മനസ്സ്പതറിപ്പോകുമ്പോള്‍

അല്ലാഹുവിന്റെ വിധിയിലും തീരുമാനത്തിലും പൂര്‍ണ വിശ്വാസവും സംതൃപ്തിയുമുള്ളവനാണ് ഞാന്‍. വളരെയേറെ പ്രതീക്ഷയോടെ നല്ല വിദ്യാഭ്യാസം നല്‍കി നല്ല നിലയില്‍ ഞാന്‍ പോറ്റിവളര്‍ത്തിയ എന്റെ മകന്‍ ഈയടുത്ത് ഒരു അപകടത്തില്‍ മരണപ്പെട്ടു. എത്ര ക്ഷമിക്കാന്‍ ശ്രമിച്ചിട്ടും ചിലപ്പോഴൊക്കെ വല്ലാതെ പതറിപ്പോകുന്നു. മനഃസമാധാനത്തിന് ഞാന്‍ എന്തു ചെയ്യണം?

 

താനേറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് നഷ്ടപ്പെടുമ്പോള്‍ പതറാത്തവര്‍ മഹാഭാഗ്യവാന്മാരാണ്. ഓരോ വിശ്വാസിയും തനിക്കേറെ പ്രിയപ്പെട്ടതെന്തും ഏതു സമയത്തും അല്ലാഹു തിരിച്ചെടുക്കാം എന്ന് മനസ്സിലാക്കണം. അല്ലാഹു അങ്ങനെ പരീക്ഷിക്കുമെന്ന കാര്യം ഉറപ്പാണെന്ന് ഖുര്‍ആനില്‍ തന്നെ സൂചന കാണാം (സൂറഃതുല്‍ ബഖറ: 155-157).

 

പേരക്കിടാങ്ങളെ വല്ല്യുപ്പയുടെയും വല്യുമ്മയുടെയും അടുക്കലാക്കി വിദൂരങ്ങളിലേക്ക് പോവേണ്ടി വരികയും ആഴ്ചകളോളം തങ്ങളുടെ പ്രിയപ്പെട്ട അരുമ സന്താനങ്ങളെ പിരിഞ്ഞിരിക്കേണ്ടി വരികയും ചെയ്യുന്ന മാതാപിതാക്കള്‍ മക്കളെപ്പറ്റി മറ്റാരെങ്കിലും അന്വേഷിക്കുമ്പോള്‍, പറയാറുണ്ട്: ”അവരിപ്പോള്‍ വലിയ ഖുശിയിലായിരിക്കും. ഉപ്പാപ്പയും ഉമ്മാമയും മതി അവര്‍ക്ക്. പറയുന്നതും ചോദിക്കുന്നതുമെല്ലാം നല്‍കി താലോലിക്കുന്നുണ്ടാവും. ഞങ്ങള്‍ ഈയടുത്തൊന്നും ചെല്ലരുതെന്നായിരിക്കും ആ കുട്ടികളുടെ പൂതി. അതിനാല്‍ മക്കളുടെ കാര്യത്തില്‍ യാതൊരു ബേജാറും ആശങ്കയും വേണ്ടതില്ല, അത്രക്ക് സാമാധാനത്തിലാണ് ഞങ്ങള്‍” ഇവിടെ നാമാലോചിക്കുക, നമ്മുടെ മാതാപിതാക്കളെക്കാളും, വല്ലുപ്പ വല്ലുമ്മമാരെക്കാളുമെല്ലാം കാരുണ്യവാനും സ്‌നേഹനിധിയും ദയാപരനുമായ അല്ലാഹുവിന്റെയും അവന്റെ പരിശുദ്ധരായ മലക്കുകളുടെയും സംരക്ഷണത്തിലാണ് തങ്ങള്‍ക്ക് മുമ്പേ മരിച്ചുപോവുന്ന സന്താനങ്ങള്‍ എന്ന്. പിന്നെയെന്തിന് വിഷമിക്കണം!

 

അതുമാത്രമോ, നാളെ സ്വര്‍ഗ കവാടത്തില്‍ കയറിക്കോളൂ എന്ന് മലക്കുകള്‍ ആ കുട്ടികളോട് പറയുമ്പോള്‍ എന്റെ ഉപ്പയും ഉമ്മയും വന്നിട്ടേ ഞാന്‍ കയറൂ എന്ന് ശാഠ്യം പിടിക്കുകയും അവരുടെ വരവും കാത്ത് സ്വര്‍ഗീയ കവാടത്തില്‍ കാത്തിരിക്കുകയും ചെയ്യുന്ന മക്കള്‍ തങ്ങളുടെ ജീവിത കാലത്ത്തന്നെ തങ്ങള്‍ക്കു മുമ്പേ മരിക്കുന്നവര്‍ക്ക് അല്ലാഹു നല്‍കുന്ന അനുഗ്രഹമാണ്.

 

തിരുമേനി(സ)യുടെ സന്നിധിയില്‍ നമസ്‌കാരത്തിനും തിരുമേനിയുടെ ക്ലാസുകള്‍ കേള്‍ക്കാനും വരാറുണ്ടായിരുന്ന ഒരു സഹാബിയെപ്പറ്റി ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ കുട്ടിയും കൂടെ വരുമായിരുന്നു. ആ പിതാവിന് തന്റെ മകനോട് വലിയ സ്‌നേഹമാണെന്ന് തിരിച്ചറിഞ്ഞ പ്രവാചകന്‍ അദ്ദേഹത്തോട് ചോദിച്ചു: ‘നിനക്കിവനെ ഇഷ്ടമാണോ?’ ‘തീര്‍ച്ചയായും. അല്ലാഹുവിന് താങ്കളോടുള്ളത് പോലെയുള്ള സ്‌നേഹം’ – ഉപ്പ പറഞ്ഞു. പിന്നീടവരെ കാണാനില്ലാതായപ്പോള്‍ തിരുമേനി അന്വേഷിച്ചു. അപ്പോള്‍ ആ കുട്ടി മരണപ്പെട്ടു എന്നും അദ്ദേഹം അതില്‍ സങ്കടപ്പെട്ടിരിക്കുകയാണെന്നും വിവരം കിട്ടി. അങ്ങനെ തിരുമേനി അദ്ദേഹത്തിന്റെയടുത്ത് ചെന്ന് ഇങ്ങനെ ചോദിച്ചു: ‘സഹോദരാ, നാളെ സ്വര്‍ഗീയ കവാടത്തില്‍ നീ ചെല്ലുമ്പോള്‍ നിനക്ക് മുമ്പേ അവിടെ എത്തി നിനക്ക് സ്വര്‍ഗീയ കവാടം തുറന്നുതരാന്‍ അവന്‍ കാത്തിരിക്കുന്നത് നിന്നെ സന്തോഷിപ്പിക്കുകയില്ലേ?’ ഇതുകേട്ട് അദ്ദേഹത്തിന് വലിയ ആശ്വാസമായി (നസാഇ, അഹ്മദ്, ത്വബ്‌റാനി).

 

അതിനാല്‍ താങ്കള്‍ക്ക് തീര്‍ച്ചയായും സമാധാനിക്കാം. മരണമില്ലാത്ത, ശാശ്വതമായ ആ സ്വര്‍ഗത്തിലെത്തുന്നതിനും തന്റെ മകനുമായി അവിടെവെച്ച് സന്ധിക്കുന്നതിനും തടസ്സമാകുന്ന പാകപ്പിഴവുകള്‍ വരാതെ നല്ല ജീവിതം നയിക്കുക.

 

ധാരാളം മക്കളുണ്ടാവുകയും ആ കാരണം കൊണ്ടുമാത്രം ഈ ലോകത്ത് ജീവിതം ദുരിതപൂര്‍ണമാവുകയും പരലോകത്ത് പ്രതീക്ഷ നഷ്ടപ്പെടുകയും ചെയ്യുന്നവര്‍ എത്രപേരുണ്ട്! അതിനാല്‍ ഈ പരീക്ഷണത്തില്‍ താങ്കള്‍ വിജയിച്ചേ പറ്റൂ. മകന്‍ മരിച്ചാല്‍ അല്ലാഹു ചോദിക്കുമത്രേ, എന്തായിരുന്നു പിതാവിന്റെ പ്രതികരണമെന്ന്. അപ്പോള്‍ ക്ഷമാപൂര്‍വം ആ സന്ദര്‍ഭത്തെ അതിജീവിച്ച വിശ്വാസികള്‍ അല്ലാഹുവിനെ സ്തുതിക്കുകയും ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍ എന്ന് പറയുകയും ചെയ്തു എന്ന് മലക്കുകള്‍ മറുപടി പറയുമെന്നും, ഉടനെ അല്ലാഹു ‘എങ്കില്‍ സ്വര്‍ഗത്തില്‍ അദ്ദേഹത്തിനായി ഒരു മന്ദിരം പണിയുക. അതിന് സ്തുതിയുടെ മന്ദിരം എന്ന് നാമകരണം ചെയ്യുക’ എന്ന് മലക്കുകളോട് പറയുമെന്നും ഹദീസില്‍ കാണാം (ഫിഖ്ഹുസ്സുന്ന).

 

അതിനാല്‍ താങ്കള്‍ക്കും ആ ഭാഗ്യം ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ആ ഉറപ്പായ സ്വര്‍ഗീയ മന്ദിരം വിലക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ. മനോധൈര്യത്തിനും സ്ഥൈര്യത്തിനും നബി(സ) പഠിപ്പിച്ച പ്രാര്‍ഥനകള്‍, മനസാന്നിധ്യത്തോടെയുള്ള ഖുര്‍ആന്‍ പാരായണം, പ്രവാചകന്റെയും സ്വഹാബാക്കളുടെയും സലഫുസ്സ്വാലിഹുകളുടെയും ചരിത്രം വായിക്കല്‍ ഇവയെല്ലാം മനസ്സിന് ആശ്വാസം നല്‍കും. മനസ്സ് അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ്. അതിന് സ്ഥൈര്യം ലഭിക്കാന്‍ ആത്മാര്‍ഥമായി ആവശ്യപ്പെടുന്നവര്‍ക്ക് അവനത് നല്‍കും, തീര്‍ച്ച. ”ഹൃദയങ്ങളെ മാറ്റിമറിക്കുന്ന തമ്പുരാനേ, ഞങ്ങളുടെ ഹൃദയങ്ങളെ നിന്നെ അനുസരിക്കുന്നതില്‍ ഉറപ്പിച്ചുനിര്‍ത്തിയാലും.”

 

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *