നമസ്‌കാരം ഖസ്‌റാക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?

നമസ്‌കാരം ഖസ്‌റാക്കുന്നവര്‍ ഗൗരവപൂര്‍വം ഓര്‍ത്തിരിക്കേണ്ട ചില കാര്യങ്ങള്‍:

 

  1. യാത്ര പുറപ്പെട്ട ശേഷമേ ഖസ്‌റാക്കാനുള്ള ഇളവ് ഉപയോഗപ്പെടുത്താവൂ. യാത്ര അവസാനിച്ച ശേഷവും ഖസ്‌റാക്കാന്‍ പാടുള്ളതല്ല. ഇത് പക്ഷേ ജംആക്കുന്നവര്‍ക്ക് ബാധകമല്ല. യാത്ര പുറപ്പെടുന്നതിനു മുമ്പും യാത്ര അവസാനിപ്പിച്ചശേഷവുമെല്ലാം നമസ്‌കാരം ജംആക്കാവുന്നതാണ്.

 

  1. യാത്ര എന്ന് പൊതുവെ പറയപ്പെടുന്ന ദൂരമെങ്കിലും വഴിദൂരമുള്ളവര്‍ക്കാണ് ഈ ഇളവുള്ളത്. ഇത്ര കിലോമീറ്റര്‍, ഇത്ര മൈല്‍ എന്ന് തുടങ്ങിയ കാര്യത്തില്‍ ഇരുപതിലധികം അഭിപ്രായങ്ങളാണുള്ളത് (ഫത്ഹുല്‍ ബാരി കാണുക). ഖുര്‍ആനിലും ഹദീസിലും യാത്ര എന്നു പറയുകയല്ലാതെ അതിന്റെ ദൂരം നിര്‍ണയിച്ചിട്ടില്ലാത്തതിനാലാണ് ഇങ്ങനെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുള്ളത്.

 

  1. യാത്രക്കാരന്‍ പൂര്‍ണ്ണമായി നമസ്‌കരിക്കുന്നവന്റെ പിന്നില്‍ മഅ്മൂമായിട്ടാണ് നമസ്‌കരിക്കുന്നതെങ്കില്‍ അയാളും ഇമാമിനെപ്പോലെ നാലു റക്അത്തുതന്നെ നമസ്‌കരിക്കേണ്ടതാണ്.

 

 

 

 

 

ഖസ്‌റാക്കാനുള്ള ഇളവ് ഉപയോഗപ്പെടുത്തുന്നത് നല്ലതല്ലെന്നും, സമയത്തിന് നമസ്‌കരിക്കാന്‍ സാധിക്കാത്തവര്‍ അവ പിന്നീട് ഖദാവീട്ടുകയാണ് വേണ്ടതെന്നും പറയുന്നതിന് ശാഫിഈ മദ്ഹബില്‍ വല്ല അടിസ്ഥാനവുമുണ്ടോ?

 

യാത്രക്കാരുടെ നമസ്‌കാരത്തെപറ്റി വിശദീകരിച്ചുകൊണ്ട് ഇമാം നവവി പറയുന്നു: യാത്രയില്‍ ഖസ്‌റാക്കുന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായക്കാരാണ്. എന്നാല്‍ ഇമാം ശാഫിഈ, ഇമാം മാലിക് തുടങ്ങി ഭൂരിഭാഗം പണ്ഡിതന്മാരുടെയും വീക്ഷണം യാത്രക്കാര്‍ ഖസ്‌റാക്കുന്നതാണ് ഉത്തമം എന്നാണ് (ശറഹു മുസ്‌ലിം).

 

ശാഫിഈ മദ്ഹബിലെ ഏറ്റവും ബൃഹത്തായ ഗ്രന്ഥത്തില്‍ ഇമാം നവവി തന്നെ രേഖപ്പെടുത്തുന്നു: നമസ്‌കാരം ഖസ്‌റാക്കലും ആക്കാതിരിക്കലുമൊക്കെ അനുവദനീയമാണെന്നതാണ് നമ്മുടെ മദ്ഹബ്. തുടര്‍ന്നദ്ദേഹം പറയുന്നു: ഇങ്ങനെ ഖസ്‌റാക്കാമെന്നത് കറാഹത്തായി ആരെങ്കിലും മനസ്സിലാക്കുകയോ, അതല്ലെങ്കില്‍ ഇങ്ങനെ ഖസ്‌റാക്കുന്നത് അനുവദനീയമാണെന്ന കാര്യത്തില്‍ സന്ദേഹിക്കുകയോ ചെയ്യുന്നവരെ സംബന്ധിച്ചേടത്തോളം ഖസ്‌റാക്കുകയെന്നതാണ് ഏറ്റവും ശ്രേഷ്ഠകരമായിട്ടുള്ളത്. എന്ന് മാത്രമല്ല ഇത്തരം പശ്ചാത്തലത്തില്‍ പൂര്‍ണമായി നമസ്‌കരിക്കുന്നത് കറാഹത്താവുക കൂടി ചെയ്യും. ഖസ്‌റാക്കാനുള്ള വൈമനസ്യം നീങ്ങുവോളം ഈ കറാഹത്തിന്റെ വിധിയും തുടരും. ഇത്തരം ഘട്ടത്തില്‍ എല്ലാതരം ഇളവുകളുടെയും കാര്യം ഇപ്രകാരം തന്നെ. ഇതേ അഭിപ്രായം തന്നെയാണ് ഉസ്മാനുബ്‌നു അഫ്ഫാന്‍, സഅദുബ്‌നു അബീ വഖാസ്, ആഇശ തുടങ്ങിയ മഹാന്മാരായ സ്വഹാബികളുടെതും. കൂടാതെ ഇബ്‌നു മസ്ഊദ്, ഇബ്‌നു ഉമര്‍, ഇബ്‌നു അബ്ബാസ്, ഇമാം മാലിക്, ഇമാം അഹ്മദ് തുടങ്ങിയ പന്ത്രണ്ടോളം സ്വഹാബിമാരുടെയും മറ്റു പ്രഗത്ഭരായ പണ്ഡിതന്മാരുള്‍പ്പെടെയുള്ള ബഹുഭൂരിഭാഗത്തിന്റെയും അഭിപ്രായവും ഇതുതന്നെയാണെന്നും അദ്ദേഹം തുടര്‍ന്നു പറയുന്നു (യാത്രക്കാരന്റെ നമസ്‌കാരം എന്ന ഭാഗം, അല്‍ മജ്മൂഅ്).

 

 

 

യാത്രാവേളകളില്‍ നബി(സ)യുടെ പതിവ് എന്തായിരുന്നു? അവിടുന്ന് നമസ്‌കാരം ഖസ്‌റാക്കാറുണ്ടായിരുന്നോ?

 

 

 

തിരുചര്യയെ അക്ഷരംപ്രതി ചാണിനു ചാണായി പിന്‍പറ്റിയ മഹാനായ സ്വഹാബി അബ്ദുല്ലാഹിബ്‌നു ഉമര്‍ പറയുന്നു: ഞാന്‍ റസൂല്‍(സ), അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) തുടങ്ങിയവരോടൊപ്പം യാത്ര ചെയ്തിട്ടുണ്ട്. അവരാരും യാത്രയില്‍ രണ്ട് റക്അത്തിലധികം നമസ്‌കരിക്കാറുണ്ടായിരുന്നില്ല (ബുഖാരി: 1084, മുസ്‌ലിം: 695).

 

ലോകത്തേറ്റവും കൂടുതല്‍ ആളുകള്‍ പിന്‍പറ്റുന്ന ഹനഫി മദ്ഹബിന്റെ വീക്ഷണമാകട്ടെ, ഖസ്‌റാക്കുക എന്നത് കേവലം അനുവദനീയമോ അഭികാമ്യമോ മാത്രമല്ല വാജിബ് (നിര്‍ബന്ധം) തന്നെ ആണെന്നാണ്.

 

ഭയാശങ്കകളുള്ള സന്ദര്‍ഭത്തില്‍ മാത്രം നല്‍കപ്പെട്ട ഒരിളവാണ് ഖസ്ര്‍ എന്നായിരിന്നു മഹാനായ ഉമറി(റ)ന്റെ ധാരണ. പിന്നീട് ഇസ്‌ലാമിക സമൂഹം പൂര്‍ണമായും സുരക്ഷിതമായപ്പോള്‍ അദ്ദേഹം തിരുമേനിയോട് ഇനിയും നമസ്‌കാരം ഖസ്‌റാക്കുന്നതിന്റെ പ്രസക്തിയെപറ്റി ചോദിക്കുകയുണ്ടായി. അന്നേരം തിരുമേനി പ്രതികരിച്ചതിങ്ങനെ: ”അല്ലാഹു നിങ്ങളോട് കാണിച്ച ഒരു ഔദാര്യമാണത്. ആ ഔദാര്യം നിങ്ങള്‍ സ്വീകരിക്കുക” (മുസ്‌ലിം, 1605).

 

അതിനാല്‍ ആവശ്യമില്ലാത്ത വസ്‌വാസുകളുണ്ടാക്കി അത്തരം ഇളവുകള്‍ ഒഴിവാക്കേണ്ടതില്ല. കാരുണ്യവാനായ നാഥന്‍ നല്‍കിയ ആനുകൂല്യം ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *