില്‍ അങ്ങനെ ഒരു ശീലം ഉണ്ടെങ്കിലല്ലാതെ.” ഈ ഹദീസ് ഹസനാണെന്ന് ഇമാം ഇബ്‌നുതൈമിയ്യ രേഖപ്പെടുത്തിയിട്ടുണ്ട് (അല്‍ ഫതാവല്‍ കുബ്‌റാ 6/159).

 

കടം കൊടുക്കുക ഇസ്‌ലാമില്‍ ഒരു പുണ്യകര്‍മമാണ്. ഉള്ളവനേ അത് കൊടുക്കേണ്ടതുള്ളൂ, ഇല്ലാത്തവനേ അത് ചോദിക്കേണ്ടതുമുള്ളൂ. ആ ഇല്ലായ്മ ചൂഷണോപാധിയാക്കാവതല്ല. അതുകൊണ്ടു തന്നെ കടം കൊടുത്തവന്‍ ആ പേരില്‍ പറ്റുന്ന ഏതൊരാനുകൂല്യവും പലിശയുടെ ഇനത്തിലാണ് ഇസ്‌ലാം പെടുത്തിയിരിക്കുന്നത് (കുല്ലു ഖര്‍ദിന്‍ ജര്‍റ നഫ്അന്‍ ഫഹുവ രിബാ).

 

ഇനി ചോദ്യത്തിലേക്ക് കടക്കാം. ഇവിടെ അഞ്ച് ലക്ഷം താങ്കളില്‍ നിന്ന് കടം വാങ്ങിയ ആളുടെ വീട് യഥേഷ്ടം ഉപയോഗിക്കുകയാണ്. ചുരുങ്ങിയത് 2500 രൂപ വാടക കിട്ടാവുന്ന ഒരു വീട്. എന്ന് വച്ചാല്‍ പ്രതിവര്‍ഷം 30000 രൂപ. അത് അഞ്ച് വര്‍ഷമായാല്‍ 150000 രൂപ. അഞ്ച് വര്‍ഷം കഴിഞ്ഞ് അഞ്ച് ലക്ഷം തരുമ്പോള്‍ വീടൊഴിഞ്ഞ് കൊടുക്കുന്നു. 5 ലക്ഷം കടം കൊടുത്ത് 5 വര്‍ഷം കഴിഞ്ഞ് 5 ലക്ഷം മാത്രമേ തിരിച്ച് വാങ്ങിച്ചുള്ളൂ, ഇവിടെ എവിടെ പലിശ വാങ്ങല്‍ എന്ന് ചോദിച്ചേക്കാം. അതെ, പലിശയുണ്ട്. അത് നേരത്തെ പറഞ്ഞ വീടിന്റെ വാടകയാണ്. അതായത്, അഞ്ച് വര്‍ഷം ഇദ്ദേഹത്തിന്റെ വീട് ഫ്രീയായി ഉപയോഗിച്ചു എന്നത്. സുമാര്‍ ഒന്നര ലക്ഷം അതുവഴി വന്നുചേര്‍ന്നു. അപ്പോള്‍ കടം കൊടുത്ത വ്യക്തിക്ക് 5 ലക്ഷം കൊണ്ട് ആറര ലക്ഷത്തിന്റെ ഫലമുണ്ടായി. ഇതിന്റെ പേര് ‘പണയം’ എന്നാണ് എന്ന് പറഞ്ഞതുകൊണ്ട് തീരുന്നത്ര നിസ്സാരമല്ല ഈ ഇടപാട്. കാരണം പണയ വസ്തു പണയം സ്വീകരിച്ചവന് ഉപയോഗിക്കാവതല്ല എന്നതാണ് ഇസ്‌ലാമിക നിയമം. ഉടമസ്ഥന്റെ അനുവാദവും തൃപ്തിയും ഹറാമിനെ ഹലാലാക്കുകയില്ല. ഇനി ദാനം എന്ന് പറഞ്ഞാലും ഇത് തന്നെയാണ് സ്ഥിതി. പേരിലല്ല ഇടപാടുകളുടെ രീതിയും സ്വഭാവവും വ്യവസ്ഥയുമാണ് അവയുടെ വിധി നിര്‍ണയിക്കുന്നതിന്റെ മാനദണ്ഡം. ഇനി ഈ വിഷയത്തില്‍ ഇമാമുകള്‍ കൂടി പറയുന്നത് നോക്കാം.

 

ഇമാം ഇബ്‌നു ഖുദാമ പറയുന്നു: ”പണയം വെച്ച വസ്തു ഉപയോഗിക്കാനുള്ള അനുവാദം ഉടമസ്ഥന്‍ പണയം സ്വീകരിച്ചയാള്‍ക്ക്, പകരമായി മറ്റൊന്നും ആവശ്യപ്പെടാതെ നല്‍കിയെന്നിരിക്കട്ടെ, കടം വാങ്ങിയതിന്റെ ഗ്യാരണ്ടിയായിട്ട് പണയം വെച്ചതാണെങ്കില്‍ അങ്ങനെ ചെയ്യുന്നത് അനുവദനീയമല്ല, കാരണം അത് ഒരു നിശ്ചിത ആനുകൂല്യം (പ്രയോജനം, ഉപകാരം) ഉളവാക്കുന്ന കടമിടപാടായിത്തീരുന്നു. അതാകട്ടെ വ്യക്തമായ ഹറാമുമാണ്” (മുഗ്‌നി 4/250). അദ്ദേഹം തുടരുന്നു: ”ഇമാം അഹ്മദ് പറഞ്ഞു: വീട് പണയമാക്കി കൊണ്ടുള്ള കടമിടപാട്ഞാന്‍ വെറുക്കുന്നു. അത് ശുദ്ധമായ പലിശയാണ്” (മുഗ്‌നി 4/250). എന്ന് വെച്ചാല്‍ താങ്കള്‍ക്ക് യഥേഷ്ടം ഉപയോഗിക്കാം എന്ന് പറഞ്ഞുകൊണ്ട് കടത്തിന്റെ ഗ്യാരണ്ടിയായി വീട് ഈട് വെച്ചാല്‍ വീട് ആ അടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന്. എന്നാല്‍ അതിന് പ്രത്യേക വാടക നിശ്ചയിക്കുകയും അത് താന്‍ ഒടുക്കേണ്ട കടത്തില്‍ നിന്ന് കുറക്കുകയോ, വാടക വസൂലാക്കുകയോ ചെയ്തുകൊണ്ടാണെങ്കില്‍ അത് അനുവദനീയമാണ്. ‘പകരം ഒന്നും വാങ്ങാതെ’ എന്ന് പറഞ്ഞത് അതുകൊണ്ടാണ്.

 

കടം കൊടുക്കുന്നത് ഭൗതിക വീക്ഷണത്തില്‍ നഷ്ടമാണ്. തനിക്ക് വരുമാനം വര്‍ധിപ്പിക്കാന്‍ കഴിയുന്ന തുകയാണല്ലോ നല്‍കുന്നത്. എന്നാല്‍ ഇസ്‌ലാമിക വീക്ഷണത്തില്‍ ആവശ്യക്കാരന് കടം കൊടുക്കുന്നത് ദാനത്തേക്കാള്‍ പുണ്യം ലഭിക്കുന്ന സല്‍കര്‍മ്മമാണ്. അതിന്റെ ലാഭം അല്ലാഹുവിന്റെ അടുക്കലാണ് വിശ്വാസി പ്രതീക്ഷിക്കുന്നത്.

 

എന്നാല്‍ ഇന്ന് പലയിടത്തും നടപ്പുള്ളത് കടം മേടിച്ചവന്‍ അത് തിരിച്ചടക്കും വരെ താന്‍ ഈടായി സ്വീകരിച്ച വസ്തുവഹകള്‍ യഥേഷ്ടം ഒരു പൈസ പോലും വാടക കൊടുക്കാതെ ഉപയോഗിക്കുക എന്നതാണ്. അത് ഒട്ടും അനുവദനീയമല്ല എന്നാണ് ഇസ്‌ലാമിക ശരീഅത്തിന്റെ വിധി.

 

ഈ അഞ്ച് ലക്ഷം രൂപ നിര്‍ബന്ധമായും തിരിച്ചടക്കും എന്ന വ്യവസ്ഥയില്‍ മാത്രം സ്വീകരിക്കുന്നതാണ്. അത് ബിസിനസ്സില്‍ ഉള്ള പങ്കാളിത്തമോ, ദാനമോ, സമ്മാനമോ ഒന്നുമല്ല. അതുകൊണ്ട് തന്നെ കടവുമായി ബന്ധപ്പെട്ട എല്ലാ വിധികളും നിര്‍ബന്ധമായും അതിനും ബാധകമാകുന്നു. കടം കൊടുത്തവന്‍ ആ പേരില്‍ പറ്റുന്ന എല്ലാതരം ആനുകൂല്യങ്ങളും പലിശയാണെന്ന കാര്യത്തില്‍ ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമില്ല. വലിയ സംഖ്യ കടമായി നല്‍കാന്‍ സന്നദ്ധരാകുന്നവര്‍ക്ക് പലിശ വാങ്ങല്‍ ഹറാമാണെന്നറിയാം. 5 ലക്ഷം കടം കൊടുത്ത് 6 ലക്ഷം തിരിച്ച് വാങ്ങുന്നത് പലിശയാണല്ലോ. ഈയൊരു വിധിയെ മറികടക്കാന്‍ ചിലര്‍ കണ്ടെത്തിയ കൗശലമാണ് ഇത്. റൊക്കം പണമായി വാങ്ങാതെ വാങ്ങിച്ചവന്റെ വീടോ മറ്റു വസ്തുവഹകളോ അനുഭവിക്കുക. അതിന് വാടകയോ മറ്റോ നല്‍കാതിരിക്കുകയും ചെയ്യുക. അല്ലാഹുവിന്റെ താക്കീത് ഇവിടെ ഇത്തരക്കാര്‍ ഓര്‍ക്കുന്നത് നന്ന്.

 

”ആര്‍ക്കെങ്കിലും തന്റെ നാഥനില്‍നിന്നുള്ള ഈ ഉപദേശം വന്നെത്തുകയും അങ്ങനെ പലിശയിടപാടില്‍നിന്ന് വിരമിക്കുകയും ചെയ്താല്‍, അയാള്‍ മുമ്പ് അനുഭവിച്ചത് അനുഭവിച്ചു കഴിഞ്ഞു. ഇനി അവന്റെ കാര്യം അല്ലാഹുവിങ്കലാകുന്നു. ഈ വിധിക്കുശേഷം ഇതേ ഇടപാട് തുടരുന്നവരാരോ, അവര്‍ നരകാവകാശികള്‍ തന്നെയാകുന്നു” (അല്‍ബഖറ 275). ”ഇനി പശ്ചാത്തപിക്കുക(പലിശ വര്‍ജിക്കുക)യാണെങ്കില്‍ സ്വന്തം മൂലധനം തിരിച്ചെടുക്കാവുന്നതാകുന്നു; നിങ്ങള്‍ അക്രമം പ്രവര്‍ത്തിക്കാതെയും അക്രമിക്കപ്പെടാതെയും. നിങ്ങളുടെ കടക്കാരന്‍ ഞെരുക്കത്തിലാണെങ്കില്‍ അയാള്‍ക്ക് ക്ഷേമമാകുന്നതു വരെ അവധി കൊടുക്കുക. അതു ദാനമായി നല്‍കുന്നതാണ് ഏറെ ഉത്തമം. നിങ്ങള്‍ ഗ്രഹിക്കുന്നവരാണെങ്കില്‍. അല്ലാഹുവിങ്കലേക്കു മടക്കപ്പെടുന്ന ആ നാളിലെ അപമാനത്തില്‍നിന്നും ആപത്തില്‍നിന്നും നിങ്ങള്‍ രക്ഷതേടുവിന്‍. അന്ന്, ഓരോ മനുഷ്യന്നും അവന്‍ നേടിവച്ച നന്മതിന്മകളുടെ പരിപൂര്‍ണ പ്രതിഫലം നല്‍കപ്പെടുന്നതാകുന്നു. ആരുടെ നേരെയും യാതൊരക്രമവുമുണ്ടാകുന്നതല്ല” (അല്‍ബഖറ 281).

ഞാന്‍ എന്റെ ഒരു ഷോപ്പ് വേറൊരാള്‍ക്ക് നടത്താന്‍ കൊടുക്കുന്നു. ഓരോ മാസവും ഒരു നിശ്ചിത സംഖ്യ തരണം എന്ന വ്യവസ്ഥയിലാണിത്. ലാഭം കൂടിയാലും കുറഞ്ഞാലും; അതവന്റെ കാര്യം, എനിക്ക് നിശ്ചിത തുക തന്നുകൊള്ളണം. ഈ ഇടപാട് ഇസ്‌ലാമിക ദൃഷ്ട്യാ സാധുവാണോ? അല്ലെങ്കില്‍ എന്തുകൊണ്ട്?

 

അറിവില്ലായ്മ കാരണം ഒരുപാട് സഹോദരങ്ങള്‍ നിഷിദ്ധതകളില്‍ പെട്ടുപോകുന്ന മേഖലയാണ് സാമ്പത്തിക രംഗം. അവരില്‍ നല്ല ദീനീനിഷ്ഠയുള്ളവര്‍ കൂടി ഉണ്ടെന്നതാണ് സങ്കടം. അവരുടെ ദീനീനിഷ്ഠ കേവലം ആരാധനാ കാര്യങ്ങളില്‍ പരിമിതമാണ്. ചോദ്യകര്‍ത്താവുന്നയിച്ച വിഷയം വ്യക്തമായിത്തന്നെ ഇസ്‌ലാം കൈകാര്യം ചെയ്തിട്ടുണ്ട്. ഇവിടെ തന്റെ ഷോപ്പ് നടത്താന്‍ കൊടുത്തു എന്നാണ് പറഞ്ഞിരിക്കുന്നത്. വാടകക്ക് കൊടുത്തു എന്നല്ല. വാടകക്ക് കൊടുത്തതായിരുന്നെങ്കില്‍ മാസാമാസം ഒരു നിശ്ചിത തുക നേരത്തെ നിശ്ചയിച്ചുറപ്പിച്ചതനുസരിച്ച് തന്നെ വസൂലാക്കാന്‍ തീര്‍ച്ചയായും താങ്കള്‍ക്ക് അവകാശമുണ്ട്. ഷോപ്പിന്റെ ലാഭ നഷ്ടങ്ങള്‍ ഇവിടെ പരിഗണനീയമല്ല.

 

എന്നാല്‍, നടത്താന്‍ കൊടുത്തു എന്നുപറഞ്ഞ സ്ഥിതിക്ക് ഇവിടെ മുതലാളിയും തൊഴിലാളിയും എന്നതുപോലെയുള്ള ബന്ധമാണ് സ്ഥിരപ്പെടുന്നത്. ഷോപ്പും അതിലെ വസ്തുക്കളും താങ്കളുടേതും മറുകക്ഷി കച്ചവടം ചെയ്യുന്നവനും. ഇതിന് ഇസ്‌ലാമിന്റെ സാങ്കേതിക ഭാഷയില്‍ ‘മുദാറബ’ എന്നാണ് പറയുക. ഇത്തരം ഇടപാടിലേര്‍പ്പെടുന്നവര്‍ തങ്ങളുടെ ഇടപാട് ഇസ്‌ലാമികവും സാധുവുമാകണമെങ്കില്‍ അനിവാര്യമായും ചില നിബന്ധനകള്‍ പാലിച്ചിരിക്കണം. അല്ലാത്തപക്ഷം ഇടപാട് അസാധുവാകുന്നതും അതിലൂടെ നേടുന്ന വരുമാനം നിഷിദ്ധവും കുറ്റകരവുമായിത്തീരുന്നതുമാണ്. ഇവിടെ മാസം തോറും ഒരു നിശ്ചിത തുക മറ്റേ കക്ഷി നല്‍കണമെന്ന വ്യവസ്ഥ പൂര്‍ണ്ണമായും തെറ്റാണ്.

 

ഇമാം ഇബ്‌നു ഖുദാമ പറഞ്ഞു: ”പങ്കാളികളിലാരെങ്കിലും തന്റെ ലാഭവിഹിതം നിര്‍ണ്ണിത എണ്ണം ദിര്‍ഹം നിശ്ചയിക്കുകയോ, അല്ലെങ്കില്‍ ഒരു ഭാഗവും 10 ദിര്‍ഹമും എന്ന് നിശ്ചയിക്കുകയോ ചെയ്താല്‍ ആ ഇടപാട് അതോടെ ബാത്വിലായി.” ഇമാം ഇബ്‌നുല്‍ മുന്‍ദിര്‍ പറഞ്ഞു: ”കൂറുകച്ചവടത്തില്‍ പങ്കാളികളിലാരെങ്കിലുമൊരാളോ ഇനി രണ്ടു പേരുമോ തങ്ങളുടെ ലാഭവിഹിതം സുനിര്‍ണിതമായ സംഖ്യ നിബന്ധനയായി വെച്ചാല്‍ ആ ഇടപാട് അസാധുവാണെന്ന കാര്യത്തില്‍ പണ്ഡിതന്മാരെല്ലാം ഏകോപിച്ചിരിക്കുന്നു. ആ ഇടപാട് അസാധുവാകുന്നത് രണ്ട് വിധമാണ്. ഒന്ന്: നിര്‍ണിത സംഖ്യ ഉപാധി വെച്ചാല്‍ ആകെ ലാഭം അത് മാത്രമാകാം, അപ്പോള്‍ കിട്ടിയ ലാഭം മുഴുവന്‍ ഒരാള്‍ക്ക് മാത്രമായി ചുരുങ്ങും. ലാഭം നിശ്ചിത തുകയേക്കാള്‍ കുറഞ്ഞെന്നും വരാം. അപ്പോള്‍ മുതലില്‍ നിന്നും എടുത്ത് കൊടുക്കേണ്ടിവരും. ഇനി ലാഭം ഉപാധി വെച്ചതിനേക്കാള്‍ അധികമാണെങ്കില്‍ ഉപാധിവെച്ചവന് അത് നഷ്ടപ്പെടുകയും ചെയ്യും. രണ്ട്: അധ്വാനിക്കുന്ന തൊഴിലാളിയുടെ വിഹിതം (ശതമാനക്കണക്കില്‍) കൃത്യമായി നിര്‍ണയിക്കേണ്ടതുണ്ട്. അതിന്റെ തോത് ക്ലിപ്തപ്പെടുത്തുക സാധ്യമല്ലാത്തതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. അതിലെ അവ്യക്തത മൂലം ഇടപാട് ദുര്‍ബലമായിത്തീരും. കാരണം, തൊഴിലാളി ഇത്ര ദിര്‍ഹം തനിക്കവകാശപ്പെട്ടതാണെന്ന് എപ്പോള്‍ വ്യവസ്ഥ വെക്കുന്നുവോ അത് ഒരുവേള പരമാവധി ലാഭം വര്‍ദ്ധിപ്പിക്കുന്നതില്‍ നിന്ന് അവനെ അലസനാക്കിയേക്കാം. കാരണം അങ്ങനെ വര്‍ധിപ്പിക്കുന്നതുകൊണ്ട് മറുകക്ഷിക്കല്ലാതെ തനിക്ക് പ്രത്യേകിച്ച് നേട്ടമൊന്നുമില്ലല്ലോ” (കൂടുതല്‍ വിശദീകരണത്തിന് അല്‍മുഗ്‌നി 5/28 നോക്കുക).

 

ആധുനിക പണ്ഡിതന്മാരും ഫുഖഹാക്കളും ഇതു സംബന്ധമായി പുറപ്പെടുവിച്ച ഫത്‌വകളും വ്യത്യസ്തമല്ല. റാബിത്വയുടെ കീഴിലുള്ള ഫിഖ്ഹ് കൗണ്‍സില്‍ അതിന്റെ 14ാം സമ്മേളനത്തില്‍ ഈ വിഷയത്തില്‍ എത്തിച്ചേര്‍ന്ന തീരുമാനം ഇങ്ങനെ വായിക്കാം. ”കൂറുകച്ചവടക്കാരന്‍ നടത്തിപ്പുകാരന്റെ മേല്‍ നിശ്ചിത തുക ലാഭം നിശ്ചയിക്കാന്‍ പാടില്ല. കാരണം അത് കൂറുകച്ചവടത്തിന്റെ ചൈതന്യത്തിന് എതിരാകുന്നു. അത് പലിശക്ക് കടം കൊടുക്കലായിത്തീരുകയും ചെയ്യും. ലാഭം ഒരുവേള ഈ നിശ്ചയിച്ചതിനേക്കാള്‍ ഒട്ടും അധികം ഇല്ലാതിരിക്കാം. അങ്ങനെ വരുമ്പോള്‍ മുഴുവന്‍ സംഖ്യയും അവന്‍ സ്വന്തമാക്കും. ഇനി സംരംഭം നഷ്ടത്തിലാവുകയോ, ലാഭം നിശ്ചയിച്ചതിനേക്കാള്‍ കുറയുകയോ ചെയ്താല്‍ നഷ്ടം നടത്തിപ്പുകാരന്‍ മാത്രം സഹിക്കേണ്ടിയും വരും.” അതിനാല്‍, ലഭിക്കുന്ന ലാഭത്തിന്റെ ഒരു നിശ്ചിത ശതമാനം തനിക്ക് എന്ന് താങ്കള്‍ വ്യവസ്ഥ ചെയ്യുകയാണ് വേണ്ടത്. കിട്ടുന്ന ലാഭം എത്രയാണെന്ന് പ്രവചിക്കാനാവാത്തതിനാല്‍ ശതമാനമനുസരിച്ച് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരിക്കും. അതുപോലെ തന്നെ നേരത്തെ വ്യവസ്ഥ ചെയ്തിരിക്കേണ്ട മറ്റൊരു പ്രധാന കാര്യമാണ് നഷ്ടം സംഭവിച്ചാലത്തെ സ്ഥിതി. ‘മുദാറബ’യില്‍ മുതല്‍ മുടക്കിയവന്‍ അതില്‍നിന്നും, അദ്ധ്വാനിച്ചവന്‍ തന്റെ അധ്വാനത്തില്‍ നിന്നുമാണ് നഷ്ടം സഹിക്കേണ്ടത്. അതിനാല്‍ താങ്കളും മറ്റേ കക്ഷിയും തമ്മിലുള്ള കരാര്‍ ഈയടിസ്ഥാനത്തില്‍ പുതുക്കി നിശ്ചയിക്കുകയും അതിനയാള്‍ കൂട്ടാക്കുന്നില്ലെങ്കില്‍ ഇടപാട് എത്രയും പെട്ടെന്ന് അവസാനിപ്പിക്കുകയുമാണ് വേണ്ടത്.

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *