ഉദ്ഹിയ്യത്ത്, സംശയങ്ങൾ

ചോദ്യം: 👇

നാട്ടിലെ പള്ളിയിൽ ഉദ്ഹിയ്യത്തിന് ഷെയർ പിരിക്കുമ്പോൾ അര ഷെയറും കാൽ ഷെയറുമൊക്കെ പിരിക്കുന്നതായി കാണുന്നു. ഇത് കർമശാസ്ത്രപരമായി സാധുവാണോ ?❓

ഒരു ഉരുവിന്റെ മൊത്ത വിലയുടെ ഏഴിലൊന്നിൽ കുറഞ്ഞ സംഖ്യ ഉദ്ഹിയ്യത്തിന്‍റെ വിഹിതമായി സ്വീകരിക്കാമോ ?❓

മറുപടി:👇

ആട് ഒരാൾക്കും മാട്, ഒട്ടകം എന്നിവ പരമാവധി ഏഴ് പേർക്കുമാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. ഒരാള്‍ അറവുനടത്തിയാല്‍ അയാൾക്കും കുടുംബത്തിനും അത് മതിയാകുന്നതാണ്.

അബൂ അയ്യൂബുല്‍ അൽസ്വാരി(റ) പറയുന്നു:

” നബി(സ്വ)യുടെ കാലത്ത് ഒരാള്‍ തനിക്കും തന്റെ കുടുംബത്തിനും വേണ്ടി ആടിനെ അറുക്കുമായിരുന്നു. അവര്‍ അതില്‍ നിന്ന് ഭക്ഷിക്കുകയും ധർമ്മം ചെയ്യുകയുമായിരുന്നു പതിവ്. പിന്നീട് ജനങ്ങള്‍ ഇതിന്ന് മത്സരിക്കുന്ന സാഹചര്യമുണ്ടായി. അങ്ങനെ ഇന്ന് കാണുന്ന തരത്തിലേക്കിത് മാറി ” (തുർമുദി). (കേവലം ദുരഭിമാനത്തിന് വേണ്ടിയായി മാറി എന്നർഥം – തുഹ്ഫ).

ഒട്ടകത്തിലും പശുവിലും ഏഴ് പേർക്ക് വരെ പങ്കുചേരാവുന്നതാണ്. ഒരാള്‍ സ്വന്തമായി അറുക്കുകയാണെങ്കില്‍ അതാണ് നല്ലത്. ഒന്നില്‍കൂടുതല്‍ ആളുകള്‍ ചേർന്ന് അറുക്കുമ്പോള്‍ എല്ലാവർക്കും തുല്ല്യ വിഹിതം തന്നെയാവണമെന്നില്ല.

എന്നാല്‍ ചുരുങ്ങിയ പക്ഷം 1/7 വിഹിതമെങ്കിലും ഓരോരുത്തർക്കും ഉണ്ടായേ പറ്റൂ.

*ഉദാഹരണമായി 42000 രൂപ വിലയുള്ള മൃഗത്തെയാണ് അറുക്കുന്നതെങ്കില്‍ ചുരുങ്ങിയത് 6000 രൂപയെങ്കിലും ഷെയര്‍ചേരേണ്ടതുണ്ട്. എന്നാല്‍ ഒരാള്‍ 40000 രൂപയും മറ്റൊരാള്‍ 2000 രൂപയും എടുത്ത് കൊണ്ടാണ് മൃഗത്തെ വാങ്ങുന്നതെങ്കില്‍ അത് അനുവദനീയമല്ല*.

പത്തും പതിനഞ്ചും അതിലധികവും മൃഗങ്ങളെ ധാരാളം ആളുകള്‍ചേർന്ന് പള്ളികളുടെയോ സ്ഥാപനങ്ങളുടെയോ മഹല്ലിന്റെയോ ആഭിമുഖ്യത്തില്‍ അറുക്കുന്ന പതിവ് നമ്മുടെ നാട്ടിലുണ്ട്. അതില്‍പലപ്പോഴും മേൽപറഞ്ഞ കാര്യം ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്. ഷെയര്‍ വില ആദ്യം നിശ്ചയിക്കുകയും കിട്ടിയ സംഖ്യക്ക് മുഴുവന്‍മൃഗങ്ങളെ വാങ്ങുകയും ചെയ്യുന്നു. പല മൃഗങ്ങൾക്കു പല വിലയായുടെതായിരിക്കും. ഒരു മൃഗത്തിന് പരമാവധി ഏഴു പേര്‍ എന്നത് പലപ്പോഴും പാലിക്കപ്പെടാതെ പോകുന്നു. ഉദാഹരണമായി 5000 രൂപ വീതം ഷെയര്‍ നിശ്ചയിക്കുമ്പോള്‍ ഏഴു പേരില്‍ നിന്ന് 35000 രൂപയാണല്ലോ ലഭിക്കുക. എന്നാല്‍ 38000 രുപയുടെ മൃഗത്തെയാണ് വാങ്ങിയത് എങ്കില്‍ കുറവു വന്ന 3000 രൂപ എട്ടാമന്റെ പണത്തില്‍നിന്നായിരിക്കും ഇതിലേക്ക് ചേരുന്നത്. അപ്പോള്‍ ആകെ പങ്കുകാര്‍എട്ടായി. അതില്‍ തന്നെ ഒരാളുടേത് 1/7ല്‍ താഴെയുമായി. ഈ രണ്ടു കാരണത്താല്‍ ആ ബലിക്ക് ഉദ്ഹിയ്യത്തിന്റെ പരിഗണന നഷ്ടപ്പെട്ടു. കൈകാര്യം ചെയ്യുന്നവരാണ് ഇതിന്റെ കുറ്റം ഏൽക്കേണ്ടിവരിക.

❇❇❇

ചോദ്യം: 👇

ഉദുഹിയ്യത്തിനു പകരം അതിന്‍റെ വില ദാനം നൽകുന്നതല്ലേ കൂടുതൽ ഉത്തമം?, എന്ന് ചിലർ ചോദിക്കുന്നുണ്ട് ഇതേ കുറിച്ച് എന്താണ് പറയാനുള്ളത്?❓

മറുപടി: 👇👇

പോര, എന്നതാണ് ഉത്തരം. കാരണം ഒന്നാമതായി അത് വഴി, അല്ലാഹുവിന്റെ ചിഹ്നമായി വിശേഷിപ്പിക്കപ്പെട്ട ഒരു ചിഹ്നം തമസ്ക്കരിക്കപ്പെടാൻ ഇടയാക്കും.

രണ്ടാമതായി അത് മൂലം പ്രവാചകൻ (സ) പഠിപ്പിച്ച ഒരു പ്രത്യേക സുന്നത്ത് അവഗണിക്കപ്പെടാനും പിന്നീട് തീരെ ഇല്ലാതായി പോകാനും ഇടവരും.

മൂന്നാമതായി പ്രവാചകനോ ശേഷം വന്ന ഖലീഫമാരോ ആരും തന്നെ ഈ സുന്നത്ത് നിർത്തലാക്കുകയോ, എന്നിട്ട് ദാനധർമ്മങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടില്ല. നിർബന്ധമാണെന്ന് ജനങ്ങൾ തെറ്റിദ്ധരിക്കും എന്ന് ഭയന്നു ചില സന്ദർഭങ്ങളിൽ അബൂബക്കറും ഉമറും ബലിയറുക്കാതിരുന്നിട്ടുണ്ട് എന്നത് ശരിയാണെങ്കിലും *വരൾച്ചയും വറുതിയും ഷാമവും ഉള്ള കാലത്ത് പോലും ആ സുന്നത്ത് അവരാരും നിർത്തൽ ചെയ്തിട്ടില്ല.* ഖുർആനിലും ഹദീസിലും വന്നതനുസരിച്ച് ഉഹിയ്യത്ത് വാജിബാണ് എന്നുവരെ ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. കാരണം കൽപ്പനാ സ്വരത്തിലാണ് പലപ്പോഴും അക്കാര്യം വന്നിട്ടുള്ളത്.

അതിനാൽ ഏറ്റവും ചുരുങ്ങിയത് ആ സുന്നത്ത് പൂർണമായും ഉപേക്ഷിക്കുന്ന അവസ്ഥ വരാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതാണ്.

ബലിമാംസം അഗതികൾക്കും ദരിദ്രർക്കും കൂടി വിതരണം ചെയ്യപ്പെടുന്നത് കൊണ്ട് ദാനധർമ്മത്തിന്റെ തലം കൂടി ഈ സുന്നത്തിൽ ഉൾച്ചേർന്നിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. അപ്പോൾ പിന്നെ ബലി നിർത്തിവെച്ച് ആ സംഖ്യകൊണ്ട് അഗതികളെ സഹായിച്ചു കൂടേ, അതല്ലേ നല്ലത്? തുടങ്ങിയ ചോദ്യത്തിന് പ്രസക്തിയില്ല. കാരണം ബലിമാംസത്തിന്റെ അവകാശികളിൽ ഒരു വിഭാഗം പാവപ്പെട്ടവർ കൂടിയാണല്ലോ. എന്നുവച്ചാൽ രണ്ടു സുന്നത്തും ഒരു കർമ്മത്തിലൂടെ സാക്ഷാത്കരിക്കപ്പെടുന്നു എന്നർത്ഥം.

അതിനാൽ ബലികർമ്മം ഉപേക്ഷിച്ചു കൊണ്ട് തന്നെ ദാനധർമ്മം നൽകണമെന്ന് ഒരിക്കലും ശഠിക്കേണ്ടതില്ല.

⬆⬆⬆

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *