ബലി ദുരിതാശ്വാസമാകട്ടെ

അല്ലാഹുവിന്റെ പരീക്ഷണങ്ങളെ അഭിമുഖീകരിക്കേണ്ടത്, അല്ലാഹുവിന്റെ ആജ്ഞകൾ അതിലംഘിച്ചുകൊണ്ടല്ല, മറിച്ച് അവ കുടുതൽ സജീവമാക്കിക്കൊണ്ടാണ്.

നബി (സ) വല്ലാത്ത ദുരിതമനുഭവിച്ച, പ്രതിസന്ധി ഘട്ടത്തിലാണ് അല്ലാഹു അവിടുത്തോട് നമസ്ക്കരിക്കാനും ബലിയറുക്കാനും ആവശ്യപ്പെട്ടത്.

അല്ലാഹു പറഞ്ഞു:

 

{ إِنَّا أَعْطَيْنَاكَ الْكَوْثَرَ. فَصَلِّ لِرَبِّكَ وَانْحَرْ. إِنَّ شَانِئَكَ هُوَ الأبْتَرُ }- الْكَوْثَر: 1-3

 

(പ്രവാചകാ), താങ്കൾക്കു നാം കൗസര്‍ പ്രദാനംചെയ്തിരിക്കുന്നു. ആകയാല്‍, നിന്റെ നാഥന്നു വേണ്ടി നമസ്‌കരിക്കുകയും ബലിയർപ്പിക്കുകയും ചെയ്യുക. താങ്കളുടെ ശത്രുവാരോ അവനാണ് കുറ്റിയറ്റവന്‍. (അൽ കൗസർ)

തിരുമേനിയുടെ രണ്ടാമത്തെ പുത്രനും മരിച്ചപ്പോള്‍അദ്ദേഹത്തിന്റെ പിതൃവ്യനായ അബൂലഹബ് ഓടിച്ചെന്ന് മുശ്‌രിക്കുകൾക്ക് ‘സന്തോഷവാർത്തയറിയിച്ചു:


بَتِرَ مُحَمَّدٌ اللَّيْلَةَ

 

(ഈ രാത്രി മുഹമ്മദ് ‘പുത്രനില്ലാത്തവനായി.’ അല്ലെങ്കില്‍’കുറ്റിയറ്റവനായി’).

അതികഠിനമായ ഈ മനോവ്യഥയുടെ നാളുകളിലാണ് തിരുമേനിക്ക് ഈ സൂറ അവതീർണമായത്.

ഈ കല്പന നൽകപ്പെട്ട സന്ദർഭ പശ്ചാത്തലങ്ങള്‍പരിശോധിച്ചുനോക്കിയാല്‍ അതിന്റെ താല്പപര്യം ഇപ്രകാരമാണെന്നു വ്യക്തമാകും:

‘പ്രവാചകാ, താങ്കളുടെ നാഥന്‍ താങ്കൾക്ക് ഇത്ര ഗംഭീരവും സമൃദ്ധവുമായ നന്മകള്‍ അരുളിയിട്ടുള്ളതിനാല്‍ താങ്കള്‍അവന്നുവേണ്ടി നമസ്‌കരിക്കുകയും അവന്നുവേണ്ടി ബലിനടത്തുകയും ചെയ്യുക.

ഖുറൈശീ ബഹുദൈവ വിശ്വാസികള്‍ മാത്രമല്ല, അറേബ്യയിലെയും ലോകത്തിലെയും സകല ബഹുദൈവവിശ്വാസികളും തങ്ങള്‍ സ്വയം നിർമിച്ചുണ്ടാക്കിയ ദൈവങ്ങളെ പൂജിക്കുകയും അവയുടെ സന്നിധാനങ്ങളില്‍ബലി നടത്തുകയും ചെയ്തുകൊണ്ടിരുന്ന ഒരു സാഹചര്യത്തിലാണ് ഈ കല്പന നൽകപ്പെടുന്നത്.

അതിനാല്‍, കല്പനയുടെ താല്പര്യം ഇതാണ്:

താങ്കള്‍ ബഹുദൈവാരാധകർക്ക് വിരുദ്ധമായി സ്വന്തം നിലപാടില്‍ ഉറച്ച് നിലകൊള്ളുക. *താങ്കളുടെ നമസ്‌കാരം അല്ലാഹുവിനു വേണ്ടിയായിരിക്കട്ടെ. താങ്കളുടെ ബലികളും അവന്നുവേണ്ടി മാത്രമായിരിക്കട്ടെ*. ഇതേ ആശയം സൂറ അൽ അൻആമിൽ ഇങ്ങനെയാണ് അവതരിപ്പിച്ചിട്ടുള്ളത്:

 

{قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ . لَا شَرِيكَ لَهُ ۖ وَبِذَٰلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ }

 

(നീ പ്രഖ്യാപിക്കുക, എന്റെ നമസ്‌കാരവും ബലിയും എന്റെ ജീവിതവും മരണവും എല്ലാം അല്ലാഹുവിനുള്ളതാകുന്നു. അവന്നു പങ്കാളികളാരുമില്ല. അതാണ് ഞാന്‍ആജ്ഞാപിക്കപ്പെട്ടത്. ഞാന്‍ അവന്ന് സമർപ്പി ച്ചവരില്‍[മുസ്‌ലിംകളില്‍] ഒന്നാമനാകുന്നു).

നബി (സ) മദീനയില്‍ അല്ലാഹുവിന്റെ കല്പനപ്രകാരം ബലിപെരുന്നാള്‍ നമസ്‌കാരത്തിന്റെയും ബലിയുടെയും സമ്പ്രദായം നടപ്പാക്കിയപ്പോള്‍

 

{إِنَّ صَلاَتِي وَنُسُكِى}، {فَصَلِّ لِرَبِّكَ وَانْحَرْ }

 

എന്നീ ഖുർആൻ വാക്യങ്ങളില്‍ *നമസ്‌കാരത്തെ ആദ്യവും ബലിയെ രണ്ടാമതും പറഞ്ഞതിനെ ആധാരമാക്കി* മുസ്‌ലിംകൾക്ക് അന്ന് *ആദ്യം നമസ്‌കാരം നടത്തുകയും പിന്നെ ബലി നടത്തുകയും ചെയ്യുന്ന ക്രമം നബി (സ) പഠിപ്പിച്ചു*. അപ്പോൾ അതും ദിവ്യബോധന(വഹ്‌യ്)ത്തിന്റെ ഒരു ഇനമായി തീർന്നു.

അതേസമയം ജനങ്ങൾക്ക് *വറുതിയും പട്ടിണിയും ഉണ്ടായിരിക്കെ, ബലിമാംസം മൂന്നു ദിവസത്തിലധികം സൂക്ഷിച്ചുവയ്ക്കുന്നത് നബി (സ) വിലക്കിയിരുന്നു, എന്നാൽ അപ്പോഴും ബലി എന്ന പുണ്യകർമ്മം ഒരിക്കലും നിർത്തിവെക്കുകയുണ്ടായില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.*

 

عَنْ سَلَمَةَ بْنِ الْأَكْوَعِ قَالَ: قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: « مَنْ ضَحَّى مِنْكُمْ فَلَا يُصْبِحَنَّ بَعْدَ ثَالِثَةٍ وَبَقِيَ فِي بَيْتِهِ مِنْهُ شَيْءٌ ». فَلَمَّا كَانَ الْعَامُ الْمُقْبِلُ قَالُوا: يَا رَسُولَ اللَّهِ نَفْعَلُ كَمَا فَعَلْنَا عَامَ الْمَاضِي؟ قَالَ: « كُلُوا وَأَطْعِمُوا وَادَّخِرُوا فَإِنَّ ذَلِكَ الْعَامَ كَانَ بِالنَّاسِ جَهْدٌ فَأَرَدْتُ أَنْ تُعِينُوا فِيهَا ».- رَوَاهُ الْبُخَارِيُّ: 5569، وَهُوَ حَدِيثٌ مُتَّفَقٌ عَلَيْهِ

 

പ്രവാചക കാലത്ത് ഒരിക്കല്‍ വറുതി ഉണ്ടായപ്പോൾ മൂന്നു ദിവസത്തിലധികം ബലിമാംസം സൂക്ഷിച്ചുവയ്ക്കുന്നത് നബി (സ) വിലക്കുകയുണ്ടായി പിറ്റേ വർഷവും അങ്ങനെ ചെയ്യേണ്ടതുണ്ടോ എന്ന് സഹാബിമാർ ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: നിങ്ങൾ ഭക്ഷിക്കുകയും ഭക്ഷിപ്പിക്കുകയും എടുത്തു സൂക്ഷിച്ചുവെക്കുകയും ചെയ്തു കൊള്ളുക, കഴിഞ്ഞവർഷം വറുതിയുടെ കാലം ആയതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. – (ബുഖാരി: 5569)

*ഫർദും, സുന്നത്തും ഉപേക്ഷിച്ചു കൊണ്ടല്ല അല്ലാഹുവിന്റെ, രക്ഷക്കും സഹായത്തിനും കാരുണ്യത്തിനുമായി തേടേണ്ടത്, മറിച്ച് അവയെല്ലാം ആത്മാർഥമായി ചെയ്തു കൊണ്ടായിരിക്കണം*.

മനുഷ്യന്റ എല്ലാ വിധ കണക്കു കൂട്ടലുകൾക്കും, നിയന്ത്രണങ്ങൾക്കും അപ്പുറം കാര്യങ്ങൾ എത്തിക്കഴിഞ്ഞ ഇത്തരം ഒരു സാഹാചര്യത്തിൽ പ്രത്യേകിച്ചും.

അതേ സമയം, കേവലം അനുവദനീയവും, ആഢംഭരവുമായ കാര്യങ്ങൾ മാറ്റി വെക്കുന്നതിനെ പറ്റിയാണ് ചിന്തിക്കേണ്ടത്. അല്ലാതെ ദീനിന്റെ ചിഹ്നങ്ങൾ മാറ്റിവെക്കുന്നതിനെപ്പറ്റിയായിരിക്കരുത്.

ആറോ, ഏഴോ ആയിരങ്ങൾ ബലിക്ക് വേണ്ടി ഓഹരി ചേരുന്നവർ ആ തുക വകമാറ്റുന്നതിനെപ്പറ്റിയല്ല ചിന്തിക്കേണ്ടത്, പ്രത്യുത പതിനായിരങ്ങൾ പൊടിക്കുന്ന പുത്തനുടുപ്പുകളും, ജീവിത ശൈലിയിലെ ആഢംഭരങ്ങളും മാറ്റിവെക്കുന്നതിനെ പറ്റിയാണ് ചിന്തിക്കേണ്ടത്.

ബലിയും ഫിത്ര്‍ സകാത്തും ഒന്നും ആവശ്യമില്ല, റിലീഫ് പ്രവർത്തനങ്ങള്‍ പോലെയുള്ള കാര്യങ്ങള്‍ മാത്രം മതി എന്നാണ് ചിലരുടെ പ്രസ്താവനകൾ. ഇത് ഒരുതരം പ്രത്യേക മാനസിക രോഗമാണ്.
ഇപ്രകാരം വാചകങ്ങള്‍ ഉപയോഗിച്ച് ദീനീ കടമകളെ നിന്ദിക്കുന്ന ഇവര്‍ ഒരിക്കലും ഇങ്ങനെ പറയാറില്ല: *നമ്മളുടെ കല്ല്യാണങ്ങളുടെ ചെലവുകള്‍ പത്ത് ശതമാനമെങ്കിലും കുറച്ച് ഉപരിസൂചിത കാര്യങ്ങൾക്ക് ചെലവഴിക്കുക.!* സർക്കാര്‍ഉദ്യോഗസ്ഥനാകട്ടെ, പ്രൈവറ്റ് മേഖലയില്‍പ്രവർത്തിക്കുന്നവനാകട്ടെ, കച്ചവടക്കാരാനോ, കർഷ‍കനോ, തൊഴിലാളിയോ *ആരുമാകട്ടെ ഒരു ദിവസത്തെ വരുമാനം ഉപര്യുക്ത കാര്യങ്ങൾക്ക് നൽകുക!! അതെ, ഇങ്ങനെ അവര്‍പറഞ്ഞിരുന്നുവെങ്കില്‍ ഒരു ഭാഗത്ത് സമൂഹത്തിന്‍റെ
ആവശ്യങ്ങള്‍ നിർവ്വഹിക്കപ്പെടുകയും മറുഭാഗത്ത് നമ്മുടെ വരുമാനത്തിന്റെ ഒരു ഭാഗം സമൂഹത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടിയുള്ളതാണ്, എന്ന ചിന്ത സമുദായത്തില്‍ ശക്തി പ്രാപിക്കുകയും ചെയ്യുമായിരുന്നു.*
പക്ഷേ, ഇതിന് പകരം ഫിത്ര്‍ സകാത്തിന്റെയും ബലിയുടെയും തുച്ഛമായ സംഖ്യകള്‍ കൊണ്ട് വലിയ കാര്യങ്ങള്‍നടത്തണമെന്നും നിർബന്ധമായ ഈ ദാനങ്ങള്‍ അല്ലാതെ ഒരു പൈസ പോലും ദാനം കൊടുക്കരുതെന്നുമുള്ള ഒരു ചിന്താഗതി കൂടിയാണ് അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത് വളരെ അപകടകരമായ ഒരു മാനസിക അവസ്ഥയാണ്.

ഇസ്‌ലാമിന്റെ പ്രധാനപ്പെട്ട ഒരു സന്ദേശം തന്നെ ദാന-ധർമ്മമാണ്. പരിശുദ്ധഖുർആനില്‍ ആദ്യന്തം ഇതിന് പ്രേരിപ്പിക്കപ്പെട്ടിരിക്കുന്നു.

മദീനയിൽ ധാരാളം അഗതികളും ദരിദ്രരും ഉണ്ടായിരിക്കെ തന്നെയാണ് *നബി നൂറ് ഒട്ടകങ്ങളെ മക്കയിൽ ചെന്ന് ബലിയറുത്തത്, കൂടാതെ തൻറെ കൂടെയുണ്ടായിരുന്നു പതിനായിരക്കണക്കിന് സ്വഹാബിമാരും അങ്ങനെ ചെയ്യുകയുണ്ടായി* എന്തുകൊണ്ട് അവർക്ക് *കുറച്ചെണ്ണം മദീനയിലെ പാവങ്ങൾക്കുവേണ്ടി മാറ്റിവെക്കാൻ തോന്നിയില്ല?! അല്ലെങ്കിൽ അതിനു ചെലവാകുന്ന പണം മദീനയിലെ ദാരിദ്ര്യം നീക്കാൻ മാറ്റിവച്ചില്ല,?!* വിശിഷ്യാ പറയത്തക്ക യാതൊരു തടസ്സവും അങ്ങനെ ചെയ്യുന്നതിന് ഉണ്ടായിരുന്നില്ലതാനും

ഓരോപരീക്ഷണങ്ങങ്ങൾ വരുമ്പോഴും, അല്ലാഹുവും റസൂലും പഠിപ്പിച്ച ദീനീ അധ്യാപനങ്ങൾ മാറ്റിവെക്കാൻ തുടങ്ങിയാൽ, ഭാവിയിൽ അവശേഷിക്കുന്ന ദീനീ ചിഹ്നങ്ങളായി ഒന്നും ഇല്ലാത്ത അവസ്ഥ വരും.

വിശിഷ്യാ, അവസാന കാലമാകുമ്പഴേക്ക് പരീക്ഷണങ്ങളും, കുഴപ്പങ്ങളും തുടരെത്തുടരെ വന്നു കൊണ്ടിരിക്കുമെന്നും, ഒരോന്നും വരുമ്പോൾ അതിനു മുമ്പ് വന്നത് ഒന്നുമായിരുന്നില്ലാ എന്ന് തോന്നുമാറ്, അതിഭയങ്കരമായിരിക്കുമെന്നുമെല്ലാം ആളുകൾ പറയുമെന്നും നബി (സ) പ്രവചിച്ചിരിക്കുന്നു.

 

قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «….وَإِنَّ أُمَّتَكُمْ هَذِهِ جُعِلَ عَافِيَتُهَا فِى أَوَّلِهَا وَسَيُصِيبُ آخِرَهَا بَلاَءٌ وَأُمُورٌ تُنْكِرُونَهَا وَتَجِىءُ فِتْنَةٌ فَيُرَقِّقُ بَعْضُهَا بَعْضًا وَتَجِىءُ الْفِتْنَةُ فَيَقُولُ الْمُؤْمِنُ هَذِهِ مُهْلِكَتِى. ثُمَّ تَنْكَشِفُ وَتَجِىءُ الْفِتْنَةُ فَيَقُولُ الْمُؤْمِنُ هَذِهِ هَذِهِ». – رَوَاهُ مُسْلِمٌ: 4882

 

ഇമാം ഇബ്നു അൽ ഖയ്യിം ഇങ്ങനെ പറഞ്ഞു:

 

وَقَالَ الإِمَامُ ابْنُ الْقَيِّمِ
الذَّبْحُ فِي مَوْضِعِهِ أَفْضَلُ مِنَ الصَّدَقَةِ بِثَمَنِهِ وَلَوْ زَادَ، كَالْهَدَايَا وَالْأَضَاحِي. فَإِنَّ نَفْسَ الذَّبْحِ وَإِرَاقَةِ الدَّمِ مَقْصُودٌ، فَإِنَّهُ عِبَادَةٌ مَقْرُونَةٌ بِالصَّلَاةِ. كَمَا قَالَ تَعَالَى {فَصَلِّ لِرَبِّكَ وَانْحَرْ} وَقَالَ {قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي للهِ رَبِّ الْعَالَمِينَ}-الْأَنْعَامُ: 162. فَفِي كُلِّ مِلَّةٍ صَلَاةٌ وَنسِيكَةٌ، لَا يَقُومُ غَيْرَهُمَا مَقَامُهُمَا، وَلِهَذَا لَوْ تَصَدَّقَ عَنْ دَمِ الْمُتْعَةِ وَالْقِرَانِ بِأَضْعَافِ أَضْعَافِ الْقِيمَةِ لَمْ يَقُمْ مَقَامَهُ، وَكَذَلِكَ الأُضْحِيَةُ وَاللَّهُ أَعْلَمُتُحْفَةُ الْمَوْدُودِ فِي أَحْكَامِ المَوْلُودِ: 1/65

 

ബലി അറുക്കേണ്ട സന്ദർഭത്തിൽ ബലിയറുക്കൽ തന്നെയാണ് കരണീയം കാരണം അറുക്കലും, അല്ലാഹുവിന്റെ കല്പനയനുസരിച്ച് ഉരുവിൻറെ രക്തം ചിന്തലുമൊക്കെ പ്രത്യേകം ഉദ്ദേശിക്കപ്പെട്ടതും, നമസ്കാരവുമായി ചേർത്തു പ്രത്യേകം നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതുമാണ്. ഓരോ ജനവിഭാഗത്തിനും പ്രത്യേകം ആരാധനകളും ബലികർമ്മങ്ങളുമെല്ലാം ഉണ്ട്. ഒന്ന് മറ്റൊന്നിന് പകരം നിൽക്കുകയില്ല അതുകൊണ്ടുതന്നെ ഹജ്ജിൽ *ബലിക്ക് പകരം അതിൻറെ വിലയുടെ അനേകമിരട്ടി ദാനധർമ്മമായി നൽകിയാലും അതൊന്നും തന്നെ ബലിക്ക് പകരമാവുകയില്ല*.- (തുഹ്ഫത്തുൽ മൗദൂദ്‌).

ഇവിടെ ചിലരൊക്കെ പറയുന്നത് കേട്ടാൽ തോന്നും ബലിയറുക്കുന്നത്
ആ മാംസമൊക്കെയും ആർക്കും ഉപകാരപ്പെടാതെ വെറുതെ നശിപ്പിക്കാൻ വേണ്ടിയാണ് എന്നാണ്. ആ കൊലത്തിലാണ് പലരുടെയും അഭിപ്രായപ്രകടനങ്ങൾ. യഥാർത്ഥത്തിൽ *ബലിയുടെ മാംസം അതിൽനിന്ന് സ്വയം ഭക്ഷിക്കുകയും അതോടൊപ്പം കഷ്ടപ്പെടുന്നവരെയും ദാരിദ്ര്യം കൊണ്ട് ബുദ്ധിമുട്ടുന്നവരെക്കൂടി ഭക്ഷിപ്പിക്കണമെന്നു കൂടിയാണ് അല്ലാഹു വിന്റെ കല്പന.*

 

{ فَكُلُوا مِنْهَا وَأَطْعِمُوا الْبَائِسَ الْفَقِيرَ }- الْحَجُّ: 28. {فَكُلُوا مِنْهَا وَأَطْعِمُوا الْقَانِعَ وَالْمُعْتَرَّ…}- الْحَجُّ: 36

 

അതിനാൽ *ബലി അറുക്കുകയും അത് പാകം ചെയ്തോ, അല്ലാതെയോ, ഏതാണോ ഏറ്റവും ഉചിതം അതുപോലെ അർഹരായ ദുരിതബാധിതർക്ക് നേരിട്ട് എത്തിക്കുകയോ, അവർക്ക് ഏറ്റവും ഉചിതമായ രൂപത്തിൽ ലഭിക്കാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്യുകയാണ് വേണ്ടത്*. വറുതിയുടെ കാലത്ത് നബി (സ) മൂന്നു ദിവസത്തിലധികം ബലിമാംസം സൂക്ഷിച്ചു വെക്കരുത് എന്ന് പറഞ്ഞത് വെച്ചുകൊണ്ട് ഇന്നത്തെ *അടിയന്തര സാഹചര്യം പരിഗണിച്ച് ആവശ്യമുള്ളതിലധികം മാംസം ദിവസങ്ങളോളം സൂക്ഷിക്കുന്നത് ഒഴിവാക്കുക*.

അതിനാൽ, ഈ പ്രാവശ്യവും *ബലി അതിന്റെ മട്ടം പോലെ നടക്കട്ടെ, അതിന്റെ മാംസം അഭയാർഥികൾക്ക് കൂടി ഭക്ഷിക്കാൻ പാകത്തിൽ വേണ്ട സംവിധാനങ്ങൾ, ബന്ധപ്പെട്ട മഹല്ലുകൾ നേരത്തെ ഏർപ്പാടാക്കുക*.

അല്ലാഹു എല്ലാവിധ ദുരിതങ്ങളിൽ നിന്നും, പരീക്ഷണങ്ങളിൽ നിന്നും എല്ലാവരെയും രക്ഷിക്കുമാറാകട്ടെ.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *