റജബ് മാസവും മിഅ്റാജ് നോമ്പും

⛔റജബ് മാസവും മിഅ്റാജ് നോമ്പും⛔

യുദ്ധം നിഷിദ്ധമാക്കപ്പെട്ടിരുന്ന, പവിത്രമായ മാസവും തിന്മകള്‍ ചെയ്യുന്നത് കഠിനമായി വിലക്കപ്പെട്ടതും നന്മകള്‍ ചെയ്യുന്നത് പ്രോത്സാഹജനകവുമാണെന്നതൊഴിച്ചാല്‍, റജബ് 27-ാം രാവിന് പ്രത്യേകം ശ്രേഷ്ഠതയോ അന്നേദിവസം പ്രത്യേകം നോമ്പോ ന്ബിയോ സ്വഹാബത്തോ നാലു മദ്ബിഹന്റെ ഇമാമുകളോ പഠിപ്പിച്ചിട്ടിട്ടില്ല.

കെട്ടിച്ചമക്കപ്പെട്ടതോ പറ്റെ ദുര്‍ബലമോ ആയ ഹദീഥുകള്‍ വെച്ച് ഒരു നോമ്പ് സുന്നത്താണെന്നു പറയാന്‍ ദീനില്‍ വകുപ്പില്ല.

ഈ മാസത്തിന് സവിശേഷതയും പവിത്രതയും കൈവരാന്‍ തക്കവണ്ണം എന്തെങ്കിലും പ്രത്യേകതകളോ ചരിത്രസംഭവങ്ങളോ ഉണ്ടെന്നതിന് ആധികാരികമായി യാതൊരു തെളിവും ഇല്ല എന്നാണ് ഇമാമുകള്‍ വ്യക്തമാക്കിയിട്ടുള്ളത്.

✳✳✳

റജബിനെക്കുറിച്ച് സ്വതന്ത്രമായി ഒരു കൃതി തന്നെ രചിച്ച പ്രഗത്ഭ ശാഫീ മദ്ഹബുകാരനായ ഇമാം ഇബ്‌നുഹജര്‍ അല്‍ അസ്ഖലാനി ഇങ്ങനെ രേഖപ്പെടുത്തുന്നു: 👇

لَمْ يُرِدْ فِي فَضْلِ شَهْرِ رَجَبٍ، وَلَا فِي صِيَامِهِ، وَلَا فِي صِيَامِ شَيْءٍ مِنْهُ، – مَعَيَّنٍ، وَلَا فِي قِيَامِ لَيْلَةٍ مَخْصُوصَةِ فِيهِ – حَدِيثٌ صَحِيحٌ يَصْلُحُ لِلحُجَّةِ، وَقَدْ سَبَقَنِي إِلَى الْجَزْمِ بِذَلِكَ الإِمَامُ أَبُو إِسْمَاعِيلُ الْهِرَوِيُّ الحَافِظُ، رُوِّيْنَاهُ عَنْهُ بِإِسْنَادٍ صَحِيحٍ، وَكَذَلِكَ رُوِّيْنَاهُ عَنْ غَيْرِهِ. وَلَكِنْ اِشْتُهِرَ أَنَّ أَهْلَ العِلْمِ يَتَسَامَحُونَ فِي إِيرَادِ الأَحَادِيثِ فِي الفَضَائِلِ وَإِنْ كَان فِيهَا ضَعْفٌ، مَا لَمْ تَكُنْ مَوْضُوعَةً.
وَيَنْبَغِي مَعَ ذَلِكَ اِشْتِرَاطُ أَنْ يَعْتَقِدَ العَامِلُ كُون ذَلِكَ الحَدِيثِ ضَعِيفًا، وَأَنَّ لَا يُشْهِرَ بِذَلِكَ، لِئَلَّا يَعْمَلَ المَرْءُ بِحَدِيثٍ ضَعِيفٍ، فَيُشَرِّعُ مَا لَيْسَ بِشَرَعٍ، أَوْ يَرَاهُ بَعْضُ الجُهَّالِ فَيَظُنُّ أَنَّهُ سَنَةٌ صَحِيحَةٌ. وَقَدْ صَرَّحَ بِمَعْنَى ذَلِكَ الأُسْتَاذُ أَبُو مُحَمَّدِ بِنِ عَبْدِ السَّلَامِ وَغَيْرُهُ. وَلِيَحَذَرِ المَرْءُ مِنْ دُخُولِهِ تَحْتَ قَوْلِهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: « مَنْ حَدَّثَ عَنِّى بِحَدِيثٍ وَهُوَ يَرَى أَنَّهُ كَذِبٌ فَهُوَ أَحَدُ الْكَذَّابِينَ ».. فَكَيْفَ بِمَنْ عَمِلَ بِهِ ؟!.. وَلَا فَرْقَ فِي العَمَلِ بِالحَدِيثِ فِي الأَحْكَامِ، أَوْ فِي الفَضَائِلِ، إِذْ الكُلُّ شَرَعٌ.. -تَبْيِينُ العَجَبِ بِمَا وَرَدَ فِي فَضْلِ رَجَبِ، لِلحَافِظِ اِبْنِ حَجَرٍ: ص 12.

റജബ്മാസത്തിന്റെ ശ്രേഷ്ഠതയോ, അതില്‍ നോമ്പനുഷ്ഠിക്കുന്നത് പ്രത്യേകം ശ്രേഷ്ഠമാണെന്നോ, ഇനി അതില്‍ ഏതെങ്കിലുമൊരു ദിവസം നോമ്പ് ശ്രേഷ്ഠമാണെന്ന് കുറിക്കുന്നതോ, അതിലെ ഏതെങ്കിലും ഒരു രാവില്‍ പ്രത്യേകം നമസ്‌കാരം നിര്‍വഹിക്കുന്നത്ത് ശ്രേഷ്ഠമാണെന്നോ കുറിക്കുന്ന പ്രബലവും തെളിവിന് കൊള്ളാവുന്നതുമായ ഒരൊറ്റഹദീസും വന്നിട്ടില്ല.

ഇമാം അബൂഇസ്മാഈല്‍ അല്‍ഹിറവി എനിക്ക് മുമ്പേതന്നെ ഇക്കാര്യം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തില്‍നിന്നും അല്ലാത്തവരില്‍ നിന്നുമായി നമുക്കും ഈ സംഗതി സ്വഹീഹായ പരമ്പരയിലൂടെ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അല്‍പം ദുര്‍ബലതയുള്ള ഹദീസുകള്‍ -അവ നബി(സ)യുടെ പേരില്‍ കെട്ടിച്ചമച്ചതല്ലെങ്കില്‍- പുണ്യകര്‍മങ്ങളുടെവിഷയത്തില്‍ ഉദ്ധരിക്കുന്നതില്‍ സഹിഷ്ണുത പുലര്‍ത്തുന്ന സമീപനമാണ് ചില പണ്ഡിതന്മാര്‍ സ്വീകരിച്ചിട്ടുള്ളത്. എങ്കില്‍ കൂടി കര്മ്മമനുഷ്ടിക്കുന്നവര്‍ പ്രസ്തുത ഹദീസ് ദുര്‍ബലമാണെന്നു തന്നെ വിശ്വസിക്കല്‍ അനിവാര്യമായ ഉപാധിയാണ്. അതുപോലെ പ്രസ്തുത ഹദീസിന് പ്രചാരം കൊടുക്കാതിരിക്കേണ്ടതുമാണ്. ദുര്‍ബലമായ ഹദീസ് കൊണ്ട് ആളുകള്‍ കര്‍മം ചെയ്യാതിരിക്കാനും തദ്വാര ശര്‍അ് അനുശാസിക്കാത്ത കാര്യം ശറഅ് ആയി ഗണിക്കപ്പെടാതിരിക്കാനും, അല്ലെങ്കില്‍ വിവരമില്ലാത്തവര്‍ അതു ശരിയായ സുന്നത്താണെന്ന് ധരിക്കാതിരിക്കാനും വേണ്ടിയാണ് അങ്ങനെ ചെയ്യേണ്ടിവരുന്നത്.

അബൂ മുഹമ്മദ്ബിന്‍ അബ്ദിസ്സലാമിനെ പ്പോലുള്ള ഗുരുവര്യന്മാര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കളവാണെന്ന് മനസ്സിലാക്കി, ” എന്നില്‍നിന്ന് ഉള്ളതാണെന്ന വ്യാജേന ആരെങ്കിലും ഒരു ഹദീസ് പറഞ്ഞാല്‍ അവന്‍ കള്ളം പറയുന്നവരുടെ കൂട്ടത്തിലെ ഒരുവനായി ” എന്ന തിരുവചനത്തിന്റെ മുന്നറിയിപ്പില്‍ പെട്ടുപോകുന്നത് അവനവന്‍ സൂക്ഷിച്ചുകൊള്ളട്ടെ.

കേവലം പറയുന്നതിന്റെ കാര്യമാണിത്, എങ്കില്‍ പിന്നെ കര്‍മം ചെയ്യുന്നവന്റെ കാര്യമോ?

ദുര്‍ബല ഹദീസനുസരിച്ച് പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ വിധിവിലക്കുകളുടെ വിഷയത്തിലോ, പുണ്യകര്‍മങ്ങളുടെ വിഷയത്തിലോ എന്ന വ്യത്യാസത്തിന്റെ പ്രശ്‌നം തന്നെയില്ല. കാരണം എല്ലാം ശര്‍ഈ കാര്യങ്ങള്‍ തന്നെ”’ (തബ്‌യീനുല്‍ അജബി ബിമാവറദ ഫീ ഫളാഇലി റജബ്, പേജ്: 3).

✳✳✳

തുടര്‍ന്നദ്ദേഹം റജബിലെ നോമ്പിനെക്കുറിച്ച മൂന്ന് ഹദീസുകള്‍ ഉദ്ധരിക്കുന്നു. അതിലൊന്ന്: 👇👇

إِنَّ أَمْثَلُ مَا وَرْدٌ فِي ذَلِكَ:. مَا رَوْاهُ النِّسَائِيَّ مِنْ حَدِيثِ أُسَامَةَ بِنْ زَيْدٌ رَضِيَ اللهُ عَنْهُ قَالَ: قُلْتُ يَا رَسُولَ اللَّهِ لَمْ أَرَكَ تَصُومُ شَهْرًا مِنَ الشُّهُورِ مَا تَصُومُ مِنْ شَعْبَانَ . قَالَ « ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ وَهُوَ شَهْرٌ تُرْفَعُ فِيهِ الأَعْمَالُ إِلَى رَبِّ الْعَالَمِينَ …. ».الحَدِيثُ.. فَهَذَا فِيهِ إِشْعَارٌ بِأَنْ فِي رَجَبٍ مُشَابِهَةٌ بِرَمَضَانِ، وَأَنَّ النَّاسَ يَشْتَغِلُونَ مِنَ العِبَادَةِ بِمَا يَشْتَغِلُونَ بِهِ فِي رَمَضَانِ، وَيُغْفَلُونَ عَنْ نَظِيرِ ذَلِكَ فِي شَعْبَانَ. لِذَلِكَ كَانَ يَصُومُهُ.. وَفِي تَخْصِيصِهِ ذَلِكَ بِالصَّوْمِ – إِشْعَارٌ بِفَضْلِ رَجَبِ، وَأَنَّ ذَلِكَ كَانَ مِنْ المَعْلُومِ المُقَرَّرِ لَدَيْهِمْ.- تَبْيِينُ العَجَبِ: ص 12

ഉസാമത്തുബ്‌നു സൈദില്‍ നിന്ന്. ”ഞാന്‍ അല്ലാഹുവിന്റെ റസൂലിനോട് ചോദിച്ചു, ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കന്നത്ര മറ്റൊരുമാസവും താങ്കള്‍ നോമ്പനുഷ്ഠിക്കുന്നത് ഞാ ന്‍ കണ്ടിട്ടില്ലല്ലോ?
” ”അത് റജബിന്റെയും റമദാനിന്റെയും ഇടയില്‍ ആളുകള്‍ ശ്രദ്ധിക്കാതെ വിട്ടുപോകുന്ന മാസമാണ്” എന്ന് തിരുമേനി(സ) മറുപടി പറഞ്ഞു” (നസാഈ). ഈ ഹദീസുദ്ധരിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തുന്നു: ”ഇതില്‍ റജബിന്റ മദാനുമായി ഒരു സാദൃശ്യമുണ്ടെന്ന ധ്വനിയുണ്ട്. മാത്രമല്ല, റമദാന്‍ പോലെ ആളുകള്‍ റജബിലും ചില ആരാധനാ കര്‍മങ്ങള്‍ ചെയ്യാറുണ്ടെന്നും എന്നാല്‍ ആശ്രദ്ധ അവര്‍ ശഅ്ബാനില്‍ കാണിക്കുന്നില്ലെന്നും അതാണ് താനതില്‍ (ശഅ്ബാനില്‍) പ്രത്യേകമായി നോമ്പനുഷ്ഠിക്കുന്നതെന്നും പറഞ്ഞതില്‍ റജബ് മാസത്തിനും ഒരു ശ്രേഷ്ഠതയുണ്ടെന്ന സൂചനയുണ്ട്. അതേപ്പറ്റി അവര്‍ക്ക് അറിവും നിശ്ചയവും ഉണ്ടായിരുന്നു എന്നും”’ (തബ്‌യീനുല്‍ അജബ്ബി മാവറദ ഫീ ഫദാഇലി റജബ്).

✳✳✳

റജബ് മാസത്തിലെ നോമ്പുമായി ബന്ധപ്പെട്ട ഏതാണ്ട് എല്ലാ ഹദീസുകളും അദ്ദേഹം തന്റെ ഈ ലഘു കൃതിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അവയിലൊരെണ്ണം പോലും സ്വഹീഹായതല്ലെന്നും ഒന്നുകില്‍ ദുര്‍ബലമായവയോ അല്ലെങ്കില്‍ കെട്ടിച്ചമച്ചുണ്ടാക്കിയവയോ ആണെന്നും വ്യക്തമാക്കുന്നുണ്ട്.
ഒടുവില്‍ ഇമാം അബൂബക്ര്‍ അത്ത്വര്‍തൂസിയുടെ ഇവ്വിഷയകമായ ഒരു പ്രസ്താവന ഉദ്ധരിക്കുന്നു:

‘റജബ്മാസത്തെ നോമ്പ് മൂന്നടിസ്ഥാനത്തില്‍ കറാഹത്തായിത്തീരും.

قَالَ أَبُو بَكْرٍ الطَّرْطُوشِى فِي كِتَاب “البِدَعُ وَالحَوَادِثُ”: يُكْرَهُ صَوْمُ رَجَبٍ عَلَى ثَلَاثَةِ أَوْجُهٍ.. أَحَدُهَا: أَنّهُ إِذَا خَصَّهُ المُسْلِمُونَ بِالصَّوْمِ مِنْ كُلِّ عَامٍ حَسَبَ العَوَامِّ إِمَّا أَنَّهُ فَرْضٌ كَشَهْرٍ رَمَضَانِ، وَإِمَّا سَنَةٌ ثَابِتَةٌ كَالسُّنَنِ الثَّابِتَةِ وَإِمَّا لِأَنَّ الصَّوْمَ فِيهِ مَخْصُوصٌ بِفَضْلِ ثَوَابِ عَلَى صِيَامِ بَاقِيَ الشُّهُورَ. وَلَوْ كَان مِنْ هَذَا شَيْءٌ لَبَيَّنَهُ صَلَّى اللهُ عَلَيْهِ وَسَلَّمَ.. قَالَ اِبْنُ دحية: الصِّيَامُ عَمَلٌ بَرٍّ لَا لِفَضْلِ شَهْرِ رَجَبِ، فَقَدْ كَانَ عُمَرُ – رَضِيَ اللهُ عَنْهُ – يَنْهَى عَنْ صِيَامِهِ. وَاللّهُ أَعْلَمُ. – تَبْيِينُ العَجَبِ: ص 38

  1. റജബു മാസത്തില്‍ പ്രത്യേക നോമ്പുണ്ടെന്ന മട്ടില്‍ എല്ലാ വര്‍ഷവും മുടങ്ങാതെ നോമ്പനുഷ്ഠിക്കല്‍
  2. ഇതര സുന്നത്തു നോമ്പുകള്‍ പോലെ സ്ഥിരപ്പെട്ട സുന്നത്താണെന്ന മട്ടില്‍ നോമ്പനുഷ്ഠിക്കല്‍.
  3. ഇതര മാസങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നതിനേക്കാള്‍ പുണ്യവും ശ്രേഷ്ഠതയും ഉണ്ടെന്ന ഭാവത്തില്‍ ഈ മാസത്തില്‍ നോമ്പെടുക്കല്‍.
    ഈ മൂന്നടിസ്ഥാനത്തില്‍ റജബില്‍ നോമ്പനുഷ്ഠിക്കുന്നത് വെറുക്കപ്പെട്ടതാണെന്നും അതില്‍ വല്ല ശ്രേഷ്ഠതയും ഉണ്ടായിരുന്നെങ്കില്‍ അത് തിരുമേനി(സ) വ്യക്തമാക്കുമായിരുന്നുവെന്നും പറഞ്ഞു കൊണ്ടാണ് തന്റെ ലഘുകൃതി ഇമാം ഇബ്‌നു ഹജര്‍ അവസാനിപ്പിക്കുന്നത് (തബ്‌യീനുല്‍ അജബ്ബി മാവറദ ഫീ ഫദാഇലി റജബ്).

✳✳✳

റജബിലെ നോമ്പിനെപ്പറ്റി ഇമാം നവവി👇👇

وَقَالَ الإِمَامُ النَّوَوِيُّ: قَوْله: سَأَلْت سَعِيدَ بْنَ جُبَيْرٍ عَنْ صَوْم رَجَب، فَقَالَ: سَمِعْت اِبْن عَبَّاس يَقُول: «كَانَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ يَصُوم حَتَّى نَقُول: لَا يُفْطِرُ، وَيُفْطِرُ حَتَّى نَقُولَ: لَا يَصُومُ ».

ഉസ്മാനുബ്നു ഹകീമിൽ അൻസ്വാരി പറയുന്നു: ഒരു റജബിൽ ഞാൻ സഈദുബ്നു ജുബൈറിനോട് റജബിലെ നോമ്പിനെപ്പറ്റി ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: നബി (സ) നോമ്പ് ഒഴിവാക്കാറേ ഇല്ല എന്ന് ഞങ്ങൾ പറയുവോളം അവിടുന്ന് ചിലപ്പോൾ നോമ്പനുഷ്ഠിച്ചു കൊണ്ടിരിക്കും, എന്നാൽ മറ്റു ചിലപ്പോൾ അവിടുന്ന് നോമ്പ് എടുക്കാറേ ഇല്ല എന്ന് ഞങ്ങൾ പറയുമാറ് നോമ്പ് എടുക്കാതിരിക്കുകയും ചെയ്യും എന്ന് ഇബ്നു അബ്ബാസ് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. (മുസ്ലിം: 2782)

ഇതിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി പറയുന്നു:👇

الظَّاهِر أَنَّ مُرَاد سَعِيد بْن جُبَيْر بِهَذَا الِاسْتِدْلَال أَنَّهُ لَا نَهْي عَنْهُ وَلَا نَدْب فِيهِ لِعَيْنِهِ بَلْ لَهُ حُكْم بَاقِي الشُّهُور ، وَلَمْ يَثْبُت فِي صَوْم رَجَب نَهْي وَلَا نَدْب وَلَا نَهْي لِعَيْنِهِ ، وَلَكِنَّ أَصْل الصَّوْم مَنْدُوب إِلَيْهِ. وَفِي سُنَن أَبِي دَاوُدَ أَنَّ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ نَدَبَ إِلَى الصَّوْم مِنْ الْأَشْهُر الْحُرُم وَرَجَب أَحَدهَا وَاللَّهُ أَعْلَم.-شَرَحُ مُسْلِمٍ: 1960.

ഈ തെളിവ് ആധാരമാക്കിയതിലൂടെ ഇബ്നു അബ്ബാസ് ഉദ്ദേശിച്ചത്, റജബിൽ നോമ്പനുഷ്ഠിക്കുന്നതിന് വിലക്കില്ല, അതുപോലെ അതിൽ നോമ്പനുഷ്ഠിക്കുന്നതിന് പ്രത്യേകിച്ച് പുണ്യവുമില്ല എന്നതാണ്. മറ്റേത് മാസത്തിലും നോമ്പനുഷ്ഠിക്കുന്നതിന്റെ വിധി തന്നെയാണ് അതിനും എന്നർഥം. റജബ് നോമ്പുമായി ബന്ധപ്പെട്ട്, അത് വിലക്കുന്നതോ, ആ മാസത്തിൽ നോമ്പനുഷ്ഠിക്കുന്നത് പ്രത്യേകപുണ്യമുണ്ടെന്നോ കുറിക്കുന്ന ഒന്നും സ്ഥിരപ്പെട്ടിട്ടില്ല. എന്നാൽ നോമ്പനുഷ്ഠിക്കുന്നതിന്റെ മൗലിക വിധി പുണ്യകർമ്മമാണ് എന്നതാണ്. അബൂദാവൂദിന്റെ സുനനിൽ പവിത്രമാസങ്ങളിൽ നോമ്പനുഷ്ഠിക്കുന്നത് പുണ്യമാണെന്ന് ഉണ്ട്, റജബ് അവയിൽ ഒന്നാണല്ലോ. (ശറഹു മുസ്ലിം: 1960).

✳✳✳

ഇസ്‌റാഉം മിഅ്‌റാജും സംഭവിച്ചത് റജബ് 27-ാം രാവിലാണോ?

ഇസ്‌റാഉം മിഅ്‌റാജും റജബ് മാസത്തിലാണ്, വിശിഷ്യ 27-ാം രാവിലാണ് എന്ന് പൊതുവെ ഒരു ധാരണയുണ്ട്. എന്നാല്‍ ചരിത്ര പരമായി തെളിവില്ലാത്തതും ഹദീസുകള്‍ കൊണ്ടോ മറ്റു ആധികാരിക പ്രമാണങ്ങള്‍ കൊണ്ടോ സ്ഥിരപ്പെടാത്തതുമായ കേവലം ഒരു ധാരണയാണത്.
ഇസ്‌റാഉം മിഅ്‌റാജും നടന്നതെന്നാണെന്ന് തീ ര്‍ച്ചപ്പെടുത്താവുന്ന വിശ്വാസയോഗ്യമായ തെളിവുകള്‍ ഒന്നും തന്നെ സ്ഥിരപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇതു സംബന്ധമായി ഇമാം ഇബ്‌നു ഹജര്‍ ഫത്ഹുല്‍ ബാരിയില്‍ പത്തഭിപ്രായങ്ങളെങ്കിലുംഉദ്ധരിച്ചിട്ടുണ്ട്. ഹിജ്‌റക്ക് ഒരുവര്‍ഷം മുമ്പാണിതെന്ന ഇമാം നവവിയെപ്പോലുള്ളവരുടെ നിഗമനങ്ങളെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തിരിക്കുന്നു (ഫതുഹുല്‍ ബാരി 2/208).

വര്‍ഷത്തിന്റെ കാര്യത്തിലെന്ന പോലെ ഏത് മാസത്തിലാണെന്നതിലും കടുത്ത അഭിപ്രായ വ്യത്യാസങ്ങളാണുള്ളത്. ഇമാം ഇബ്‌നു കസീറും ഇമാം ഖുര്‍ത്വുബിയുമെല്ലാം അക്കാര്യം വിശദീകരിച്ചിട്ടുണ്ട് (അല്‍ ബിദായവന്നിഹായ: 3/107, തഫ്‌സീര്‍ ഖുര്‍ത്വുബി 10/210).

✳✳✳

قَالَ اِبْنُ حَجَرٍ عَنْ اِبْنِ دِحْيَةَ:

“وَذَكَرَ بَعْضُ القَصَّاصِ أَنَّ الإِسْرَاءَ كَانَ فِي رَجَبِ، قَالَ: وَذَلِكَ كِذْبٌ”.

അല്ലാമാ അബൂശാമ പറഞ്ഞു: 👇

കെട്ടുകഥകള്‍ ചമയ്ക്കുന്ന ചിലര്‍ റജബിലാണ് ഇസ്‌റാഅ് ഉണ്ടായത് എന്ന് തട്ടിവിട്ടിട്ടുണ്ട്. നിരൂപകരുടെ അടുക്കല്‍ അത് പച്ചക്കള്ളമാണ് ‘ (അല്‍ ബാഇസ്ഫില്‍ ബിദഇവല്‍ ഹവാദിസ്, പേജ് 116).

വസ്തുത ഇതായിരിക്കെ, മഹാന്മാരായ ഇമാമുകള്‍ വ്യക്തമാക്കിയത് പോലെ റജബ് 27 ന് പ്രത്യേക പുണ്യവുംപവിത്രതയും കല്‍പ്പിക്കുന്നതും തദടിസ്ഥാനത്തില്‍ അന്നേദിവസം നോമ്പനുഷ്ഠിക്കുന്നതിനും ദീനിൽ ഒരടിസ്ഥാനവുമില്ല. ഇങ്ങനെയൊരു നോമ്പ് സുന്നത്തായിട്ട് ഉത്തമനൂറ്റാണ്ടിലെ ആരും അതറിഞ്ഞില്ലെന്നത് തന്നെ അങ്ങനെയൊരു സുന്നത്തില്ല എന്നതിന് തെളിവാണ്.

✳✳✳

ശാഫിഈ മദ്ഹബിലെതന്നെ ഏറ്റവും പ്രാമാണികരായ ഇമാമുമാരാണ് ഇമാം നവവിയും ഇമാം ഇബ്‌നു ഹജറും. ഇബ്‌നു ഹജറാകട്ടെ തദ്വിഷയകമായി പ്രത്യേകപഠനം തന്നെ നടത്തിയതായി നാം കണ്ടല്ലോ. അതിനാല്‍ അവരുടെയൊക്കെ വീക്ഷണമാണ് ഇവിടെ കൂടുതല്‍ പരിഗണനീയവും സ്വീകാര്യവും. സ്വീകാര്യതയോ, ആധികാരികതയോ, പ്രാമാണികതയോ ഇല്ലാത്ത കാര്യങ്ങള്‍ വര്‍ജിക്കുക എന്നുത്തന്നെയാണ് ഇത്തരം വിഷയങ്ങളില്‍ കരണീയം.

✳✳✳

⛔ഇമാം ഗസ്സാലി (റ) റജബ് 27 ന് സുന്നത്ത് നോമ്പുണ്ടെന്ന് പറഞ്ഞോ?

സുന്നത്തു നോമ്പുകൾ വിശദീകരിക്കുന്ന കൂട്ടത്തിൽ റജബ് 27 ഇമാം ഗസ്സാലി (റ) പോലും എണ്ണിയിട്ടില്ല, സൂചിപ്പിച്ചിട്ടുപോലുമില്ല.

എന്നാൽ ദിനരാത്രങ്ങളുടെ ശ്രേഷ്ഠത വിവരിക്കുന്ന അധ്യായത്തിൽ പറ്റെ ദുർബലമായ ഒരു ഹദീസ് ഉദ്ധരിക്കുന്നുണ്ട്. അവിടെയും നോമ്പ് സുന്നത്താണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ഔറാദുകൾ പുണ്യമാണെന്ന് പറഞ്ഞിട്ടുമുണ്ട്.

റജബ് 27 ന് സുന്നത്ത് നോമ്പുണ്ടെന്ന അഭിപ്രായം ഇമാം ഗസ്സാലി (റ) ക്കില്ല എന്നല്ലേ ഇത് കുറിക്കുന്നത്?

ഇനി ഉദ്ധരിച്ച ഹദീസാകട്ടെ സനദും മത്നും ഗുരുതരമായ പ്രശ്നങ്ങളുള്ളതാണ്.

ഹദീസ് കാണുക: 👇👇

وَيَوْمِ سَبْعَةٍ وَعِشْرِينَ مِنْ رَجَبِ لَهُ شَرَف عَظِيمٌ رَوَى أَبُو هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: « مَنْ صَامَ يَوْمَ سَبْعَةٍ وَعِشْرِينَ مِنْ رَجَبٍ ، كَتَبَ اللَّهُ لَهُ صِيَامَ سِتِّينَ شَهْرًا ، وَهُوَ الْيَوْمُ الَّذِي هَبَطَ فِيهِ جِبْرِيلُ عَلَيْهِ السَّلامُ عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِالرِّسَالَةِ ». – إِحْيَاءُ عُلُومِ الدِّينِ، بَابُ اللَّيَالِي وَالأَيَّامُ الفَاضِلَة.

ഇതേ കുറിച്ച് അമീറുൽ മുമിനീന ഫിൽ ഹദീസ് ഹാഫിള് ഇബ്നു ഹജർ പറയുന്നത് കാണുക: 👇👇

وَفِي “فَضَائِلِ رَجَبِ” لِعَبْدِ الْعَزِيزِ الكِتَّانِيِّ مِنْ طَرِيقِ حَمْزَةَ، ، عَنِابْنِ شَوْذَبٍ ، عَنْ مَطَرٍ ، عَنْ شَهْرِ بْنِ حَوْشَبٍ، عَنْ أَبِي هريرة – رَضِيَ اللهُ عَنْهُ – قَالَ: « مَنْ صَامَ يَوْمَ سَبْعَةٍ وَعِشْرِينَ مِنْ رَجَبٍ ، كَتَبَ اللَّهُ لَهُ صِيَامَ سِتِّينَ شَهْرًا ، وَهُوَ الْيَوْمُ الَّذِي هَبَطَ فِيهِ جِبْرِيلُ عَلَيْهِ السَّلامُ عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِالرِّسَالَةِ ». وَهَذَا مَوْقُوفٌ ضَعِيفٌ الإِسْنَادِ، وَهُوَ أَمْثَلُ مَا وَرَدَ فِي هَذَا المَعْنَى.. – تَبْيِينُ العَجَبِ بِمَا وَرَدَ فِي فَضْلِ رَجَبِ.

റജബ് 27 ന്റെِ മഹത്വം വ്യക്തമാക്കിക്കൊണ്ട് ഇമാം ഗസ്സാലി ഇഹ് യാ ഉലൂമിദ്ദീനിൽ ഉദ്ധരിച്ച ഈ ഹദീസ് ഉദ്ധരിക്കുന്നുണ്ട്, അതീവ ദുർബലവും ഒരുനിലക്കും തെളിവിന് പറ്റാത്തതുമായ ഹദീസാണ്.

  1. അതിൻറെ നിവേദകപരമ്പര നബിയിലേക്ക് എത്തുന്നില്ല, സനദ് ദുർബലമാണ് എന്നർഥം.
  2. കൂടാതെ ഇതിൻറെ മത്നും സ്ഥിരപ്പെട്ട പ്രമാണങ്ങൾക്ക് വിരുദ്ധമാണ്, കാരണം ജിബിരീൽ മുഹമ്മദ് നബിക്ക് പ്രത്യക്ഷപ്പെട്ടതും നുബുവ്വത് ലഭിച്ചതും റമദാനിലാണ് എന്നതാണ് വസ്തുത. ഇതിന് നേരെ കടകവിരുദ്ധമായി റജബ് 27 നാണ് ഈ ഹദീസിലുള്ളത്. ചുരുക്കത്തിൽ സനദും മത്നും രണ്ടും പ്രശ്നമാണ് എന്നർത്ഥം.

ഇങ്ങനെ അതീവ ദുർബലമായ നിവേദനങ്ങൾ വെച്ചുകൊണ്ട് ഒരു ദിവസത്തിന്റെയോ ഒരു കർമ്മ ത്തിന്റെയോ ശ്രേഷ്ഠത സ്ഥിരപ്പെടുകയില്ല എന്നാതാണ് പണ്ഡിതമതം.

നബിയോ, സ്വഹാബത്തോ, താബിഉകളോ, തബഉത്താബിഉകളോ, നാലു മദ്ഹബിന്റെ ഇമാമുകളോ, ഇമാം നവവിയുൾപ്പെടെയുളള ആദ്യകാല ശാഫിഈ ഫുഖഹാക്കളോ പഠിപ്പിക്കാത്തതും, അവർക്ക് പരിചയമില്ലാത്തതുമായ ഒരു സുന്നത്ത് നോമ്പുണ്ട് എന്ന് വിശ്വസിക്കണമെന്ന് പറയുന്നത് ശരയാവുന്നതെങ്ങനെ?

⬆⬆⬆

ഇൽയാസ് മൗലവി.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *