വിഗ്ഗ് വെക്കുന്നതിന്റെ വിധി

കഷണ്ടിയുള്ളവര്‍ വിഗ്ഗ് വെക്കുന്നതിന്റെ വിധി എന്താണ്?

 

 

 

ശാരീരികമായ വൈകല്യങ്ങള്‍, തീപ്പൊള്ളല്‍, രോഗം, അപകടം മൂലമോ മറ്റോ ഉണ്ടാകുന്ന അംഗവൈകല്യങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ ഉണ്ടാകുന്ന പ്രയാസങ്ങള്‍ ദൂരീകരിക്കാനായി ചികിത്സിക്കുന്നതും, അത്തരം വൈകല്യങ്ങള്‍ മാറ്റാന്‍ ഉപദ്രവകരമല്ലാത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതും ഇസ്‌ലാമിക ദൃഷ്ട്യാ അനുവദനീയമാണെന്നാണ് ഈ വിഷയകമായി പണ്ഡിതന്മാരുടെ അഭിപ്രായം. ഇങ്ങനെ ചെയ്യുന്നത് അല്ലാഹു വിലക്കിയ, അവന്റെ സൃഷ്ടിയില്‍ മാറ്റം വരുത്തുക എന്ന ഗണത്തില്‍ പെടുന്നതല്ലെന്നും യഥാര്‍ഥ സൃഷ്ടിപ്പിലേക്കും പ്രകൃതിയിലേക്കും തിരിച്ചുകൊണ്ടുവരുക മാത്രമേ ഇവിടെ സംഭവിക്കുന്നുള്ളുവെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

 

വാര്‍ധക്യസഹജമായ കാരണങ്ങളാല്‍ മുടി കൊഴിഞ്ഞുപോവുന്ന ഒരു വൃദ്ധന്റെയും ചെറുപ്രായത്തില്‍തന്നെ എന്തോ കാരണത്താല്‍ മുടി കൊഴിഞ്ഞ് കഷണ്ടിയാവുന്ന യുവാവിന്റെയും വിധി ഇവിടെ ഒരു പോലെയല്ല. ആദ്യം പറഞ്ഞത് പ്രകൃതിയുടെ തേട്ടമാണെങ്കില്‍ രണ്ടാമത് പറഞ്ഞത് അസാധാരണവും അസ്വാഭാവികവുമാണ്. മേല്‍പറഞ്ഞ ന്യൂനതകള്‍ പരിഹരിക്കാന്‍ വേണ്ടിയുള്ള പ്ലാസ്റ്റിക് സര്‍ജറികള്‍, കഷണ്ടി മറയ്ക്കാന്‍ വിഗ് വെക്കല്‍ തുടങ്ങിയവ അനുവദനീയമാണെന്ന വീക്ഷണമാണ് സലഫി പണ്ഡിതനായ ശൈഖ് മുഹമ്മദ് സാലിഹ് അല്‍ഉസൈമീന്‍ ഉള്‍പ്പെടെയുള്ള പണ്ഡിതന്മാര്‍ക്കുള്ളത്.

 

എന്നാല്‍, കഷണ്ടിയോ മറ്റു വൈകല്യങ്ങളോ ഒന്നും ഇല്ലാതിരിക്കേ, തന്റെ ആകാര സൗഷ്ഠവത്തില്‍ അവജ്ഞ തോന്നി ഫാഷന്‍ മാത്രം ഉദ്ദേശിച്ച്, കാലത്തിന്റെ മാറ്റത്തിനനുസരിച്ച് കോലം കെട്ടുന്നത് ഇസ്‌ലാം ഒട്ടും അനവദിക്കുന്നില്ല. ഒരു ദിവസം യൂറോപ്യന്‍, പിറ്റേ ദിവസം ആഫ്രിക്കന്‍, മൂന്നാം ദിവസം കൊറിയന്‍ എന്ന മട്ടില്‍, നാടകമഭിനയിക്കാന്‍ മേക്കപ്പിടുന്നതുപോലെ ഓരോ ദിവസവും വ്യത്യസ്ത കോലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് ഇസ്‌ലാം വിലക്കിയ കബളിപ്പിക്കലില്‍ പെടാന്‍ സാധ്യത ഏറെയാണ്.

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *