ശരീരത്തില്‍ ചേറും ചെളിയും പുരളുന്ന തരത്തില്‍ പാടത്തും പറമ്പിലും ജോലിയെടുക്കുന്നവര്‍ നമസ്‌കരിക്കാനായി ഓരോ തവണയും കുളിച്ചുശുദ്ധിയാവുക എന്നത് അപ്രായോഗികമാണ്. എന്താണ് പരിഹാരം?

ഇത്തരം സാഹചര്യങ്ങളില്‍, കുളിച്ച് വൃത്തിയായ വസ്ത്രങ്ങള്‍ മാറി മാത്രമേ നമസ്‌കരിക്കാവൂ എന്ന് ശഠിക്കേണ്ടതില്ല. ശരിയാണ്, ഏറ്റവും നല്ലതും വൃത്തിയുള്ളതുമായ ശരീരവും വസ്ത്രവും നമസ്‌കാര സ്ഥലവുമൊക്കെ വളരെ ഉത്തമമാണ്. അതിന്റെ പ്രാധാന്യം ഒട്ടും കുറച്ചു കാണുന്നില്ല. സാധ്യമായേടത്തോളം അതൊക്കെ പരിഗണിച്ചേ മതിയാവൂ. അത് പക്ഷേ നമസ്‌കാര സമയം തെറ്റിച്ച് ശിക്ഷാര്‍ഹരാകുന്നതിന് സന്ദര്‍ഭമൊരുക്കിക്കൂടാ.

 

ജോലിത്തിരക്കിനിടയില്‍ കുളിച്ച് നല്ല വസ്ത്രമണിഞ്ഞ് വീണ്ടും അഴുക്ക് പുരളുന്ന ജോലിയിലേര്‍പ്പെട്ട് വീണ്ടും കുളിച്ച് വസ്ത്രം മാറ്റി നമസ്‌കരിക്കേണ്ട ഗതികേടൊന്നും ഇസ്‌ലാം ഉണ്ടാക്കിവെച്ചിട്ടില്ല. ആകെ കൂടി ശ്രദ്ധിക്കേണ്ടത് നമസ്‌കാരത്തിന്റെ അനിവാര്യമായ നിബന്ധനകളായ ചെറിയ അശുദ്ധിയില്‍ നിന്നും വലിയ അശുദ്ധിയില്‍ നിന്നും മുക്തമായിട്ടുണ്ടോ എന്നും, ശരീരവും വസ്ത്രവും നമസ്‌കാര സ്ഥലവും നജസില്‍ നിന്നും ശുദ്ധമാണോ എന്നും ഉറപ്പുവരുത്തലാണ്. ഇവിടെ വുദു മുറിയുന്ന കാര്യങ്ങളാണ് ചെറിയ അശുദ്ധികൊണ്ടുദ്ദേശിക്കുന്നത്. കുളി നിര്‍ബന്ധമാകുന്ന കാര്യങ്ങളാണ് വലിയ അശുദ്ധികൊണ്ടുള്ള വിവക്ഷ.

 

ശരീരത്തില്‍ അല്‍പം പൊടിപാറിയിട്ടുണ്ട്, ചെളി തെറിച്ചിട്ടുണ്ട്, വിയര്‍ത്തിട്ടുണ്ട് എന്നതൊന്നും ഒരു തടസ്സമായിക്കൂടാ. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍, പ്രത്യേക നമസ്‌കാര കുപ്പായം തന്നെ വേണമെന്ന് ശഠിക്കേണ്ടതുമില്ല. മുഖവും മുന്‍കൈയും ഒഴിച്ചുള്ളതെല്ലാം മറയ്ക്കുന്ന ഏതു വസ്ത്രവുമാകാം. വുദുവെടുത്ത് ജോലി സ്ഥലത്ത് നിന്ന് ഒരല്‍പം മാറി ഖിബ്‌ലക്ക് നേരെ തിരിഞ്ഞ് നമസ്‌കരിച്ച് വീണ്ടും പണി തുടരാം. എവിടെയും എങ്ങനെയും നമസ്‌കരിക്കാം എന്നാണ് ഇപ്പറഞ്ഞതിന് അര്‍ത്ഥമെന്ന് ആരും തെറ്റിദ്ധരിക്കരുത്. ഒരു പാട് ജോലിത്തിരക്കുള്ള സഹോദരിമാര്‍ എല്ലാ ജോലിയും കഴിഞ്ഞ്, കുളിച്ച് മാറിയേ നമസ്‌കരിക്കൂ എന്ന് ശഠിച്ച് നമസ്‌കാരം സമയത്തിന് നിര്‍വഹിക്കാതിരിക്കുക എന്നത് ശീലമാക്കുകയും ആ ശീലം തുടരുന്നതില്‍ യാതൊരു അസ്വസ്ഥതയും ഇല്ലാതിരിക്കുകയും ചെയ്യുന്ന പ്രവണത ഒട്ടും ശരിയല്ലായെന്ന് ബോധ്യപ്പെടുത്തുക മാത്രമേ ഇവിടെ ഉദ്ദേശിച്ചിട്ടുള്ളൂ.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *