റഷീദലി തങ്ങളുടെ കരങ്ങൾക്ക് എന്റെ വക മുത്തം

മഹാനായ സഹാബി പണ്ഡിതവര്യനായ സൈദുബ്നു സാബിത് (റ) ഒട്ടകപ്പുറത്ത് സവാരി ചെയ്യുകയായിരുന്നു. ഉടനെ പ്രവാചകന്റെ ബന്ധുവും ഉമ്മത്തിന്റെ ഗുരുവുമായ അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) ആലിമായ സൈദിനോടുള്ള ബഹുമാനാദരവ് കൊണ്ട് ഒട്ടകത്തിന്റെ ജീനിയുടെ കണ്ണി പിടിച്ച് അതിനെ നയിക്കാൻ തുടങ്ങി. അപ്പോൾ സൈദ് (റ) വിനയം കൊണ്ട് പറഞ്ഞു:

അല്ലാഹുവിന്റെ റസൂലിന്റ പിതൃവ്യപുത്രാ, താങ്കള്‍ അങ്ങനെ ചെയ്യാതിരുന്നാലും.

അപ്പോൾ ഇബ്നു അബ്ബാസ് പറഞ്ഞു:

ആലിമീങ്ങളോട് ഇങ്ങനെ പെരുമാറാനാണ് നാം കൽപ്പിക്കപ്പെട്ടിട്ടുള്ളത്.

ഉടനെ സൈദ് പറഞ്ഞു: താങ്കളുടെ ആ കൈകൾ ഒന്ന് കാണിച്ചാലും, ഇബ്നു അബ്ബാസ് കൈ കാണിച്ചു കൊടുത്തു, ഉടനെ സൈദ് (റ) അതിൻമേൽ ചുംബനമര്പ്പി ച്ചു കൊണ്ട് പറഞ്ഞു:

നബി തിരുമേനി (സ) യുടെ അഹ് ലു ബൈതിൽപ്പെട്ടവരോട് ഇങ്ങനെ പെരുമാറാനാണ് നാം കൽപ്പിക്കപ്പെട്ടത്.

ഇമാം ഇബ്നു സഅദും, ഇബ്നു ഹജറും, ഇബ്നുൽ ജൗസിയുമെല്ലാം ഇതുദ്ധരിച്ചിട്ടുണ്ട്. ഇതിന്റെ സനദ് കൊള്ളാവുന്നതാണെന്ന് ഇബ്നു ഹജർ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

عَنِ الشَّعْبِيِّ؛ قَالَ: رَكِبَ زَيْدُ بْنُ ثَابِتٍ، فَأَخَذَ ابْنَ عَبَّاسٍ بِرِكَابِهِ، فَقَالَ لَهُ: لا تَفْعَلْ يَا ابْنَ عَمِّ رَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ. فَقَالَ: هَكَذَا أُمِرْنَا أَنْ نَفْعَلَ بِعُلَمَائِنَا. فَقَالَ زَيْدٌ: أَرِنِي يَدَكَ. فَأَخْرَجَ يَدَهُ، فَقَبَّلَهَا زَيْدٌ وَقَالَ: هَكَذَا أُمِرْنَا أَنْ نَفْعَلَ بِأَهْلِ بَيْتِ نَبِيِّنَا صَلَّى اللَّهُ عَلَيْهِ وَسَلَّمَ.

– المجالسة وجواهر العلم: 1314 للإمام أبي بكر أحمد بن مروان الدينوري المالكي (المتوفى : 333هـ)- رواه ابن سعد في الطبقات (2/360) والذهبي في السير (2/437) وابن الجوزي في صفة الصفوة (1/706) وابن عبد البر : المجالسة وجواهر العلم 4/146والحافظ في الإصابة (4/146) وجود إسنادها الحافظ في الفتح (11/57).

⛔⛔⛔

എല്ലാ വിധ സമ്മർദങ്ങളെയും ധീരമായി അതിജീവിച്ച്, മുജാഹിദുകളുടെ സമ്മേളനത്തിൽ പങ്കെടുത്ത് കൊണ്ട്, കാലത്തിന്റെ തേട്ടം മനസ്സിലാക്കി, പ്രൗഡഗംഭീരമായ പ്രഭാഷണം നടത്താൻ ചങ്കൂറ്റം കാണിച്ച ബഹു. റഷീദലി തങ്ങളേ, താങ്കളുടെ കൈകൾ ഒന്ന് നീട്ടിയാലും ആദരവിന്റെ ഒരു മുത്തം അർപ്പിക്കട്ടെ.

സമസ്തയുടെ ആദർശ്ശത്തിൽ അടിയുറച്ചു വിശ്വസിക്കുന്നു എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്, ആയിരക്കണക്കിന് മുജാഹിദുകളുടെ മുമ്പിൽ ഐക്യത്തിന്റെ കാഹളധ്വനി മുഴക്കുവാൻ തങ്ങളെ ക്ഷണിക്കാൻ വിശാല മനസ്കത കാണിച്ച മുജാഹിദ് നേതൃത്വത്തിനും അഭിനന്ദനാതിന്റെ പൂച്ചെണ്ടുകൾ.

⛔⛔⛔

ഞാനൊരു മുജാഹിദ് അനുഭാവി പോലുമല്ല, എന്നല്ല അതിന്റെ ശക്തനായ വിമർശ്ശകൻ കൂടിയാണ്. എങ്കിലും അവരിലെ നേതാക്കൾ വരെ എന്റെ അടുത്ത സുഹൃത്തുക്കളായിട്ടുണ്ട്.

ഞാനൊരു സമസ്ത സുന്നിയുമല്ല. അവരെയും ശക്തമായി വിമർശ്ശിക്കാറുണ്ട്, പക്ഷെ അവരിലും എനിക്ക് ഗുരു തുല്യരായ സുഹൃത്തുക്കളുണ്ട്.

വസ്തുത ഇതൊക്കെയാണെങ്കിലും, സമസ്ത നേതൃത്വം ഇതിന്റെ പേരിൽ തങ്ങളെ പൊങ്കാലയിടരുത് എന്നും, ഐക്യത്തിന്റെ കരങ്ങൾക്ക് ശക്തി പകരുന്ന രൂപത്തിലായിരിക്കണം നിങ്ങളുടെ പ്രതികരണമെന്നും, അക്കാര്യത്തിൽ അണികളെക്കൂടി ബോധവാൻമാരാക്കണമെന്നും വിനീതമായി അഭ്യർഥിക്കുന്നു.

❎❎❎

മുജാഹിദ് നേതൃത്വത്തോട്, നിങ്ങളുടെ പരിപാടികളിൽ ഭാവിയിലും തങ്ങൾ കുടുംബത്തിന് പങ്കെടുക്കാൻ സാധ്യമാകുമാറുളള രൂപത്തിലേ ഈ സംഗതിയെ ഉപയോഗപ്പെടുത്താവൂ എന്നും, തങ്ങൾ കുടുംബത്തിന് ഭാരമാകുന്ന വണ്ണം ഇതിനെ ഉപയോഗപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണമെന്നും അക്കാര്യത്തിൽ അണികളെക്കൂടി നിങ്ങളും ബോധവാൻമാരാക്കണമെന്നും വിനയത്തിന്റെ ഭാഷയിൽ അഭ്യർഥിച്ചു കൊള്ളട്ടെ.

എല്ലാവരെയും കുട്ടിപ്പിടിച്ച് മുന്നേറാൻ മുസ്‌ലിം ലീഗ് എന്ന പ്രസ്ഥാനത്തിനും അതിന്റെ നേതാക്കൾക്കും കഴിയട്ടെ, അതിന് അല്ലാഹു തുണക്കട്ടെ എന്ന് പ്രാർഥിക്കുകയും ചെയ്യുന്നു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *