പൗരോഹിത്യ ക്രൂരത മരണപ്പെട്ടവരോടും

ഈയടുത്ത് എന്റെ അടുത്ത ബന്ധത്തിൽപ്പെട്ട ഒരു അമ്മായി മരണപ്പെടുകയുണ്ടായി, ഞങ്ങളുമായി വളരെ ഊഷ്മളമായ കുടുംബ ബന്ധം പുലർത്തിയിരുന്ന, സ്നേഹമസൃണമായ പെരുമാറ്റം കൊണ്ട് ഞങ്ങളുടെ മനസ്സ് കീഴടക്കിയിരുന്ന അമ്മായി മരണപ്പെട്ട വിവരം അറിഞ്ഞപ്പോൾ ജനാസ സംസ്കരണത്തിന് പങ്കെടുക്കാനായി ഉടനെ തന്നെ ഞങ്ങൾ അങ്ങോട്ടേക്ക് പോവുകയുണ്ടായി.

ധാരാളം പണ്ഡിതന്മാരാലും ദീനി പഠിതാക്കളാലും സമ്പന്നമായ ഒരു സുന്നീ കുടുംബമാണ് അവരുടേത്. സ്വാഭാവികമായും അവിടെ നടക്കുന്ന മരണാനന്തര ചടങ്ങുകളും ജനാസ സംസ്കരണ പ്രവർത്തനങ്ങളുമൊക്കെ ദീനീ നിഷ്ഠയനുസരിച്ച് തന്നെയാവണമല്ലോ. ഖേദകരമെന്ന് പറയട്ടെ വളരെ നിരാശയോടെയായിരുന്നു ഈയുള്ളവൻ ജനാസ സംസ്ക്കരണം കഴിഞ്ഞ് തിരിച്ചു പോന്നത്. കാരണം മയ്യിത്ത് കുളിപ്പിക്കുകയും കഫൻ ചെയ്യുകയും ചെയ്ത ശേഷം, നൂറുകണക്കിന് സ്ത്രീകൾ അവിടെ ഉണ്ടായിരുന്നുവെങ്കിലും അവരിൽ ഒരാളെപ്പോലും മയ്യിത്ത് നമസ്ക്കരിക്കുവാൻ അനുവദിക്കുകയുണ്ടായി ല്ല.

അടുത്തതും അകന്നതുമായ ബന്ധുക്കളും, രക്തബന്ധുക്കളും അല്ലാത്തവരുമായ ധാരാളം സ്ത്രീകൾ അവർക്ക് വേണ്ടി മയ്യിത്ത് നമസ്ക്കരിക്കുവാൻ ആഗ്രഹിച്ചിട്ടുണ്ടായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല, കാരണം ജീവിച്ചിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം പരേതർക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും പ്രബലവും പുണ്യകരവുമായ കാര്യമാണല്ലോ ജനാസ നമസ്കാരം എന്നത്. അതാകട്ടെ പ്രത്യേക പുണ്യമുള്ള കാര്യമായി പ്രവാചകൻ (സ) പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു.

വിവരമുള്ള ധാരാളം പണ്ഡിതന്മാർ ഉള്ള ആ കുടുംബത്തിൽ പക്ഷെ ഒരാളും ആ പുണ്യകർമ്മത്തിന്റെ കാര്യത്തിൽ യാതൊരു ശ്രദ്ധയും കാണിച്ചില്ല. ഒടുവിൽ സ്ത്രീകൾ എല്ലാവരും നോക്കി നിൽക്കെ ജനാസ എടുക്കുകയും അവിടെനിന്ന് പള്ളിയിലേക്ക് വഹിച്ചുകൊണ്ട് പോവുകയും, അവിടെ വെച്ച് പുരുഷന്മാർമാത്രം മയ്യിത്ത് നമസ്കരിക്കുകയുമാണ് ഉണ്ടായത്.

❇❇❇

ശാഫിഈ മദ്ഹബ് അക്ഷരംപ്രതി പിൻപറ്റുന്ന ആ പ്രദേശത്ത്, ശാഫി മദ്ഹബിൽ അങ്ങനെയൊരു വിലക്ക് ഇല്ലാ എന്നറിഞ്ഞിട്ടുകൂടി വിവരമുള്ള ഒരാളും തന്നെ അനങ്ങിയില്ല.

ഇത് കേവലം ഒറ്റപ്പെട്ട സംഭവമല്ല, ആ പ്രദേശത്തെ മാത്രം പ്രശ്നവുമല്ല.

⛔⛔⛔

ഇതിനേക്കാൾ സങ്കടകരമായ ഒരു ഒരു സംഭവത്തിന് ഈയുള്ളവൻ വർഷങ്ങൾക്ക് മുമ്പ് സാക്ഷിയാവുകയുണ്ടായി. സ്വന്തം സഹോദരന്റെ അമ്മോശൻ മരണപ്പെട്ടപ്പോഴായിരുന്നു അത്. അവിടെയും ജനാസ സംസ്കരണത്തിന് ഞങ്ങൾ പോവുകയുണ്ടായി മയ്യിത്ത് കുളിപ്പിക്കലും കഫൻ ചെയ്യലുമൊക്കെ കഴിഞ്ഞ ശേഷം പരേതന്റെ ഭാര്യയും പെൺമക്കളും എല്ലാവരും മയ്യിത്ത് നമസ്കരിക്കാൻ വേണ്ടി ഒരുങ്ങുകയുണ്ടായി.

⛔⛔⛔

എന്നാൽ അവിടെ ഹാജരുണ്ടായിരുന്ന മഹല്ല് ഭാരവാഹികൾ അത് ശക്തമായി തടഞ്ഞു. പാടില്ലെന്ന് ഉസ്താദ് വിലക്കിയിരിക്കുന്നു എന്ന് പറയുകയായിരുന്നു. അതിനാൽ ഒരു സ്ത്രീകൾ നിലക്കും മയ്യിത്ത് നമസ്ക്കരിക്കാൻ പാടില്ല എന്നായിരുന്നു അദ്ദേഹത്തിൻറെ ആഹ്വാനം.

അങ്ങനെ സ്വന്തം ഭർത്താവിന് വേണ്ടി ഭാര്യക്കോ, പിതാവിന് വേണ്ടി പെൺ മക്കൾക്കോ ഏറ്റവും അവസാനമായി ചെയ്യാവുന്ന പ്രവാചകൻ പഠിപ്പിച്ച ഒരു പുണ്യ കർമ്മമായ ജനാസ നമസ്കാരം നിർവ്വഹിക്കുവാൻ സാധിക്കാതെ ആ പാവങ്ങൾ അശ്രു പൊഴിച്ചു.

മയ്യിത്ത് നമസ്ക്കരിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ട് അവർ ആ മുസ്ലിയാരുടെ ആഹ്വാനം ചെവിക്കൊള്ളാതെ നമസ്കരിക്കാൻ ഒരു ശ്രമം നടത്തി നോക്കി, അപ്പോഴേക്കും മഹല്ല് ഭാരവാഹികൾ ഇടപെടുകയും നിങ്ങളെങ്ങാനും മയ്യിത്ത് നമസ്കരിച്ചാൽ മയ്യിത്ത് ഇവിടെത്തന്നെ കുഴിച്ചിടേണ്ടി വരുമെന്നും ഞങ്ങളാരും ജനാസ സംസ്കരണത്തിന് പങ്കെടുക്കുകയോ പള്ളിയിലേക്ക് കൊണ്ടുപോവുകയോ ഇല്ലെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഭീഷണിക്കു മുമ്പിൽ നിസ്സഹായരായ ആ പാവങ്ങൾ ഒടുവിൽ . മയ്യിത്ത് നമസ്ക്കരിക്കാതെ കണ്ണീരൊലിപ്പിച്ചുകൊണ്ട് ആ മയ്യിത്തിനെ യാത്രയാക്കി.

❇❇❇

NB: വാൽക്കഷ്ണം: 👇

ഈ വിഷയത്തിൽ പ്രമാണങ്ങൾ എന്തു പറയുന്നു?

ശാഫിഈ മദ്ഹബിൽ സ്ത്രീകൾ മയ്യിത്ത് നമസ്ക്കരിക്കുന്നതിന് വിലക്കുണ്ടോ?

പ്രമാണ ബദ്ധമായ വിശകലനം അടുത്ത് തന്നെ പ്രതീക്ഷിക്കുക.

ഇൻശാ അല്ലാഹ്.

⬆⬆⬆

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *