നമസ്‌കാരത്തിലെ അനുഷ്ഠാനങ്ങള്‍ചിലസംശയങ്ങള്‍

മസ്‌കാരത്തില്‍ ഒന്നാമത്തെ റക്അത്തില്‍ ഫാത്തിഹക്ക് മുമ്പ് ‘അഊദു’ ഓതിയാല്‍ തുടര്‍ന്ന് ഓരോ റക്അത്തിലും ‘അഊദ്’ ആവര്‍ത്തിക്കേണ്ടതുണ്ടോ?

നമസ്‌കാരത്തില്‍ വജ്ജഹ്ത്തു പോലെയുള്ള പ്രാരംഭ പ്രാര്‍ഥനക്ക് ശേഷം ഖുര്‍ആന്‍ പാരായണത്തിന് മുമ്പ് അഊദ് ഓതല്‍ സുന്നത്താകുന്നു. ”നീ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട് ശരണം തേടുക” എന്ന അന്നഹ്ല്‍ അധ്യായത്തിലെ 98-ാം ആയത്താണതിന് തെളിവ്. ഇമാം നവവി പറയുന്നു: ”ഒന്നാമത്തെ റക്അത്തില്‍ അഊദു ഓതല്‍ സുന്നത്താണെന്നതില്‍ ഏകാഭിപ്രായമുണ്ട്. ആദ്യത്തേതില്‍ അഊദു ഓതിയിട്ടില്ലെങ്കില്‍ രണ്ടാമത്തേതില്‍ ഓതുക. അതിലും ചെയ്യാത്ത പക്ഷം ശേഷമുള്ളതില്‍ ഓതുക. എന്നാല്‍, ആദ്യത്തേതില്‍ ഓതിയിട്ടുണ്ടെങ്കില്‍ രണ്ടാമത്തേതില്‍ സുന്നത്താണോ എന്നതില്‍ രണ്ട് വീക്ഷണമുണ്ട്. സുന്നത്താണ് എന്നതാണ് ഏറ്റവും ശരിയായ വീക്ഷണം. എന്നാല്‍ ഒന്നാമത്തേതിലാണ് കൂടുതല്‍ പ്രബലം” (ഹാശിയതു ഇആനതുത്ത്വാലിബീന്‍, ശറഹുല്‍ മഹല്ലി 1/176).

 

നമസ്‌കാരത്തില്‍ ഫാത്തിഹയില്‍ ബിസ്മി ചൊല്ലിയാല്‍ തുടര്‍ന്ന് ഓതുന്നത് സൂറത്തിന്റെ ഇടക്കുള്ള ഏതെങ്കിലും ആയത്താണെങ്കില്‍ (ഉദാ: ആയത്തുല്‍ കുര്‍സിയ്യ്) ബിസ്മി ഓതേണ്ടതുണ്ടോ?

 

ഖുര്‍ആന്‍ ഓതാനാരംഭിക്കുന്നത് ഒരു സൂറത്തിന്റെ തുടക്കം മുതലല്ല, ഇടക്ക് വെച്ചാണെങ്കില്‍ ബിസ്മി ഓതേണ്ടതില്ലെന്നും അഊദു ചൊല്ലി നേരെ ഓത്തിലേക്ക് കടക്കുകയാണ് വേണ്ടതെന്നുമാണ് ഏറ്റവും പ്രബലമായ വീക്ഷണം. ഇമാം ഇബ്‌നു മുഫ്‌ലിഹ് പറഞ്ഞു: ”അഊദു ഓതാതെ ബിസ്മി കൊണ്ട് പാരായണം തുടങ്ങുന്നതും, ഒരേ സൂറത്തിന്റെ ഇടക്ക് ബിസ്മി ചൊല്ലി വിവിധ ഭാഗങ്ങളാക്കുന്നതും കറാഹത്താണ്. അതൊരു പുണ്യകര്‍മമാണെന്ന് വിശ്വസിക്കുന്നതാകട്ടെ ഹറാമും” (അല്‍ഫുറൂഅ് 1/4). ഖുര്‍ആനില്‍ ഉള്ളതു പോലെ ഓതുക എന്ന് ഇമാം അഹ്മദ് പറയാറുണ്ടായിരുന്നു. അതായത് ഖുര്‍ആനില്‍ സൂറത്തുകളുടെ ആരംഭത്തിലാണല്ലോ ബിസ്മി ഉള്ളത്. എന്നാല്‍ ഖുര്‍ആനില്‍ നിന്ന് ഏതെങ്കിലും ഭാഗം പാരായണം ചെയ്യുമ്പോഴും ബിസ്മി ചൊല്ലാമെന്നും അഭിപ്രായമുണ്ട്. നമസ്‌കാരത്തില്‍ ഫാതിഹക്ക് ശേഷം ഒരു സൂറത്തില്‍ പെട്ട ഏതെങ്കിലും ആയത്ത് മുതലാണ് പാരായണമെങ്കില്‍ ബിസ്മി ഒഴിവാക്കുന്നതാണ് ഉത്തമം.

 

 

 

ഉറക്കെ ഓതുന്ന നമസ്‌കാരത്തില്‍ നബി ഫാത്തിഹ തുടങ്ങിയത് ‘അല്‍ഹംദുലില്ലാഹി…’ കൊണ്ടായിരുന്നു എന്ന് ബുഖാരിയും മുസ്‌ലിമും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ബിസ്മി ഉറക്കെയും ഓതിയിരുന്നു എന്നതിന് ഹദീസില്‍ തെളിവുണ്ടോ?

 

ഉറക്കെ ഓതുന്ന നമസ്‌കാരത്തില്‍ ഫാത്തിഹ ആരംഭിക്കുന്നത് ബിസ്മി ഉറക്കെ ചൊല്ലിക്കൊണ്ടായിരുന്നോ അതോ അല്‍ഹംദു കൊണ്ടായിരുന്നോ എന്ന കാര്യത്തില്‍ പണ്ടുമുതലേ വലിയ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. തദ്വിഷയകമായി വന്ന ഹദീസുകളുടെ അടിസ്ഥാനത്തിലാണ് ഈ തര്‍ക്കം. ഓരോ വിഭാഗത്തിനും സ്വീകാര്യയോഗ്യമെന്ന് ഹദീസ് നിദാനശാസ്ത്രമനുസരിച്ച് പറയാവുന്ന ഹദീസുകളാണ് തെളിവ്. സ്വഹാബിമാര്‍ മുതലിങ്ങോട്ട് തുടര്‍ന്നുവരുന്ന ഈ തര്‍ക്കത്തില്‍ ഒരന്തിമ തീര്‍പ്പുകല്‍പിക്കുക എളുപ്പമല്ല. അതിന്റെ ആവശ്യവും ഇല്ല. ഇതു സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്ത ശേഷം ഇമാം ഇബ്‌നുല്‍ ഖയ്യിം ഇങ്ങനെ പ്രസ്താവിക്കുന്നു: ”നബി(സ) തിരുമേനി ചിലപ്പോള്‍ ഉച്ചത്തിലും അതിനേക്കാളധികം പ്രാവശ്യം പതുക്കെയും ബിസ്മി ചൊല്ലിയിട്ടുണ്ട്. എന്തുകൊണ്ടെന്നാല്‍ എല്ലാ രാത്രിയും പകലും, നാട്ടിലായാലും യാത്രയിലായാലും, അഞ്ചു നേരത്തെ നമസ്‌കാരങ്ങളില്‍ നബി സദാ ഉച്ചത്തില്‍ ബിസ്മി ചൊല്ലിക്കൊണ്ടിരിക്കുകയും, എന്നിട്ട് ഖുലഫാഉര്‍റാശിദുകള്‍ക്കും ഭൂരിപക്ഷം സ്വഹാബിമാര്‍ക്കും ആ ഉത്തമകാലത്തെ തന്റെ നാട്ടുകാര്‍ക്കും അക്കാര്യം അവ്യക്തമായി പോവുകയും ചെയ്തുവെന്ന് വിചാരിക്കാന്‍ ന്യായമില്ല” (സാദുല്‍ മആദ് 1/200).

 

നമ്മുടെ നാട്ടില്‍, പ്രത്യേകിച്ച് തെക്കന്‍ കേരളമൊഴിച്ചുള്ള പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ ശാഫിഈ മദ്ഹബ് പിന്‍പറ്റുന്നവരാണ്. അവരാകട്ടെ തങ്ങളുടെ മദ്ഹബനുസരിച്ച് ഉച്ചത്തിലോതി നമസ്‌കരിക്കുന്ന സന്ദര്‍ഭത്തില്‍ ബിസ്മിയും ഉറക്കെ ഓതുന്നവരാണ്. അതിനാല്‍ അവര്‍ ചെയ്യുന്നതിന് വിരുദ്ധമായ, അവരിലെ സാധാരണക്കാര്‍ക്ക് അസ്വാരസ്യം ഉണ്ടാക്കുന്ന ഒരു സമീപനം സ്വീകരിക്കാതിരിക്കുന്നതാവും ഉത്തമം. ശാഫിഈ മദ്ഹബിന്റെ വീക്ഷണത്തിന് ഹദീസില്‍ തെളിവുണ്ടായിരിക്കെ വിശേഷിച്ചും. പ്രസ്തുത ഹദീസ് നുഐമുല്‍ മുജമ്മിര്‍ നിവേദനം ചെയ്തതാണ്. അദ്ദേഹം പറഞ്ഞു: ”അബൂഹുറയ്‌റയുടെ പിന്നില്‍ ഞാന്‍ നമസ്‌കരിക്കുകയുണ്ടായി. അദ്ദേഹം ‘ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം’ എന്ന് ചൊല്ലിയതിനു ശേഷം ഫാത്തിഹ ഓതി. അനന്തരം ‘എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനെക്കൊണ്ട് സത്യം! എന്റെ ഈ നമസ്‌കാരം നബി(സ)യുടെ നമസ്‌കാരത്തോട് നിങ്ങളില്‍ മറ്റാരുടെതിനേക്കാളും സാദൃശ്യമുള്ളതാണ്’ എന്ന് പറയുകയുണ്ടായി.” ഈ വിഷയകമായി വന്നിട്ടുള്ള ഏറ്റവും സ്വഹീഹായ ഹദീസാണിത് എന്നാണ് ഇമാം ഇബ്‌നു ഹജറുല്‍ അസ്ഖലാനി പറഞ്ഞിട്ടുള്ളത്. കൂടാതെ ഈ വീക്ഷണക്കാര്‍ ഉദ്ധരിക്കാറുള്ള മറ്റൊരു പ്രധാന തെളിവാണ് ഇമാം ബൈഹഖിയും ദാറഖുത്‌നിയും അബൂഹുറയ്‌റയില്‍ നിന്ന് ഉദ്ധരിച്ച ‘നിങ്ങള്‍ അല്‍ഹംദുലില്ലാഹി ഓതുകയാണെങ്കില്‍ ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം ചൊല്ലുവിന്‍, അത് ഉമ്മുല്‍ ഖുര്‍ആനാണ്, ഉമ്മുല്‍ കിതാബാണ്, സബ്ഉല്‍ മസാനിയുമാണ്, ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം അതിലെ ഒരായത്തുമാണ്’ എന്ന നബിവചനം. ഈ ഹദീസ് ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി സ്വഹീഹുല്‍ ജാമിഇസ്സഗീറില്‍ ഉദ്ധരിക്കുകയും (729) സ്വഹീഹാണെന്ന് വിധിയെഴുതുകയും ചെയ്തിരിക്കുന്നു. ശാഫിഈ മദ്ഹബ് പിന്‍പറ്റുന്നവര്‍ക്ക് ഈ തെളിവുകള്‍ തന്നെ ധാരാളം.

 

ജമാഅത്ത് നമസ്‌കാരത്തിന് പിന്തി വന്ന വ്യക്തി നഷ്ടപ്പെട്ട റക്അത്ത് പൂര്‍ത്തിയാക്കേണ്ടതെങ്ങനെ? ഉദാ: ഇശാഅ് നമസ്‌കാരം ഒരു റക്അത്ത് നഷ്ടപ്പെട്ട വ്യക്തി അത് പൂര്‍ത്തിയാക്കുമ്പോള്‍ ഇശാഇന്റെ ഒന്നാമത്തെ റക്അത്ത് നഷ്ടപ്പെട്ടുവെന്ന നിലക്ക് ഫാതിഹയും സൂറത്തും ഓതേണ്ടതുണ്ടോ? അതല്ല, മൂന്ന് റക്അത്ത് കിട്ടിയതിനാല്‍ നാലാമത്തെ റക്അത്ത് സൂറത്ത് ഓതാതെ ഫാതിഹ മാത്രം ഓതിയാല്‍ മതിയോ?

 

ജമാഅത്ത് നമസ്‌കാരത്തിന് പിന്തിവന്ന വ്യക്തിയെ സംബന്ധിച്ചേടത്തോളം ഇമാമിനൊപ്പം ലഭിക്കുന്നത് നമസ്‌കാരത്തിന്റെ ആദ്യ ഭാഗമായിട്ടാണ് പരിഗണിക്കപ്പെടുക. ഇമാമിന്റെ സലാമിന് ശേഷം പൂര്‍ത്തിയാക്കുന്നതാവട്ടെ നമസ്‌കാരത്തിന്റെ അവസാന ഭാഗവും. തിരുദൂതരുടെ ‘നിങ്ങള്‍ക്ക് ലഭിച്ചത് നിങ്ങള്‍ നമസ്‌കരിക്കുകയും നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത് പൂര്‍ത്തിയാക്കുകയും ചെയ്യുക’ എന്ന തിരുവചനമാണതിന്റെ തെളിവ്. ‘ഏതൊന്നും പൂര്‍ത്തിയാക്കുക അതിന്റെ തുടക്കം ഉണ്ടായതിനു ശേഷമല്ലാതെ ആവുകയില്ല’ (മുഗ്‌നി അല്‍ മുഹ്താജ് 3/330).

 

ഇമാം നവവി പറഞ്ഞു: ‘ഇമാം സാവകാശം ഓതുന്നയാളാവുകയും പിന്തിവന്ന് തുടരുന്ന വ്യക്തിക്ക് ഇമാമിനോടൊപ്പം സൂറത്തു കൂടി ഓതാന്‍ സാധ്യമാവുകയും അങ്ങനെ ഓതുകയും ചെയ്താല്‍ പിന്നെ ശേഷിക്കുന്ന രണ്ട് റക്അത്തുകളില്‍ അവ വീണ്ടും ആവര്‍ത്തിക്കേണ്ടതില്ല’ (ശറഹുല്‍ മുഹദ്ദബ്  3/338).

 

വൈകിവന്ന് തുടരുന്ന വ്യക്തി തനിക്ക് ഇമാമിനോടൊപ്പം ലഭിക്കുന്ന റക്അത്തുകളും തന്റെ നമസ്‌കാരത്തിന്റെ ആദ്യ റക്അത്തുകളായി പരിഗണിച്ച് സമയമുണ്ടെങ്കില്‍ ഫാത്തിഹക്ക് ശേഷം സൂറത്തോ ആയത്തോ കൂടി ഓതാവുന്നതാണ്. അങ്ങനെ ചെയ്താല്‍ പിന്നെ ശേഷിക്കുന്ന റക്അത്തുകളില്‍ വീണ്ടും സൂറത്തോതേണ്ടതില്ല. എന്നാല്‍, അതിന് സാവകാശം കിട്ടാത്തവര്‍ക്ക് ബാക്കിയുള്ള റക്അത്തുകളില്‍ അവ ഓതുന്നതിന് വിരോധവുമില്ല. എന്നു മാത്രമല്ല, അങ്ങനെ സൂറത്തുകള്‍ കൂടി ഓതുന്നതാണ് അഭികാമ്യം എന്നാണ് മാലികികളുടെ അഭിപ്രായം

പിന്തിവന്ന വ്യക്തി അവസാനത്തെ അത്തഹിയ്യാത്തില്‍ ഇരിക്കേണ്ടത് നടുവിലെ അത്തഹിയ്യാത്തില്‍ ഇരിക്കുന്നതുപോലെ ഇടത് കാല്‍പാദം പരത്തി (ഇഫ്തിറാശ്) കൊണ്ടാണോ?

 

അവസാനത്തെ അത്തഹിയ്യാത്തില്‍ ഇരിക്കേണ്ടത് ഇടത് ചന്തി നിലത്ത് പതിച്ചുകൊണ്ടായിരിക്കലാണ് സുന്നത്ത്. പിന്തിവന്ന വ്യക്തി തന്റെ നമസ്‌കാരത്തിന്റെ ഒടുവിലെ അത്തഹിയ്യാത്തിലാണ് അങ്ങനെ ഇരിക്കേണ്ടത്. അല്ലാതെ ഇമാമിന്റെ അവസാനത്തെ അത്തഹിയ്യാത്തിലല്ല.

 

ഉറക്കെ ഓതുന്ന നമസ്‌കാരത്തില്‍ പങ്കെടുത്ത മഅ്മൂം ഫാതിഹക്ക് ശേഷം സൂറത്ത് ഓതേണ്ടതില്ലേ? ഓതിയാല്‍ തെറ്റാണോ? പതുക്കെ ഓതുന്ന അസ്വ്ര്‍-ളുഹ്ര്‍ നമസ്‌കാരങ്ങളില്‍ മഅ്മൂമിന് സൂറത്ത് ഓതിക്കൂടേ?

 

ശറഹുല്‍ മഹല്ലിയില്‍ പറയുന്നു: ”ഉച്ചത്തിലോതുന്ന നമസ്‌കാരത്തില്‍ മഅ്മൂമിന് സൂറത്തോതലില്ല. പ്രത്യുത ഇമാമിന്റെ പാരായണം ശ്രദ്ധിക്കുകയാണ് വേണ്ടത്. ‘ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അത് നിങ്ങള്‍ ശ്രദ്ധിക്കുക’ എന്ന ആയത്താണതിന് തെളിവ്. എന്നാല്‍, വളരെ അകലത്തായതിനാല്‍ ഇമാമിന്റെ പാരായണം കേള്‍ക്കാതിരിക്കുക, അല്ലെങ്കില്‍ പതുക്കെ ഓതുന്ന നമസ്‌കാരമായിരിക്കുക തുടങ്ങിയ സാഹചര്യത്തില്‍ മഅ്മൂം സൂറത്തോതുകയാണ് വേണ്ടതെന്നാണ് ഏറ്റവും ശരിയായ വീക്ഷണം” (ശറഹുല്‍ മഹല്ലി 1/180).

 

ളുഹ്‌റും അസ്വ്‌റും ജംഉം ഖസ്വ്‌റുമായി നമസ്‌കരിക്കുന്ന വ്യക്തി നാല് റക്അത്ത് ഒരുമിച്ച് ചേര്‍ത്ത് നമസ്‌കരിക്കാന്‍ പാടുണ്ടോ? (രണ്ട് റക്അത്ത് കഴിഞ്ഞു സലാം വീട്ടാതെ ളുഹ്ര്‍ നമസ്‌കരിക്കുന്നത്‌പോലെ നമസ്‌കരിച്ചാല്‍ ആദ്യത്തെ രണ്ടു റക്അത്ത് ളുഹ്‌റും പിന്നത്തെ രണ്ട് റക്അത്ത് അസ്വ്‌റും ആയി കണക്കാക്കപ്പെടുമോ?)

 

ളുഹ്‌റും അസ്വ്‌റും ഖസ്‌റും ജംഉമാക്കി നമസ്‌കരിക്കുമ്പോള്‍ രണ്ട് നമസ്‌കാരങ്ങള്‍ക്കിടയില്‍ ദൈര്‍ഘ്യമില്ലാത്ത ഇടവേള ഉണ്ടായിരിക്കണം. ആദ്യത്തില്‍ ബാങ്കും ഇഖാമത്തും കൊടുത്ത് രണ്ട് റക്അത്ത് നമസ്‌കരിക്കുകയും തുടര്‍ന്ന് വലിയ വിടവില്ലാതെ ഇഖാമത്ത് മാത്രം കൊടുത്ത് അടുത്തത് നമസ്‌കരിക്കുകയുമാണ് വേണ്ടത്. എന്നാല്‍, രണ്ടും കൂടി ഒരുമിച്ച് നാല് റക്അത്ത് നമസ്‌കരിക്കുക എന്നത് പ്രവാചകനോ സ്വഹാബികളോ മറ്റു ഇമാമുകളോ ഫുഖഹാക്കളോ പഠിപ്പിച്ചിട്ടില്ലാത്തതുകൊണ്ട് തന്നെ അങ്ങനെ നമസ്‌കരിക്കാന്‍ പാടുള്ളതല്ല

 

നേരത്തെ ളുഹ്ര്‍ നമസ്‌കരിച്ച വ്യക്തിക്ക് അസ്വ്‌റിന് മുമ്പായി യാത്ര പോകേണ്ടിവന്നാല്‍ ളുഹ്‌റിന്റെ സമയത്ത് അസ്വ്ര്‍ നമസ്‌കരിച്ചാല്‍ ജംഅ് തഖ്ദീം ആയി പരിഗണിക്കുമോ?

 

പിന്തിച്ച് ജംആക്കുന്നതിന്റെ ശര്‍ത്വാണ് രണ്ട് നമസ്‌കാരങ്ങള്‍ക്കിടയില്‍ താമസം വരാന്‍ പാടില്ല എന്നത്. വലിയ ഇടവേള വരുന്നതോടെ ജംആക്കാനുള്ള ന്യായം അവസാനിച്ചു. അതിനാല്‍ നേരത്തെ ളുഹ്ര്‍ നമസ്‌കരിച്ച ഒരാള്‍ പിന്നീട് യാത്ര പുറപ്പെടാനൊരുങ്ങുകയും അത് അസ്വ്‌റിന് മുമ്പാവുകയും ചെയ്താല്‍ അപ്പോള്‍ അസ്വ്ര്‍ നമസ്‌കരിക്കുന്നത് സാധുവാകില്ല. കാരണം, വളരെ നേരത്തെ ളുഹ്ര്‍ നമസ്‌കരിച്ചുപോയത് തന്നെ. അങ്ങനെ നമസ്‌കരിച്ചാല്‍ അതിന് ജംആക്കി എന്ന് പറയുകയുമില്ല. ഇക്കാര്യത്തില്‍ മദ്ഹബുകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല. അതുകൊണ്ട് അത്തരം ആളുകള്‍ യാത്ര പുറപ്പെടാന്‍ നിര്‍ബന്ധിതരായതിനാല്‍ വഴിയില്‍ വെച്ച് സാധ്യമാവുന്ന രൂപത്തില്‍ നമസ്‌കരിക്കുകയാണ് വേണ്ടത്.

 

എന്നാല്‍ നേരത്തെ ളുഹ്ര്‍ നമസ്‌കരിച്ചുകഴിഞ്ഞ ഒരാള്‍ക്ക് കുറേക്കഴിഞ്ഞ് യാത്ര പുറപ്പെടേണ്ടിവരികയും മഗ്‌രിബ് കഴിഞ്ഞേ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുകയുള്ളൂ എന്ന് ബോധ്യമാവുകയുമാണെങ്കില്‍ അന്നേരം അസ്വ്ര്‍ ളുഹ്‌റിന്റെ സമയത്ത് നമസ്‌കരിക്കുന്നത്, യാത്രക്കിടയില്‍ വുദൂവെടുക്കാനോ ഖിബ്‌ലയെ അഭിമുഖീകരിക്കാനോ നമസ്‌കാരത്തിലെ തന്നെ റുകൂഅ്-സുജൂദ് പോലെയുള്ള നിര്‍ബന്ധ കാര്യങ്ങള്‍ (ഫര്‍ദുകള്‍) ശരിയാംവണ്ണം നിര്‍വഹിക്കാനോ കഴിയാത്ത പരിതസ്ഥിതിയാണെങ്കില്‍ -ഇന്ന് മിക്കവാറും അങ്ങനെ തന്നെയാണ്- അത്തരക്കാര്‍ക്ക് അസ്വ്ര്‍ നമസ്‌കരിച്ച് പുറപ്പെടുന്നതായിരിക്കും നല്ലത്. ഇതിന് ഉപോല്‍ബലകമായി ഇമാം ഇബ്‌നു തൈമിയ്യയുടെ വാക്കുകള്‍ നമുക്ക് ഇങ്ങനെ വായിക്കാം: ”ജംഅ് ആക്കി നമസ്‌കരിക്കുമ്പോള്‍ രണ്ടാമത്തെ നമസ്‌കാരം താമസിച്ചുകൂടാ എന്ന് നിബന്ധനയില്ലെന്നതാണ് ശരിയായ അഭിപ്രായം. ആദ്യത്തേതിന്റെ സമയത്ത് മുന്തിച്ചു ജംഅ് ആക്കിയാലും രണ്ടാമത്തേതിന്റെ സമയത്ത് പിന്തിച്ചു ജംഅ് ആക്കിയാലും ഈ വിഷയത്തില്‍ വ്യത്യാസമില്ല. കാരണം ശരീഅത്തില്‍ ഇവിടെ ഒരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല. കൂടാതെ അങ്ങനെ ഒരു പരിധി പാലിക്കണമെന്നുവെക്കുമ്പോള്‍ യാത്രയിലെ ആനുകൂല്യം എന്ന ഉദ്ദേശ്യത്തിനു ഭംഗം നേരിടുകയും ചെയതു. (ജാമിഉല്‍ മാസാഇല്‍ 6/351, ഫിഖ്ഹുസ്സന്ന 221).

 

ജംആക്കുമ്പോള്‍ മുവാലാത്ത് (തുടര്‍ച്ചയായി നിര്‍വഹിക്കല്‍) വേണ്ടതില്ലെന്ന് ശാഫിഈ മദ്ഹബിലെ തന്നെ ചില ഇമാമുകള്‍ക്കഭിപ്രായമുള്ളതായി ഇമാം നവവി(റ) വ്യക്തമാക്കുന്നു: ”ഇടവേള എത്ര ദീര്‍ഘിച്ചാലും ആദ്യത്തെ നമസ്‌കാരത്തിന്റെ സമയം അവശേഷിക്കുന്നേടത്തോളം ജംആക്കല്‍ അനുവദനീയമാകുന്നു. അബൂ അലി അസ്ഖഫിയ്യില്‍ നിന്ന് ഇത് ഉദ്ധരിക്കപ്പെടുന്നുണ്ട്” (ഇമാം റാഫിഈ, അശ്ശറഹുല്‍ കബീര്‍ 4/476).

 

ആദ്യത്തെ നമസ്‌കാരത്തിന്റെ സമയം കഴിയുന്നത് വരെ ഇടവേള എത്ര ദീര്‍ഘിച്ചാലും ജംആക്കാമെന്ന ഒരു വീക്ഷണവും ശാഫിഈ മദ്ഹബിന്റേതായുണ്ട്. ”അബൂ സഈദില്‍ ഇസ്ത്വഖ്‌രിയില്‍ നിന്ന് നമ്മുടെ മദ്ഹബിന്റെ ആചാര്യന്മാര്‍ അതുദ്ധരിച്ചിട്ടുണ്ട്. ഇമാം റാഫിഈയും അദ്ദേഹത്തില്‍നിന്ന് അതുദ്ധരിച്ചിട്ടുണ്ട്. നമ്മുടെ തന്നെ ആളുകളില്‍ പെട്ട അസൂ അലി അസ്സഖഫിയില്‍നിന്ന് അതുദ്ധരിക്കപ്പെട്ടിരിക്കുന്നു. ഇമാം ശാഫിഈ തന്നെ ഉമ്മില്‍ രേഖപ്പെടുത്തി: ജംആക്കണമെന്ന നിയ്യത്തോടെ ഒരാള്‍ തന്റെ വീട്ടില്‍ വെച്ച് മഗ്‌രിബ് നമസ്‌കരിക്കുകയും പിന്നീട് പള്ളിയില്‍ ചെന്ന് ഇശാ നമസ്‌കരിക്കുകയും ചെയ്താല്‍ അത് സാധുവാകുന്നതാണ്…” (ശറഹുല്‍ മുഹദ്ദബ് 4/375). ഇവിടെ മുവാലാത്ത് (തുടര്‍ച്ച) പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

 

മുന്‍കൂട്ടി ജംആക്കി നമസ്‌കരിക്കുന്നവര്‍ രണ്ട് നമസ്‌കാരങ്ങള്‍ക്കിടയില്‍ ഇടവേള ദീര്‍ഘിപ്പിക്കാതെ തന്നെ നമസ്‌കരിക്കുകയാണ് വേണ്ടത്. എന്നാല്‍, നേരത്തെ ധാരണയില്ലാതിരിക്കുകയും അസ്വ്‌റിന് മുമ്പ് യാത്ര പുറപ്പെടേണ്ടിവരികയും മഗ്‌രിബിന് മുമ്പ് ലക്ഷ്യസ്ഥാനത്തെത്തുകയില്ല എന്ന് ബോധ്യമാവുകയും വഴിയിലൊന്നും വെച്ച് അസ്വ്ര്‍ നമസ്‌കാരം യഥാവിധി നമസ്‌കരിക്കാന്‍ സാധിക്കാത്ത സാഹചര്യവുമാണെങ്കില്‍ മുവാലാത്ത് എന്ന ശര്‍ത്വ് അനിവാര്യമല്ല എന്ന ശാഫിഈ മദ്ഹബിലെ ഒരു വിഭാഗം ഫുഖഹാക്കളുടെ വീക്ഷണം സ്വീകരിക്കാവുന്നതാണ്. ഇമാം ഇബ്‌നു തൈമിയ്യയുടെ സമാനമായ വീക്ഷണവും നാം കണ്ടല്ലോ.

 

 

 

മറവിയുടെ സുജൂദിന്റെ ഇടയിലെ ഇരുത്തത്തില്‍ എന്താണ് ചൊല്ലേണ്ടത്? ആ സുജൂദില്‍ പ്രത്യേക പ്രാര്‍ഥനയുണ്ടോ?

 

മറവിയുടെ സുജൂദുകള്‍ രണ്ടെണ്ണം നിര്‍വഹിക്കുക എന്നതൊഴിച്ച് ആ സുജൂദിലോ ഇടയിലെ ഇരുത്തത്തിലോ ചൊല്ലേണ്ട ഏതെങ്കിലും ദിക്‌റുകളോ പ്രാര്‍ഥനകളോ ഹദീസ് ഗ്രന്ഥങ്ങളിലോ പ്രധാന ഫിഖ്ഹ് ഗ്രന്ഥങ്ങളിലോ കാണാന്‍ കഴിഞ്ഞിട്ടില്ല.  എന്നാല്‍, ചില ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ മറവിയുടെ സുജൂദില്‍ ‘സുബ്ഹാന മന്‍ ലാ യനാമു വലാ യസ്ഹൂ’ (ഉറങ്ങുകയോ മറവി ബാധിക്കുകയോ ചെയ്യാത്തവന്‍ പരിശുദ്ധന്‍) എന്ന് ചൊല്ലുന്നത് ഉത്തമമാണെന്ന് കാണാം. അതുപക്ഷേ ഹദീസുകളില്‍ സ്ഥിരപ്പെട്ടതോ ഉദ്ധരിക്കപ്പെട്ടതോ അല്ല. അതുകൊണ്ടായിരിക്കാം ചില പണ്ഡിതന്മാര്‍ സാധാരണ സുജൂദുകളിലെ ദിക്‌റുകള്‍ തന്നെയാണ് മറവിയുടെ സുജൂദിലും അതിനിടയിലെ ഇരുത്തത്തിലും എന്ന് അഭിപ്രായപ്പെട്ടിട്ടുള്ളത് (മുഗ്‌നി അല്‍ മുഹ്താജ് 3/93).

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *