ഹാദിയയുടെ ഇസ്ലാമും ബഹു. മന്ത്രി സുധാകരൻ പറഞ്ഞതും

താൻ ഇസ്‌ലാം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ഒരു ചാനൽ അഭിമുഖത്തിൽ ഹാദിയ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഒരിക്കൽ കൂടി വായിക്കാൻ .

ഇസ്ലാമിന് എന്തോ ഒരു ആത്മ ചൈതന്യം ഉണ്ട്. ഞാനങ്ങനെ വിശ്വസിക്കുന്നു ഇതാണ് ബഹു. മന്ത്രി സുധാകരൻ, മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞത്.

ഈ ആത്മ ചൈതന്യം ഉള്ളത് കൊണ്ടാണ് മുസ്‌ലിമായ ഒരാളും തന്നെ മറ്റൊരു മതത്തിലേക്കും, പഠിച്ചു മനസ്സിലാക്കി, ബോധ്യപ്പെട്ട ശേഷം അതാണ് ഇസ്ലാമിനെക്കാള്‍ ശരി എന്ന് അവകാശപ്പെട്ടു കൊണ്ട് പോകാത്തത്.
അപവാദങ്ങള്‍ കണ്ടേക്കാം.

പ്രണയം, സാമ്പത്തിക നേട്ടം, സ്ഥാനമാനങ്ങൾ തുടങ്ങിയവക്ക് വേണ്ടി ഇസ്‌ലാം മതം ഉപേക്ഷിച്ചു പോകുന്നവരുണ്ട്. അത്തരക്കാർ പക്ഷെ, തങ്ങളുടെ സ്വാർഥ താൽപര്യത്തിലുപരിയായി മറ്റൊന്നിനും ഒരു മൂല്ല്യവും വിലയും കൽപ്പിക്കാത്തവരായിരിക്കും.

ഇന്ത്യയാകുന്ന മാർക്കറ്റിൽ ഓരോരുത്തരും അവരവവരുടെ വിശ്വാസാദർശങ്ങളാകുന്ന ഉൽപന്നങ്ങൾ പ്രദർശ്ശനത്തിന് വെക്കട്ടെ, ഉപഭോക്താക്കൾ തങ്ങൾക്കാവശ്യമുള്ള ഉൽപന്നങ്ങൾ സ്വഭീഷ്ടപ്രകാരം വാങ്ങിച്ചു കൊള്ളട്ടെ. അതുപോലെ ഓരോ കച്ചവടക്കാരനും തങ്ങളുടെ ഉൽപന്നങ്ങൾ ചെലവഴിക്കാനുള്ള എല്ലാ വഴികളും പയറ്റട്ടെ. എന്നാല്‍ ആരും തന്നെ നിയമവിരുദ്ധമോ, ദോഷകരമോ ആയ മാർഗങ്ങൾ ഒരിക്കലും അവലംബിക്കാൻ പാടില്ല എന്ന് തീരുമാനിക്കണം.

അങ്ങനെ ഓരോരുത്തരും തങ്ങൾക്ക് താൽപര്യമുള്ള ചരക്കുകൾ ഇഷ്ടമുള്ളവരിൽ നിന്ന് വാങ്ങിക്കുന്നതിന് മറ്റുള്ളവര്‍ എന്തിന് ബേജാറാവണം? അവരെന്തിന് അസഹിഷ്ണുത പ്രകടിപ്പിക്കണം?

നിർബന്ധ മത പരിവർത്തനം നടത്തുന്നു എന്ന് സംഘികൾ ഈ പറയുന്നത് ബുദ്ധിയും വിവേകവുമുള്ള പക്വതയും പാകതയുമെത്തിയവരെപ്പറ്റിത്തന്നെയാണോ?

ഇങ്ങനെ സംശയിക്കാൻ കാരണമുണ്ട്. അവർ പറയുന്നത് കൂടെ പഠിക്കുന്നവർ സ്വാധീനിച്ചു മുസ്ലിമാക്കി എന്നൊക്കെയാണ്. ഈ സാമർഥ്യം മുസ്‌ലിംകൾക്കു മാത്രമേയുള്ളൂ എന്നാണോ മനസ്സിലാക്കേണ്ടത്?

എന്തേ, തിരിച്ചിങ്ങോട്ട് അതു പോലെ സംഭവിക്കാത്തത്? അല്ലെങ്കിലെന്താണീ പറയുന്നതിന്റെ അർഥം?
ഏതാനും മുതിർന്ന മുസ്‌ലിം വിദ്യാർഥികൾ, ഇസ്‌ലാമിനെക്കുറിച്ച് നാല് വാക്കു പറയുമ്പഴേക്ക് അതില്‍മയങ്ങി വീണു പോകാൻ മാത്രം മന്ദ ബുദ്ധികളും, സാധുക്കളുമാണോ അവരുടെ സഹപാഠികളായ ഇതര മതസ്ഥരായ വിദ്യാർഥികൾ? ഇവർ പറയുന്നത് കേട്ടാൽ അങ്ങനെയാണ് തോന്നുക. അതിനാൽ അങ്ങനെ ആരെങ്കിലും വിചാരിച്ചാല്‍ അവരെ കുറ്റം പറയാനാകുമോ?

യഥാർഥത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ മിടുക്കരായ യുവ തലമുറയെ മൊത്തം കളിയാക്കുന്ന, കൊച്ചാക്കുന്ന ബഡായികളാണ് സംഘിക്കൂടാരത്തിൽ നിന്ന് നിർഗളിക്കുന്നത്. ബുദ്ധിയും ചിന്താശേഷിയുമുള്ള യുവതലമുറയാണ് ഇതിന് മറുപടി പറയേണ്ടത്.

വാസ്തവത്തില്‍ ഇന്ന് ഒരുത്തൻ ഇസ്‌ലാം സ്വീകരിച്ചാൽ അവൻ അഭിമുഖീകരിക്കാൻ പോകുന്ന പൊല്ലാപ്പുകൾ എന്തെല്ലാമാണെന്ന് ആരെയെങ്കിലും പറഞ്ഞറീക്കെണ്ടതുണ്ടോ.

ഇക്കാലത്ത് ഇസ്‌ലാമിന്റെ സ്വന്തം അനുയായികളായവരുടെ ചേലും കോലവും, നാവും നടപ്പും, കാണുമ്പോൾ ഇസ്‌ലാം സ്വീകരിക്കാൻ ആരെങ്കിലും തയ്യാറാവുമോ?

എന്നിട്ടും എന്തേ ആളുകൾ ഇതിലേക്ക് കടന്നു വരുന്നു? എന്നതാണ്
അതിലേറെ അൽഭുതം. അവിടെയാണ് മന്ത്രി പറഞ്ഞ ആ ആത്മ ചൈതന്യത്തിന്റെ രഹസ്യം കിടക്കുന്നത്.

ഏതെങ്കിലും ഏഴാം കൂലികളോ, അവശതയും കഷ്ടപ്പാടുമനുഭവിക്കുന്നവരോ മാത്രമാണ് ഇങ്ങനെ കടന്നു വരുന്നതെങ്കിൽ മനസ്സിലാക്കാമായിരുന്നു, എന്നാൽ നല്ല അഭ്യസ്തവിദ്യരും ബുദ്ധിയും ചിന്താ ശേഷിയുമുള്ളവരാണ് എല്ലാ ഭീഷണികളും പ്രതിസന്ധികളും അവഗണിച്ച് ധീരമായി കടന്നു വരുന്നത്.

കൃസ്ത്യൻ മിഷനറി പ്രവർത്തിക്കുന്നത് പോലെ, വമ്പിച്ച ആളും അർഥവും വിപുലമായ സംവിധാനങ്ങളും രാഷ്ടീയ സാമൂഹ്യ സാമ്പത്തിക സാംസ്കാരിക പിന്തുണയും ഇസ്‌ലാമിക പ്രബോധനത്തിന് ലഭിക്കുന്നില്ല. അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും കൃസ്ത്യൻ മിഷനറിക്ക് നൽകുന്ന രാഷ്ട്രീയവും സാമ്പത്തികവും മറ്റുമായ സഹായങ്ങൾ വച്ച് നോക്കുമ്പോൾ മുസ്‌ലിം രാഷ്ട്രങ്ങളിൽ ഒരെണ്ണം പോലും എടുത്തു പറയാവുന്നതായി ഈ രംഗത്തില്ല എന്നതാണ് വസ്തുത. ഉണ്ടെന്ന് പറയുന്ന രാഷ്ടങ്ങളിലാണ് യഥാർഥ ഇസ്ലാമിക പ്രബോധകർ ഏറ്റവും വലിയ ദുരിതം പേറുന്നത്. ശരിയാണ് അല്ലറ ചില്ലറ സഹായങ്ങൾ ചിലർക്ക് ലഭിക്കുന്നുണ്ട്.
അതു പക്ഷെ, ഒരു നിലക്കും അർഹതയില്ലാതെ അള്ളിപ്പിടിച്ചിരിക്കുന്ന തങ്ങളുടെ അധികാരക്കസേരക്ക് ഒരു നിലക്കും ഭീഷണിയാകാത്ത, തങ്ങളുടെ എല്ലാ തെണ്ടിത്തരങ്ങൾക്കും ഓശാന പാടുന്ന, ഒരു കൂട്ടം സാധുക്കൾക്കാണെന്ന് മാത്രം. യഥാർഥ ഇസ്‌ലാമിക പ്രബോധനത്തെയും പ്രബോധകരെയും കൂച്ചുവിലങ്ങിടുവാനുള്ള ഒരു തന്ത്രം കൂടിയാണ് പ്രസ്തുത സഹായ സഹകരണങ്ങളത്രയും, അല്ലാതെ യഥാർഥ ഇസ്‌ലാമിക പ്രബോധനത്തിനല്ല.

ഇങ്ങനെയെല്ലാമായിട്ടും എന്തേ, ഇസ്ലാമിലേക്ക് ആളുകൾ കടന്നു വരുന്നത്?

നിങ്ങൾ ചിന്തിച്ചു നോക്കീട്ടുണ്ടോ?

അവിടെയാണ് ഇസ്‌ലാമിന്റെ പ്രസക്തിയും പ്രാധാന്യവും.

അതെ, സത്യത്തിന്റെ മാറ്റാണ് അത്. ആ മാറ്റ് ഇല്ലാതാക്കാൻ ഒരു നിലക്കും സാധ്യമല്ല. കാരണം ഇത് പ്രപഞ്ച സൃഷ്ടാവായ അല്ലാഹുവിന്റെ ദീനാണ്. വ്യാജ ലേബലുകളോ, ബ്രാൻറുകളോ അല്ല അതിന്റെത്, പ്രത്യുത അതിന്റെ ഒറിജിനാലിറ്റിയാണ്. അക്കാര്യമാണ് മന്ത്രി സുധാകരന്‍ പറഞ്ഞത്.
ക്ഷണികമായ ഐഹിക ജീവിതത്തിലുപരി ശാശ്വതമായ പരലോക ജീവിതത്തിൽ തനിക്ക് മോക്ഷവും ക്ഷേമവും ഐശ്വര്യവും ഉറപ്പാക്കുവാൻ ഇതല്ലാതെ മറ്റു മർഗങ്ങളില്ലാ എന്ന് ബോധ്യപ്പെടുന്ന മാത്രയിൽ നിഷ്പക്ഷനായ മനുഷ്യൻ പിന്നൊന്നും ചിന്തിക്കാൻ നിൽക്കില്ല, അവനത് സ്വീകരിക്കും. പ്രലോഭനങ്ങൾക്കോ, ഭീഷണികൾക്കോ, അല്ല, ജീവൻ തന്നെ ത്യജിക്കേണ്ടി വന്നാലും അവനെ പിന്തിരിപ്പിക്കാൻ ഒരാൾക്കും സാധ്യമല്ല.
ഇവിടെ ബലാൽക്കാരത്തിന്റെ പ്രശ്നമില്ല, അങ്ങനെ തിരുകിക്കയറ്റാവുന്ന ഒന്നിന്റെ പേരല്ല വിശ്വാസം.
അതിനാൽ ഗുണകാംഷയോടെ പറയട്ടെ, നിങ്ങളീ സന്ദേശം കേട്ടു നോക്കൂ, പഠിച്ചു നോക്കൂ, താരതമ്യം ചെയ്തു നോക്കൂ, പ്രയോഗവൽക്കരിച്ചു നോക്കൂ, വിലയിരുത്തി നോക്കൂ.

നിങ്ങളുടെ ബുദ്ധിക്കോ, പ്രകൃതിക്കോ, യോജിക്കുന്നതോ, അതോ, എതിരോ?

ചരിത്രത്തിലും വർത്തമാനത്തിലും ഇതിലുടെ ഉണ്ടായിട്ടുള്ളത് ഗുണമോ ദോഷമോ?

ഇത് ശരിയായ വിധത്തിൽ ഉൾക്കൊണ്ടവരെക്കൊണ്ട് ഉപകാരമാണോ, ഉപദ്രവമാണോ ഉണ്ടായിട്ടുള്ളത്?

ഇസ്ലാമിന്റെ പേരു പറഞ്ഞ് അത് ജീവിതത്തിൽ കൊണ്ടു നടക്കാത്തവരെപ്പറ്റിയല്ല നാമീ പറയുന്നത്.

മരുന്ന് കഴിക്കുമ്പോള്‍ നിർബന്ധമായും കണിശമായും പാലിച്ചിരിക്കേണ്ട പഥ്യം പാലിക്കാതെ, രോഗം മാറാത്തതിനു മരുന്നിനെയും ഡോക്ടറെയും കുറ്റപ്പെടുത്തുന്ന രോഗിയെ പോലെ ഒരിക്കലും ഒരു ബുദ്ധിയുള്ള മനുഷ്യന്‍ ആയിക്കൂടല്ലോ.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *