മദ്യലഹരിയിലെമുത്ത്വലാഖ്സാധുവോ?

കൂട്ടുകാരോടൊപ്പം ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തപ്പോള്‍ ഞാന്‍ ധാരാളം മദ്യപിച്ചു. വീട്ടില്‍ വന്ന് ചില നിസ്സാര കാര്യങ്ങളില്‍ ഭാര്യയുമായി വഴക്കിട്ടു. അവളോട് വീട്ടില്‍ നിന്നിറങ്ങിപ്പോകാന്‍ കല്‍പിച്ചു. നിങ്ങളെന്നെ ഒഴിവാക്കിയാലേ ഞാന്‍ പോകൂ എന്നവള്‍ പറഞ്ഞു. ‘അതിന് നിന്നെ ഞാന്‍ മൂന്നു ത്വലാഖും ചൊല്ലി’യെന്ന് ഞാന്‍ പറഞ്ഞു.

 

നേരം പുലര്‍ന്ന് തലേന്ന് രാത്രി നടന്ന കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് ഭാര്യ സങ്കടപ്പെട്ടു. ‘നിങ്ങളെന്നെ മൂന്നു ത്വലാഖും ചൊല്ലിയെന്ന് പറഞ്ഞല്ലോ,’ അവള്‍ കരച്ചിലിനിടയില്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പ്രശ്‌നത്തിന്റെ ഗൗരവാവസ്ഥ മനസ്സിലായപ്പോള്‍ ഞങ്ങള്‍ പണ്ഡിതന്മാരെ സമീപിച്ചു. ഞങ്ങളുടെ വിവാഹബന്ധം അവസാനിച്ചു, ഇനി ഒരു രക്ഷയുമില്ല എന്നാണ് ഞങ്ങള്‍ക്ക് ലഭിച്ച മറുപടി. എന്റെ മക്കളെ പോറ്റാന്‍ ഭാര്യയില്ലാത്ത അവസ്ഥ സങ്കല്‍പിക്കാനാവുന്നില്ല. ഇനി മേല്‍ മദ്യപിക്കുകയില്ലെന്ന് ഞാന്‍ ശപഥം ചെയ്തിരിക്കുന്നു. ചെയ്ത തെറ്റുകളെല്ലാം അല്ലാഹുവിനോട് ഏറ്റു പറഞ്ഞ് പശ്ചാത്തപിച്ചിരിക്കുന്നു. എന്റെ കുടുംബത്തെ എനിക്ക് തിരിച്ചുകിട്ടാന്‍ വല്ല പോംവഴിയും നിര്‍ദേശിക്കാനുണ്ടോ?

 

 

മനുഷ്യന്റെ മനസ്സ്, ശരീരം, സമ്പത്ത്, കുടുംബം, സാമൂഹിക ബന്ധങ്ങള്‍ എന്നിവയെല്ലാം തകര്‍ക്കുന്ന ദുശ്ശീലമാണ് മദ്യപാനം. എല്ലാ തിന്മകളുടെയും നാരായ വേരാണ് മദ്യമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അതെത്ര അന്വര്‍ഥമാണെന്ന് ഗ്രഹിക്കാന്‍ തെളിവന്വേഷിക്കേണ്ടതില്ല. ചെന്നു ചാടിയവര്‍ക്ക് പെട്ടെന്ന് കരകയറാനാവാത്ത പാപഗര്‍ത്തമാണ് മദ്യപാനം.

 

അറേബ്യന്‍ സമൂഹത്തില്‍ ഈ ദുശ്ശീലം പരമകാഷ്ഠ പ്രാപിച്ച കാലഘട്ടത്തിലാണ് റസൂല്‍(സ) നിയുക്തനായത്. ആ സമൂഹത്തെ മദ്യത്തില്‍നിന്ന് മോചിപ്പിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു. പല ഘട്ടങ്ങളിലായി ബോധവത്കരണം നടത്തി, ലഘു നിയമങ്ങള്‍ കര്‍ശനമാക്കി, ക്രമേണയാണ് മദ്യനിരോധം വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും നടപ്പാക്കിയത്. ഈ തിന്മ പിഴുതെറിയുക എളുപ്പമല്ല. പാടുപെട്ട് സ്ഥിരോത്സാഹത്തോടെ പണിയെടുത്താല്‍ മാത്രമേ മദ്യപാനിയെ അതില്‍നിന്ന് മാറ്റിയെടുക്കാനാവൂ.

 

ദൗര്‍ഭാഗ്യവശാല്‍ ഇസ്‌ലാം നിരോധിച്ച തിന്മകളിലേക്ക് തിരിച്ചുപോകാന്‍ മുസ്‌ലിം സഹോദരന്മാര്‍ക്ക് ഒട്ടും മടിയില്ലാത്ത കാലമാണിത്. കേരളത്തില്‍ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ ഇസ്‌ലാമിന്റെ നന്മയല്ല പ്രകടമായി കാണാന്‍ കഴിയുന്നത്, ഇസ്‌ലാം കര്‍ശനമായി നിരോധിച്ച തിന്മയാണ്. ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിയുന്നത് മുസ്‌ലിം ഭൂരിപക്ഷമുള്ള മേഖലകളിലാണ്. എന്തൊരു വിരോധാഭാസം!

 

മദ്യത്തിന്റെ ദൂഷ്യങ്ങള്‍ ഇന്നാര്‍ക്കും അജ്ഞാതമല്ല. ശരീരത്തെയും മനസ്സിനെയും സമ്പത്തിനെയും കാര്‍ന്നു തിന്നുന്ന നാശകാരിയാണ് മദ്യപാനം. അതിനുപരി, മദ്യപന്റെ ആക്രമണത്തിന് നിരന്തരം ഇരയാകുന്നത് സ്ത്രീകളാണ്. അടിയും ചവിട്ടുമെല്ലാം അവര്‍ ഏറ്റുവാങ്ങണം. ഇത് നിത്യ സംഭവമാണ്. ഇങ്ങനെ അടിയും തൊഴിയും സഹിച്ച്, വിധിയെ പഴിച്ച് നീറി നീറി ദിനരാത്രങ്ങള്‍ തള്ളി നീക്കുന്ന അനേകം സഹോദരിമാരുണ്ട് നാം കാണുന്ന മണിമാളികകള്‍ക്കുള്ളില്‍. ഒന്നോ രണ്ടോ പ്രസവിച്ച ശേഷം, മദ്യപാനിയും മര്‍ദകനും ക്രൂരനുമായ ഭര്‍ത്താവിനെ വെച്ചുപൊറുപ്പിക്കുകയല്ലാതെ മറ്റൊരു പോംവഴിയും അവര്‍ക്ക് മുമ്പിലില്ല.

 

ഈ ദുരന്തത്തിന്റെ ക്ലൈമാക്‌സാണ് ചോദ്യ കര്‍ത്താവിന്റെ കഥ. ജീവിതം ഭര്‍ത്താവിന്റെയും മക്കളുടെയും സേവനത്തിനു സമര്‍പ്പിച്ച് സ്വയം ഉരുകിത്തീരുന്ന ഭാര്യയെ വിവാഹബന്ധം വിഛേദിച്ച് തെരുവിലിറക്കുന്ന ക്രൂരനായി അയാള്‍ മാറി. അതൊരു വിഷയമാകുന്നത് നേരം പുലര്‍ന്ന് സുബോധം വീണ്ടുകിട്ടുമ്പോള്‍ മാത്രമാണ്, എല്ലാം കൈവിട്ടുപോയ ശേഷം.

 

മതവിശ്വാസമില്ലാത്തവര്‍ പോലും മദ്യപാനം വര്‍ജിക്കേണ്ടതാണെന്ന് സമ്മതിക്കും. ഇത് ജീവിതത്തില്‍ നടപ്പാക്കിയാല്‍ മാത്രം മതി ഒട്ടുമിക്ക പ്രശ്‌നങ്ങളും പരിഹരിക്കാന്‍.

 

ഇവിടെ മദ്യപാനം വരുത്തിവെച്ച മഹാ വിപത്തിനെക്കുറിച്ച് ചിന്തിച്ചു നോക്കൂ. മുസ്‌ലിം സമുദായത്തെ മറ്റുള്ളവര്‍ അടച്ചാക്ഷേപിക്കാന്‍ കൈയിലെടുക്കുന്ന വടിയാണ് ത്വലാഖ് (വിവാഹമോചനം). ഇഷ്ടം പോലെ കെട്ടാനും മൊഴി ചൊല്ലാനും ഇസ്‌ലാമില്‍ അനുവാദമുണ്ടെന്നാണ് പൊതുധാരണ. മുസ്‌ലിംകളും ഇതു തന്നെയാണ് ധരിച്ചുവശായിരിക്കുന്നത്. ഈ ധാരണ നടപ്പാക്കുന്നത് അതിക്രൂരമായാണ്. തന്റെ ഇണ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിലും മദ്യപാനി മൊഴി ചൊല്ലും. മറ്റുള്ളവര്‍ക്ക് മുസ്‌ലിംകളെ ഒന്നടങ്കം പഴിചാരാന്‍ പഴുതുണ്ടാക്കും.

 

കുടുംബം സമൂഹത്തിന്റെ കൊച്ചു സെല്ലാണ്. അതിലുണ്ടാകുന്ന ഏത് അസ്വാരസ്യവും പ്രതിഫലിക്കുക സമൂഹത്തിലാണ്. അതിനാല്‍ കുടുംബബന്ധം ഭദ്രമായിരിക്കണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. ഇണകള്‍ തമ്മില്‍ പിണക്കമുണ്ടാവുകയും അത് വലുതായി വേര്‍പാടോളം എത്തുകയും ചെയ്താല്‍ മറ്റു മാര്‍ഗമൊന്നുമില്ലെങ്കില്‍ വേര്‍പിരിയാന്‍ ഇസ്‌ലാം അനുവദിക്കുന്നത് സമൂഹ ഭദ്രത കാത്തുസൂക്ഷിക്കാനാണ്.

 

സംസ്‌കാര സമ്പന്നരായ ഒരു സമൂഹത്തിന് സ്വീകരിക്കാവുന്ന ഉന്നത രീതിയാണ് ഇസ്‌ലാമിലെ വിവാഹമോചനത്തിനുള്ളത്. വേര്‍പാട് വരെ എത്തുന്നതിന് മുമ്പ് സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ ശ്രദ്ധിക്കുക. ഏറിയ കൂറും പിണക്കം മാറി ബന്ധം സുദൃഢമാകാന്‍ സഹായകമാണീ നടപടികള്‍.

 

സ്ത്രീയുടെ ഭാഗത്ത് നിന്നാണ് പരസ്പരം പിണങ്ങാനുള്ള കാരണം ഉണ്ടായതെങ്കില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ 4:34-ല്‍ വിശദീകരിക്കുന്നു. യുക്തിസഹമായ ഉപദേശം. അത് ഫലിക്കുന്നില്ലെങ്കില്‍ കിടപ്പറ ബഹിഷ്‌കരണം. അതും ഫലിക്കുന്നില്ലെങ്കില്‍ മാനസികമായ വല്ല കാരണവും പിണക്കത്തിന് പിന്നിലുണ്ടോ എന്ന് പരിശോധിച്ച്, പരിക്കേല്‍ക്കാത്ത പ്രഹരം മുതലായവ പ്രയോഗിച്ചു നോക്കാം. ഈ ശ്രമങ്ങളൊന്നും ഫലിക്കാതെ പ്രശ്‌നം ഗുരുതരമായി തുടരുന്നെങ്കില്‍ രണ്ടു കുടുംബങ്ങളില്‍ നിന്നും കാര്യവിവരമുള്ള മധ്യസ്ഥര്‍ ഇടപെട്ട് കൗണ്‍സലിംഗ് നടത്തണം. വിശുദ്ധ ഖുര്‍ആന്‍ 4:35-ല്‍ ഇതിന്റെ വിശദീകരണം നല്‍കുന്നു. ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയിലെ സ്വരച്ചേര്‍ച്ചയില്ലായ്മ വേര്‍പാടിലേക്കെത്താതെ സൂക്ഷിക്കാനാണ് ഈ നടപടിക്രമങ്ങളെല്ലാം പാലിക്കണമെന്ന് പറയുന്നത്.

 

ഇനി പിണക്കത്തിനുള്ള കാരണം ഭര്‍ത്താവിന്റെ ഭാഗത്തുനിന്നാണെങ്കില്‍ സ്ത്രീ സ്വീകരിക്കേണ്ട പരിഹാര രീതി 4:128-ല്‍ വിവരിക്കുന്നു. ഈ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടാല്‍ മാത്രമേ ബന്ധം വേര്‍പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കാവൂ. അങ്ങനെ ചെയ്യുമ്പോള്‍ പാലിക്കേണ്ട മുറകള്‍ വിശുദ്ധ ഖുര്‍ആനിലും അതിന്റെ പ്രായോഗിക വിശദീകരണം തിരുസുന്നത്തിലും കാണാം. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ സുദീര്‍ഘമായി ചര്‍ച്ച ചെയ്ത് പണ്ഡിതന്മാര്‍ നല്‍കിയ വിശദീകരണങ്ങളും ലഭ്യമാണ്. പുരുഷന്‍ മുന്‍കൈയെടുത്ത് ബന്ധം വേര്‍പെടുത്തുന്നതിന്റെ പേരാണ് ത്വലാഖ്. സ്ത്രീയുടെ ഭാഗത്തുനിന്നാണ് വേര്‍പിരിയാനുള്ള തീരുമാനമെങ്കില്‍ അതിന്റെ സാങ്കേതിക നാമം ‘ഖുല്‍അ്’ എന്നാണ്. സ്ത്രീ ബന്ധം വേര്‍പ്പെടുത്തുകയാണെങ്കില്‍ അത് അന്തിമ വേര്‍പാടാണ്. വീണ്ടും സന്ധിക്കാന്‍ പഴുതുകളില്ല. പുരുഷനാണ് വേര്‍പ്പെടുത്തുന്നതെങ്കില്‍ അതില്‍ പല നിയമങ്ങളും പാലിക്കണം. ഒന്നാമതായി, വിവാഹമോചനം നടത്താന്‍ വിചാരിച്ച ഉടനെ അങ്ങനെ ചെയ്യരുത്. സ്ത്രീ അശുദ്ധിയിലാണെങ്കില്‍ ശുദ്ധിയായ ശേഷമേ ത്വലാഖ് പാടുള്ളൂ. പ്രസിദ്ധ സ്വഹാബി വര്യനായ അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) അശുദ്ധികാലത്ത് ത്വലാഖ് ചൊല്ലി. അത് അസാധുവാണെന്നും ഭാര്യയെ തിരിച്ചെടുത്ത് ശുദ്ധികാലത്ത് മൊഴി ചൊല്ലണമെന്നും നബി(സ) കല്‍പിച്ചു. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് ശുദ്ധികാലത്ത് സ്ത്രീ പുരുഷ ബന്ധം നടന്നിട്ടുണ്ടെങ്കില്‍ ആ ശുദ്ധികാലത്ത് ത്വലാഖ് ചൊല്ലാന്‍ പാടില്ല. ലൈംഗികബന്ധം നടന്നിട്ടില്ലാത്ത ശുദ്ധികാലത്ത് ഒരു തവണ മാത്രമേ ത്വലാഖ് ചൊല്ലാവൂ. ഇത് വിശുദ്ധ ഖുര്‍ആന്റെ വ്യക്തമായ ശിക്ഷണമാണ്. രണ്ടാം അധ്യായത്തില്‍ 226-ാം വചനം മുതല്‍ 241-ാം വചനം വരെ വിവാഹബന്ധം വേര്‍പെടുത്തുന്നതിന്റെ വിവിധ വശങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നു. 229-ാം വചനം മൊഴി ചൊല്ലുന്ന രീതി ക്ലിപ്തമായി വിവരിക്കുന്നു. ”ത്വലാഖ് രണ്ടു തവണയാണ്. വിവാഹമോചനം കഴിഞ്ഞ് നല്ല നിലയില്‍ ബന്ധത്തില്‍ തിരിച്ചുകൊണ്ടുവരികയോ അല്ലെങ്കില്‍ മാന്യമായി വിട്ടയക്കുകയോ ആവാം.” ഈ ആനുകൂല്യം രണ്ടു തവണ മാത്രമേ ഉള്ളൂ. മൂന്നാമത്തെ തവണ മൊഴി ചൊല്ലിയാല്‍ അവളെ വീണ്ടും വിവാഹം കഴിക്കാന്‍ അനുവാദമില്ല. മറ്റൊരു ഭര്‍ത്താവിന്റെ കൂടെ ജീവിച്ച് വേര്‍പ്പെട്ടാല്‍ മാത്രമേ അവളെ വീണ്ടും വിവാഹം ചെയ്യാന്‍ പാടുള്ളൂ. ഇതാണ് 230-ാം വചനത്തില്‍ പഠിപ്പിക്കുന്നത്. ഈ വചനങ്ങള്‍ അവതരിക്കുന്നതിന് മുമ്പ് അറേബ്യയിലുണ്ടായിരുന്ന സകല ദുര്‍നടപ്പുകളും വിശുദ്ധ ഖുര്‍ആന്‍ ദുര്‍ബലപ്പെടുത്തി. ഈ ഖുര്‍ആന്‍ വചനം അവതരിച്ച ശേഷം ഒരാള്‍ മൂന്നു ത്വലാഖും ചൊല്ലിയ വിവരം നബി(സ) അറിഞ്ഞു. അവിടുന്ന് വികാരാധീനനായി ചോദിച്ചു: ”ഞാന്‍ നിങ്ങള്‍ക്കിടയിലുള്ളപ്പോള്‍ തന്നെ നിങ്ങള്‍ അല്ലാഹുവിന്റെ ഗ്രന്ഥം കൈവിട്ട് കളിക്കുകയാണോ?”

 

ദൗര്‍ഭാഗ്യവശാല്‍ ഇസ്‌ലാമിന്റെ ഈ നിയമങ്ങള്‍ മുസ്‌ലിം ബഹുജനങ്ങള്‍ക്കജ്ഞാതമാണ്. മതപഠനത്തില്‍ ഈ വിശദീകരണങ്ങള്‍ ഉള്‍പ്പെടുത്താന്‍ സംവിധാനമില്ല. നമ്മുടെ മതപഠനം കൊച്ചു കുട്ടികളെ ഉദ്ദേശിച്ചുള്ളതാണല്ലോ. വിവാഹം നിശ്ചയിക്കുന്ന സന്ദര്‍ഭത്തിലാണ് വധൂവരന്മാര്‍ക്ക് ഈ നിയമങ്ങളെല്ലാം വിശദീകരിച്ചുകൊടുക്കേണ്ടത്. ഇതിനുള്ള സംവിധാനം മഹല്ലുകളില്‍ ഉണ്ടാക്കണം. വിവാഹമോചനത്തിന്റെ പേരില്‍ മുസ്‌ലിം സമുദായത്തിനുണ്ടായ ചീത്തപ്പേര് കഴുകിക്കളയാന്‍ ഇതനിവാര്യമാണ്. ഇസ്‌ലാമിന്റെ മഹനീയ നിയമങ്ങള്‍ പഠിച്ച പണ്ഡിതന്മാര്‍ നികാഹ് നിര്‍വഹിക്കുന്നതിന് മുമ്പ് ഇക്കാര്യം പഠിപ്പിക്കാന്‍ സംവിധാനമുണ്ടാക്കുകയാണെങ്കില്‍ ഒരു വലിയ അളവ് അബദ്ധങ്ങള്‍ ഒഴിവാക്കാം.

 

ബന്ധം വിളക്കിച്ചേര്‍ക്കാനാണ് നിയമം വേണ്ടത്. ഖുര്‍ആനിലും സുന്നത്തിലും നമുക്കത് കാണാം. എന്നാല്‍, ഭാര്യയെ ശത്രുവിനെ പോലെ കാണുകയും ക്രൂരമായി ബന്ധം വിഛേദിക്കുകയും ചെയ്യുന്ന രീതിയാണ് സമുദായത്തിനു പരിചയമുള്ളത്. ഈ അവസ്ഥ മാറ്റിയെടുക്കാന്‍ സമുദായ നേതൃത്വം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. സംസ്‌കാര സമ്പന്നരായ ഒരു സമൂഹമാണ് മുസ്‌ലിംകളെന്ന് ലോകം മനസ്സിലാക്കണം. ദാമ്പത്യ നിയമങ്ങള്‍ പഠിക്കാതെ നിക്കാഹ് ചെയ്തുകൊടുക്കില്ലെന്ന് തീരുമാനിക്കണം. മതനിഷ്ഠയില്ലാത്തവര്‍ക്ക് താക്കീത് നല്‍കാനും നേതൃത്വം ശ്രദ്ധിക്കണം.

 

ഇനി, ചോദ്യകര്‍ത്താവിന്റെ ഭാഗത്ത് നിന്നുണ്ടായ മൊഴിചൊല്ലലിന്റെ ഇസ്‌ലാമിക വിധിയെന്തെന്ന് നോക്കാം.

 

മദ്യപിച്ച് ലഹരിയിലായിരിക്കുമ്പോള്‍ മൊഴി ചൊല്ലിയാലുള്ള വിധിയില്‍ ചില വിശദീകരണങ്ങള്‍ കാണാം. ഒരാള്‍ നിര്‍ബന്ധത്തിന് വഴങ്ങി മദ്യപിച്ചതാണെങ്കില്‍ നിര്‍ബന്ധിതാവസ്ഥയില്‍ പാപം ചെയ്യുന്നതിന്റെ വിധിയാണെന്ന് പണ്ഡിതന്മാരെല്ലാം ഏകസ്വരത്തില്‍ അഭിപ്രായപ്പെടുന്നു. അഥവാ ഈ ത്വലാഖ് സാധുവല്ല. അവര്‍ക്ക് ദാമ്പത്യ ബന്ധം തുടരാം.

 

എന്നാല്‍, സ്വമേധയാ മദ്യപിച്ച് സ്വബോധം നശിച്ച് ത്വലാഖ് ചൊല്ലിയതാണെങ്കില്‍ ത്വലാഖ് സാധുവാകുമോ എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ രണ്ടഭിപ്രായമുണ്ട്. സാധുവല്ല എന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ ഈ അഭിപ്രായത്തിനാണ് പ്രാബല്യം കല്‍പിച്ചത്. പ്രമാണങ്ങളും തത്ത്വങ്ങളും, സ്വഹാബിമാരുടെ അഭിപ്രായങ്ങളും സൂചിപ്പിക്കുന്നത് മത്ത് പിടിച്ചവന്റെ സംസാരം, ഭ്രാന്തന്റേതുപോലെ തന്നെ പരിഗണിക്കേണ്ടതല്ല എന്നാണ്. അതുകൊണ്ട് ത്വലാഖും മറ്റു കാര്യങ്ങളും സംഭവിക്കുകയില്ല. പണ്ഡിതന്മാര്‍ക്ക് ഇതില്‍ രണ്ടഭിപ്രായമുണ്ട്. അതില്‍ പ്രബലമായ അഭിപ്രായം ത്വലാഖ് സാധുവല്ല എന്നതാണ് (ഫത്‌വാ സമാഹാരം 33:102). ഹനഫി മദ്ഹബിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായവും (മബ്‌സൂത് 6/176, ഹിദായ 1/230, അല്‍ ഇഖ്തിയാര്‍ 3/124 മുതലായവ കാണുക) മാലികി മദ്ഹബിലെ രണ്ടഭിപ്രായങ്ങളിലൊന്നും (ജാമിഉ അഹ്കാമില്‍ ഖുര്‍ആന്‍ 5/204, അത്താജ് വല്‍ ഇക്‌ലീല്‍ 4/43, അല്‍ ഖവാനീനുല്‍ ഫിഖ്ഹിയ്യ 157 എന്നിവ കാണുക) ശാഫിഈ മദ്ഹബിലെ ഒരഭിപ്രായവും (മുഖ്തസറുല്‍ മുസ്‌നി 7/298, അല്‍ മുഹദ്ദബ് 2/77, മുഗ്‌നില്‍ മുഹ്താജ് 3/279 മുതലായവ കാണുക) ഹമ്പലി മദ്ബഹിലെ രണ്ടാമത്തെ അഭിപ്രായവും (ഇതാണ് ഇമാം അഹ്മദ് അവസാനമായി പ്രബലമെന്ന് വിശേഷിപ്പിച്ചത്. ശറഹുസ്സര്‍കശി 5/383, സാദുല്‍ മആദ് 5/210 മുതലായവ കാണുക) ളാഹിരി മദ്ഹബും (അല്‍ മുഹല്ലാ 10/208) ഈ വീക്ഷണത്തെ ശരിവെക്കുന്നു. ഇതിന്റെ പ്രധാന തെളിവുകള്‍: 1. ഖുര്‍ആന്‍ വചനം. ”മത്തുള്ളവരായി, നിങ്ങള്‍ പറയുന്നതെന്തെന്ന് അറിയുന്നതുവരെ, നമസ്‌കാരത്തെ സമീപിക്കരുത്” (4:43). മത്തുപിടിച്ചവന്‍ പറയുന്നതെന്തെന്ന് അയാളറിയുന്നില്ല എന്ന് അല്ലാഹു പറഞ്ഞതാണ് തെളിവ്. 2. ഹംസതുബ്‌നു അബ്ദില്‍ മുത്തലിബ്, അലി(റ)യുടെ രണ്ട് ഒട്ടകങ്ങളെ അറുത്തു. അദ്ദേഹം മദ്യലഹരിയിലായിരുന്നതിനാല്‍ നബി(സ) അദ്ദേഹത്തിന്റെ ചെയ്തിക്കും പറച്ചിലിനും ശിക്ഷ വിധിച്ചില്ല. 3. മാഇസ്(റ) വ്യഭിചാരകുറ്റം ഏറ്റുപറഞ്ഞപ്പോള്‍ നബി(സ) അയാള്‍ മദ്യപിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. സദസ്സിലൊരാള്‍ മാഇസിന്റെ വായ മണത്ത് നോക്കി. മദ്യഗന്ധമില്ലെന്ന് ഉറപ്പാക്കി. മദ്യപിച്ചിരുന്നുവെങ്കില്‍ കുറ്റം ഏറ്റുപറയുന്നത് സാധുവാകില്ല എന്നതിനാലാണ് ഇങ്ങനെ ചെയ്തത് (മുസ്‌ലിം 3/1322). 4. ഉസ്മാന്‍ (റ) പറഞ്ഞു. ഭ്രാന്തനോ ഉന്മത്തനോ ത്വലാഖില്ല (ഫത്ഹുല്‍ ബാരി 9/388, മുസനഫ് അബ്ദുര്‍റസ്സാഖ് 7/84). മത്ത് പിടിച്ചവന്‍ പറയുന്നത് പൂര്‍ണബോധത്തോടെയല്ല.

 

ത്വലാഖ് സാധുവാണെന്ന് പറയുന്നവര്‍ മദ്യപിച്ചതിന്റെ ശിക്ഷയായാണ് അത് വേണമെന്ന് കാണുന്നത്. മദ്യപാനത്തില്‍ പങ്കില്ലാത്ത ഭാര്യക്കാണ് ത്വലാഖിന്റെ ഏറ്റവും വലിയ ആഘാതവും പ്രയാസവും. അതിനാല്‍ ത്വലാഖ് അസാധുവാക്കുന്നതാണ് മദ്യപാനിക്കുള്ള ശിക്ഷ. ഉപര്യുക്ത പണ്ഡിതാഭിപ്രായങ്ങള്‍ മുന്നില്‍വെച്ച് പരിശോധിച്ചാല്‍ മദ്യലഹരിയില്‍ നടത്തിയ വിവാഹമോചനം അസാധുവാണെന്നും ദാമ്പത്യബന്ധം തുടരാമെന്നും ഗ്രഹിക്കാം.

 

ചോദ്യകര്‍ത്താവ് വിവരിച്ച സംഭവങ്ങളില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രശ്‌നം കൂടിയുണ്ട്. മുസ്‌ലിം സഹോദരന്മാര്‍ ബോധവത്കരിക്കപ്പെടേണ്ട ഒരു പ്രധാന വിഷയമാണിത്. വിവാഹബന്ധം വേര്‍പെടുത്താനാണ് അന്തിമമായി തീരുമാനിക്കുന്നതെങ്കില്‍ അത് ഇസ്‌ലാം പഠിപ്പിച്ച രീതിയില്‍ തന്നെ നിര്‍വഹിക്കണം. ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലാത്ത ശുദ്ധികാലത്ത് ഒന്നാമതായി ത്വലാഖ് ചൊല്ലുക. കാത്തിരിപ്പുകാലം (ഇദ്ദ) കഴിയുന്നതുവരെ ഭാര്യയെ ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസിപ്പിക്കുക. ഇദ്ദ കഴിയും വരെ തിരിച്ചെടുത്തിട്ടില്ലെങ്കില്‍ പാരിതോഷികങ്ങളും മറ്റും നല്‍കി സന്തോഷിപ്പിച്ച് സ്ത്രീയുടെ വീട്ടിലെത്തിക്കുക. ഇടക്കാലത്ത് മനസ്സ് മാറിയാല്‍ വീണ്ടും അവളെ വിവാഹം കഴിക്കാന്‍ അവസരമുണ്ടെന്ന് മറക്കരുത്.

 

ഈ ഉന്നത സംസ്‌കാരത്തിന്റെ രീതി കൈയൊഴിച്ച് വൈകാരികമായി പെരുമാറുകയും വീട്ടില്‍ നിന്നാട്ടിപ്പുറത്താക്കുകയും ചെയ്യുന്ന ഇന്നത്തെ സമ്പ്രദായം ഇസ്‌ലാം പഠിപ്പിച്ചതല്ല. സത്യവിശ്വാസികള്‍ക്ക് നിരക്കുന്നതുമല്ല. ഇക്കൂട്ടത്തില്‍പെട്ട, ‘മൂന്ന് ത്വലാഖും ചൊല്ലി’ എന്ന പ്രയോഗം തന്നെ നാവില്‍ വരാന്‍ പാടില്ല. ആദ്യകാല മുസ്‌ലിംകളില്‍ ഈ ദുശ്ശീലമുണ്ടായപ്പോള്‍ ഒരു ശിക്ഷാ നടപടിയായാണ് ഉമര്‍(റ) മൂന്നു ത്വലാഖും ഒന്നിച്ചു സംഭവിച്ചതായി വിധിച്ചത്. സ്വഹീഹ് മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്നു: ”അബ്ദുല്ലാഹിബ്‌നു അബ്ബാസ് പറയുന്നു. റസൂലി(സ)ന്റെ കാലത്തും അബൂബക്‌റി(റ)ന്റെ കാലത്തും ഉമറി(റ)ന്റെ ഭരണകാലത്തിന്റെ ആരംഭത്തിലും ‘മുത്ത്വലാഖ്’ ഒന്നായാണ് പരിഗണിച്ചിരുന്നത്. ഉമര്‍(റ) പറഞ്ഞു: ജനങ്ങള്‍ക്ക് സാവകാശമുണ്ടായിരുന്ന കാര്യത്തില്‍ അവര്‍ ധൃതിപിടിക്കുകയാണ്. അതിനാല്‍ നാമത് അവരില്‍ നടപ്പാക്കിയാലോ? അങ്ങനെ അദ്ദേഹമത് നടപ്പിലാക്കി.”

 

ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ സാവകാശം നടക്കേണ്ട വിവാഹമോചനം ഒറ്റയടിക്ക് മൂന്നവസരവും ഉപയോഗിച്ചതായി പ്രഖ്യാപിച്ച് ധൃതി കൂട്ടുന്നത് അല്ലാഹു അനുവദിച്ച അവസരം തിരസ്‌കരിക്കലാണ്. ഇത് നടപ്പാക്കിയാല്‍ പിന്നെ അതിന്റെ ഗൗരവമോര്‍ത്ത് ജനങ്ങള്‍ പിന്‍വാങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ഈ ശിക്ഷാ നടപടി. എന്നാല്‍, ഉമറി(റ)ന്റെ ഉന്നത സങ്കല്‍പത്തിലേക്ക് ഉയരുന്നതിനു പകരം സ്വയം അധമത്വത്തിലേക്ക് കൂപ്പുകുത്താനാണ് പലരും വ്യഗ്രത കാണിച്ചത്.

 

കര്‍മശാസ്ത്ര പണ്ഡിതന്മാരില്‍ ഭൂരിപക്ഷവും ഈ നിയമം തുടര്‍ന്ന് നടപ്പാക്കണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിവെച്ചിട്ടുള്ളത്. എന്നാല്‍, ഇസ്‌ലാമിന്റെ ചൈതന്യം ഗ്രഹിച്ച് പ്രശ്‌നങ്ങളെ സമീപിക്കുന്ന ചില പണ്ഡിതന്മാര്‍ ഉമര്‍(റ) എടുത്ത തീരുമാനം താല്‍ക്കാലികമായ ഒരു ശിക്ഷാ നടപടിയായി കാണണമെന്ന് അഭിപ്രായപ്പെടുന്നു. പരിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പഠിപ്പിക്കുന്ന രീതിയില്‍ ഓരോ തവണയായി മാത്രമേ ത്വലാഖ് ചൊല്ലാവൂ. ഇനി ഒരാള്‍ മൂന്നും ചേര്‍ത്ത് പറഞ്ഞാലും ഒരു ത്വലാഖ് മാത്രമേ സംഭവിക്കൂ എന്നാണവര്‍ പറയുന്നത്. ഇതിന് ബുദ്ധിപരമായ ഒരു ന്യായവും ചിലര്‍ ഉന്നയിച്ചിട്ടുണ്ട്. ഒരു സ്ത്രീയെ ഒരിക്കല്‍ ത്വലാഖ് ചൊല്ലിയാല്‍ അവള്‍ പിന്നെ ഭാര്യയല്ല. അതിനാല്‍ രണ്ടും മൂന്നും വെറും പാഴ്‌വാക്കാണ്. തിരിച്ചെടുത്ത ശേഷം വിവാഹമോചനം നടത്തുമ്പോഴേ വിവാഹമോചനമാകുന്നുള്ളൂ.

 

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ, ഇബ്‌നുല്‍ ഖയ്യിം എന്നീ മഹാരഥന്മാര്‍ ‘ഒരു തവണ മൂന്ന് ത്വലാഖ്’ എന്നു പറഞ്ഞാല്‍ ഒരു ത്വലാഖ് മാത്രമേ സംഭവിക്കൂ എന്ന് ഉറപ്പിച്ചു പറയുന്നു. ഇഅ്‌ലാമുല്‍ മുവഖിഈന്‍ എന്ന ഗ്രന്ഥത്തില്‍ ഇതിന്റെ വിശദീകരണം കാണാം.

 

എന്നാല്‍, മദ്ഹബുകളുടെ അഭിപ്രായം അവഗണിച്ച് പണ്ഡിതന്മാര്‍ക്ക് ഫത്‌വ നല്‍കാന്‍ പ്രയാസമുണ്ടാകും. അതിനാല്‍ മുസ്‌ലിംകള്‍ നാവില്‍ ‘മൂന്ന് ത്വലാഖ്’ എന്നു വരാന്‍ പാടില്ലെന്ന് തീരുമാനിക്കുകയും, നിന്നെ ഞാന്‍ ത്വലാഖ് ചൊല്ലിയെന്ന് പറയുന്നത് തന്നെ വേര്‍പാടിന് മതിയെന്ന് ഉറച്ചു വിശ്വസിക്കുകയും വേണം. അപ്പോള്‍ അവര്‍ക്കും പണ്ഡിതന്മാര്‍ക്കും ഒരുപോലെ ആശ്വാസമുണ്ടാകും.

 

വിവാഹം, വിവാഹമോചനം തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങളില്‍ പണ്ഡിതന്മാരെല്ലാം യോജിക്കുന്ന അഭിപ്രായങ്ങളാണ് പ്രായോഗികം. അഭിപ്രായ വ്യത്യാസം സമൂഹ ഭദ്രത തകര്‍ക്കാനുള്ള സാധ്യതകള്‍ കണക്കിലെടുക്കേണ്ടതാണ്. എന്നാല്‍, കുടുംബങ്ങളുടെ തകര്‍ച്ചക്ക് കാരണമാകുമ്പോള്‍ അത്തരം അഭിപ്രായങ്ങള്‍ ഒഴിവാക്കി കുടുംബ ഭദ്രതക്ക് സഹായകമാവുന്ന അഭിപ്രായം സ്വീകരിക്കാന്‍ പണ്ഡിതന്മാര്‍ ശ്രദ്ധിച്ചാല്‍ സമുദായത്തിന് വലിയ ആശ്വാസമായിരിക്കും. ഇസ്‌ലാമിന്റെ ചൈതന്യം അതാണാവശ്യപ്പെടുന്നത്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *