സമയം തെറ്റിച്ച് നമസ്‌കരിക്കുന്നതിന്റെ വിധിയെന്ത്?

സമയബന്ധിതമായി നിര്‍വഹിക്കേണ്ടതും നിര്‍വഹിക്കാത്തപക്ഷം ഫലശൂന്യമാകുന്നതുമായ ആരാധനാ കര്‍മമാണ് നമസ്‌കാരം. അല്ലാഹു പറയുന്നു: ”നിശ്ചയം നമസ്‌കാരം വിശ്വാസികള്‍ക്ക് സമയബന്ധിതമായി നിര്‍ബന്ധമാക്കിയ കര്‍മമാകുന്നു” (അന്നിസാഅ്: 103).

 

ഈ സൂക്ത ശകലം യുദ്ധത്തിനിടയില്‍ നമസ്‌കാരത്തിന്റെ രൂപം വിശദീകരിക്കുന്നതിന്റെ അന്ത്യത്തിലാണ് വന്നിരിക്കുന്നത്. നമുക്കറിയാം, തിരുമേനിയുടെ കാലത്ത് നടന്ന യുദ്ധങ്ങളില്‍ മുസ്‌ലിംകളുടെയും ശത്രുക്കളുടെയും എണ്ണം തമ്മിലുള്ള അന്തരം. യുദ്ധസാമഗ്രികളുടെ കാര്യത്തിലും മുസ്‌ലിംകള്‍ ശത്രുക്കളേക്കാള്‍ എത്രയോ പിന്നിലായിരുന്നു. മുസ്‌ലിം സൈന്യം സദാ ജാഗരൂകരായിരുന്നില്ലെങ്കില്‍ ഇസ്‌ലാം തന്നെ തുടച്ചുനീക്കപ്പെടാവുന്ന ഒരു സന്ദര്‍ഭത്തില്‍, നമസ്‌കാരത്തിന് ഒരു ഒഴികഴിവും ഇല്ലെന്നാണ് അല്ലാഹു വ്യക്തമാക്കുന്നത്. അത്തരം പ്രതിസന്ധികള്‍ക്കിടയിലും നമസ്‌കാരം മാറ്റിവെക്കുകയല്ല, മറിച്ച് യുദ്ധാന്തരീക്ഷം പരിഗണിച്ച് നമസ്‌കാര രൂപത്തില്‍ ചില മാറ്റങ്ങള്‍ ആകാമെന്ന് വ്യക്തമാക്കിയ ശേഷം അതിന്റെ രൂപം വിശദീകരിക്കുന്ന സൂക്തം അവസാനിപ്പിച്ചുകൊണ്ട് പറഞ്ഞതാണ് മേല്‍പ്പറഞ്ഞ വചനം എന്നത് ശ്രദ്ധേയമാണ്.

 

നമസ്‌കാരം ദീനിന്റെ സ്തംഭമാണ്. അതിനെ നിലനിര്‍ത്തിയവന്‍ ദീനിനെ നിലനിര്‍ത്തിയെന്നും അതുപേക്ഷിക്കുന്നവന്‍ ദീനിനെ ഉപേക്ഷിച്ചുവെന്നുമുള്ള കാര്യത്തില്‍ ഇസ്‌ലാമിക പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. അല്ലാഹു പറഞ്ഞു: ”പിന്നെ ഇവര്‍ക്ക് ശേഷം പിഴച്ച പിന്‍ഗാമികളുണ്ടായി. അവര്‍ നമസ്‌കാരം പാഴാക്കി; ദേഹേഛകളെ പിന്‍പറ്റുകയും ചെയ്തു. ദുര്‍മാര്‍ഗത്തിന്റെ അനന്തഫലം അവര്‍ ഉടനെ കണ്ടുമുട്ടും” (മര്‍യം:59).

 

അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: ഇവിടെ നമസ്‌കാരം പാഴാക്കി എന്നതിന്റെ അര്‍ഥം പൂര്‍ണമായി ഒഴിവാക്കി എന്നല്ല, പ്രത്യുത നമസ്‌കാരം സമയം തെറ്റിച്ചു, വൈകിപ്പിച്ചു എന്നെല്ലാമാണ്. മഹാനായ താബിഈ പണ്ഡിതന്‍ ഇമാം സഈദുബ്‌നുല്‍ മുസയ്യബ് പറഞ്ഞു: ളുഹ്ര്‍ അസ്വറിന്റെ സമയത്തും, അസ്വര്‍ മഗ്‌രിബിന്റെ സമയത്തും, മഗ്‌രിബ് ഇശാഇന്റെ സമയത്തും, ഇശാഅ് സുബ്ഹിയുടെ സമയത്തും വൈകിപ്പിച്ചു നമസ്‌കരിക്കുന്നു എന്നാണ് പ്രസ്തുത ആയത്തിന്റെ ഉദ്ദേശ്യം. ഇങ്ങനെ ബോധപൂര്‍വം സ്ഥിരമായി ചെയ്യുന്നവര്‍ പശ്ചാത്തപിച്ചു മടങ്ങിയില്ലെങ്കില്‍ അവരുടെ സങ്കേതം ‘ഗയ്യ്’ ആയിരിക്കുമെന്ന് അല്ലാഹു താക്കീതുചെയ്തിരിക്കുന്നു. സൂറത്തു മര്‍യമിലെ മേല്‍ സൂക്തം അവസാനിക്കുന്നത് അവര്‍ ‘ഗയ്യ്’ കണ്ടുമുട്ടുമെന്ന് പറഞ്ഞാണ്. ആ ‘ഗയ്യി’നെ സംബന്ധിച്ചാണ് ഇമാം ഇങ്ങനെ വിശദീകരിക്കുന്നത്: ‘അത്യുഷ്ണവും അഗാധ ഗര്‍ത്തവും ഉള്ള നരകത്തിലെ താഴ്‌വരയാണത്.’ ചലവും ചോരയും അളിഞ്ഞൊഴുകുന്ന നരകഗര്‍ത്തങ്ങള്‍ എന്നും കാണാം. സഅദുബ്‌നു അബീവഖാസിന്റെ പുത്രന്‍ മുസ്അബ് പറയുന്നു: അവര്‍ നമസ്‌കാരത്തില്‍ അശ്രദ്ധ കാണിക്കുന്നവരാകുന്നു’ എന്ന ആയത്തിനെ സംബന്ധിച്ച് ഞാന്‍ പിതാവിനോട് ചോദിക്കുകയുണ്ടായി. പ്രിയ പിതാവേ, നമ്മിലാര്‍ക്കാണ് ശ്രദ്ധക്കുറവ് സംഭവിക്കാത്തത്? പലവിചാരങ്ങളും മനസ്സിലേക്ക് വരാത്ത ആരാണുള്ളത്? അപ്പോഴദ്ദേഹം പറഞ്ഞു: അതിന്റെ ഉദ്ദേശ്യം സമയബോധമില്ലായ്മ എന്നാകുന്നു. വെറുതെ സമയം വൈകിപ്പിച്ച് നമസ്‌കാരം സമയത്ത് നിര്‍വഹിക്കാതിരിക്കുന്നവരെപ്പറ്റിയാണ് ആ പറഞ്ഞത് (മജ്മഉസ്സവാഇദില്‍ ഇമാം ഹൈഥമി ഉദ്ധരിച്ചത്).

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *