നോമ്പിന് പ്രത്യേകം വല്ല പ്രാര്ത്ഥനയും ഉണ്ടോ?

ഒന്നാമത്തെ പത്തിനും മധ്യത്തിലെ പത്തിനും ഒടുവിലത്തെ പത്തിനും പള്ളികളില്‍ വെവ്വേറെ പ്രാര്‍ഥനകള്‍ ചൊല്ലി കേള്‍ക്കാറുണ്ട്. അത് സുന്നത്തായ പുണ്യകര്‍മമാണോ? എന്താണതിന്റെ അടിസ്ഥാനം?

ഉത്തരം:

 

ഇന്ന് പല പളളികളിലും കേള്‍ക്കാറുള്ള, റമദാന്റെ ഓരോ പത്തിലും പ്രത്യേകം ചൊല്ലാറുളള പ്രാര്‍ഥന ചൊല്ലുന്നതിന് വിരോധമില്ല. കാരണം ഒരാള്‍ക്ക് തന്റെ ഇഹപര ക്ഷേമത്തിനായി ഏതു പ്രാര്‍ഥനയും പ്രാര്‍ഥിക്കാവുന്നതാണ്. നോമ്പ്കാരന്റെ പ്രാര്‍ഥനക്ക് പ്രത്യേകം പരിഗണനയുണ്ട് എന്ന് റസൂല്‍ (സ) പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു.

എന്നാല്‍ ചോദ്യത്തില്‍ പരാമര്‍ശിച്ച വിധം ഓരോ പത്തിലും പ്രത്യേകം പ്രാര്‍ഥനകള്‍ റസൂല്‍ (സ) പഠിപ്പിച്ചിട്ടില്ല. അങ്ങനെ പ്രര്‍ഥനയുള്ളതായി ഇമാമുകള്‍ ആരെങ്കിലും നിര്‍ദേശിച്ചതായി കാണാനും കഴിഞ്ഞിട്ടില്ല.

ഇബ്‌നു ഖുസൈമയും ബൈഹഖിയും ഉദ്ധരിച്ച വളരെ ദുര്‍ബലമായ ഒരു ഹദീസിന്റെ അടിസ്ഥാനത്തിലായിരിക്കണം പില്‍ക്കാലത്ത് ആരെങ്കിലും ഇത് തുടങ്ങിയിട്ടുണ്ടാവുക. ശഅ്ബാനിലെ ഒടുവിലത്തെ വെള്ളിയാഴ്ച റസൂല്‍ (സ) ഞങ്ങളോട് ഖുത്വ്ബ പറഞ്ഞു എന്നു തുടങ്ങുന്ന ദീര്‍ഘമായ ഹദീസില്‍ ആദ്യ പത്ത് റഹ്മത്തും മധ്യം മഗ്ഫിറത്തും ഒടുവില്‍നരക വിമുക്തിയാണെന്നുമൊക്കെ വിവരിക്കുന്ന

 

(وَهُوَ شَهْرٌ أَوَّلُهُ رَحْمَةٌ، وَأَوْسَطُهُ مَغْفِرَةٌ، وَآخِرُهُ عِتْقٌ مِنَ النَّار)ِ

 

( അവ്വലുഹു റഹ്മഃ, ഔസതുഹു മഗ്ഫിറ, ആഖിറുഹു ഇത്ഖുന്‍മിനന്നാര്‍)

ഈ ഹദീസ് മുന്‍ഗാമികളും പിന്‍ഗാമികളുമായ ഇമാമുമാര്‍അതീവ ദുര്‍ബലമാണെന്ന് വിധിയെഴുതിയിട്ടുണ്ട്. അതിന്റെ നിവേദക പരമ്പരയിലുള്ള യൂസുഫ് ബിന്‍ സിയാദ് അല്‍ബസ്വരി എന്നാളെപ്പറ്റി, അയാളില്‍ നിന്നുള്ള ഹദീസ് സ്വീകരിക്കാന്‍ കൊള്ളുകയില്ലെന്നും മുന്‍കറുല്‍ഹദീസാണെന്നും വിശ്വാസയോഗ്യനല്ലന്നുമെല്ലാം ഹദീസ് വിശാരദന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട് (ബുഖാരിയുടെ അത്താരീഖുല്‍ കബീര്‍ 8/388, അബൂ ഹാതിമുറാസിയുടെ അല്‍ജര്‍ഹ് വത്തഅ്ദീല്‍ 9/222/928, താരീഖ് ബാഗ്ദാദ് 14/295, അല്‍ബാനിയുടെ സില്‍സിലത്തുല്‍ അഹാദീസു ദ്ദഈഫ 2/263).

ഇതുദ്ധരിച്ച ശേഷം ഇബ്‌നു ഖുസൈമ തന്നെ രേഖപ്പെടുത്തിയത്, ‘ഇന്‍ സ്വഹ്ഹല്‍ ഖബര്‍’ അഥവാ ഈ ഹദീസ് സ്വഹീഹാണെങ്കില്‍ എന്ന സംശയം ജ്വനിപ്പിക്കുന്ന പ്രയോഗത്തിലൂടെയാണ്. അതിനാല്‍ നൂറ് കണക്കിന് സ്വഹീഹായ ഹദീസുകളുണ്ടായിരിക്കെ, ഇത്തരം ദുര്‍ബലമായ ഹദീസുകളുടെ പിന്നാലെ പോവേണ്ട യാതൊരു അനിവാര്യതയും ഇവിടെയില്ല. ഇങ്ങനെയുള്ള ബാലിശമായ നിവേദനം ആധാരമാക്കിയുള്ള പ്രാര്‍ഥനകള്‍ കേവല പ്രാര്‍ഥനകളായി ഉരുവിടുന്നതിന് കുഴപ്പമില്ലെന്ന് നാം പറഞ്ഞുവല്ലോ. എന്നാല്‍ സുന്നത്താണെന്ന പരികല്‍പനയില്‍അത് ചെയ്യുന്നതും, ഇവയ്ക്ക് മറ്റു പ്രാര്‍ഥനകള്‍ക്കില്ലാത്ത സവിശേഷ പുണ്യമുണ്ടെന്ന് വിശ്വസിക്കുന്നതുമൊന്നും ശരിയല്ല.

എന്നാല്‍

 

« اللَّهُمَّ إِنَّكَ عَفُوٌّ كَرِيمٌ تُحِبُّ الْعَفْوَ فَاعْفُ عَنِّى »

 

‘അല്ലാഹുമ്മ ഇന്നക അഫുവ്വുന്‍ കരീമുന്‍ തുഹിബുല്‍ അഫ്‌വ ഫഅ്ഫു അന്നീ’

എന്ന പ്രാര്‍ഥന സ്വഹീഹായ നിരവധി ഹദീസുകളിലൂടെ സ്ഥിരപ്പെട്ടിരിക്കുന്നു. ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുന്ന രാവില്‍ പ്രാര്‍ഥിക്കാനായി തിരുമേനി ആഇശക്ക് പഠിപ്പിച്ചുകൊടുത്തതാണീ പ്രാര്‍ഥന (തുര്‍മിദി:3513, നസാഈ:10710, അഹ്മദ്: 25384). അതിനാല്‍ ഈ പ്രാര്‍ഥന ചൊല്ലുന്നതിന് സവിശേഷ പുണ്യമുണ്ട്. അത് സുന്നത്തായ കാര്യവുമാണ്.

പ്രാര്‍ഥനയുടെ മര്യാദകള്‍ പാലിച്ചു കൊണ്ട് ഒരാള്‍ക്ക് ഏത് പ്രാര്‍ഥനയും പ്രാര്‍ഥിക്കാവുന്നതാണ്. ഖുര്‍ആനിലും ഹദീസിലും വന്ന പ്രാര്‍ഥനകളാവുമ്പോള്‍ കൂടുതല്‍ ഉത്തമമായി. എന്നല്ലാതെ അവയില്‍ വന്ന പ്രാര്‍ഥനകളേ ആകാവൂ എന്നില്ല.

അതുപോലെ ഒരുകാര്യം സുന്നത്താണെന്ന് പറയണമെങ്കില്‍അതിന് ഖുര്‍ആനോ സ്വീഹീഹായ ഹദീസുകളോ തെളിവായിരിക്കണം. ദുര്‍ബല ഹദീസുകള്‍ കൊണ്ട് ഒരുകാര്യം സുന്നത്താണെന്ന് വാദിക്കാന്‍ വകുപ്പില്ല. ഇക്കാര്യത്തില്‍ആര്‍ക്കെങ്കിലും തര്‍ക്കമുള്ളതായും അറിയില്ല.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *