യൂറോപ്യന്റെ മദ്ഹ് പാടുന്നവരോട്

*വിശ്വാസികളേക്കാൾ മെച്ചം അവിശ്വാസികളോ?*❓

മതവിശ്വാസിയാണെന്ന് പറയാൻ ചേപ്രയാകുന്ന, സ്വന്തം ആദർശ്ശത്തിൽ അപകർഷ ബോധം വച്ചു പുലർത്തുന്ന ചില സാധുക്കൾ, ആത്മ നിന്ദ പേറുന്ന കുറിപ്പുകളിൽ സോഷ്യൽ മീഡിയയിൽ പാശ്ചാത്യരുടെ മാലയും മൗലൂദും പാടി ഇടക്കിടക്ക് രംഗത്ത് വരാറുണ്ട്.

അത്തരം പരാജയ ബോധം പേറി നടക്കുന്നവർക്ക് വേണ്ടി, അല്ലാഹുവിന്റെ 
ഈ വചനങ്ങൾ 👇👇👇

{ إِنَّ الَّذِينَ لا يَرْجُونَ لِقَاءَنَا وَرَضُوا بِالْحَيَاةِ الدُّنْيَا وَاطْمَأَنُّوا بِهَا وَالَّذِينَ هُمْ عَنْ آيَاتِنَا غَافِلُونَ. أُولَئِكَ مَأْوَاهُمُ النَّارُ بِمَا كَانُوا يَكْسِبُونَ }- يُونُسُ: 7-8.

നമ്മെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാത്തവര്‍, ഐഹികജീവിതത്തില്‍തൃപ്തിയടഞ്ഞവര്‍, അതില്‍തന്നെ സമാധാനം കണ്ടെത്തിയവര്‍, നമ്മുടെ പ്രമാണങ്ങളെപ്പറ്റി അശ്രദ്ധ കാണിച്ചവര്‍. അവരുടെയൊക്കെ താവളം നരകമാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ പ്രതിഫലമാണത്.-( യൂനുസ് 7- 8).

വിശദീകരിച്ച് കൊണ്ട് തഫ്ഹീമുൽ ഖുർആനിൽ വന്നത് ചില കൂട്ടിച്ചേർക്കലുകളോടെ ഇവിടെ സമർപ്പിക്കട്ടെ: 👇👇👇

പരലോക നിഷേധത്തിന്റെ അനിവാര്യവും ഖണ്ഡിതവുമായ ഫലം നരകമാണ്. *പരലോകത്തെ നിഷേധിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നവന്‍ നരകമല്ലാത്ത ഏതു ശിക്ഷയും അപര്യാപ്തമാകുമാറ് അത്രയ്ക്കും ഭീമമായ തിന്മകള്‍ ചെയ്തുകൂട്ടുന്നു* എന്നതാണ് അതിന് തെളിവ്. ഇത് ഒരു യാഥാര്‍ഥ്യമാണ്. സഹസ്രാബ്ദങ്ങളായി മനുഷ്യചരിത്രം അതിന് സാക്ഷ്യം വഹിക്കുന്നു. ജീവിതത്തിന്റെ സമ്പൂര്‍ണമായ കണക്ക് നാളെ ദൈവത്തിന്റെ മുമ്പില്‍സമര്‍പ്പിക്കേണ്ടിവരുമെന്ന ഒരു ആശങ്കയുമില്ലാതെ കേവലം നിരുത്തരവാദരായി ജീവിക്കുന്നവര്‍, ജീവിതമെന്നാല്‍ ഇഹലോകജീവിതം മാത്രമേയുള്ളൂ എന്ന സങ്കല്‍പത്തില്‍ വര്‍ത്തിക്കുന്നവര്‍, ഈ ലോകത്തെ സുസ്ഥിതിയും സൗഖ്യവും ശക്തിയും പ്രശസ്തിയും മാത്രം വിജയത്തിന്റെയും പരാജയത്തിന്റെയും മാനദണ്ഡമായി അംഗീകരിക്കുന്നവര്‍, ഇതേ ഭൗതികമാത്ര വിഭാവനകളെ അടിസ്ഥാനമാക്കി ദൈവികദൃഷ്ടാന്തങ്ങളെ അഗണ്യമാക്കി തള്ളുന്നവര്‍–ഇവരുടെയെല്ലാം മുഴുജീവിതവും തെറ്റായ അടിസ്ഥാനത്തില്‍ത്തന്നെയാണ് നിലകൊള്ളുന്നത്. അവര്‍കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ ജീവിക്കുകയും അത്യന്തം വഷളായ ദുഃസ്വഭാവങ്ങളും ദുശ്‌ചെയ്തികളും പ്രകടമാക്കുകയും അക്രമവും അരാജകത്വവും അധര്‍മവും താന്തോന്നിത്തവുംകൊണ്ട് ലോകത്തെ നിറയ്ക്കുകയും, അക്കാരണത്താല്‍നരകാവകാശികളായിത്തീരുകയും ചെയ്യുന്നു. പരലോകവിശ്വാസത്തിനുള്ള മറ്റൊരുതരം തെളിവാണിത്.

❎❎❎

തങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ദൈവത്തിന്റെ മുമ്പാകെ ഉത്തരം ബോധിപ്പിക്കേണ്ടതുണ്ടെന്ന ബോധവും വിശ്വാസവും, ജീവിതചര്യയുടെ ആധാരമായിത്തീരാത്ത കാലത്തോളം മനുഷ്യന്റെ വ്യക്തിപരമായ നടപടിയും മനുഷ്യസംഘങ്ങളുടെ സാമൂഹിക നടപടിയും നേരെയാവുന്നില്ല. ഇതെന്തുകൊണ്ട്?

ആ ബോധവും വിശ്വാസവും അപ്രത്യക്ഷമോ ദുര്‍ബലമോ ആവുമ്പോഴേക്കും ജീവിതമാകുന്ന വണ്ടി തിന്മയുടെ കുണ്ടില്‍ചെന്നുചാടുന്നത് എന്തുകൊണ്ട്?

ഇതാണ് നമുക്ക് ചിന്തിക്കാനുള്ളത്. പരലോകവിശ്വാസം അയഥാര്‍ഥവും പരലോകനിഷേധം യഥാര്‍ഥവുമായിരുന്നു എങ്കില്‍ ആ വിശ്വാസത്തിന്റെയും നിഷേധത്തിന്റെയും ഫലങ്ങള്‍ഒരനിവാര്യതയെന്നോണം തുടര്‍ച്ചയായി നമുക്കനുഭവപ്പെടേണ്ടതാണ്. *ഒരു വസ്തുവില്‍നിന്ന് സദ്ഫലങ്ങള്‍ നിരന്തരം പ്രത്യക്ഷപ്പെടുകയും അതിന്റെ അഭാവം സദാ ദുഷ്ഫലങ്ങള്‍ ഉളവാക്കുകയും ചെയ്യുന്നത് ആ വസ്തു സ്വയം വിശിഷ്ടമാണെന്നതിന്റെ ഖണ്ഡിതമായ തെളിവത്രെ.*

❎❎❎

ഇതിനെതിരില്‍ പലപ്പോഴും ഉന്നയിക്കപ്പെടാറുള്ള ഒരു ന്യായവാദമുണ്ട്: *പരലോകനിഷേധികളായ ധാരാളം പേര്‍- അവരുടെ നീതിശാസ്ത്രവും കര്‍മരീതിയും കേവല ഭൗതികത്വത്തിലും നാസ്തികത്വത്തിലും അധിഷ്ഠിതമായിരുന്നിട്ടുപോലും-വലിയൊരളവോളം നല്ല നടപടികള്‍കൈക്കൊള്ളുകയും അക്രമവും അരാജകത്വവും അധര്‍മവും താന്തോന്നിത്തവും കൈവെടിയുകയും ചെയ്യുന്നുവല്ലോ? മാത്രമല്ല, അവര്‍ ഇടപാടുകളില്‍ നല്ലവരും ദൈവദാസന്മാരുടെ സേവകരുമായി വര്‍ത്തിക്കുകയും ചെയ്യുന്നുണ്ടല്ലോ?*

❎❎❎
സ്വല്‍പമൊന്നാലോചിച്ചാല്‍ മതി, ഈ വാദത്തിന്റെ ബാലിശത മനസ്സിലാവാന്‍. ഭൗതിക മതേതര തത്ത്വശാസ്ത്രങ്ങളും വിചാരപദ്ധതികളും മുഴുവന്‍ പരിശോധിച്ചുനോക്കൂ!

എന്തെല്ലാം ധാര്‍മിക നന്മകളുടെയും സുകൃതങ്ങളുടെയും പേരില്‍ ഈ ‘സദ്‌വൃത്തരായ’ ഭൗതികന്മാര്‍ക്ക് അനുമോദനങ്ങള്‍ ലഭിക്കുന്നുവോ, ആ ഉല്‍കൃഷ്ട ഗുണങ്ങള്‍ക്കുള്ള ഒരടിസ്ഥാനവും പ്രസ്തുത തത്ത്വശാസ്ത്രങ്ങളില്‍ കാണപ്പെടുന്നില്ല. സത്യസന്ധത, വിശ്വസ്തത, ധര്‍മനിഷ്ഠ, വാഗ്ദത്തപാലനം, നീതി, ദയ, കാരുണ്യം, ഔദാര്യം, നിസ്വാര്‍ഥത, പരക്ഷേമ തല്‍പരത, അനുഭാവം, ആത്മനിയന്ത്രണം, ചാരിത്രശുദ്ധി, കര്‍ത്തവ്യബോധം ആദിയായ ഗുണങ്ങളുടെ പ്രേരകങ്ങള്‍ഈ ഭൗതിക തത്ത്വശാസ്ത്രങ്ങളില്‍ നിക്ഷിപ്തമായിട്ടുണ്ടെന്ന് ഏതെങ്കിലും തര്‍ക്കശാസ്ത്രത്തിലൂടെ തെളിയിക്കുക അസാധ്യമത്രെ. ദൈവത്തെയും പരലോകത്തെയും അവഗണിച്ചാല്‍ പിന്നെ ധാര്‍മികതക്ക് കാര്യക്ഷമമായ വല്ല അടിസ്ഥാനവും ലഭിക്കുമെങ്കില്‍അത് പ്രയോജനവാദ(Utilitarianism)മാണ്. മറ്റെല്ലാ സദാചാര സിദ്ധാന്തങ്ങളും കേവലം സാങ്കല്‍പികങ്ങളും ഏട്ടില്‍പരിമിതവുമായിരിക്കും. പ്രയോജനവാദത്തില്‍നിന്ന് ഉടലെടുക്കുന്ന ധാര്‍മികതയെ എത്ര വലിച്ചുനീട്ടിയാലും അത് തന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഫലം ഇഹലോകത്തുവെച്ച് തനിക്കോ, താന്‍ബന്ധപ്പെട്ട സമൂഹത്തിനോ അനുഭവപ്പെടണമെന്ന ചിന്തക്കപ്പുറത്തേക്ക് അല്‍പവും മനുഷ്യനെ കൊണ്ടുപോകുന്നില്ല.

ലാഭത്തെക്കുറിച്ച പ്രതീക്ഷയെയും നഷ്ടത്തെക്കുറിച്ച ആശങ്കയെയും അടിസ്ഥാനമാക്കി, സന്ദര്‍ഭോചിതം സത്യവും കള്ളവും, വിശ്വസ്തതയും വഞ്ചനയും, വാഗ്ദത്തപാലനവും വാക്ക് ലംഘനവും, നീതിയും അക്രമവും എന്നുവേണ്ട ഏത് നന്മയും അതിന്റെ നേര്‍വിപരീതവും ചെയ്യാന്‍ മനുഷ്യനെ തയ്യാറാക്കുന്ന ഒരു സിദ്ധാന്തമാണിത്.

ഈ ധാര്‍മികതയുടെ ഏറ്റവും നല്ല മാതൃക ആധുനിക യൂറോപ്യന്‍സമൂഹമാകുന്നു. ഭൗതികമാത്രമായ ജീവിതവീക്ഷണം പുലര്‍ത്തുന്നവരും പരലോകനിഷേധികളുമായിരിക്കെ *യൂറോപ്യന്‍ സൊസൈറ്റിയിലെ ഒട്ടുമുക്കാലും അംഗങ്ങള്‍ ഇതരന്മാരേക്കാള്‍ സത്യസന്ധരും വിശ്വസ്തരും വാഗ്ദത്തപാലകരും നീതിതല്‍പരരും ഇടപാടുകളില്‍വിശ്വസ്തരുമാണല്ലോ എന്ന് അവരെ ചൂണ്ടി പറയാറുണ്ട്*. എന്നാല്‍, പ്രയോജനവാദത്തെ അടിസ്ഥാനമാക്കിയുള്ള ധാര്‍മികതയുടെ അസ്ഥിരതക്കുള്ള ഏറ്റവും പ്രകടമായ തെളിവ് ആ ജനതയുടെ സ്വഭാവമാകുന്നു. സത്യസന്ധത, നീതിതല്‍പരത, ധര്‍മനിഷ്ഠ, വാഗ്ദത്തപാലനം ആദിയായവ *സനാതന ധാര്‍മിക നന്മകളാണെന്ന വിശ്വാസവും അംഗീകാരവുംകൊണ്ടാണ് യൂറോപ്യന്മാര്‍ അവ പാലിക്കുന്നതെങ്കില്‍, വ്യക്തിപരമായ നിലയില്‍ ആ നന്മകള്‍പാലിക്കവെത്തന്നെ, ആ ജനത പ്രതിനിധികളായി തിരഞ്ഞെടുക്കുന്ന നേതാക്കളും നായകന്മാരും ഭരണകാര്യങ്ങള്‍ നടത്തുമ്പോഴും അന്താരാഷ്ട്രീയ പ്രശ്‌നങ്ങളിലിടപെടുമ്പോഴും വിപുലമായതോതില്‍, പരസ്യമായി വ്യാജം, വഞ്ചന, അക്രമം, അനീതി, വിശ്വാസലംഘനം ആദിയായ അധര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും എന്നിട്ടും ജനതയുടെ മുഴുവന്‍ പിന്തുണ അവര്‍ക്ക് നിര്‍ലോഭം ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?*

❎❎❎

[ചരിത്രത്തിലെ ഏറ്റവും വലിയ ചതിയും വഞ്ചനയും അനീതിയും അക്രമവും എല്ലാ അതിരുകളും ഭേതിച്ച *ഫലസ്തീൻ പ്രശ്നത്തിലോ*, ജനാധിപത്യ രീതിയിൽ *അൾജീരിയയിൽ 90 ശതമാനം വോട്ടുകൾ നേടി അധികാരത്തി പാര്‍ട്ടിയെ പട്ടാളത്തെ ഉപയോഗിച്ച് അട്ടിമറിച്ചപ്പോഴോ*, അധിനിവേശത്തിലൂടെ രാസായുധം ഉണ്ട് എന്ന പച്ചക്കള്ളം പ്രചരിപ്പിച്ചുകൊണ്ട് *ലക്ഷക്കണക്കിന് നിരപരാധികളെ ചുട്ടു ചാമ്പലാക്കി ഇറാഖിനെ കുട്ടിച്ചോറാക്കിപ്പോഴോ*, എത്രയോ അകലെ കിടക്കുന്ന *അഫ്ഗാനിസ്ഥാനില്‍ വിവാഹ പാർട്ടികൾക്കും ജനാസസംസ്കാര ചടങ്ങുകൾക്കും മീതെ ബോംബ് വർഷിച്ച ആയിരങ്ങളെ കൊന്നൊടുക്കിയപ്പോഴോ* , സുതാര്യമായ തെരഞ്ഞെടുപ്പിലൂടെ *ജനാധിപത്യ മാർഗ്ഗേണ ഈജിപ്തിൽ അധികാരത്തിൽവന്ന ഡോക്ടർ മുർസിയെ സൈനിക അട്ടിമറിയിലൂടെ അധികാരഭ്രഷ്ടനാക്കി ജയിലിലടച്ചപ്പോഴോ* ഒന്നുംതന്നെ ഇപ്പറയുന്ന *യൂറോപ്യന്മാരുടെ മനുഷ്യത്വവും ജനാധിപത്യ ബോധവും ധാർമികതയും എത്രയുണ്ടെന്ന് നാം കണ്ടതാണല്ലോ].

❎❎❎

ശാശ്വത ധാര്‍മിക മൂല്യങ്ങളില്‍ ഇവര്‍ക്ക് വിശ്വാസമില്ല. പ്രത്യുത, ഭൗതിക ലാഭനഷ്ടങ്ങള്‍ പരിഗണിച്ച് ഒരേയവസരം പരസ്പരവിരുദ്ധമായ ധാര്‍മികനയങ്ങള്‍ സ്വീകരിക്കാന്‍ അവര്‍ തയ്യാറാണ് എന്നല്ലേ അത് വ്യക്തമായും തെളിയിക്കുന്നത്?

ദൈവനിഷേധിയും പരലോകനിഷേധിയുമായ ഒരാള്‍യഥാര്‍ഥത്തില്‍ത്തന്നെ സ്ഥിരമായി *ഏതാനും നന്മകള്‍ പാലിക്കുകയും ഏതാനും തിന്മകള്‍ വര്‍ജിക്കുകയും ചെയ്യുന്നതായി കാണുന്നുവെങ്കില്‍അതയാള്‍ സ്വീകരിച്ച ഭൗതിക ജീവിതസിദ്ധാന്തത്തിന്റെ ഫലമല്ല. പ്രത്യുത, അബോധമായി അവന്റെ മനസ്സില്‍ വേരൂന്നിയ മതപരമായ സ്വാധീനങ്ങളുടെ ഫലമാണ്. അവന്റെ ധാര്‍മികസമ്പത്ത് മതത്തില്‍നിന്ന് മോഷ്ടിക്കപ്പെട്ടതത്രെ. അതവന്‍ അന്യായമായി മതനിഷേധത്തിനുവേണ്ടി വിനിയോഗിക്കുന്നുവെന്നുമാത്രം*. ഭൗതികത്വത്തിന്റെയും മതനിഷേധത്തിന്റെയും ഖജനാവില്‍ അത്തരം ധാര്‍മികസമ്പത്ത് ഉണ്ടാവുക സാധ്യമേയല്ല.

❎❎❎

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *