ഹറാം തിന്നുന്നവരും തീറ്റുന്നവരും

ഹറാമാണെന്നോ ഹലാലാണെന്നോ പരിഗണിക്കാതെ കിട്ടിയതെല്ലാം അനുഭവിക്കുന്ന ഒരു കാലം ജനങ്ങൾക്ക് വരാനിരിക്കുന്നു എന്ന് നബി തിരുമേനി (സ) പ്രവചിച്ച കാലം പുലർന്നിരിക്കുന്നു.

 

عَنْ أَبِي هُرَيْرَةَ، رَضِيَ اللَّهُ عَنْهُ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: « يَأْتِي عَلَى النَّاسِ زَمَانٌ لاَ يُبَالِي الْمَرْءُ مَا أَخَذَ مِنْهُ أَمِنَ الْحَلاَلِ أَمْ مِنَ الْحَرَامِ»رَوَاهُ الْبُخَارِيُّ: 2059

 

ബിസിനസ്സ് സംരംഭങ്ങളിൽ പണം ഇൻവെസ്റ്റ് ചെയ്യുന്ന, *ദീനീ നിഷ്ഠയുള്ള പല സഹോദരങ്ങളും*, അതിന്റെ ഇസ്ലാമിക വിധികൾ എന്തെന്ന് മനസ്സിലാക്കാതെ മുതൽ മുടക്കുകയും, അതിൽ നിന്ന് ലഭിക്കുന്ന ലാഭം, തനിക്ക് ഹലാലാവുമോ ഇല്ലേ എന്നൊന്നും മനസ്സിലാക്കാതെ പറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്നത് വ്യാപകമായിട്ടുണ്ട്.

ജ്വല്ലറികളിൽ കാഷ് ഇൻവെസ്റ്റ് ചെയ്യുന്നവരാണ് ഇതിൽ നല്ലൊരു വിഭാഗം.

എന്നോട് വിളിച്ചന്വേഷിക്കുന്ന തൊണ്ണൂറ്റി ഒമ്പത് ശതമാനം പേരും ഹറാമായ മുതലാണ് പറ്റി കൊണ്ടിരിക്കുന്നതെന്നും, അത്തരക്കാരെ തങ്ങളുടെ ബിസിനസ്സ് സംരംഭങ്ങളിൽ പങ്കാളിയാക്കുക വഴി, സ്വയം ഹറാം തിന്നുകയും മറ്റുള്ളവരെ തീറ്റിക്കുകയുമാണ് ചെയ്യുന്നതെന്നും എത്ര വേഗം തിരിച്ചറിഞ്ഞ് പുനർ വിചിന്തനത്തിന് തയ്യാറാവുന്നുവോ അത്രയും അവർക്ക് നല്ലത്.

 

ഹറാം ഭുജിച്ചാൽ:

 

 • ഹറാമായ സമ്പാദ്യം തനിക്കും തന്റെ ഭാര്യാ സന്താനങ്ങൾക്കും ശാപമായി ഭവിക്കും.
 • പ്രാർഥനകൾ സ്വീകരിക്കപ്പെടുകയില്ല.
 • ആപത്തുകൾ വന്നു കൊണ്ടിരിക്കും.
 • മക്കളും ഭാര്യയുമുൾപ്പെടെയുള്ള ബന്ധുക്കൾ തലതിരിഞ്ഞു കൊണ്ടിരിക്കും. അവർ പൊട്ടിത്തെറിച്ച മക്കളായി തീരും
 • രോഗവും കഷ്ടപാടുകളും മന സംഘർഷവും, ടെൻഷനും വർദ്ധിക്കും.
 • ശാന്തിയും സമാധാനവും നഷ്ടപ്പെടും.
 • അല്ലാഹു കണക്കാക്കി വെച്ചതല്ലാതെ ഒരു നയാ പൈസ അവർക്കൊട്ട് കൂടുകയുമില്ല, അനുഭവിക്കാനും സാധ്യമല്ല.

സർവോപരി ഹറാമിൽ വളർന്ന മാംസം അതു ശരീരത്തിലെ ഏത്ര ചെറിയ അംശ മാണെങ്കിലും സ്വർഗത്തിൽ കടക്കില്ല. ഇക്കാര്യം മുത്ത് നബി (സ) പ്രഖ്യാപിച്ചു കഴിഞ്ഞതാണ്.

 

عَنْ جَابِرِ بْنِ عَبْدِ اللهِ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «……. *لَا يَدْخُلُ الْجَنَّةَ لَحْمٌ نَبَتَ مِنْ سُحْتٍ. النَّارُ أَوْلَى بِهِ*». رَوَاهُ أَحْمَدُ: 14441، وَقَالَ الشَّيْخُ شُعَيْبٌ الْأَرْنَاؤُوطُ: إِسْنَادُهُ قَوِي عَلَى شَرْطٍ مُسْلِمٍ

പരലോകത്ത് ഏറ്റവും ആദ്യം ചോദിക്കപ്പെടുന്ന നാലു ചോദ്യങ്ങളിൽ രണ്ടെണ്ണവും പണത്തെ പറ്റിയാണ്.

 

عَنْ أَبِى بَرْزَةَ الأَسْلَمِىِّ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: « لاَ تَزُولُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ حَتَّى يُسْأَلَ عَنْ عُمْرِهِ فِيمَا أَفْنَاهُ وَعَنْ عِلْمِهِ فِيمَا فَعَلَ *وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَا أَنْفَقَهُ* وَعَنْ جِسْمِهِ فِيمَا أَبْلاَهُ ».- رَوَاهُ التِّرْمِذِيُّ: 2602، وَصَحَّحَهُ الأَلْبَانِيُّ

 

ആർക്കും ഒന്നും ചെയ്ത് തരാൻ സാധിക്കാത്ത ആ ഭയങ്കര നാളിനെ ഭയപ്പെടുന്നവർ ജാഗ്രത പുലർത്തി ക്കൊള്ളട്ടെ.

ഇവ്വിഷയകമായി
വിശദമായി പിന്നീട് പറയാം. സംക്ഷിപ്തമായി ചിലതു മാത്രം സൂചിപ്പിക്കട്ടെ.

ഏതാനും ചോദ്യങ്ങൾ ഇത്തരം സംരംഭങ്ങളിൽ മുതൽ മുടക്കുന്നവർ, സ്വയം ചോദിച്ചു നോക്കുക.

 

 1. താൻ മുതൽ മുടക്കിയ സംരംഭം ഹലാലായ മൂലധനം മാത്രം അടിസ്ഥാമാക്കിയ സംരംഭമാണോ?
 2. സംരംഭം ലാഭമുണ്ടാക്കുന്നത് ഹലാലായ മാർഗത്തിലൂടെ തന്നെയാണോ?
 3. സംരംഭത്തിൽ മുതൽ മുടക്കിയവർ ഇസ്ലാമിക ശരീഅത്ത് നിഷ്കർഷിക്കുന്ന വ്യവസ്ഥകൾ പാലിച്ചു കൊണ്ടാണോ അതിൽ മുതൽ മുടക്കിയിട്ടുള്ളത്?
 4. ലാഭത്തിലെന്ന പോലെ നഷ്ടത്തിലും പങ്കാളിത്തം ഉറപ്പു വരുത്തിയിട്ടുണ്ടോ?
 5. നിബന്ധനകൾ കൃത്യമായി എഗ്രിമെന്റിൽ രേഖപ്പെടുത്തി സാക്ഷികളുടെ മുമ്പാകെ ഒപ്പു വെച്ചിട്ടുണ്ടോ?❓
 6. ലാഭ വിഹിതം മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ടോ?
 7. ലാഭം നിശ്ചയിച്ചിട്ടുള്ളത്, താൻ മുടക്കിയ മുതലിന്റെ ശതമാനം വെച്ചാണോ, എന്നു വച്ചാൽ കൃത്യമായ സംഖ്യയാണോ? ( *എങ്കിലത് പലിശയാണ്* ).
 8. അതല്ല, ലാഭം നിശ്ചയിച്ചിട്ടുള്ളത്, സംരംഭത്തിൽ ഉണ്ടാവുന്ന മൊത്തം ലാഭത്തിന്റെ ഇത്ര ശതമാനം എന്നാണോ?
  ( *എങ്കിലതാണ് ഇസ്‌ലാമികമായിശരി* ).
 9. സംരംഭം നഷ്ടത്തിലാവുകയോ, പറ്റെ പൊളിയുകയോ ചെയ്താൽ എന്താണ് വ്യവസ്ഥ എന്ന് ഉഭയ സമ്മതത്തോടെ മുൻകൂട്ടി ധാരണയിലെത്തുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടോ?

 

ശരീഅത്ത് പഠിപ്പിച്ച ചില തത്വങ്ങൾ:

 

 1. ആരാണോ നഷ്ടം വഹിക്കേണ്ടത് അവർക്കേ ലാഭം പറ്റാനും അവകാശമുള്ളൂ.
 2. ആർക്കെല്ലാം ലാഭത്തിന് അർഹതയുണ്ടോ, അവർക്കെല്ലാം നഷ്ടം വഹിക്കേണ്ട ബാധ്യതയും ഉണ്ട്.
 3. ലാഭം പറ്റാൻ അവകാശമുണ്ടായിരിക്കുകയും നഷ്ടം ( സാമ്പത്തിക നഷ്ടമോ, അദ്ധ്വാന നഷ്ടമോ ) വഹിക്കേണ്ടി വരാത്തതുമായ എല്ലാ തരം കൂട്ടു സംരംഭങ്ങളും ഹറാമാണ്.
 4. സംരംഭകർക്ക് മൂലധനം ഗ്യാരണ്ടിയാണെന്ന് ഉറപ്പു നൽകിക്കൊണ്ട്, ലാഭമെന്ന പേരിൽ നൽകപ്പെടുന്ന എല്ലാ ആനുകൂല്ല്യങ്ങളും ഹറാമാണ്.

 

NB: പണ്ഡിതൻമാരായി അറിയപ്പെടുന്നവർക്ക് പോലും പലർക്കും ഈ വിഷയത്തിൽ പിടിപാടില്ല. ബാക്കിയുള്ളവരുടെ കാര്യം പിന്നെ പറയാനുണ്ടോ,

ഏതായാലും സാമ്പത്തിക വിഷയങ്ങളിലെ ശരീഅത്ത് വിധികളെ പറ്റി *അല്ലാഹു തൗഫീഖ് ചെയ്താൽ, പ്രമാണ സഹിതം വിശദമായി പിന്നീട് എഴുതുന്നതാണ്*.

إن شاء الله

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *