കുടുംബങ്ങള്‍തമ്മിലുള്ള പിണക്കവും മാതാപിതാക്കളുടെ ദുര്‍വാശിയും

സാമ്പത്തികമായോ ശാരീരികമായോ യാതൊരു അല്ലലും അലട്ടുമില്ലാത്ത കുടുംബമാണ് ഞങ്ങളുടേത്. പക്ഷേ വളരെ അടുത്ത ബന്ധുക്കളുമായി പിണക്കത്തിലാണ്. നമ്മളോട് അനീതി ചെയ്തവരോട് യാതൊരു ബന്ധവുമരുത് എന്നാണ് മക്കളായ ഞങ്ങളോടുള്ള മാതാപിതാക്കളുടെ കര്‍ശന നിര്‍ദേശം. എന്നാല്‍, ഞങ്ങള്‍ക്കാകട്ടെ പിണക്കത്തിന്റെ പഴയ കഥകളുമായി ഒരു ബന്ധവുമില്ലാത്തതിനാല്‍ ബന്ധുക്കളുമായി നല്ല നിലയില്‍ കഴിയണമെന്നാണാഗ്രഹം. ഈ നടപടി മാതാപിതാക്കളെ ധിക്കരിക്കലാവുമോ?

 

നമ്മുടെ നാട്ടില്‍ ധാരാളമായി കണ്ടുവരുന്ന ഒരു പ്രവണതയിലേക്കാണ് ചോദ്യകര്‍ത്താവ് വിരല്‍ചൂണ്ടുന്നത്. ഖുര്‍ആനില്‍നിന്നും തിരുചര്യയില്‍നിന്നും മാര്‍ഗദര്‍ശനം സ്വീകരിക്കാതെ കേവലം ഭൗതികമായ മാനദണ്ഡങ്ങള്‍വെച്ച് കാര്യങ്ങള്‍ വിലയിരുത്തുകയും നിലപാട് സ്വീകരിക്കുകയും ചെയ്യുമ്പോഴുണ്ടാവുന്ന സ്വാഭാവിക ഫലമാണിതെല്ലാം. ഒരു മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം അവന്റെ ജീവിതം ഖുര്‍ആന്റെയും തിരുചര്യയുടെയും അടിസ്ഥാനത്തില്‍തന്നെ രൂപപ്പെടുത്തേണ്ടതുണ്ട്. അതിലൂടെ മാത്രമേ ഇരുലോകത്തും ഐശ്വര്യപൂര്‍ണമായ ജീവിതം ആസ്വദിക്കാനാകൂ. അതിനാല്‍ ഇത്തരം സാഹചര്യങ്ങളെ അല്ലാഹുവും റസൂലും കൈകാര്യം ചെയ്തതെങ്ങനെയായിരുന്നു എന്നതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രം ഇവിടെ പകര്‍ത്തുന്നു.

 

പ്രവാചക പത്‌നി ആഇശ(റ)യെപ്പറ്റി കപടവിശ്വാസികള്‍ അപവാദം പറഞ്ഞുപരത്തിയ സംഭവം. വ്യഭിചാരാരോപണം നടത്തി നബികുടുംബത്തെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു അവര്‍. സംഭവത്തിന്റെ ഗൗരവമെന്തെന്ന് ആലോചിക്കാതെ ചില സാധുമുസ്‌ലിംകളും ആ അപവാദ പ്രചാരണത്തില്‍ പങ്കുചേരുകയുണ്ടായി. അതിലൊരാളായിരുന്നു മിസ്ത്വഹ് എന്ന സ്വഹാബി. അബൂബക്‌റി(റ)ന്റെ എളാമ്മയുടെ മകനായിരുന്നു അദ്ദേഹം. ആഇശയാകട്ടെ അബൂബക്‌റിന്റെ മകളും. അബൂബക്‌റിന്റെ ചെലവിലും ഔദാര്യത്തിലുമായിരുന്നു മിസ്ത്വഹ് ജീവിച്ചു പോന്നിരുന്നത്. ആ കടപ്പാട് വിസ്മരിച്ച് അദ്ദേഹം മുനാഫിഖുകളുടെ പ്രചാരണത്തില്‍ പെട്ടുപോയി. പാലു കൊടുത്ത കൈക്ക് തിരിഞ്ഞുകൊത്തി എന്ന് പറഞ്ഞപോലെ. നബി(സ)യും അബൂബക്‌റും മഹതി ആഇശയും ഉള്‍പ്പെടെ മുസ്‌ലിം മദീനയെ മൊത്തം ഉദ്വേഗത്തിന്റെയും ഉത്കണ്ഠയുടെയും മുള്‍മുനയില്‍ നിര്‍ത്തിയ ഈ കുപ്രചാരണത്തിന്റെ പൊള്ളത്തരവും ആഇശയുടെ നിരപരാധിത്വവും അല്ലാഹു നേരിട്ട് ദിവ്യവെളിപാടിലൂടെ വ്യക്തമാക്കുകയായിരുന്നു. സൂറത്തുന്നൂറിലെ 11 മുതല്‍ 20 വരെ സൂക്തങ്ങള്‍ ഈ പശ്ചാത്തലത്തിലാണവതീര്‍ണമായത്. ആരോപിതരായ തിരുമേനിയും കുടുംബവും ഏറെ സമാശ്വസിച്ചു. എന്നാല്‍ മിസ്ത്വഹിന്റെ ചെയ്തിയെ ഏതൊരു പിതാവിനെയും പോലെ അബൂബക്‌റിന് മറക്കാനോ പൊറുക്കാനോ കഴിഞ്ഞില്ല. അതിനാല്‍, മിസ്ത്വഹിന് ഇതുവരെ തുടര്‍ന്നുവന്നിരുന്ന സഹായം മേലില്‍ തുടരില്ലെന്ന് അദ്ദേഹം ശപഥംചെയ്തു. എന്നാല്‍ ഇവിടെയും, വികാരങ്ങള്‍ക്ക് വശംവദരായി സത്യവിശ്വാസികള്‍ അവരുടെ തനിമയും സംസ്‌കാരവും കൈയൊഴിച്ചുകൂടാ എന്ന് ലോകാവസാനം വരെയുള്ള വിശ്വാസികളെ പഠിപ്പിക്കാനായി ഒരു ദിവ്യസൂക്തം (അന്നൂര്‍ 22) തന്നെ അവതരിപ്പിച്ചുകൊണ്ട് അല്ലാഹു നേരിട്ടിടപെടുകയാണുണ്ടായത്.

 

ദൈവിക ശാസനകളെ മറ്റെന്തിനെക്കാളുമേറെ വിലമതിച്ചിരുന്ന അബൂബക്‌റിന്റെ പ്രതികരണം വളരെ പെട്ടെന്നായിരുന്നു. ‘അതെ, അല്ലാഹു എനിക്ക് പൊറുത്ത് തരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു’ എന്ന് പറഞ്ഞ് മിസ്ത്വഹിന് നല്‍കിയിരുന്ന എല്ലാ സഹായങ്ങളും പുനരാരംഭിക്കുകയായിരുന്നു അദ്ദേഹം.

 

തങ്ങളോട് അനീതി ചെയ്തവരോട് പോലും ബന്ധങ്ങള്‍ ഊഷ്മളമാക്കുകയും ചാര്‍ച്ചകള്‍ ചേര്‍ക്കുകയും ചെയ്യുന്നവരാണ് യഥാര്‍ഥ വിശ്വാസികള്‍.  അബൂഹൂറയ്‌റയില്‍ നിന്ന് ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നു: ഒരാള്‍ തിരുദൂതരോട് പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, എനിക്ക് ചില ബന്ധുക്കളുണ്ട്. ഞാനവരോട് ബന്ധം ചാര്‍ത്തുന്നു. അവരെന്നോട് ബന്ധം വിഛേദിക്കുന്നു. ഞാനവര്‍ക്ക് നന്മ ചെയ്യുന്നു. അവരെന്നോട് മോശമായി പ്രതികരിക്കുന്നു. അവരെന്നോട് അവിവേകം കാണിക്കുന്നു. ഞാനാകട്ടെ സഹനമവലംബിക്കുന്നു.’ അപ്പോള്‍ തിരുമേനി പറഞ്ഞു. ‘നീ ഈ പറഞ്ഞതു തന്നെയാണ് നിന്റെ സമീപനമെങ്കില്‍ നീ അവരെക്കൊണ്ട് ചുടുചാരം തീറ്റിക്കുകയാണ് ചെയ്യുന്നത്. നീ ഈ സമീപനം സ്വീകരിക്കുന്ന കാലത്തോളം അവര്‍ക്കെതിരെ നിന്നോടൊപ്പം അല്ലാഹുവിന്റെ ഒരു സഹായി എപ്പോഴുമുണ്ടായിരിക്കും’ (മുസ്‌ലിം, കുടുംബബന്ധത്തിന്റെ അധ്യായം:  6689).

 

ഇവിടെ ‘ചുടുചാരം-തീയുള്ള വെണ്ണീര്‍-തീറ്റിക്കുക’ എന്നതുകൊണ്ടുള്ള ഉദ്ദേശ്യം ഇമാം നവവിയെപ്പോലുള്ള പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതെന്തെന്നാല്‍, താങ്കളുടെ ഈ മഹിതമായ സമീപനത്തോടുള്ള അവരുടെ പ്രതികരണം അവര്‍ അഗ്നി നിറഞ്ഞ വെണ്ണീര്‍ ഭക്ഷിക്കുന്നതിന് തുല്യമാണ് എന്നാണ്; താങ്കള്‍ ഈ ഉത്തമ സ്വഭാവം പുലര്‍ത്തുന്ന കാലത്തോളം അല്ലാഹുവിന്റെ താങ്ങും തണലും താങ്കളോടൊപ്പം ഉണ്ടായിക്കൊണ്ടിരിക്കും എന്നുമാണ്. അതു കൊണ്ടാണ്, ‘ഉള്ള ബന്ധം നിലനിര്‍ത്തുക എന്നതിലുപരി വിഛേദിക്കപ്പെട്ട ബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കുന്നവനാണ് യാഥാര്‍ഥത്തില്‍ ബന്ധം ചേര്‍ക്കുന്നവന്‍’ എന്ന് തിരുമേനി പഠിപ്പിച്ചിട്ടുള്ളത്.

 

ഗുരുതരമായ തെറ്റ് ചെയ്ത  മിസ്ത്വഹിനോട് നിസ്സഹകരണം പ്രഖ്യാപിച്ച സിദ്ദീഖുല്‍ അക്ബറിനോട് ‘അല്ലാഹു പൊറുത്ത് തരണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലേ’ എന്ന ഖുര്‍ആന്റെ ചോദ്യം (അന്നൂര്‍ 22) ശ്രദ്ധേയമാണ്. അഥവാ എല്ലാം തികഞ്ഞവരും തെറ്റുപറ്റാത്തവരുമായി ആരുണ്ട്, അല്ലാഹുവിന്റെ മാപ്പും പാപമോചനും ആവശ്യമില്ലാത്തവണ്ണം പരിശുദ്ധരായി ആരുണ്ട് എന്നാണ് അല്ലാഹു ചോദിക്കുന്നത്. ഈ ചോദ്യത്തിന്, ‘നാഥാ നിന്റെ കൃപയും നിന്റെ മാപ്പും ഏറെ ആവശ്യമുളളവനാണ് ഞാന്‍’ എന്ന് പറഞ്ഞുകൊണ്ട് മാതൃകാപരവും മഹത്തരവുമായ സമീപനമായിരുന്നു സിദ്ദീഖ് കൈക്കൊണ്ടത്. എങ്കില്‍പിന്നെ അത്തരം മഹത്തുക്കളുടെ ചാരത്ത്‌പോലും എത്താന്‍ കഴിയാത്ത, ധാരാളം വീഴ്ചകളും കുറവുകളുമുള്ള നമ്മള്‍ എത്രമാത്രം വിട്ടുവീഴ്ചയും വിശാല മനസ്‌കതയും അനുവര്‍ത്തിക്കേണ്ടതുണ്ടെന്ന് എല്ലാവരും ഓര്‍ക്കുന്നത് നന്ന്. നാമെല്ലാം ആഗ്രഹിക്കുന്ന കാര്യമാണ് ആരോഗ്യത്തോടെ, പരാശ്രയമോ ദാരിദ്ര്യമോ ഇല്ലാതെ ആയുര്‍ ദൈര്‍ഘ്യത്തോടെ ജീവിക്കണമെന്നത്. അതിനുള്ള ഉത്തമ മാര്‍ഗമായി നബി തിരുമേനി പഠിപ്പിച്ചു തന്നത് കുടുംബബന്ധം ഊഷ്മളമാക്കുക എന്നതാണ്. അവിടുന്ന് ഒരിക്കല്‍ പറയുകയുണ്ടായി: ‘ആര്‍ തനിക്ക് അല്ലാഹു  നല്‍കിയ വിഭവങ്ങളില്‍ വര്‍ധനവും ആയുസ്സില്‍ ദൈര്‍ഘ്യവും ഉദ്ദേശിക്കുന്നുവോ, അവര്‍ തന്റെ കുടുംബബന്ധം ചേര്‍ത്തുകൊള്ളട്ടെ.’

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *