ഉളുപ്പില്ലെങ്കിൽ

ഉളുപ്പ് ഈമാനിന്റെ ഭാഗമാണെന്നു പ്രവാചകൻ പഠിപ്പിക്കുകയുണ്ടായി. ഉളുപ്പ് എന്ന ഗുണം ഒരാളിൽനിന്ന് നഷ്ടപ്പെടുന്നതോടെ അയാൾക്ക് ചെയ്തുകൂടാത്തതായി യാതൊന്നും തന്നെയില്ല.

ഇബ്നു അബ്ബാസ് (റ) നിവേദനം, അദ്ദേഹം പറഞ്ഞു: നബി (സ) അരുളി: എല്ലാ മതത്തിനും
ഒരു സ്വഭാവമുണ്ട്, ഇസ്ലാമിന്റെ സ്വഭാവം ലജ്ജയാകുന്നു.- (ഇബ്നു മാജ: 4182).

 

عَنِ ابْنِ عَبَّاسٍ، قَالَ: قَالَ رَسُولُ اللهِ صَلَّى الله عَليْهِ وسَلَّمَ: « إِنَّ لِكُلِّ دِينٍ خُلُقًا، وَإِنَّ خُلُقَ الإِسْلاَمِ الْحَيَاءُ ».- رَوَاهُ ابْنُ مَاجَةْ: 4182، وَحَسَّنَهُ الأَلْبَانِيُّ

 

ഇബ്നു ഉമർ നിവേദനം നബി (സ) പറഞ്ഞു: ഈമാനും ലജ്ജയും പരസ്പര പൂരകങ്ങളാകുന്നു. ഒന്ന് ഇല്ലാതായാൽ മറ്റേതും ഇല്ലാതാകും. (ഹാകിം: 58).

 

عَنْ عَبْدِ اللَّهِ بْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ: قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: « الْحَيَاءُ وَالْإِيمَانُ قُرِنَا جَمِيعًا، فَإِذَا رُفِعَ أَحَدُهُمَا رُفِعَ الْآخَرُ ».- رَوَاهُ الْحَاكِمُ فِي الْمُسْتَدْرَكِ: 58، وَقَالَ: هَذَا حَدِيثٌ صَحِيحُ الإِسْنَادِ

 

ലജ്ജ ഉത്തമമായ ഗുണവും വിശ്വാസിയുടെ മഹത്തായ അടയാളവുമാണ്.

നബി (സ്വ) പറഞ്ഞു: “ഈമാനിന് എഴുപതിൽപരം ശാഖകളുണ്ട്. അതില്‍ ഏറ്റവും ശ്രേഷ്ഠമായത് ലാഇലാഹ ഇല്ലല്ലാഹ് എന്ന വചനമാണ്. ഏറ്റവും താഴെയുളളത് വഴിയില്‍ നിന്ന് തടസം നീക്കലാണ്. ലജ്ജ ഈമാനിന്റെ ഭാഗമാണ്” – (ബുഖാരി, മുസ്ലിം).

 

عَنْ أَبِى هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ صَلَّى الله عَليْهِ وسَلَّمَ: « الإِيمَانُ بِضْعٌ وَسَبْعُونَ أَوْ بِضْعٌ وَسِتُّونَ شُعْبَةً فَأَفْضَلُهَا قَوْلُ لاَ إِلَهَ إِلاَّ اللَّهُ وَأَدْنَاهَا إِمَاطَةُ الأَذَى عَنِ الطَّرِيقِ وَالْحَيَاءُ شُعْبَةٌ مِنَ الإِيمَانِ ».- مُتَّفَقٌ عَلَيْهِ

 

ഇബ്നുഉമർ നിവേദനം,
തന്റെ സഹോദരനെ ലജ്ജ ഉപദേശിക്കുന്ന ഒരാളുടെ അടുത്തു കൂടി നബി (സ) പോവുകയുണ്ടായി, അപ്പോൾ
നബി (സ്വ) ഇപ്രകാരം പറയുകയുണ്ടായി: “അവനെ വിട്ടേക്ക്. ലജ്ജ ഈമാനിന്റെ ഭാഗമാണ്.”- (ബുഖാരി: 24). അത് ഉപദേശിച്ചുണ്ടാക്കേണ്ട കര്യമല്ല.

 

عَنْ عَبْدِ اللَّهِ بْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا، مَرَّ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى رَجُلٍ وَهُوَ يُعَاتِبُ أَخَاهُ فِي الْحَيَاءِ يَقُولُ إِنَّكَ لَتَسْتَحْيِي حَتَّى كَأَنَّهُ يَقُولُ قَدْ أَضَرَّ بِكَ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: « دَعْهُ فَإِنَّ الْحَيَاءَ مِنَ الإِيمَانِ ».- رَوَاهُ الْبُخَارِيُّ: 24

 

ഒരാളുടെ ജീവിതത്തിലെ ഏറ്റവും സ്മരണീയമായ സംഭവങ്ങളിലൊന്നാണ് അയാളുടെ വിവാഹമെന്നത്. ഇസ്ലാമിന്റെ ഭാഷയിൽ ഒരു വ്യക്തിയുടെ ദീനിന്റെം പകുതി പൂർത്തിയാകുന്ന നിർണായകമായ ഘട്ടം. ജീവിതത്തിൽ എപ്പോഴും പാവനമായ സ്മരണകളുണർത്തുന്ന, ഓർക്കുമ്പോളെല്ലാം സന്തോഷവും ആനന്ദവും നൽകുന്ന ഓർമ്മയായി പലരും അത് കൊണ്ടു നടക്കുന്നു. അല്ലാത്തവർ വളരെ ചുരുക്കമായിരിക്കും. ആ സുദിനത്തില്‍ആരെയെങ്കിലും ക്ഷണിക്കാൻ വിട്ടുപോയാൽ അതു ഒരു വലിയ പ്രയാസമായി കാലാകാലവും കൊണ്ടുനടക്കുന്നവരാണ് പലരും. എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കിയിട്ടും ഭക്ഷണം വിതരണം ചെയ്തതിലോ, അതിഥികളെ സ്വീകരിക്കുന്നതിലോ വല്ല വീഴ്ചയും സംഭവിച്ചു പോയിട്ടുണ്ടെങ്കിൽ ബോധപൂർവ്വമല്ലെങ്കിലും അങ്ങനെ സംഭവിച്ചു പോയതിൽ വല്ലാത്ത വിഷമവും തീരാദുഃഖവുമായി കൊണ്ട് നടക്കുന്നവരുമുണ്ട്.

എന്നാൽ ഇന്നിതാ ഉളുപ്പില്ലാത്ത ചില ചെറുക്കന്മാർ സമുദായത്തെ പറയിപ്പിക്കാൻ തന്നെ ഇറങ്ങി പുരപ്പെട്ടിരിക്കയാണ്. അവര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ സമുദായത്തിന് മൊത്തം നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്ന് അവർ ഓർക്കുന്നില്ല. യാതൊരു ഉളുപ്പുമില്ലാത്ത കോപ്രായങ്ങൾ സന്ദർഭ ബോധമില്ലാതെ പ്രകടിപ്പിക്കുന്നതിൽ മുസ്ലിം സമുദായത്തിലെ പുത്തൻ തലമുറയിൽ കാണപ്പെടുന്നതുപോലെ മറ്റേതെങ്കിലും മതത്തിന്റെ അനുയായികളിലോ, എന്തിനധികം! മതരഹിത സമൂഹത്തില്‍പോലുമോ കാണുക വിരളമായിരിക്കും.

ജെസിബിയുടെ കൊട്ടയില്‍ പുതിയാപ്പിള പോയത് ഈയടുത്ത് നാം കണ്ടതെയുള്ളൂ. എന്നാൽ ഇപ്പോഴത്‌ മയ്യിത്ത് കട്ടിലും ശവമഞ്ചത്തിലുമൊക്കെ എത്തിക്കഴിഞ്ഞിരിയാണ്.

ഇതൊക്കെ ചെയ്യുന്ന അവിവേകികളായ ചെറുപ്പക്കാരെകാൾ അവരെക്കൊണ്ട് അതൊക്കെ ചെയ്യിപ്പിക്കുന്ന സാമൂഹിക ചുറ്റുപാട് സൃഷ്ടിച്ചവരാണ് പ്രധാന കുറ്റക്കാർ എന്നാണ് ഈയുള്ളവന്റെ ബോധ്യം.

പണമോ പത്രാസോ ഇല്ലെങ്കിലും മാന്യതയും സംസ്കാരവും ഉണ്ടെങ്കിൽ അത്തരമൊരു ചെറുപ്പക്കാരനെയാണ് താൻ പോറ്റിവളർത്തിയ മകൾക്ക് വേണ്ടത് എന്ന് ഓരോ രക്ഷിതാവും തീരുമാനിക്കുകയും, നാണവും മാനവും ലജ്ജയും ഉളുപ്പും ഉള്ള ചെറുപ്പക്കാരന്റെ കൂടെ മാത്രമേ താൻ പോവുകയുള്ളൂ എന്ന് പെൺകുട്ടികളും തീരുമാനിച്ചാൽ ഒരു തെമ്മാടിയും ഇമ്മാതിരി കോപ്രായങ്ങൾ കാണിക്കാൻ ധാർഷ്ട്യം കാണിക്കുകയില്ല.

കോമാളി വേഷം കെട്ടുന്ന കോന്തന്മാരുടെ കൂടെ അന്തസ്സുള്ള ഒരു പെൺകുട്ടിയും പോവുകയില്ല, എന്ന് തീരുമാനിച്ചുകഴിഞ്ഞാൽ അതിന്റെ പേരിൽ മാത്രം ഏതു മര്യാദകെട്ടവനും സംസ്കാരം പഠിക്കാൻ നിർബന്ധിതനാകും.

വിവാഹത്തിന് കാർമികത്വം വഹിക്കുന്ന പണ്ഡിതന്മാരും, അതിന് വേണ്ട ഒത്താശകൾ ചെയ്തു കൊടുക്കുന്ന മഹല്ല് കമ്മിറ്റിക്കാരും, കോമാളിവേഷവും കോപ്രായങ്ങളുമുള്ള കല്യാണങ്ങളിൽ സഹകരിക്കുകയില്ല എന്ന് ശക്തമായ താക്കീത് നൽകുകയും അത് ധിക്കരിക്കുന്ന കുരുത്തം കെട്ട വർഗത്തെ മഹല്ലിൽ നിന്ന് പുറത്താക്കുകയും, അവരുടെ എല്ലാ ചടങ്ങുകളും ബഹിഷ്കരിക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും വേണം. അത് വെല്ലുവിളിച്ചുകൊണ്ട് ധിക്കരിക്കാൻ ധൈര്യം കാണിക്കുന്നവരെ മഹല്ലിൽ ഒരുനിലക്കും വെച്ചുകൊണ്ടിരിക്കാൻ പാടില്ല. മുസ്ലിം സംഘടനകളും കൂട്ടായ്മകളും വളരെ അടിയന്തിരമായി ഇതേകുറിച്ച് കാര്യമായി തന്നെ ചിന്തിക്കണം. ബന്ധപ്പെട്ടവര്‍ജാഗ്രത പുലർത്തിയാൽ ഒരു പോക്കിരിയും ഇമ്മാതിരി ആഭാസത്തരങ്ങൾ എഴുന്നള്ളിക്കാൻ ധൈര്യപ്പെടുകയില്ല.

ആരുണ്ട് ഇത്തരമൊരു ഉദ്യമത്തിന് ചുക്കാൻ പിടിക്കാൻ പ്രവാചകത്വത്തിന്റെ അധ്യാപനങ്ങളില്‍ പണ്ടേക്കും പണ്ടേ ഉള്ള ഒന്നിതാണ്: ‘നിങ്ങൾക്ക് ഉളുപ്പില്ലെങ്കില്‍ പിന്നെ നിങ്ങൾക്ക് തോന്നിയത് ചെയ്തുകൊള്ളുക.’ (ബുഖാരി).

عَنْ أَبِي مَسْعُودٍ، قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: « إِنَّ مِمَّا أَدْرَكَ النَّاسُ مِنْ كَلَامِ النُّبُوَّةِ إِذَا لَمْ تَسْتَحْيِ فَاصْنَعْ مَا شِئْتَ».- رَوَاهُ الْبُخَارِيُّ: 4183

 

എത്ര സത്യം!

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *