ഇറാന്റെ രാഷ്ട്രീയ നാടകങ്ങള്‍

1979-ല്‍ ആയതുല്ലാ ഖുമൈനിയുടെ നേതൃത്വത്തില്‍ നടന്ന ഇറാന്‍ വിപ്ലവത്തെ മുസ്‌ലിം ലോകം ഒരു ഇസ്‌ലാമിക വിപ്ലവം എന്ന പേരില്‍ വലിയ പ്രതീക്ഷകകളോടെ വീക്ഷിക്കുകയുണ്ടായി. എന്നാല്‍ ഇതിനെ ‘ശിയാ’ വിപ്ലവമാക്കി മാറ്റാനായിരുന്നു ഖുമൈനി ശ്രമിച്ചത്. ഇറാന്റെ ഭരണഘടനയില്‍ ഇപ്രകാരം എഴുതി ചേര്‍ത്തത് കാണാം. ‘ഇറാന്‍ ശിയാ സരണിയിലെ ജഅ്ഫരി മദ്ഹബ് മുറുകെ പിടിക്കാന്‍ ബാധ്യസ്ഥരാണ്’. ഈ പക്ഷപാതപരമായ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന മുസ്‌ലിം ലോകത്തിന്റെ ആഹ്വാനത്തെ ഖുമൈനി നിരാകരിക്കുകയാണു ചെയ്തത്. അപ്രകാരം ഇറാന്‍ റിപ്പബ്ലിക് ഇസ്‌ലാമിക ലോകത്ത് ശിയാ ചിന്താസരണിയുടെ സേവകരായിത്തീരുകയാണ് ചെയ്തത്.
ഇറാനെ ആധുനികവല്‍കരിക്കാന്‍ ഖുമൈനി അതിയായി ആഗ്രഹിച്ചു. അപ്രകാരം പ്രസിഡണ്ടിനെ ഭൂരിപക്ഷ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന പ്രക്രിയ നടപ്പില്‍ വരുത്തി. പ്രസിഡന്റിന്റെ കാലാവധി നാല് വര്‍ഷമാക്കി നിശ്ചയിച്ചു. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന പാര്‍ലമെന്റും ഭരണഘടന പരിരക്ഷിക്കുന്ന മതകീയ ബോഡിയും നിലവില്‍ വന്നു. ‘ആത്മീയ നേതാവിന് എല്ലാ സംവിധാനങ്ങള്‍ക്കുമുപരിയായുള്ള പരമാധികാരം നല്‍കി എന്നതാണ് ഖുമൈനിയുടെ പ്രധാന ഭരണ പരിഷ്‌കാരം. വിദേശ നയം, സൈനിക നിയന്ത്രണം, രഹസ്യാന്വേഷണം തുടങ്ങിയവയെല്ലാം നിയന്ത്രിക്കുന്നതും ഇവര്‍ തന്നെയാണ്.

ഇറാനിന്റെ ഇന്നലകളിലെയും ഗതകാല രാഷ്ട്രീയ നിലപാടുകളെയും കുറിച്ച് മുസ്‌ലിം ലോകത്തിന് വലിയ ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുഎന്നത് ഒരു യാഥാര്‍ഥ്യമാണ്.
ഇറാനിന്റെ രാഷ്ട്രീയം ഇസ്‌ലാമിനോട് വിദ്വേഷം വെച്ചുപുലര്‍ത്തുന്ന മജൂസി വേരുകളുള്ളതാണെന്നാണ് ഇതില്‍ പ്രധാനമായ ഒരു ആരോപണം. ഈ ഒരു വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല എന്നതാണ് യാഥാര്‍ഥ്യം. ശിയാക്കളിലെ ജഅ്ഫരി മദ്ഹബ് പ്രൊമോട്ട് ചെയ്യുന്ന ഒരു ശീഈ രാഷ്ട്രമാണ് യഥാര്‍ഥത്തില്‍ ഇറാന്‍. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലേക്ക് ഈ സരണിയെ വ്യാപിപ്പിക്കാനുള്ള പദ്ധതികളുമായിട്ടാണ് അവ മുന്നോട്ട് പോകുന്നത്. ലോകത്തുള്ള എല്ലാ ശിയാ വിഭാഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും അറബ് ലോകത്ത് ഇറാന്റെ നിലപാടുകള്‍ക്ക് ശക്തിപകരുന്ന തരത്തില്‍ അവരെ വളര്‍ത്തിക്കൊണ്ടുവരാനുമുള്ള തീവ്രയത്‌നത്തിലാണവര്‍. മുസ്‌ലിം സമൂഹത്തിന്റെ പ്രധാന ചിന്താസരണിയായി ശിയാ പ്രസ്ഥാനത്തെ മാറ്റിയെടുക്കുക എന്നതും അവരുടെ പ്രധാന ലക്ഷ്യം തന്നെയാണ്. ഈ ലക്ഷ്യസാക്ഷാല്‍കാരത്തിനാണ് നിര്‍ണായകമായ എല്ലാ സുവര്‍ണാവസരങ്ങളും അവര്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
ഇസ്‌ലാമിക സമൂഹത്തിന്റെ ഐക്യത്തിന് വേണ്ടിയാണ് ഇറാന്‍ നിലകൊള്ളുന്നത് എന്നതാണ് അവരുടെ അവകാശ വാദവും രണ്ടാമത്തെ തെറ്റിദ്ധാരണയും. ഈ ലക്ഷ്യസാക്ഷാല്‍കാരത്തിനായി വര്‍ഷം തോറും അന്താരാഷ്ട്ര സമ്മേളനങ്ങള്‍ ഇറാന്‍ നടത്താറുണ്ട്. അതിലേക്ക് ചില സുന്നി പണ്ഡിതന്മാരെ ക്ഷണിക്കുകയും ചെയ്യുന്നു. ഇതിന്റെ മറവില്‍ അറബ് ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ ശിയാ പ്രസ്ഥാനത്തിന്റെ വ്യാപനം തന്നെയാണ് ഇവര്‍ ലക്ഷ്യം വെക്കുന്നത്. ഈ ശിയാവല്‍ക്കരണം ഐക്യത്തിനു പകരമായി മുസ്‌ലിം സമൂഹത്തിന്റെ ഛിദ്രതക്കും ശിഥിലീകരണത്തിനും ഇടവരുത്തുകയാണുണ്ടായത്. ഒരോ രാഷ്ട്രങ്ങളിലും ജനങ്ങളെ കക്ഷികളായി തിരിച്ച് സംഘട്ടനങ്ങളും തര്‍ക്കങ്ങളുമായി തമ്മിലടിക്കാന്‍ ഇത് കാരണമായിട്ടുണ്ട്. ഇതിലൂടെ മുഖ്യശത്രുവായ പശ്ചാത്യന്‍ സയണിസ്റ്റ് സഖ്യത്തെ നേരിടുക എന്ന ലക്ഷ്യം വിസ്മരിക്കപ്പെടുകയാണ് ചെയ്തത്.
വിഭാഗീയമായ ഈ സംഘട്ടനം പല രാജ്യങ്ങളിലും വാളെടുത്ത് മുസ്‌ലിംകള്‍ പരസ്പരം ഏറ്റുമുട്ടുന്ന അവസ്ഥ വരെ എത്തുകയുണ്ടായി. യമനില്‍ ഇറാന്‍ ആളും അര്‍ഥവും ആയുധവും നല്‍കി സഹായിക്കുന്ന ഹൂസിയ്യീന്‍കള്‍ മറ്റുള്ളവരുമായി ഇത്തരത്തിലുള്ള പോരാട്ടത്തിലേര്‍പ്പെടുകയുണ്ടായി. ഇറാഖില്‍ ശീഇകള്‍ക്ക് ഇറാന്‍ ആയുധവും ധനവും നല്‍കിയ സഹായിച്ച സംഘട്ടനം സുന്നികളിലും ശിയാക്കളിലും പെട്ട പതിനായിരങ്ങളുടെ മരണത്തിലാണ് കലാശിച്ചത്. ഇറാഖിനെ ഇന്നും അസ്ഥിരപ്പെടുത്തിക്കൊണ്ടിരിക്കുന്നതും അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുന്നതും ഈ വിഭാഗീയ സംഘട്ടനം തന്നെയാണ്. വടക്കു ഭാഗത്ത് ഖുര്‍ദുകള്‍ക്കും മധ്യഭാഗത്ത് സുന്നികള്‍ക്കും തെക്കുഭാഗത്ത് ശിയാക്കള്‍ക്കും ഭാഗിച്ചുകൊണ്ട് ഇറാഖിനെ മൂന്നായി വിഭജിക്കണമെന്ന വാദമാണ് ആത്യന്തികമായി ഉണ്ടായത്. മുസ്‌ലിം പ്രദേശങ്ങളില്‍ അസ്ഥിരതയും പരസ്പര സംഘട്ടനങ്ങളും ഉണ്ടാക്കിക്കൊണ്ടിരിക്കുക എന്ന അമേരിക്കയുടെയും സയണിസ്റ്റുകളുടെയും താല്‍പര്യങ്ങളാണ് അറബ്- ഇസ്‌ലാമിക ലോകത്ത് ഇറാന്‍ ഇളക്കിവിടുന്ന ഈ വിഭാഗീയ സംഘട്ടനങ്ങളിലൂടെ സാക്ഷാല്‍കരിച്ചുകൊണ്ടിരിക്കുന്നത് എന്നത് ഏറെ ഖേദകരമാണ്.
അമേരിക്കയിലെ നയതന്ത്ര ചിന്തകന്മാരുടെ വീക്ഷണത്തില്‍ സുന്നികള്‍ വരണ്ട പ്രത്യയശാസ്ത്രങ്ങളില്‍ നിഷ്‌കര്‍ഷത പുലര്‍ത്തുന്നവരാണ്. അതിന് അവര്‍ തെളിവെടുക്കുന്നത് പ്രദേശത്തെ അമേരിക്കയുടെ സഖ്യകക്ഷിയായ സൗദിയിലെ ചില യുവാക്കള്‍ സെപ്തംബര്‍ 11 സംഭവത്തില്‍ പങ്കാളികളായി എന്ന അവരുടെ തന്നെ വാദങ്ങളാണ്. സുന്നി ചിന്താഗതിക്കാര്‍ക്കിടയില്‍ അസ്ഥിരതയും മതത്തോടുള്ള പ്രതിബദ്ധതയും കുറച്ച് വരാനുള്ള മാര്‍ഗമായി അവര്‍ കാണുന്നത് ശിയാക്കളുമായി തമ്മിലടിപ്പിക്കലാണ്. അപ്പോള്‍ ഇരു കക്ഷികളുടെയും ചിന്താപരവും മറ്റു വൈവിധ്യവുമായ പരിശ്രമങ്ങള്‍ പരസ്പര പോരാട്ടത്തിനായി വിനിയോഗിക്കുകയും സമൂഹത്തിനിടയില്‍ ഛിദ്രതക്ക് വഴിമരുന്നിടാന്‍ കഴിയുകയും ചെയ്യും. മുസ്‌ലിം സമുദായത്തിലെ രണ്ടു ചിറകുകളായ സുന്നികള്‍ക്കും ശിയാക്കള്‍ക്കുമിടയില്‍ പരസ്പര സംഘര്‍ഷമുണ്ടാക്കി പരസ്പര ബന്ധം ശിഥിലമാക്കുക എന്നതു തന്നെയാണ് അവരുടെ ലക്ഷ്യം.
ഡിക്‌ചെനിയെ പോലുള്ള അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകരുടെ വീക്ഷണത്തില്‍ ശിയാക്കള്‍ പ്രൊട്ടസ്റ്റന്റ് വീക്ഷണക്കാരുടെ സ്ഥാനത്താണ്. മതത്തിലെ നവീകരണ വാദികളായിട്ടാണ് അവരെ പരിഗണിക്കുന്നത്. നവോഥാന കാലഘട്ടത്തില്‍ യൂറോപ്പിലെ പ്രൊട്ടസ്‌ററന്റുകള്‍ ചെയ്ത പോലെ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും നവീകരിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അവര്‍ കരുതുന്നു.
ഈജിപ്ത്, സിറിയ, മൊറോക്കോ, അള്‍ജീരിയ, തുണീഷ്യ, ആഫ്രിക്ക, ചില ഏഷ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയ സുന്നി പ്രദേശങ്ങളില്‍ ഇറാന്‍ ശിഈ ആശയങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ അറബ് ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ വിഭാഗീയ സംഘട്ടനവും സാംസ്‌കാരികമായ അപഭ്രംശവും ഉണ്ടാക്കുക എന്ന അമേരിക്കന്‍-സയണിസ്റ്റ് താല്‍പര്യങ്ങള്‍ക്ക് പാദസേവ ചെയ്യുക എന്നതാണ് ഫലത്തില്‍ സംഭവിക്കുന്നത്.
ഇറാന്‍ അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ കടുത്ത ശത്രുക്കളാണ് എന്നതാണ് സമൂഹത്തിനിടയിലെ മറ്റൊരു തെറ്റിദ്ധാരണ. യഥാര്‍ഥത്തില്‍ അമേരിക്കന്‍ രാഷ്ട്രീയത്തെ പ്രത്യക്ഷമായും പരോക്ഷമായും സഹായിക്കുന്ന നിലപാടുകളാണ് അവര്‍ കൈക്കൊള്ളുന്നത്. എട്ട് വര്‍ഷത്തോളം നീണ്ടു നിന്ന ഇറാഖ്- ഇറാന്‍ യുദ്ധത്തില്‍ ഇറാനെ രഹസ്യമായി സഹായിച്ചുകൊണ്ടിരുന്നത് അമേരിക്കയായിരുന്നു. 2001-ല്‍ നടന്ന അഫ്ഗാന്‍ അധിനിവേശത്തിലും 2003-ല്‍ നടന്ന ഇറാഖ് അധിനിവേശത്തിലും ഇറാന്‍ അമേരിക്കയെ പരസ്യമായി സഹായിക്കുകയുണ്ടായി. ഇറാന്റെ സൈനിക-രാഷ്ട്രീയ രംഗത്തെ നേതാക്കള്‍് തന്നെ അത് വ്യക്തമാക്കുകയുണ്ടായി. ഇറാഖ് യുദ്ധത്തിനിടയില്‍ മുഹമ്മദ് ബാഖിറിന്റെ നേതൃത്വത്തില്‍ ശക്തിപ്രാപിച്ച ശിഈ വിഭാഗം അധിനിവേശ സൈന്യത്തെ സഹായിക്കുന്നതിനും നാം സാക്ഷ്യംവഹിക്കേണ്ടി വന്നു.
അമേരിക്കക്ക് ഇറാനുമായുള്ള ശത്രുത ആണവ പദ്ധതിയുടെ പേരില്‍ മാത്രമാണ്. കാരണം മധ്യപൗരസ്ത്യ ദേശത്ത് ഇസ്രായേലിനേക്കാള്‍ ശക്തിയുള്ള ഒരു രാഷ്ട്രവും ഉണ്ടാകരുത് എന്നതാണ് അമേരിക്കയുടെ ഉദ്ദേശ്യം. മറിച്ച് ഇറാന്‍ മറ്റു അറേബ്യന്‍ രാഷ്ട്രങ്ങളേക്കാള്‍ ശക്തി പ്രാപിക്കുന്നതിന് അമേരിക്കക്ക് വിരോധമൊന്നുമില്ല. ഇറാനിന് അമേരിക്ക കടിഞ്ഞാണിടുന്നത് ഇസ്രായേലിനെ നേരിടുന്ന വിഷയത്തിലാണ്. അതേ സമയം അറേബ്യന്‍ രാജ്യങ്ങളില്‍ മുസ്‌ലിംകളുടെ ശക്തി ക്ഷയിപ്പിച്ച് പരസ്പര വിഭാഗീയ സംഘട്ടനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അമേരിക്ക എല്ലാ പിന്തുണയും ഇറാന് നല്‍കുകയാണ് ചെയ്യുന്നത്.
ഖുദ്‌സിന്റെ മോചനത്തിനും ഫലസ്തീന്‍ പ്രശ്‌നത്തിനും ശക്തമായി ഇറാന്‍ ഇടപെടുന്നു എന്നതാണ് മറ്റൊരു തെറ്റിദ്ദാരണ. യഥാര്‍ഥത്തില്‍ 1960-കളില്‍ അറബ് ദേശീയതയുടെ വക്താക്കള്‍ ചെയ്തതുപോലെ ഫലസ്തീന്‍ പ്രശ്‌നത്തെ തങ്ങളുടെ മുഖം മിനുക്കാനുളള ഉപാധിയും മുസ്‌ലിം ലോകത്തെ ജനമനസ്സുകളില്‍ തങ്ങളുടെ സ്വീകാര്യത വര്‍ദ്ദിപ്പിക്കാനുള്ള ഉപായവുമാക്കുക മാത്രമാണ് ഇറാന്‍ ചെയ്യുന്നത്. അറബ് ദേശീയ വാദികള്‍ തങ്ങള്‍ ഫലസ്തീന്റെ സംരക്ഷണത്തിനും ഇസ്രായേലിന്റെ ഉന്മൂലനത്തിനുമായി രംഗത്തുവന്നവരാണ് എന്നാണ് തുടക്കത്തില്‍ വാദിച്ചത്. എന്നാല്‍ ഒടുവില്‍ ഫലസ്തീന്‍ പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിത്തീര്‍ക്കുകയാണ് അവര്‍ ചെയ്തിട്ടുള്ളത്. 1967-ലെ യുദ്ധത്തില്‍ അവര്‍ ഇസ്രായേലിനോട് പരാജയപ്പെട്ടതോടെ മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതലായി ഇസ്രായേലിന് ജോര്‍ദ്ദാനില്‍ നിന്നും വെസ്‌ററ് ബാങ്ക്, സിറിയയില്‍ നിന്ന് ജൂലാന്‍ കുന്ന്, ഈജിപ്തില്‍ നിന്നും സീനാ പ്രദേശവും പിടിച്ചെടുക്കാന്‍ വഴിയൊരുക്കുകയുണ്ടായി. ഇതേ അധ്യായം തന്നെയാണ് ഇറാന്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ലബനാനുമായുള്ള ഫലസ്തീന്‍ പ്രശ്‌നത്തില്‍ ലബനാനിലെ ശീഈ വിഭാഗത്തിനായിരുന്നു മുന്‍ഗണന നല്‍കിയിരുന്നത്. സ്വന്തം ജനതയെ നിഷ്ഠൂരമായി വധിച്ചുകൊണ്ടിരിക്കുന്ന സിറിയന്‍ സൈന്യത്ത ശിയാക്കള്‍ എന്ന ഒറ്റക്കാരണത്താല്‍ ഇറാന്‍ സഹായിച്ചുകൊണ്ടിരിക്കുന്നതും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്.
ചുരുക്കത്തില്‍, ഇറാന്റെ രാഷ്ട്രീയ നാടകങ്ങളുടെ യഥാര്‍ഥ ചിത്രം വ്യക്തമാക്കുക മാത്രമാണ് ചെയ്തത്. ഇറാനെതിരെയുള്ള ഒന്നാമത്തെ ആരോപണം പേര്‍ഷ്യന്‍-മജൂസി പാരമ്പര്യം കാത്തു സൂക്ഷിക്കുന്നു എന്നതാണ്. ഇതിനെ നാം ശക്തമായി നിരാകരിക്കുകയും ഇറാന്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ ശീഇസം പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് വിവരിക്കുകയും ചെയ്തു. മുസ്‌ലിം ഐക്യത്തിന്ന് വേണ്ടി നിലകൊള്ളുന്നു എന്നതാണ് അവരുടെ രണ്ടാമത്തെ വാദം. ഇറാനിന്റെ രാഷ്ട്രീയം യഥാര്‍ഥത്തില്‍ ഇസ്‌ലാമിക സമൂഹത്തിന്റെ ഛിദ്രതക്കും വിഭാഗീയ സംഘട്ടനങ്ങള്‍ക്കുമാണ് വഴിയൊരുക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം. അമേരിക്കന്‍ നിലപാടുകള്‍ക്കെതിരാണെന്ന് വാദിക്കുന്നുണ്ടെങ്കിലും പ്രത്യക്ഷമായും പരോക്ഷമായും അവരെ സഹായിക്കുന്ന നിലപാടുകള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നു. ഫലസ്തീന്റെ മോചനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനം യഥാര്‍ഥത്തില്‍ അവരുടെ ചിന്തകളും ആശയങ്ങളും വിപണനം ചെയ്യാനുള്ള ഒരു മാര്‍ഗം മാത്രമാണ്

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *