അർഥമറിയാതെയുള്ള ഖുർആൻ പാരായണത്തിന് പുണ്യമുണ്ടോ?

ഈയുള്ളവൻ മദ്റസയിൽ പഠിക്കുന്ന കാലത്ത് സന്ധ്യക്ക് ഖുർആൻ ഓതുമ്പോൾ, അടുക്കളയിൽ പാചകം ചെയ്തു കൊണ്ടിരിക്കുന്ന ഉമ്മ എന്റെ തെറ്റ് കണ്ട് പിടിച്ച് തിരുത്തിത്തരുമായിരുന്നു.

അതുപോലെ തന്നെ അന്ന് പള്ളിയിലെ ഇമാമിന് ഏതു ഭാഗം തെറ്റിയാലും തൊട്ടു പിന്നിലുള്ള മൊല്ലാക്കയുൾപ്പെടെ ഉള്ള കാരണവൻമാർ പലരും തിരുത്തിക്കൊടുക്കുമായിരുന്നു. അവർ ഹാഫിളുകളായിട്ടൊന്നുമല്ല, പ്രത്യുത മുടങ്ങാതെയുളള ഖുർആൻ പരായണം അവരെ അതിന് പ്രാപ്തരാക്കിയിരുന്നു.

ഇന്ന് പക്ഷെ, പല പള്ളികളിലും ഇറക്കുമതി ചെയ്യുന്ന *ഉത്തരേന്ത്യൻ ഇമാമുമാരിൽ ചിലർ ഖുർ ആനിലില്ലാത്ത സ്വയം കൃത ആയത്തുകൾ ഓതുന്നത് ഈയുള്ളവൻ തന്നെ നേരിട്ട് കേട്ടിട്ടുണ്ട്. അതും സ്വർഗാവകാശിയെ നരകാവകാശിയാക്കിക്കൊണ്ടുള്ള പാരായണം 😳ആയത്തിന്റെ തുടക്കം ഒരു സൂറത്തിലെയും ഒടുക്കം മറ്റൊരു സൂറത്തിലെയും, കേൾക്കുന്നവർക്ക് യാതൊരു തെറ്റും സംഭവിച്ചതായി തോന്നില്ല. എന്നാൽ ഖുർആൻ പാരായണം ശീലമാക്കായവരുണ്ടെങ്കിൽ അവർക്കത് എളുപ്പം ബോധ്യപ്പെടും.

ലോക മുസ്ലിംകളിൽ ബഹുഭൂരി ഭാഗവും അറബികളല്ല, അവരൊക്കെ അറബി ഭാഷ പഠിച്ച് ഓതിയാലേ ഖുർആൻ ഓത്തിന്റെ പ്രതിഫലം കിട്ടൂ എന്ന് പറയുന്നവർ, ഏതെങ്കിലും ഒരു സാധു ഖുർആൻ പാരായണം ചെയ്യുന്നത് പോലും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. *ഇങ്ങനെ വിപ്ലവം പ്രസംഗിക്കുന്ന പലരും ഖുർആൻ തൊട്ടു നോക്കുക പോലും ചെയ്യാത്തവരാണ് എന്നതാണ് വലിയ തമാശ. ഇവരോട് ചോദിച്ചു നോക്കിയാലറിയാം ഇവരുടെ അറിവ്. അല്ലാത്തവർ നന്നെ ചുരുങ്ങിയത് ഓതുകയെങ്കിലും ചെയ്യുന്നുണ്ട്.

മാത്രമല്ല, *ഖുർആൻ ആയത്തുകളുടെ അർഥം ഗ്രഹിച്ചവരുടെ പാരായണത്തിനേ കൂലിയുള്ളൂ എന്ന വാദം അധികാരികമാണെങ്കിൽ അറബികൾക്ക് പോലും എല്ലാവർക്കും ഖുർആൻ പാരായണത്തിന്റെ പ്രതിഫലം ലഭിക്കാതെ പോവും*. കാരണം ചില ആയത്തുകളുടെ ആശയം സാക്ഷാൽ അറബികൾക്ക് പോലും ദുർഗ്രാഹ്യമാണ് എന്നതാണ് വസ്തുത, അതു കൊണ്ടാണല്ലോ അറബിയിൽ തഫ്സീറുകൾ രചിക്കപ്പെട്ടത്.

ഖുർആൻ ജീവിതത്തിൽ പ്രയോഗവൽക്കരിക്കുന്നതിൽ ഉപേക്ഷ വരുത്തിയതിനെ, പ്രശ്നവൽക്കരിക്കാൻ വേണ്ടി, പാരായണത്തിന്റെ പ്രതിഫലം നിഷേധിക്കേണ്ട കാര്യമില്ല.* ഒന്ന് സ്ഥാപിക്കാൻ മറ്റൊന്ന് തകർക്കേണ്ടതില്ല.

അർഥമറിയാതെ പാരായണം ചെയ്താലും ഫലമുണ്ടെന്ന കാര്യം പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ട യാഥാർഥ്യമാണ്. അത് നിഷേധിച്ചിട്ട് കാര്യമില്ല.

പാടത്ത് നെൽകൃഷി ചെയ്യുന്ന ഒരു കർഷകൻ, നെല്ല് കൃഷി ചെയ്യുന്നത് തനിക്കും കുടുംബത്തിനും, രാസവളങ്ങളോ, കീടനാശിനികളോ ഉപയോഗിക്കാത്ത നല്ല അരി ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണ്. ഇതാണ് മുഖ്യ ലക്ഷ്യം, ഈ മുഖ്യ ലക്ഷ്യത്തിന് പുറമേ, തന്റെ വീട്ടിൽ വളർത്തുന്ന കന്നുകാലികൾക്ക് തീറ്റ കൊടുക്കാനുള്ള വൈക്കോൽ, തന്റെ കൃഷിക്ക് അവശ്യമായ ജൈവ വളം ഉറപ്പു വരുത്തുക. കൃഷിഭൂമിയുടെ സജീവത നിലനിർത്തുക, തനിക്കും കുടുംബത്തിനും ആവശ്യമുള്ള അരി മാറ്റി വെച്ച് ബാക്കി വിറ്റ് വരുമാനമുണ്ടാക്കുക… തുടങ്ങി പലവിധ ഉപ ലക്ഷ്യങ്ങളും ഒരു കർഷകനുണ്ടാവും, എന്നാൽ ഈ ഉപ ലക്ഷ്യങ്ങൾ മുഖ്യ ലക്ഷ്യങ്ങളായിരിക്കുകയില്ല, എന്ന് വച്ച് ഉപലക്ഷ്യങ്ങൾക്കുളള പ്രാധാന്യം ഒട്ടും കുറഞ്ഞു പോവുകയുമില്ല.
വൈക്കോലിന് വേണ്ടി ആരെങ്കിലും കഷ്ടപ്പെട്ട് നെല്ല് കൃഷി ചെയ്യാൻ മുതിരുമോ? അതുപോലെ നെല്ല് കൃഷി ചെയ്യുന്നതിലൂടെ, കാലികൾക്ക് തീറ്റ കൊടുക്കാൻ നല്ല വൈക്കോൽ കിട്ടുമെന്നത് ആർക്കെങ്കിലും നിഷേധിക്കാനൊക്കുമോ?

ഇനി ഖുർആനിനെപ്പറ്റി ചിന്തിച്ചു നോക്കുക.

ഈ ഗ്രന്ഥം അവതരിപ്പിച്ചതിന് ഒരു മുഖ്യ ലക്ഷ്യമുണ്ട്, അതു മനുഷ്യ ജീവിതത്തെയാസകലം ദൈവിക മാർഗദർശ്ശനമനുസരിച്ച് വാർത്തെടുക്കുക എന്നതാണ്. അങ്ങനെ അല്ലാഹുവിന്റെ പ്രീതി നേടി ഈ ലോകത്ത് ഐശ്വര്യത്തോടെ എങ്ങനെ ജീവിക്കണമെന്നും, അതുവഴി പരലോകത്തെ ശാശ്വത വിജയം എങ്ങനെ നേടാം എന്നും ഖുർആൻ പഠിപ്പിക്കുന്നു. അങ്ങനെയുള്ള മഹത് ഗ്രന്ഥമാണ് പരിശുദ്ധ ഖുർആൻ*. പ്രായോഗിക നിർദ്ദേശങ്ങളും വിധി വിലക്കുകളുമാണ് ഖുർആനിൽ അധികവും, അതായത് *ഖുർആൻ ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനുള്ളതാണ് എന്ന് ചുരുക്കം.
*ഈ പറഞ്ഞതിനർഥം കേവല പാരായണത്തിന് യാതൊരു ഗുണവുമില്ലാ എന്നല്ല, മറിച്ച് വൈക്കോൽ ലഭിക്കാനല്ല കർഷകർ നെല്ല് കൃഷി ചെയ്യുന്നത് എന്നതുപോലെ കേവല പാരായണമല്ല മുഖ്യ ലക്ഷ്യമെന്നാണ്, പാരായണത്തിനും അതിന്റെതായ പ്രാധാന്യവും പ്രതിഫലവുമൊക്കെയുണ്ടെന്നത് പ്രമാണങ്ങൾ പഠിപ്പിച്ച കാര്യമാണ്, എന്നാൽ മുഖ്യ ലക്ഷ്യം വിസ്മരിച്ചു കൊണ്ടായിരിക്കരുത് അത് എന്നാണ് പറയുന്നത്*

إن شاء الله
തുടരും……………….

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *