വൂദു എടുക്കാനുള്ള സൗകര്യമോ തയമ്മും ചെയ്യാനുള്ള മണ്ണോ ലഭ്യമല്ലാതിരിക്കുകയും നമസ്‌കാരം ജംആക്കാന്‍ പറ്റാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ എങ്ങനെ നമസ്‌കരിക്കും?

അല്ലാഹു പറയുന്നു: ”ഒരാളോടും തന്റെ കഴിവില്‍ പെടാത്തത് ചെയ്യാന്‍ അല്ലാഹു നിര്‍ദ്ദേശിച്ചിട്ടില്ല” (അല്‍ബഖറ:286). നബി(സ) പറഞ്ഞു: നിങ്ങളോട് ഞാന്‍ വല്ലതും കല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളെ കൊണ്ട് കഴിയുന്നതിനനുസരിച്ച് നിങ്ങളത് ചെയ്യുക (ബുഖാരി). ഇതിന്റെ അടിസ്ഥാനത്തില്‍ സാധ്യമാകുന്ന രൂപത്തില്‍ നമസ്‌കരിക്കുകയാണ് ഇത്തരം സാഹചര്യങ്ങളില്‍ വേണ്ടത്. അല്ലാതെ നമസ്‌കാരം തീരെ ഒഴിവാക്കുകയല്ല. അതായിരുന്നു തിരുമേനിയുടെയും അനുചരന്മാരുടെയും ചര്യ. ഇത് വ്യക്തമാക്കുന്ന ഒരു ഹദീസ് ഇങ്ങനെ കാണാം: യഅ്‌ല ബിന്‍ മുര്‍റയില്‍ നിന്ന് നിവേദനം: നബി(സ)യും അനുയായികളും ഒരു ഇടുങ്ങിയ സ്ഥലത്ത് എത്തി. മഴ ചാറുന്നുണ്ട്. നിലമാകട്ടെ നനഞ്ഞു കുതിര്‍ന്നതും. നമസ്‌കാര സമയമായപ്പോള്‍ തിരുമേനി ബാങ്ക് കൊടുക്കാന്‍ കല്‍പ്പിച്ചു. ബാങ്കും ഇഖാമത്തും കൊടുത്തു. അനന്തരം തിരുമേനി തന്റെ വാഹനപ്പുറത്തിരുന്നുകൊണ്ട് തന്നെ അവരെയും കൊണ്ട് നമസ്‌കരിച്ചു. റുകൂഇനേക്കാള്‍ അല്‍പ്പം കൂടി കുനിഞ്ഞ് സുജൂദ് ചെയ്യുന്ന ആംഗ്യരൂപത്തിലായിരുന്നു ആ നമസ്‌കാരം.” വാഹനപ്പുറത്തിരുന്ന് ഫര്‍ദ് നമസ്‌കാരം നിര്‍വഹിക്കാമെന്ന് ഈ ഹദീസ് സൂചിപ്പിക്കുന്നു. നിര്‍ബന്ധമായും ചില നിബന്ധകള്‍ പാലിച്ചിരിക്കേണ്ടതാണെന്ന് കുറിക്കുന്ന തെളിവുകളെ ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പരിഗണിക്കേണ്ടതില്ലെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു (നൈലുല്‍ ഔതാര്‍: ഇമാം ശൗകാനി).

 

ഉറക്കം, മറവി, രോഗം, അറിവില്ലായ്മ, നിര്‍ബന്ധിതാവസ്ഥ, യാത്ര തുടങ്ങിയവയെല്ലാം ഒരാള്‍ക്ക് ഇളവ് ലഭിക്കാനുള്ള ന്യായമായ കാരണങ്ങളായി ഇസ്‌ലാമിക ശരീഅത്ത് പരിഗണിച്ചിരിക്കുന്നു. പലരും ഇത്തരം ഇളവുകള്‍ ഒരിക്കലും ഉപയോഗപ്പെടുത്താന്‍ പറ്റാത്ത രൂപത്തിലുള്ള നിബന്ധനകള്‍ വെച്ചുകൊണ്ട് എല്ലാ ഇളവുകളെയും അസാധ്യവും അപ്രായോഗികവുമാക്കിയിരിക്കുകയാണ്. തത്ഫലമായി പല ദീനിനിഷ്ഠകളും പാലിക്കുന്നതില്‍ ഒരുപാട് പേര്‍ വിമുഖത കാണിക്കുന്നു. ഇത്തരം കടുത്ത നിബന്ധനകള്‍ കാരണം ഒരു യഥാര്‍ഥ മുസ്‌ലിമായി ജീവിക്കുക ഇക്കാലത്ത് നടപ്പുള്ള കാര്യമല്ലെന്നു പലര്‍ക്കും തോന്നിപ്പോകുന്നു. ഇസ്‌ലാമോ മഹാന്മാരായ പണ്ഡിതന്മാരോ ഇതിനൊന്നും ഉത്തരവാദികളാവുന്നില്ല.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *